മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ നായകന്‍ വി.പി സത്യന്റെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന ക്യാപ്റ്റന്‍ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായി മാറി ക്യാപ്റ്റന്‍. ചിത്രത്തിന്റെ വിജയവും ജയസൂര്യയുടെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതിലും അത്യധികം സന്തോഷിക്കുന്ന ഒരു വ്യക്തിയുണ്ട് അണിയറയില്‍. സത്യനായി ജയസൂര്യയെ ഒരുക്കിയ ജയസൂര്യയുടെ പേഴ്‌സണല്‍ മെയ്ക്കപ്പമാന്‍  കിരണ്‍. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ തുടങ്ങി ട്രിവാന്‍ഡ്രം ലോഡ്ജ്, പുണ്യാളന്‍, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി മുപ്പത്തിയേഴ് ചിത്രങ്ങളില്‍ ജയസൂര്യയുടെ മേക്കപ്പ്മാനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് കിരണ്‍. ക്യാപ്റ്റന് തനിക്ക് ലഭിച്ച കയ്യടി കിരണിനും കൂടി അവകാശപ്പെട്ടതാണെന്ന് ജയസൂര്യ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. ക്യാപ്റ്റന്‍ തനിക്ക് ലഭിച്ച ഭാഗ്യമാണെന്ന്  ഉറച്ചു വിശ്വസിക്കുന്ന കിരണ്‍ തന്റെ സിനിമാ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുന്നു. 

ക്യാപ്റ്റനെന്ന പാഠപുസ്തകം

ക്യാപ്റ്റനില്‍ രണ്ടു തരം മേക്കപ്പ് ആണ് ചെയ്യാനുണ്ടായിരുന്നത്. സത്യേട്ടന്റെ (വി.പി.സത്യന്‍) രണ്ട് ഗെറ്റപ്പിലാണ് ജയേട്ടന്‍ (ജയസൂര്യ) വരുന്നത്. യൗവ്വനകാലത്തെ ഫുട്‌ബോള്‍ കളിക്കാരനായിട്ടും മറ്റേത് ഡിപ്രഷന്‍ വന്ന നാല്‍പതുകളിലെത്തിയ വ്യക്തിയായിട്ടും. അതായിരുന്നു വെല്ലുവിളി നിറഞ്ഞത്. ആ ലുക്കിനായി തലയിലെ കുറച്ചു മുടി മാത്രം എടുത്ത് പ്രൊജക്ഷന് വേണ്ടി ഹൈലൈറ്റ് ചെയ്തു. വിഷാദം പിടികൂടിയതിന്റെ ലക്ഷണങ്ങള്‍ വരുത്താന്‍ കണ്ണിനടിയില്‍ ഐ ബാഗ് ഒട്ടിക്കാമെന്നാണ് ആദ്യം കരുതിയത്. പക്ഷെ അങ്ങനെ ചെയ്യുമ്പോള്‍ അത് സ്വാഭാവികമല്ലെന്ന് തോന്നും. അതു കൊണ്ട് ഷെയ്ഡ് കൊടുക്കുകയാണ് ചെയ്തത്. സമയമെടുക്കുന്ന പ്രക്രിയ ആയിരുന്നു അത്. കണ്ണിനടിയില്‍ ഷെയ്ഡ് ഇടുമ്പോള്‍ വരച്ച പോലെ കിടക്കാറുണ്ട്. ഷെയ്ഡ് ശരിക്കും ബ്ലെന്റ് ചെയ്‌തെടുത്താലേ അതില്‍ സ്വാഭാവികത വരുള്ളൂ. പിന്നെ അല്പം പൊന്തിനില്‍ക്കുന്ന പല്ല് ഒട്ടിച്ചു. നല്ല വേദനയുണ്ടാക്കുന്ന സംഗതിയാണത്. അതെല്ലാം സഹിച്ചാണ് ജയേട്ടന്‍ അഭിനയിച്ചത്. പിന്നെ മുഖത്ത് വെയിലേറ്റ് കറുത്ത ഇഫക്റ്റ് നല്‍കാനായി ഷെയ്ഡ് ചെയ്തു. സത്യേട്ടന്റെ നെറ്റിയില്‍ മുഖത്തുമെല്ലാം ഉണ്ടായിരുന്ന മാര്‍ക്ക് പോലും അതേപോലെ പകര്‍ത്തി. ഒരേ ദിവസം തന്നെ രണ്ട് ഗെറ്റപ്പുകളില്‍ ഷൂട്ട് ഉണ്ടായിരുന്നു. അതെല്ലാം വെല്ലുവിളികളായിരുന്നു. 

മേക്കോവർ

സത്യേട്ടന്റെ കൂടെ കളിച്ചവരോടും സുഹൃത്തുക്കളോടും സത്യട്ടന്റെ ഭാര്യ അനിത ചേച്ചിയുമായെല്ലാം ജയേട്ടന്‍ സംസാരിച്ചിരുന്നു. സത്യേട്ടന്റെ വീഡിയോയും ഫോട്ടോകളും ഒക്കെ വളരെ കുറവായിരുന്നു. കേട്ടറിവിലൂടെ ലഭിച്ച വിവരങ്ങളിലൂടെയാണ് ശരിക്കും സത്യേട്ടനെന്ന കഥാപാത്രത്തിലേക്ക് ജയേട്ടനെ മാറ്റിയെടുത്തത്.

അതാണ് വലിയ വിജയം
 

സത്യം പറഞ്ഞാല്‍ മേക്കപ്പ് കഴിഞ്ഞ് ജയേട്ടന്‍ വരുമ്പോള്‍ ഇത് സത്യേട്ടന്‍ തന്നെയാണല്ലോ എന്നാണ് നമ്മുടെ സംവിധായകന്‍ പ്രജേഷേട്ടന്‍ പറഞ്ഞത്. സത്യേട്ടനെ കൂടുതല്‍ അറിയാവുന്ന ഒരാളാണ് പ്രജേഷേട്ടന്‍. അതുപോലെ മേക്കപ്പ് ചെയ്ത് ജയേട്ടന്‍ ആളുകള്‍ക്കിടയിലൂടെ നടന്നപ്പോള്‍ ആരും തിരിച്ചറിഞ്ഞില്ല  എന്നതാണ് വാസ്തവം. ഷൂട്ടിങ്ങ് കാണാന്‍ വന്ന ആളുകള്‍ക്കിടയിലൂടെ മേക്കപ്പിട്ട് നടന്നപ്പോഴൊന്നും അതാരും തിരിച്ചറിഞ്ഞില്ല. അത് മേക്കപ്പിന്റെ വലിയ വിജയമാണ്. ജയേട്ടനും പ്രജേഷേട്ടനും അനിത ചേച്ചിക്കുമെല്ലാം ഇത് വലിയ ആത്മവിശ്വാസമാണ് നല്കിയത്. നടക്കുന്നതിന്റെ സ്റ്റൈല്‍ വരെ ജയേട്ടന്‍ മാറ്റം വരുത്തിയിരുന്നു. 

jaya

ജയേട്ടനെന്ന കഠിനാധ്വാനി

ജയേട്ടന് നോര്‍മല്‍ മേക്കപ്പിന് അങ്ങനെ സമയമെടുക്കാറില്ല. ഞാന്‍ ക്യാമറയ്ക്ക് മുന്‍പില്‍ വച്ച് ജയേട്ടനെ മേക്കപ്പ് ചെയ്‌തെടുത്തിട്ടുണ്ട്. ചേഞ്ചോാവറൊക്കെ വരുമ്പോഴാണ് സമയമെടുക്കുന്നത്. ജയേട്ടന്‍ ഭയങ്കര നല്ല കോപ്പറേറ്റീവാണ്. ഏത് കഥാപാത്രം ചെയ്യുമ്പോഴും  എണ്‍പത് ശതമാനവും ജയേട്ടന്റെ അഭിപ്രായങ്ങളായിരിക്കും. കഥാപാത്രത്തിന് വേണ്ടി കഥ കേള്‍ക്കുമ്പോള്‍ തന്നെ അതുമായി ബന്ധപ്പെട്ട് ഭയങ്കരമായി റെഫറന്‍സുകള്‍ എടുക്കും. ഇതുവരെ ചെയ്ത ചിത്രങ്ങളിലെല്ലാം അങ്ങനെയാണ്. മേക്കപ്പ് ചെയ്ത് കൊടുക്കേണ്ട ജോലി മാത്രമേ എനിക്ക് വരാറുള്ളൂ. പെര്‍ഫെക്ഷന് വേണ്ടി എന്ത് ചെയ്യാനും ഒരു മടിയില്ലാത്തവ്യക്തിയാണ് ജയേട്ടന്‍. എത്ര കഷ്ടപ്പെടാനും തയ്യാറാകും. ജയേട്ടന്റെ കൂടെ മുപ്പത്തിയേഴാമത്തെ ചിത്രമാണ് ക്യാപ്റ്റന്‍. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ജയേട്ടന്റെ മേക്കപ്പ്മാനായി ചേരുന്നത്. ട്രിവാന്‍ഡ്രം ലോഡ്ജ്, അപ്പോത്തിക്കിരി, ഇയ്യോബിന്റെ പുസ്തകം, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി മുപ്പത്തിയേഴെണ്ണവും വ്യത്യസ്തമാണ്. ജയേട്ടന്റെ ഒരു ചിത്രം കണ്ടാല്‍ അതേത് സിനിമയാണെന്ന് പറയാന്‍ പറ്റും. എല്ലാത്തിനും അങ്ങനെ വ്യത്യസ്തത കൊണ്ട് വരാന്‍ കഴിഞ്ഞിട്ടുണ്ട്. ട്രിവാന്‍ഡ്രം ലോഡ്ജിലെ അബുവിന്റെ ലുക്ക് ജയേട്ടന്റെ ഐഡിയ ആണ്. അബു എന്ന കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോഴേ ജയേട്ടന്റെ മനസ്സില്‍ കയറിയ രൂപം അതായിരുന്നുവെന്നാണ് ജയേട്ടന്‍ പറഞ്ഞത്. അമര്‍ അക്ബര്‍ അന്തോണിയില്‍ പയ്യന്‍ ലുക്ക് വേണമെന്ന് നാദിര്‍ഷാക്ക പറഞ്ഞിരുന്നു. അതങ്ങനെ ചെയ്‌തെടുത്തതാണ്. 

വെല്ലുവിളി നിറഞ്ഞ കഥാപാത്രം

ക്യാപ്റ്റന്‍ തന്നെയാണ് ഇതുവരെ ചെയ്തതില്‍ വച്ചേറ്റവും വെല്ലുവിളി നിറഞ്ഞതും ഏറ്റവും ടെന്‍ഷനടിച്ചതും. കാരണം നമ്മള്‍ ജീവിച്ചിരുന്ന ഒരു വ്യക്തിയെയാണ് വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത്. ഇത് വരെ കണ്ട ഒരാളെയല്ലേ സ്‌ക്രീനില്‍ കാണിക്കുന്നത്. മറ്റുള്ളതൊക്കെ സിനിമയ്ക്കു വേണ്ടി ഉണ്ടാക്കുന്ന കഥാപാത്രങ്ങളല്ലേ. നമ്മള്‍ എങ്ങനെയാണോ ആ കഥാപാത്രത്തെ ഒരുക്കുന്നത് അതു മാത്രമേ പ്രേക്ഷകര്‍ കാണുന്നുള്ളൂ. അല്ലാതെ അവര്‍ക്ക് ഒരു മുന്‍വിധി ഉണ്ടാകില്ലല്ലോ. പക്ഷെ എല്ലാവരും കണ്ടിരുന്ന എല്ലാവര്‍ക്കും അറിയുന്ന സത്യേട്ടനെയാണ് ക്യാപ്റ്റനില്‍ അവതരിപ്പിക്കുന്നത്. അതൊരു വെല്ലുവിളി തന്നെയായിരുന്നു.

jayasurya

സിനിമയിലേക്കുള്ള എന്‍ട്രി

ഹലോ എന്ന സിനിമയില്‍ പട്ടണം റഷീദ് ഇക്കയുടെ കൂടെ പ്രവര്‍ത്തിച്ചു കൊണ്ടാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. എന്നെ സിനിമയിലേക്ക് നിര്‍ദ്ദേശിച്ചത് മേക്കപ്പ്മാൻ പ്രദീപ് രംഗനാണ്. എന്നെ ജയേട്ടന്റെ കൂടെയാക്കുന്നതു ജയേട്ടന്റെ മുന്‍പത്തെ മേക്കപ്പ്മാനായിരുന്ന ശ്രീജിത്ത് ഗുരുവായൂര്‍ ആണ്. ജയേട്ടന്റെ കൂടെ വന്നതിനു ശേഷമാണ് സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ പേര് വരുന്നത്.
 

jayasurya

ജയേട്ടന്റെ ആ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അത് വലിയൊരു അംഗീകാരമാണ്. ആളുകള്‍ എന്നെ തിരിച്ചറിഞ്ഞു. ജയേട്ടനോട്  വലിയ കടപ്പാടുണ്ട്. സാധാരണ ചിത്രത്തിലെ മേക്കപ്പ്മാനെയൊന്നും ആരും അങ്ങനെ എടുത്തു പറയാറില്ല. അത് വലിയൊരു ഭാഗ്യമാണ്. ക്യാപ്റ്റന്‍ എന്ന ചിത്രവും വലിയ ഭാഗ്യമാണ്. കാരണം, 2006ലാണ് ഞാന്‍ സിനിമയിലെത്തിയത്. 2012ല്‍ ജയേട്ടന്റെ കൂടെ കൂടിയതാണ്.

Content Highlights: jayasurya captain movie jayasurya makeover in captain makeup man kiran