'ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നതിനേക്കാള്‍ എന്നെ ആവേശം കൊള്ളിക്കുന്നത് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ചെണ്ടമേളം തന്നെയാണ്. ക്യാമറയ്ക്ക് മുന്നില്‍ എന്തൊക്കെ ചെയ്താലും പ്രേക്ഷകന്റെ പ്രതികരണം നേരിട്ട് നമ്മിലേക്ക് എത്തില്ല. എന്നാല്‍, ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍ ചെണ്ടകൊട്ടുമ്പോള്‍ ഉണ്ടാകുന്ന വികാരം ഒന്നുവേറെതന്നെയാണ്' -ചെണ്ടയെ കുറിച്ച് പറയുമ്പോള്‍ ജയറാമിന്റെ സ്വരത്തില്‍ ആവേശം. ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില്‍ തുടര്‍ച്ചയായ ആറാംവര്‍ഷം പവിഴമല്ലിത്തറ മേളത്തിന് പ്രമാണിയാകാനുള്ള ഒരുക്കത്തിലാണ് തൃപ്പൂണിത്തുറയിലെ വീട്ടില്‍ ജയറാം ഇപ്പോള്‍. മേളവിശേഷങ്ങള്‍ മാതൃഭൂമിയുമായി പങ്കുവെക്കുകയാണ് ജയറാം..

പവിഴമല്ലിത്തറമേളം ജീവിതത്തിന്റെ ഭാഗം

ചോറ്റാനിക്കരയിലെ പവിഴ മല്ലിത്തറമേളം ഇപ്പോള്‍ തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമാണെന്ന് ജയറാം പറയുന്നു. മേളത്തിന് ഒരുങ്ങുന്നതിനായി എല്ലാവര്‍ഷവും 15 ദിവസം ഷൂട്ടിങ് ഉള്‍പ്പെടെയുള്ള എല്ലാ തിരക്കുകള്‍ക്കും അവധി കൊടുക്കും. പിന്നീടുള്ള ദിവങ്ങള്‍ മേളത്തിനായി ശാരീരികമായും മാനസികമായും തയാറെടുക്കുന്നതിന് ഉള്ളതാണ്. രാവിലെ നാലരയ്ക്ക് ആരംഭിക്കുന്ന സാധകം ഏഴര, എട്ട് മണിവരെ തുടരും. വൈകിട്ടും സാധകമുണ്ട്.

പവിഴമല്ലിത്തറ മേളത്തിന് എത്തുമെന്ന് പലരും വിളിച്ചു പറയുന്നുണ്ട്. പണ്ട് തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളം കാണാന്‍ ഒരുപാട് തവണ പോയിട്ടുള്ള ആളാണ് ഞാന്‍. ഇപ്പോള്‍ എന്റെ മേളം കേള്‍ക്കാന്‍ ആളുകള്‍ വരുന്നു എന്നു പറയുന്നത് ഒരു മേളപ്രമാണിയെന്ന നിലയിലും മേളക്കമ്പക്കാരനെന്ന നിലയിലും ഒരുപാട് സന്തോഷം തരുന്ന കാര്യമാണ് -ജയറാം പറഞ്ഞു.

ഗുരുക്കന്‍മാര്‍ എന്റെ ഭാഗ്യം

ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നത് നല്ല ഗുരുക്കന്‍മാരെ ലഭിച്ചു എന്നുള്ളതാണ്. മിമിക്രിയില്‍ ആബേലച്ചന്‍, സിനിമയില്‍ പത്മരാജന്‍ സാര്‍, ചെണ്ടയില്‍ മട്ടന്നൂര്‍ ശങ്കരന്‍ മാരാര്‍. മാര്‍ഗി കൃഷ്ണദാസ്, പല്ലശന നന്ദകുമാര്‍ തുടങ്ങിയവര്‍ ഗുരുക്കന്‍മാരായിരുന്നു. ഇന്നത്തെ രീതിയില്‍ മേളം അഞ്ചു കാലവും, പതികാലത്തില്‍ തുടങ്ങി 96 അക്ഷരകാലത്തില്‍ കൊട്ടിത്തീരുന്ന പഞ്ചാരിമേളത്തിന്റെ എല്ലാ കാലങ്ങളും ഭംഗിയായി കൊട്ടാന്‍ പഠിപ്പിച്ചത് മട്ടന്നൂര്‍ ശങ്കരന്‍ മാരാരാണ്. ജീവിതത്തില്‍ എന്തെങ്കിലും പുണ്യം കിട്ടിയിട്ടുണ്ടെങ്കില്‍ അത് ഇവരുടെയൊക്കെ ഗുരുത്വമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

ചെണ്ട സ്വകാര്യ സന്തോഷം

കേരളത്തിലെ പ്രശസ്തങ്ങളായ പല ക്ഷേത്രമുറ്റത്തും മേളപ്രമാണിയായി നില്‍ക്കാനുള്ള ഭാഗ്യം ദൈവം നല്‍കി. ഷൂട്ടിങിന് പോകുമ്പോള്‍ പോലും ചെണ്ടക്കോല്‍ ഒപ്പമുണ്ടാകും. ഹോട്ടല്‍ റൂമിലെ ബെഡില്‍ കൊട്ടിയായാലും ദിവസത്തില്‍ അര മണിക്കൂറെങ്കിലും പരിശീലനം നടത്തും. പഞ്ചാരി മേളത്തില്‍ മാത്രമല്ല, പാണ്ടിമേളത്തിലും അടുത്തിടെ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഗുരു ശങ്കരന്‍ മാരാര്‍ക്കൊപ്പവും അല്ലാതെയും കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഈ സീസണില്‍ പാണ്ടിമേളം അവതരിപ്പിക്കുന്നുണ്ട്. ഇത് എന്റെ സ്വകാര്യ സന്തോഷമാണ്. ജയറാം പറയുന്നു.

വ്യാഴാഴ്ച രാവിലെ എട്ടര മണി തൊട്ട് പതിനൊന്നര മണി വരെയാണ് ചോറ്റാനിക്കര ക്ഷേത്രത്തിലെ പവിഴമല്ലിത്തറമേളം. ആറ് വര്‍ഷമായി പ്രമാണിയാണെങ്കിലും മേളദിനം അടുക്കുമ്പോള്‍ മലയാളികളുടെ പ്രിയതാരത്തിന് ഇപ്പോഴും തുടക്കക്കാരന്റെ പരിഭ്രമം. ചോറ്റാനിക്കരയമ്മയുടെ അനുഗ്രഹത്താല്‍ എല്ലാം മംഗളമാകുമെന്ന വിശ്വാസത്തോടെ ഒരു നിമിഷം കണ്ണടച്ച് പ്രാര്‍ത്ഥിച്ച് ജയറാം വീണ്ടും ചെണ്ടക്കോല്‍ കൈയിലെടുത്തു.. തിരശ്ശീലയിലെ പകര്‍ന്നാട്ടത്തിലൂടെ മാത്രമല്ല, ക്ഷേത്രാങ്കണങ്ങളിലെ മേളപ്പെരുമയിലൂടെയും ജയറാം മലയാളിയുടെ മനസ്സിലേക്ക് കൊട്ടിക്കയറുകയാണ്..