ടക്കന്‍ പാട്ടും വീരയോദ്ധാക്കളും എല്ലാകാലത്തും സിനിമകള്‍ക്ക് വിഷയമായിട്ടുണ്ട്. തച്ചോളി ഒതേനന്‍, ഉണ്ണിയാര്‍ച്ച തുടങ്ങി നിരവധി ചിത്രങ്ങള്‍ വടക്കന്‍ പാട്ടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയിട്ടുണ്ട്. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥയാണ്. പാണന്മാർ പാടിക്കേട്ട വടക്കന്‍ പാട്ടിൽ നിന്ന് വേറിട്ട്, ചതിക്കപ്പെട്ടവനായി ഉറ്റവരാലും ഉടയവരാലും തെറ്റിദ്ധരിക്കപ്പെട്ട ചന്തുവിന്റെ കഥയാണ് എംടിയുടെ തൂലികയില്‍ അന്ന് പിറന്നത്. 

വടക്കന്‍പാട്ടിലെ ചതിയനായ ചന്തു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും പുനര്‍ജനിച്ചിരിക്കുകയാണ്. ജയരാജ് സംവിധാനം ചെയ്ത വീരത്തിലൂടെ. ചതിയുടെ തന്നെ കഥ പറയുന്ന, വിശ്വമഹാ സാഹിത്യകാരന്‍ വില്ല്യം ഷേക്‌സ്പിയറിന്റെ മാക്ബത്തിനെ ആധാരമാക്കിയാണ് ജയരാജ് തന്റെ നവരസ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമായ വീരം ഒരുക്കിയിരിക്കുന്നത്. ബ്രിക്‌സ് അന്താരാഷ്ട്ര മേളയില്‍ ഉദ്ഘാടനചിത്രമായ വീരം മികച്ച പ്രതികരണമാണ് നേടിയത്. ചിത്രത്തിനെക്കുറിച്ച് സംവിധായകന്‍ ജയരാജ് മനസു തുറക്കുന്നു.

ബ്രിക്‌സില്‍ നിന്നുള്ള പ്രതികരണം

വളരെ നല്ല പ്രതികരണമാണ് ബ്രിക്‌സില്‍ നിന്ന് ലഭിച്ചത്. അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു അവിടെ. മക്ബത്തിന്റെ പല വ്യാഖ്യാനങ്ങളും ഇതിനു മുന്‍പ് വന്നിട്ടുണ്ടെങ്കിലും കളരിയും വടക്കന്‍ പാട്ടും കൂടി ഇതിൽ ഉൾച്ചേര്‍ന്നപ്പോള്‍ വ്യത്യസ്തമായൊരു അനുഭവമായെന്നാണ് അവര്‍ പറഞ്ഞത്. 

മക്ബത്തും ചന്തുവും

കുറേക്കാലമായി ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ച വിഷയമാണിത്. ലോകത്തിലെ ഒരുപാട് ചലച്ചിത്രകാരന്മാരെ  സ്വാധീനിച്ച കൃതിയാണ് മക്ബത്ത്. അകിരാ കുറസോവ, റോമന്‍ പൊളാന്‍സ്‌കി  തുടങ്ങിയ ലോക പ്രശസ്ത സംവിധായകരുടെ ഇഷ്ടവിഷയമായിരുന്നു മക്ബത്ത്. ഒരുപാട് ആന്തരിക സംഘര്‍ഷം സൃഷ്ടിക്കുന്ന കൃതിയാണത്. കേട്ടു പരിചിതമായ ചരിത്രത്തിൽ മക്ബത്തും ചന്തുവും ചതിയന്മാരായിരുന്നു. ഒരു വശത്ത് ലേഡി മക്ബത്താണ് ചതിയുടെ വിത്തു വിതയ്ക്കുന്നതെങ്കിൽ മറുവശത്ത് കുട്ടിമാണിയാണ് ചതിയ്ക്ക് കാരണമാവുന്നത്. ചന്തുവിനോട് പകരം ചോദിക്കാന്‍ ആരോമലുണ്ണിയും കണ്ണപ്പനുണ്ണിയും വരുമ്പോള്‍ മക്ബത്തില്‍ കൊല്ലപ്പെട്ട രാജാവിന്റെ മക്കളാണ് രംഗത്തെത്തുന്നത്. ഇവ രണ്ടും താരതമ്യം ചെയ്തു പഠിച്ചാല്‍ ഒരുപാട് സമാനതകള്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കും. ഷേക്‌സ്പീരിയന്‍ കാലഘട്ടത്തിനു മുന്‍പുള്ള കാലഘട്ടമാണ് നാം വടക്കന്‍ പാട്ടുകളിലൂടെ പരിചയപ്പെടുന്നത്. വീരത്വവും ചതിയും കൂടിച്ചേരുമ്പോഴാണ് ചന്തു എന്ന കഥാപാത്രം പൂര്‍ണതയിലേക്ക് എത്തുന്നത്. നവരസങ്ങളുടെ ശ്രേണിയില്‍ എന്റെ അഞ്ചാമത്തെ ചിത്രമാണിത്.

നവരസം പരമ്പര ഒരു ബാധ്യതയായി തോന്നുന്നുണ്ടോ?

തീര്‍ച്ചയായും അങ്ങനെ തോന്നുനില്ല. വളരെ ആസ്വദിച്ചാണ് ഞാന്‍ ഓരോ സിനിമയും ചെയ്യുന്നത്.

വീരത്തിലേക്കുള്ള യാത്ര?

ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വീരത്തിന്റെ കഥ ജനിക്കുന്നത്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയുടെ ഭാഗമായി പോയപ്പോള്‍ അവിടുത്ത പബ്ലിക്കേഷന്‍സ് വിഭാഗം  മേധാവി ആയിരുന്ന എം.ആര്‍ വാര്യരോട് ഞാന്‍ എന്റെ കഥയെക്കുറിച്ച് ചര്‍ച്ച ചെയ്തു. അദ്ദേഹം ഒരു ചരിത്രകാരനാണ്. വടക്കന്‍പാട്ടുകളിൽ അദ്ദേഹത്തിന് അപാരമായ പാണ്ഡിത്യമുണ്ട്. തിരക്കഥാ രചനയിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ഇതുവരെ വടക്കന്‍ പാട്ടിലെ കഥകള്‍ സിനിമയില്‍ വള്ളുവനാടന്‍ സംഭാഷണ ശൈലിയിലാണ് അവതരിപ്പിക്കപ്പെട്ടത്. വീരം പറയുന്നതും വടക്കന്‍ ഭാഷയ തന്നെ.

മലയാളികളെ മാത്രം ഉദ്ദേശിച്ചിട്ടുള്ള ചിത്രമല്ല ഇത്. മൂന്ന് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുന്നുണ്ട്. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായ വടക്കന്‍ പാട്ടും കളരിയും അന്താരാഷ്ട്ര തലത്തില്‍ ആളുകളിലേക്കെത്തിക്കാന്‍ കൂടിയുള്ള മാര്‍ഗമായാണ് ഇത്തരം സിനിമകളെ ഞാന്‍ നോക്കികാണുന്നത്.

എന്തുകൊണ്ട് കുനാല്‍ കപൂര്‍

ഒരു സിനിമ നിര്‍മിച്ചു തുടങ്ങുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ജോലികളിലൊന്നാണ് അഭിനേതാക്കളെ കണ്ടെത്തുകയെന്നത്. യോദ്ധാക്കളുടെ കഥ പറയുന്ന വീരം പോലുള്ള ചിത്രങ്ങള്‍ ചെയ്യാനൊരുങ്ങുമ്പോള്‍ ഉത്തരവാദിത്തം ഏറെയാണ്. ലോകത്തിലെ ആയോധന വിദ്യകളില്‍ ഏറ്റവും പഴക്കമുള്ളതാണ് കളരി. കുങ്ഫു, കരാട്ടെ തുടങ്ങിയവ ഉടലെടുത്തത് കളരിയില്‍ നിന്നാണെന്ന് ചരിത്രകാരന്മാർ പറയുന്നത്. ചന്തു ആയോധന കലയില്‍ നിപുണനാണ് അതിനാല്‍ നല്ല ശരീരം വേണം.

2006 ല്‍ പുറത്തിറങ്ങിയ രംഗ്‌ ദേ ബസന്തി കണ്ടപ്പോള്‍ കുനാല്‍ കപൂറിനെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന് ഒരു യൂണിവേഴ്‌സല്‍ ലുക്ക് ഉണ്ട്. ചന്തുവായി ആരെ അവതരിപ്പിക്കും എന്നാലോചിച്ചപ്പോഴാണ് കുനാലിന്റെ മുഖം മനസില്‍ തെളിയുന്നത്. 

ചിത്രത്തിലെ മറ്റു താരങ്ങള്‍

ഓഡീഷന്‍ നടത്തിയാണ് ചിത്രത്തിലെ ഭൂരിഭാഗം താരങ്ങളെയും തിരഞ്ഞെടുക്കുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. കുട്ടിമാണിയായെത്തുന്നത് ഡിവീന ഠാക്കൂറാണ്. ഉണ്ണിയാര്‍ച്ചയായെത്തുന്നത് ഹിമാര്‍ഷ വെങ്കട്ട്‌സാമിയാണ്. ശിവജിത്ത് നമ്പ്യാര്‍ ആരോമല്‍ ചേകവരായും ആരന്‍ അരിങ്ങോടരായും വേഷമിടുന്നു.

കളിയാട്ടം മുതല്‍ വീരം വരെയുള്ള സിനിമകളിലെ ഷേക്‌സ്പീരിയന്‍ കൃതികളുടെ സ്വാധീനം?

ഷേക്‌സ്പിയര്‍ കൃതികള്‍ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സൃഷ്ടിയാണെങ്കിലും എല്ലാ കാലഘട്ടങ്ങളിലും ഷേക്‌സ്പിയര്‍ കൃതികള്‍ക്ക് പ്രാധാന്യമുണ്ട്. സ്വാര്‍ത്ഥത, വഞ്ചന, അസൂയ, സംശയം ഈ വികാരങ്ങളെല്ലാം ഏതുകാലത്തും സമൂഹത്തിന്റെ ഭാഗമാണ്. മക്ബത്തില്‍ ഒരു പ്രശസ്തമായ വാചകമുണ്ട് 'ലൈഫ് ഈസ് എ ടെയില്‍ ടോള്‍ഡ് ബൈ ആന്‍ ഇഡിയറ്റ്'.  വളരെ ഫിലോസഫിക്കലാണിത്.  ഷേക്‌സ്പിയറിന്റെ എല്ലാ കൃതികളും യഥാര്‍ത്ഥ ജീവിതവുമായി ചേര്‍ന്നു നില്‍ക്കുന്നു. 

റഷ്യന്‍ സാഹിത്യകാരന്‍ ദോസ്‌തോവ്‌സ്കിയുടെ കൃതികള്‍ കഴിഞ്ഞാല്‍ എനിക്കേറ്റവും താല്‍പര്യം ഷേക്‌സ്പിയര്‍ കൃതികളാണ്. ഈ പ്രത്യേകതകള്‍ കൊണ്ടാണ് മക്ബത്തിനെയും ചന്തുവിനെയും ഞാന്‍ ബന്ധിപ്പിച്ചത്. 

സിനിമയ്ക്കു പിന്നിലെ ഹോളിവുഡ് ടീം

നമ്മുടെ നാട്ടില്‍ ജീവിച്ചിരുന്ന ഒരു യോദ്ധാവിനെ ലോകത്തിന് മുന്‍പില്‍ പരിചയപ്പെടുത്തുമ്പോള്‍ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ടല്ലോ. അന്താരാഷ്ര സമവാക്യത്തില്‍ ഒരുക്കുന്നതിനാലാണ് ഹോളിവുഡില്‍ നിന്നുള്ള വിദഗ്ധരെ സിനിമയുടെ ഭാഗമാക്കുന്നത്. സിനിമയുടെ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കുന്നത്. 

ഹോളിവുഡില്‍ നിന്നുള്ള പ്രഗത്ഭര്‍ ഈ ചിത്രത്തിന്റെ അണിയറയില്‍ പങ്കാളികളാണ്. 300,ഹങ്കര്‍ ഗെയിംസ്, അവതാര്‍, ലോര്‍ഡ് ഓഫ് ദ റിങ്‌സ് തുടങ്ങിയ ഹോളിവുഡ്ചിത്രങ്ങളുടെ ആക്ഷന്‍ കോറിയോഗ്രാഫറായിരുന്ന അലന്‍ പോപ്പിൾടണ്‍ ആണ് സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഓസ്‌കര്‍ പുരസ്‌കാര ജേതാവായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ട്രഫര്‍ പ്രൗഡ് എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാണ്. ഫാന്റം, ട്രാഫിക്, പ്രിന്‍സ് ഓഫ് ഈജിപ്ത് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ ജെഫ് റോണ്‍ ആണ് വീരത്തിന്റെ സംഗീത സംവിധായകന്‍. ടൈറ്റാനിക്, സ്‌പൈഡര്‍മാന്‍ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വിഷ്വല്‍ ഇഫക്‌ററ് കംമ്പോസറും കളറിസ്റ്റുമായ ജെഫ് ഓമും വീരത്തിന്റെ ഭാഗമാണ്.

വീരം നേരിട്ട വെല്ലുവിളികള്‍

വെല്ലുവിളികള്‍ സ്വാഭാവികമായും ഉണ്ടാകുമല്ലോ. അഞ്ച് വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമായാണ് വീരം എന്ന സ്വപ്‌നം യാഥാര്‍ഥ്യമായത്. ചന്ദ്രമോഹന്‍ ഡി പിള്ള, പ്രദീപ് രാജന്‍ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചന്ദ്രമോഹന്‍ എന്റെ സുഹൃത്താണ് 25 വര്‍ഷത്തെ പരിചയമുണ്ട് ഞങ്ങള്‍ തമ്മില്‍. സൗഹൃദങ്ങളാണ് പലപ്പോഴും ഇത്തരം വെല്ലുവിളികളെ അതിജീവിക്കാന്‍ നമുക്ക് ബലമായി തീരുന്നത്. വര്‍ഷങ്ങളായി ഞാന്‍ സിനിമയിലെത്തിയിട്ട്. എല്ലാ ചിത്രങ്ങള്‍ക്കും അതിന്റേതായ വെല്ലുവിളികളുണ്ട്. 

ചിത്രത്തിലെ പാട്ടുകള്‍ 

രണ്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത്. കവാലം നാരായണ പണിക്കര്‍, ശ്രീകുമാരന്‍ തമ്പി തുടങ്ങിയവര്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അര്‍ജുനന്‍ മാസ്റ്ററാണ്. ഹിന്ദിയില്‍ അച്ചു രാജാമണിയാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. ഉഡ്താ പഞ്ചാബ് എന്ന ചിത്രത്തിലെ പാട്ടുകള്‍ എഴുതിയ ഷെല്ലിയാണ് ഹിന്ദിയില്‍ വരികളെഴുതിയിരിക്കുന്നത്. 

താങ്കളുടെ സിനിമകളുടെ സമവാക്യം എന്താണ്?

വ്യത്യസ്തമായ സിനിമകള്‍ എടുക്കണമെന്ന് ആഗ്രഹം തന്നെയാണ് സമവാക്യം. ജനങ്ങള്‍ നല്‍കുന്ന അംഗീകരമാണ് എന്നിലെ ഫിലിം മേക്കറെ വളര്‍ത്തികൊണ്ടുവന്നത്.