ടുങ്ങാത്ത ആവേശത്തോടെ സിനിമയെ സമീപിക്കുന്ന സംവിധായകനാണ് ജയരാജ്. ഭരതന്‍ എന്ന വലിയ സംവിധായകന്റെ ശിഷ്യനായി ജയരാജ് സിനിമയിലേക്ക് കാലെടുത്തുവെച്ചിട്ട് കാല്‍നൂറ്റാണ്ട് കഴിഞ്ഞു. തന്റെ ഒരു സിനിമ മറ്റൊന്നുപോലാവരുതെന്ന വാശിയോടെ പരീക്ഷണങ്ങള്‍ക്ക് മുതിരുന്നു. ദേശാടനം,  ഫോര്‍ ദ പീപ്പിള്‍, തുമ്പോളി കടപ്പുറം, കരുണം, പൈതൃകം, ഒറ്റാല്‍... പൊതുവായ സവിശേഷതകളില്ലാതെ തീര്‍ത്തും വ്യത്യസ്ത സ്വഭാവവും പശ്ചാത്തലവുമുള്ള സിനിമകളാണ് ഓരോന്നും. ഇപ്പോള്‍ ജയരാജിന്റെ ചലച്ചിത്രയാത്ര പുതിയൊരുതലത്തിലേക്ക് പ്രവേശിക്കുകയാണ്. മലയാളത്തില്‍ ഇന്നേവരെ ഇറങ്ങിയതില്‍ ഏറ്റവും ചെലവേറിയ സിനിമയുമായാണ് ജയരാജ് വരുന്നത്. മലയാളത്തിനു പുറമെ ഇംഗ്ലീഷിലും ഹിന്ദിയിലും ഇറങ്ങുന്ന വീരം 30 കോടിയോളം രൂപ ചെലവഴിച്ചു നിര്‍മിച്ചതാണ്. വടക്കന്‍പാട്ടിലെ ചന്തുവിന്റെ കഥ ഷേക്‌സ്പിയറുടെ മാക്ബത്ത് നാടകത്തിന്റെ പശ്ചാത്തലത്തില്‍ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ജയരാജ്. തന്റെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ സംരംഭമാണിതെന്നും വലിയ പ്രതീക്ഷകളുണ്ടെന്നും ജയരാജ് പറയുന്നു. ചിത്രഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍നിന്ന്.

താങ്കളുടെ നവരസ സിനിമാപരമ്പരയിലെ അഞ്ചാമത്തെ സിനിമയാണല്ലോ വീരം. എന്താണ് ഈ സിനിമയുടെ പ്രത്യേകത?

ശാന്തം രാഷ്ട്രീയകൊലപാതകത്തിലെ ഇരകളുടെ ദുഃഖമായി, കരുണം ഒറ്റപ്പെടുന്ന വാര്‍ധക്യമായി, ബീഭത്സം കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമമായി, അദ്ഭുതം ദയാവധമായാണ് ചര്‍ച്ചചെയ്തത്. ഇപ്പോള്‍ വീരം ചന്തുവിന്റെ കഥപറയുന്നു. 
മാക്ബത്ത് എന്നെ ഏറെ സ്വാധീനിച്ച സൃഷ്ടിയാണ്. നമ്മുടെ സംസ്‌കാരത്തിലേക്ക് മാക്ബത്തിനെ എങ്ങനെ കൊണ്ടുവരാമെന്ന് ആലോചിച്ചപ്പോഴാണ് ചന്തുവിന്റെ കഥയ്ക്ക് മാക്ബത്തുമായുള്ള സാമ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. വലിയ ചതി ചെയ്ത കഥാപാത്രമാണ് മാക്ബത്ത്. വടക്കന്‍പാട്ടിലെ ചന്തുവും അങ്ങനെതന്നെ. മാക്ബത്തിനെ ചതിക്കു പ്രേരിപ്പിക്കുന്നത് ഒരു സ്ത്രീയാണ് -ലേഡി മാക്ബത്ത്. ചന്തുവിന്റെ കാര്യത്തില്‍ രണ്ടു സ്ത്രീകളുടെ പ്രലോഭനമുണ്ട്. ഉണ്ണിയാര്‍ച്ചയും അരിങ്ങോടരുടെ മരുമകള്‍ കുട്ടിമാണിയും. ആരോമലും അരിങ്ങോടരും തമ്മിലുള്ള അങ്കത്തില്‍ ആരാണ് ജയിക്കുക എന്നത് തീരുമാനിക്കുക ചന്തുവായിരിക്കുമെന്ന് രണ്ടുപേര്‍ക്കുമറിയാം. അങ്കത്തില്‍ ആരുടെ കൈയാളായി ചന്തു നില്‍ക്കുന്നുവോ അയാള്‍ ജയിക്കും. ആരോമലിന് കൂട്ടുപോയാല്‍ ചന്തുവിന്റെ പെണ്ണായി ഇരുന്നോളാമെന്ന് ഉണ്ണിയാര്‍ച്ച പറയുന്നു. മച്ചുനനായ ആരോമലിന് അങ്കത്തില്‍ കൂട്ടുപോവാന്‍ ചന്തു തീരുമാനിക്കുന്നത് അങ്ങനെയാണ്. അതിനുശേഷമാണ് കുട്ടിമാണി ചന്തുവിനെ സമീപിക്കുന്നത്. അരിങ്ങോടരെ ജയിപ്പിക്കാന്‍ കുട്ടിമാണി ചന്തുവിന്റെ സഹായം തേടുന്നു. ജയിച്ചാല്‍ ചന്തുവിന് പെണ്ണാവാമെന്നാണ് ഉണ്ണിയാര്‍ച്ചയുടെ വാഗ്ദാനമെങ്കില്‍ കുട്ടിമാണി മുന്‍പേതന്നെ സ്വയം ചന്തുവിന് സമര്‍പ്പിക്കുന്നു. ഇങ്ങനെ രണ്ടു സ്ത്രീകള്‍ ഉയര്‍ത്തിയ പ്രലോഭനങ്ങള്‍ക്കിടയില്‍ വീണുപോവുകയാണ് ചന്തു. ഇതു മാത്രമല്ല ഇങ്ങനെ ഒരുപാട് സാദൃശ്യങ്ങള്‍ മാക്ബത്തുമായി ചന്തുവിന്റെ കഥയ്ക്കുണ്ട്. അതെല്ലാം ഈ സിനിമയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.

ചന്തുവിന്റെ കഥ പറയുന്ന സിനിമ ഇത്ര ചെലവേറിയതായിമാറിയത് എന്തുകൊണ്ടാണ്? 

ഈ സിനിമയുടെ ബജറ്റിന്റെ അറുപതുശതമാനവും ചെലവഴിച്ചത് സ്‌പെഷല്‍ ഇഫെക്റ്റിനും സിനിമയുടെ സാങ്കേതികമികവിനുമായാണ്. ലോകത്തിലെ ഏറ്റവും മികച്ച സിനിമാ സാങ്കേതികവിദഗ്ധരെയാണ് ഉപയോഗിച്ചത്. ഗ്ലാഡിയേറ്റര്‍ പോലുള്ള സിനിമകള്‍ക്കുവേണ്ടി ജോലിചെയ്ത ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ ഹോളിവുഡ് ആര്‍ട്ടിസ്റ്റ് ട്രഫര്‍ പ്രൊഡാണ് മേക്കപ്പ് മാന്‍. ലോഡ് ഓഫ് റിങ്‌സ് തുടങ്ങിയ സിനിമകള്‍ചെയ്ത അലന്‍ പോപ്പില്‍ട്ടനാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. റെവനന്റിന്റെയും ടൈറ്റാനിക്കിന്റെയും കളറിസ്റ്റ് സൂപ്പര്‍വൈസറായ ജഫ് ഓലം, ഹാന്‍സ് സിമ്മറിന്റെ അസോസിയേറ്റായ സംഗീതസംവിധായകന്‍ ജഫ് റോണ എന്നിവരും മാസങ്ങളോളം എന്റെ സിനിമയ്ക്കുവേണ്ടി ജോലിചെയ്തു. ആദ്യമായാണ് ഇവരെപ്പോലുള്ള ലോകപ്രസിദ്ധരായ സാങ്കേതികപ്രവര്‍ത്തകര്‍ ഒരു മലയാളസിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്. 
അമേരിക്കയിലെ പ്രസിദ്ധമായ ടി.വി. ഷോ ഗെയിംസ് ഓഫ് ത്രോണിനുവേണ്ടി ജോലിചെയ്ത മുംബൈ പ്രാണാ സ്റ്റുഡിയോയിലെ ടെക്‌നീഷ്യന്‍സും വീരത്തിന്റെ ഭാഗമായി. അങ്കം ചിത്രീകരിച്ചിരിക്കുന്നത് മഴയത്താണ്. മഴയുടെ പശ്ചാത്തലത്തില്‍ വലിയ സന്നാഹങ്ങളോടെ ചിത്രീകരിച്ച പോര് സിനിമയുടെ ഹൈലൈറ്റാണ്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന, വിസ്മയിപ്പിക്കുന്ന കാഴ്ചകളാവും അതെന്ന് എനിക്കുറപ്പുണ്ട്. 

ചന്തുവായി അഭിനയിച്ചത് ഹിന്ദി നടനായ കുനാല്‍ കപൂറാണല്ലോ? വടക്കന്‍കേരളത്തിന്റെ സംസ്‌കാരത്തിലേക്ക് ഇറങ്ങിവരാന്‍ ഹിന്ദി നടന് കഴിഞ്ഞുവെന്ന് കരുതുന്നുവോ?

കുനാലിന്റെ ശരീരഘടന കഥാപാത്രത്തിന് തികച്ചും യോജിച്ചതാണെന്നു തോന്നി. പിന്നെ കളരിയില്‍ പരിശീലനം നല്‍കി. മാസങ്ങളെടുത്ത് കളരി പരിശീലിപ്പിച്ചു. സംസ്‌കാരത്തെയും ഭാഷയെയും കുറിച്ച് മനസ്സിലാക്കിക്കൊടുത്തു. നന്നായി അധ്വാനിച്ചാണ് നടീനടന്മാരെല്ലാം ഈ സിനിമയ്ക്കുവേണ്ടി ഒരുങ്ങിയത്. അതിന്റെ ഗുണം ഈ സിനിമയില്‍ കാണാം. മൂന്നു ഭാഷയിലെയും സംഭാഷണങ്ങള്‍ അവരെല്ലാം ഹൃദിസ്ഥമാക്കിയാണ് അഭിനയിച്ചതും ഡബ്ബ് ചെയ്തതും. മൂന്നുഭാഷയിലും പ്രത്യേകം പ്രത്യേകമായി ലിപ് മൂവ്‌മെന്റ് നല്‍കി ഷൂട്ട്ചെയ്യുകയായിരുന്നു. ഉണ്ണിയാര്‍ച്ചയായി എത്തുന്നത് നടിയും മോഡലുമായ ഹിമര്‍ഷയാണ്. ശിവജിത്ത് നമ്പ്യാര്‍ എന്ന മികച്ച പുതുമുഖ നടനാണ് ആരോമല്‍ ചേകവരായത്. ഡിവിനാ ഠാക്കൂറാണ് കുട്ടിമാണി. അരിങ്ങോടരായി ആരനും. കഥാപാത്രങ്ങളുടെ ശരീരഘടനയുള്ള അഭിനേതാക്കളാണ് എല്ലാവരും. 

സിനിമ ചിത്രീകരിച്ചത് കേരളത്തില്‍ തന്നെയാണോ?

പതിമൂന്നാംനൂറ്റാണ്ടിലെ കേരളമാണ് കാണിക്കേണ്ടിയിരുന്നത്. ഇപ്പോഴത്തെ കേരളം അതിന് അനുയോജ്യമല്ല. അതുകൊണ്ട് ആഗ്രയിലും ഫത്തേപുര്‍ സിക്രി, ഔറംഗാബാദ് എന്നിവിടങ്ങളിലാണ് കൂടുതല്‍ ഷൂട്ട്ചെയ്തത്. അവിടങ്ങളിലെ ലൊക്കേഷന്‍ കണ്ടെത്താന്‍ സഹായിച്ചത് മാതൃഭൂമി യാത്രയുടെ കോളമിസ്റ്റും നിത്യയാത്രികനുമായ റോബിദാസാണ്. തിരുവനന്തപുരത്തും ചില രംഗങ്ങള്‍ ചിത്രീകരിച്ചു. അജന്ത എല്ലോറ ഗുഹകളുടെ ഭംഗി പരമാവധി ഒപ്പിയെടുത്തു. 

മലയാളികളുടെ പങ്കാളിത്തം തീരെ കുറഞ്ഞ സിനിമയാണോ ഇത്?

ഒരിക്കലുമല്ല. ക്യാമറാമാന്‍ എസ്. കുമാറാണ്. കാവാലം നാരായണപ്പണിക്കര്‍ എഴുതിയ ഒരു പാട്ട് എം.കെ. അര്‍ജുനന്‍മാഷ് ചിട്ടപ്പെടുത്തി വൈക്കം വിജയലക്ഷ്മിയും വിദ്യാധരന്‍മാഷും കൂടി പാടിയിരിക്കുന്നു. ഈ പാട്ട് എല്ലാവര്‍ക്കും ഇഷ്ടമാവും. ഉറപ്പ്. ബസന്ത് പെരിങ്ങോടാണ് കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിലെ അന്തരീക്ഷം പുനഃസൃഷ്ടിക്കുന്ന രീതിയില്‍ പരമാവധി തന്മയത്വത്തോടുള്ള വസ്ത്രങ്ങളാണ് കഥാപാത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. 

ജയരാജിന്റെ ഒരു വടക്കന്‍പാട്ടു സിനിമയെന്ന് വീരത്തെ വിളിക്കാമോ?

മുന്‍പ് നമ്മള്‍ കണ്ട വടക്കന്‍പാട്ടു സിനിമകളില്‍നിന്നെല്ലാം വ്യത്യസ്തമാണിത്. ഒന്നാമത് മുന്‍പ് മലയാളത്തിലിറങ്ങിയ വടക്കന്‍പാട്ടു സിനിമകളിലൊന്നും വടക്കന്‍ കേരളത്തിന്റെ ഭാഷ ഉപയോഗിച്ചിരുന്നില്ല. ഇതില്‍ വടക്കന്‍ വാമൊഴിതന്നെയാണ്. പ്രസിദ്ധ ചരിത്രകാരനായ എം.ആര്‍. രാഘവവാര്യരാണ് സംഭാഷണം എഴുതിയത്. പിന്നെ ലോകത്തിലെ ഏറ്റവും വഴക്കമുള്ള ആയോധനകലയായ കളരിയുടെ സര്‍വസാധ്യതകളും ഉയര്‍ന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപയോഗിച്ചിട്ടുണ്ട്. സി.വി.എന്‍. കളരിയിലെ ശിവകുമാര്‍ കുരിക്കളാണ് കുനാലിനെയും മറ്റും കളരി അഭ്യസിപ്പിച്ചത്. ആക്ഷന്‍രംഗങ്ങളില്‍ ശിവകുമാറും അലന്‍ പോപ്പില്‍ട്ടനും ചേര്‍ന്ന കൂട്ടുകെട്ട് വിസ്മയംസൃഷ്ടിച്ചുവെന്ന് ധൈര്യത്തോടെ ഞാന്‍ പറയും. സ്‌ക്രീനില്‍ നിങ്ങള്‍ക്കത് കാണാം. 

ഇത്ര ചെലവേറിയ സിനിമയ്ക്കായി നിര്‍മാതാവിനെ കണ്ടെത്തിയത് എങ്ങനെയാണ്?

ഒറ്റാല്‍ സിനിമ പൂര്‍ത്തിയാക്കിയശേഷം നല്‍കിയ ഒരു ടി.വി. അഭിമുഖത്തില്‍ ഞാന്‍ ഈ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നു. വലിയ ചെലവേറിയ സിനിമയാണെന്നും നിര്‍മാതാവ് വന്നോളുമെന്നും ഞാന്‍ പറഞ്ഞു. അതു കണ്ട് ഖത്തറില്‍നിന്ന് ചന്ദ്രമോഹന്‍ ഡി.പിള്ള വിളിച്ച് ഈ പടം അദ്ദേഹം ചെയ്യാമെന്ന് പറഞ്ഞു. കഥ കേട്ടപ്പോള്‍ പണം കാര്യമാക്കേണ്ടെന്നും മുന്നോട്ടു പോയ്‌ക്കോളൂ എന്നും അദ്ദേഹം പറഞ്ഞു. സത്യത്തില്‍ വൈശാലിയില്‍ ഭരതന്‍ചേട്ടന്റെ അസിസ്റ്റന്റായി ജോലിചെയ്യുന്ന കാലത്ത് ഞാന്‍ പരിചയപ്പെടുകയും സൗഹൃദത്തിലാവുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. എനിക്കത് ആദ്യം മനസ്സിലായിരുന്നില്ല. പരിചയപ്പെട്ടകാലത്തേ അദ്ദേഹം പറഞ്ഞിരുന്നു, നമുക്കൊത്തൊരു സിനിമ ചെയ്യണമെന്ന്. അദ്ദേഹത്തിന്റെ അകമഴിഞ്ഞ പിന്തുണയാണ് ഈ സിനിമ സാധ്യമാക്കിയത്. എന്റെ ഏറ്റവും വലിയ സിനിമയാണിത്. വലിയ പ്രതീക്ഷകള്‍ എനിക്കുണ്ട്.

ഇത്ര ചെലവേറിയ സിനിമയെ സാമ്പത്തികമായി വിജയിപ്പിച്ചെടുക്കുക എന്നത് വലിയ വെല്ലുവിളിയല്ലേ?

മികച്ച സാങ്കേതികവിദ്യയും പരിശ്രമവും ഉണ്ടെങ്കില്‍ മലയാളത്തിലും വലിയ സിനിമകള്‍ചെയ്ത് വിജയിപ്പിക്കാനാകുമെന്ന് പുലിമുരുകന്‍ തെളിയിച്ചില്ലേ? മലയാള സിനിമയില്‍ വലിയൊരു ദിശാമാറ്റത്തിന് പുലിമുരുകന്‍ തുടക്കമിട്ടിരിക്കുകയാണ്. ഇനിയും വലിയ ബജറ്റിലുള്ള സാങ്കേതികമികവുള്ള സിനിമകള്‍ ഇവിടെയുണ്ടാവും. കേരളത്തില്‍ വീരം റിലീസ് ചെയ്യുന്നത് നമ്മുടെ ഏറ്റവും മികച്ച ബാനറുകളില്‍ ഒന്നായ, ലാല്‍ജോസിന്റെ എല്‍.ജെ. ഫിലിംസാണ്. ഇത് കലാമൂല്യമുള്ളതും അതേസമയം പ്രേക്ഷകശ്രദ്ധ നേടത്തക്കവിധത്തില്‍ കമേഴ്‌സ്യല്‍ മൂല്യമുള്ളതുമായ സിനിമയാണ്. ഹിന്ദിയിലും ഇംഗ്ലീഷിലും ഈ സിനിമ ബോക്‌സോഫീസില്‍ ജയം നേടുമെന്ന് വിശ്വാസമുണ്ട്. അടുത്ത മാസം 18-ന് ഗോള്‍ഡന്‍ ഗ്ലോബിലെ അക്കാദമി നോമിനേഷനായി വീരം ഹോളിവുഡില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.