Jayaprakash Radhakrishnanസ്വതന്ത്ര സിനിമകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് തന്നെയാണ് ജയപ്രകാശ് രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ലെന്‍സ് തിയേറ്ററുകളിലെത്തുന്നത്. സനല്‍കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളി റിലീസ് ചെയ്യുന്ന ജൂലായ് 17ന് തന്നെയാണ് ലെന്‍സും റിലീസ് ചെയ്യുന്നത്. സംവിധാനത്തിനൊപ്പം ലീഡ് റോളില്‍ അഭിനയിച്ചിരിക്കുന്നതും ജയപ്രകാശ് തന്നെ. 

എന്താണ് ലെന്‍സ് ? 

വണ്‍ലൈന്‍ പറഞ്ഞാല്‍, ഹോസ്‌റ്റേജ് ഡ്രാമ സെറ്റ് ഇന്‍ എ ചാറ്റ് റൂം വേള്‍ഡ്. നമ്മള്‍ ഓണ്‍ലൈനില്‍ കാണുന്നതും ഫെയ്‌സ്ബുക്കില്‍ ലൈക്ക് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതുമൊക്കെയായ കാര്യങ്ങളില്‍ ഒരു മോറല്‍ ക്വസ്റ്റ്യനുണ്ട് (ധാര്‍മ്മിക ചോദ്യം) എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിന്റെ തിരക്കഥ കെട്ടിപ്പടുത്തിരിക്കുന്നത്. നമ്മുടെ ഓണ്‍ലൈന്‍ ലോകം മലിമസമാണെന്നോ അത് ഉപയോഗിക്കുന്നവര്‍ക്ക് ഉത്തരവാദിത്വബോധമില്ലെന്നോ അല്ല സിനിമ പറഞ്ഞു വെയ്ക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനത്തിന്റെ ഒരു ഡാര്‍ക്ക് ഷെയ്ഡ് ഈ സിനിമയില്‍ പ്രമേയമായി വരുന്നുവെന്നേയുള്ളു. 

Lens

ലെന്‍സ് എങ്ങനെ ലാല്‍ ജോസിലെത്തി ? 

കഴിഞ്ഞ വര്‍ഷം സപ്തംബറോടെ ലെന്‍സ് പൂര്‍ത്തിയായിരുന്നെങ്കിലും വിതരണത്തിന് ആളെ കിട്ടിയിരുന്നില്ല. പല പ്രമുഖ കമ്പനികളെയും വിതരണത്തിനായി സമീപിച്ചിരുന്നെങ്കിലും ഒന്നും ഫലവത്തായില്ല. അങ്ങനെ ബുദ്ധിമുട്ടിലായിരുന്ന സമയത്താണ് ലാല്‍ ജോസിനെ കാണാന്‍ അവസരം കിട്ടിയത്. സൗണ്ട് എന്‍ജിനീയറായ എം.ആര്‍. രാജാകൃഷ്ണനാണ് ലാല്‍ ജോസിനെ കണ്ടാലോ എന്ന അഭിപ്രായം മുന്നോട്ടുവെച്ചത്. അദ്ദേഹത്തിന്റെ അപ്പോയിന്‍മെന്റ് എടുത്തു, സിനിമ കാണിച്ചു. കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് സിനിമ ഇഷ്ടമാകുകയും പിന്നീട് ഫോണില്‍ വിളിച്ച് ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുക്കാമെന്ന് അറിയിക്കുകയുമായിരുന്നു. 

റിലീസ് എവിടെയൊക്കെ ? 

നിലവില്‍ കേരളത്തില്‍ മാത്രമാണ് ലെന്‍സ് റിലീസ് ചെയ്യുന്നത്. ഇവിടെനിന്നുള്ള പ്രേക്ഷക പ്രതികരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഒരുപക്ഷേ മറ്റ് റിലീസുകള്‍ക്കുള്ള സാധ്യത തെളിയുക. നിലവില്‍ അത് സംബന്ധിച്ചുള്ള ചര്‍ച്ചകളൊന്നും തന്നെ നടന്നിട്ടില്ല. 

പ്രേക്ഷകരില്‍നിന്നുള്ള പ്രതീക്ഷ എന്താണ് ?

മലയാളീ പ്രേക്ഷകരില്‍ എനിക്ക് വലിയ പ്രതീക്ഷയാണുള്ളത്. കാരണം, ഒരു നല്ല സിനിമ പോലും തള്ളിക്കളയാത്ത ആളുകളാണ് ഇവിടെയുള്ളത്. മെയിന്‍ സ്ട്രീം സിനിമകള്‍ പോലും പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമയമാണിത്. സ്വതന്ത്രപരീക്ഷണ സിനിമയായ ലെന്‍സിന് പുറത്തിറങ്ങാന്‍ ഏറ്റവും പറ്റിയ സമയം. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് ശേഷം സ്വതന്ത്രസിനിമകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും മറ്റും ലഭിക്കുന്ന പിന്തുണ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Lens

എന്തുകൊണ്ട് അഭിനയിക്കാന്‍ തീരുമാനിച്ചു ? 

സ്‌ക്രിപ്റ്റ് എഴുതുന്ന സമയത്ത് ഞാന്‍ എന്നെ തന്നെ മനസ്സില്‍ കണ്ടായിരുന്നു സ്‌ക്രിപ്റ്റ് എഴുതിയത്. പിന്നീട് പൂര്‍ത്തിയായപ്പോള്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു, എന്റെ റോളിലേക്ക് മറ്റൊരാളെ കാസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് നടന്ന ചില സംഭവവികാസങ്ങള്‍ കൊണ്ടാണ് ഞാന്‍ തന്നെ അഭിനയിക്കേണ്ടി വന്നത്. പത്ത് വര്‍ഷത്തോളം യു.എസിലെ ഐ.ടി എം.എന്‍.സിയില്‍ ജോലി ചെയ്തിട്ടുള്ള ഞാന്‍ ഈ കാലയളവില്‍ രണ്ടു വര്‍ഷത്തോളം പ്രൊഫഷണലായി ആക്ടിംഗ് പഠിച്ചിരുന്നു. അത് ഈ സിനിമയില്‍ ഏറെ സഹായകരമായിട്ടുമുണ്ട്. 

ഇന്‍ഡസ്ട്രിയിലെ ചില പ്രമുഖ നടന്മാരെയും ഈ റോളിലേക്കായി സമീപിച്ചിരുന്നു, പക്ഷെ അവരൊന്നും അത്ര താല്പര്യം കാണിച്ചില്ല. ഏതാനും നിര്‍മാതാക്കളെയും ഡിസ്ട്രിബ്യൂട്ടര്‍മാരെയുമൊക്കെ കണ്ടിരുന്നു. നിര്‍മാതാക്കള്‍ പറഞ്ഞത് താരങ്ങളെ കൊണ്ടുവരൂ പണം തരാം, പുതുമുഖങ്ങളെ വെച്ച് റിസ്‌ക് എടുക്കാന്‍ പറ്റില്ലെന്നായിരുന്നു. 

എന്തുകൊണ്ടാണ് ഈ സിനിമയ്ക്ക് ഭാഷയില്ലാത്തത് ? 

ഈ സിനിമ ഒരു ഭാഷയിലും ഉള്‍പ്പെടുത്താന്‍ പറ്റില്ല. മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളെല്ലാം ഇതിലെ സംസാരത്തിനിടയില്‍ കടന്നുവരുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു പ്രത്യേക ഭാഷയില്‍ ഇതിനെ പിടിച്ചുകെട്ടാന്‍ പറ്റില്ല. കേരളത്തിലാണ് സിനിമ സെന്‍സര്‍ ചെയ്തത്, എന്നാല്‍ ഇതൊരു മലയാള സിനിമയാണെന്ന് പറയാന്‍ പറ്റില്ല. പക്ഷെ, മലയാളം ഉപയോഗിച്ചിട്ടുമുണ്ട്. 

Lens

അവാര്‍ഡുകള്‍ അംഗീകാരങ്ങള്‍ ?

ബെംഗളൂരു, സ്‌പെയിന്‍ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ മത്സരവിഭാഗത്തിലും പൂനെ, ചെന്നൈ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ ഔദ്യോഗിക വിഭാഗത്തിലും ലെന്‍സ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2015ല്‍ ഈ സിനിമയുടെ സംവിധാനത്തിന് മികച്ച നവാഗത സംവിധായകനുള്ള ഗൊലാപുഡി ശ്രീനിവാസ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അഗ്‌നിസാക്ഷിയുടെ സംവിധാനത്തിന് ശ്യാമപ്രസാദിന് നേരത്തെ ഈ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. താരേ സമീന്‍ പര്‍ എന്ന സിനിമയുടെ സംവിധാനത്തിന് ആമിര്‍ ഖാനും ഈ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.