സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത് 'നില്ല് നില്ല് നില്ലെന്റെ നീലക്കുയിലേ' ചാലഞ്ചാണ്. ഓടിപ്പാഞ്ഞുവരുന്ന വാഹനത്തിന് മുന്നിലേക്ക് കുറച്ചുപേര്‍ കൈയില്‍ പച്ചിലകളുമായി എടുത്തുചാടി പാട്ടിനൊത്ത് ഡാന്‍സ് ചെയ്യുന്നു. ടിക് ടോക്കിലൂടെ വരുന്ന നില്ല് നില്ല് ചാലഞ്ച് വീഡിയോകള്‍ ഒന്നിനുപിറകെ ഒന്നായി ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംനേടുകയാണ്.  സംഗതി അതിരുകടക്കുമെന്ന ഭയത്താല്‍ മുന്‍കൂറായി പോലീസും സുരക്ഷാനിര്‍ദേശം നല്‍കിയിട്ടുണ്ട്.  2004-ല്‍ പുറത്തിറങ്ങിയ റെയിന്‍ റെയിന്‍ കം എംഗയിന്‍ എന്ന സിനിമയിലെ പാട്ടാണിത്. സിനിമ ഇറങ്ങിയ സമയത്തുപോലും പാട്ട് ഇത്ര തരംഗമായിട്ടില്ല. സംഭവം ഹിറ്റായതോടെ താരമാകുന്നത് പാട്ടൊരുക്കിയ ജാസി ഗിഫ്റ്റാണ്. ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്ന ജാസി ഗിഫ്റ്റ് സംഗീതം വീണ്ടും വൈറലായി മാറി. ഒട്ടും പ്രതീക്ഷിക്കാത്ത സംഗതിയാണ് സംഭവിച്ചതെന്ന് പറയുന്ന ജാസി തികഞ്ഞ സന്തോഷത്തിലുമാണ്. 

14 വര്‍ഷം കഴിഞ്ഞ് അപ്രതീക്ഷിത ഹിറ്റ്?
ഇങ്ങനെ ഒരു ഹിറ്റ് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. റെയിന്‍ റെയിന്‍ കം എഗെയിന്‍ എന്ന സിനിമ ഇറങ്ങുന്ന കാലഘട്ടത്തില്‍ സോഷ്യല്‍ മീഡിയ ഇത്ര സജീവമല്ല. എന്നാല്‍ 14 വര്‍ഷങ്ങള്‍ക്കിപ്പുറം സോഷ്യല്‍ മീഡിയ മുന്‍നിര മാധ്യമമായി മാറികഴിഞ്ഞു. ഒരുപക്ഷേ, നവമാധ്യമത്തിലൂടെ സൂപ്പര്‍ഹിറ്റാകുന്ന എന്റെ ആദ്യ പാട്ടായിരിക്കാം നില്ല് നില്ല് നില്ലെന്റെ നീലക്കുയിലേ എന്ന പാട്ട്. പുതിയകാലത്ത് ഒരു പാട്ട് ഹിറ്റാക്കണമെന്ന് നമ്മള്‍ വിചാരിച്ചാല്‍ ഹിറ്റാകില്ല. ഹിറ്റൊക്കെ ഓട്ടോമാറ്റിക് ആയി സംഭവിക്കുന്നതാണ്. നമ്മള്‍ ചെയ്ത ഒരു പാട്ട് ഇത്രയും ഹിറ്റാകുമ്പോള്‍ നമുക്കും സന്തോഷം. ഈ പാട്ട് വൈറലായതോടെ അക്കാലത്ത് ഇറങ്ങിയ എന്റെ പല പാട്ടുകളും വീണ്ടും ചര്‍ച്ചയായി എന്നതില്‍ സന്തോഷമുണ്ട്. 

എങ്ങനെയാണ് നില്ല് നില്ല് ചാലഞ്ചിനെ പറ്റി അറിയുന്നത്?
ആദ്യം കുറേ വീഡിയോകള്‍ ഓഡിയോ കട്ട് ചെയ്താണ് കണ്ടത്, അതിനാല്‍ ഒന്നും മനസ്സിലായില്ല. ടിക് ടോക്കില്‍ വരുന്ന സാധാരണ വീഡിയോകളാണ് എന്നാണ് വിചാരിച്ചത്. പിന്നീട് ഒരു ട്രോള്‍ കണ്ടു. 14 വര്‍ഷം മുന്‍പ് ഇറങ്ങിയ പാട്ട് ഇപ്പോള്‍ സൂപ്പര്‍ഹിറ്റായി എന്നറിഞ്ഞ ജാസി ഗിഫ്റ്റ് എന്നായിരുന്നു ട്രോള്‍. അതിനുശേഷമാണ് ഞാന്‍ സംഭവം ശ്രദ്ധിച്ചത്. നില്ല് നില്ല് നില്ലെന്റെ നീലക്കുയിലേ എന്ന എന്റെ പാട്ടാണെന്ന് അപ്പോഴാണ് മനസ്സിലായത്. ആദ്യം പലതും കണ്ടപ്പോള്‍ കോമഡിയായിട്ട് തോന്നി.  ചിലത് വേറൊരു ലെവലിലേക്ക് പോകുന്നതായി തോന്നി. ഇതുകണ്ട് ഒരുപാട് സുഹൃത്തുക്കള്‍ വിളിച്ചു. അതോടെ സംഗതി വൈറലായി എന്ന് മനസ്സിലായി. 

ഈ പാട്ടിന് ടിക്ടോക്ക് വീഡിയോ ചെയ്യുന്നവര്‍ക്ക് പോലീസിന്റെ മുന്നറിയിപ്പ് ഉണ്ട്?

ആരും ഇതൊന്നും പ്രശ്നമുണ്ടാക്കാന്‍ ചെയ്യുന്നതല്ല, ഒരു തമാശയ്ക്കും രസത്തിനുമായി ചെയ്യുന്നതായാണ് എനിക്ക് തോന്നിയത്. അപകടമുണ്ടാകുമോ എന്ന ഭയത്തിലായിരിക്കാം പോലീസ് നിര്‍ദേശം നല്‍കിയത്. വീഡിയോ ചെയ്യുന്നവര്‍ വേഗത്തില്‍ വരുന്ന വാഹനത്തിന്റെ മുമ്പില്‍ ചാടരുത്.  പല വീഡിയോകളിലും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത് കണ്ടത്. 

സ്റ്റേജ് ഷോകളില്‍ സമാനരീതിയില്‍ പാട്ട് അവതരിപ്പിക്കാന്‍ പറഞ്ഞതായി കേട്ടല്ലോ?

സംഭവം ഹിറ്റായതോടെ പല ഷോകളുടെയും സംഘാടകര്‍ ഇങ്ങോട്ടുവെച്ച നിര്‍ദേശമാണിത്. ഈ ഗാനത്തിന് കൊറിയോഗ്രാഫി ചെയ്ത് വേദിയില്‍ അവതരിപ്പിക്കണമെന്നാണ് ആവശ്യം. അതും ഹെല്‍മറ്റ് ധരിച്ച് പച്ചിലയും കൈയിലേന്തി. നിര്‍ബന്ധമായതോടെ അതിനായി ഈ പാട്ട് വീണ്ടും പഠിച്ചുതുടങ്ങി. ഇനി വരുന്ന ഷോകളില്‍ അത്തരത്തിലാണ് പാട്ട് അവതരിപ്പിക്കുന്നത്. എന്തായാലും ഈ രീതിയില്‍ ഒരു കൊറിയോഗ്രാഫി നടത്തിയവരെ സമ്മതിച്ചേ പറ്റൂ. അടുത്തകാലത്ത് കണ്ട ഏറ്റവും വ്യത്യസ്ത ഐഡിയയാണ് അത്. എന്തായാലും വ്യത്യസ്തമായ നല്ല പാട്ടുകള്‍ ചെയ്യാനുള്ള ഊര്‍ജമാണ് ഈ സംഭവം നല്‍കുന്നത്.

ContentHighlights: Jaasi gift, nil nil song, tik tok challenge, music director jaasi gift, interview with jaasi gift