ജാൻ എ മൻ സിനിമ കണ്ട് തീയേറ്റർ വിട്ടവരാരും 'സജിയേട്ടൻ സേയ്ഫ് അല്ല' എന്ന് പറഞ്ഞ് സജിയേട്ടന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന പാലക്കാട്ടുകാരൻ ഗുണ്ട കണ്ണനെ മറക്കാൻ വഴിയില്ല. പാലക്കാടൻ ഭാഷ മനോഹരമായി കൈകാര്യം ചെയ്യുകയും ഏച്ചുകെട്ടലുകളില്ലാതെ ഗുണ്ടാവേഷം അവതരിപ്പിക്കുകയും ചെയ്തത് ചലച്ചിത്രതാരം ശരത്ത് സഭയാണ്. നിറഞ്ഞ കൈയടി നേടിയ കണ്ണൻ എന്ന ഗുണ്ടയുടെ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെക്കുകയാണ് ശരത്ത് സഭ. 

ഏട്ടൻ സെയ്ഫല്ലട്ടാ....

ഇതുവരെ ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട ക്യാരക്ടറായിരുന്നു ജാൻ എ മന്നിലേത്. കഥ കേട്ടപ്പോൾ തന്നെ ഇത് ചെയ്യണമെന്ന് വളരെയധികം ആഗ്രഹം തോന്നിയിരുന്നു. മിസ്റ്റർ ആൻഡ് മിസിസ് റൗഡി എന്ന സിനിമയിൽ ഞാനും ഗണപതിയും ഒരുമിച്ചായിരുന്നു അഭിനയിച്ചത്. അന്ന് മുതലുള്ള സൗഹൃദമായിരുന്നു ഗണപതിയുമായി. ഒരു ദിവസം നോക്കുമ്പോൾ ഫോണിൽ ഗണപതിയുടേയും തരംഗത്തിലെ നായികയായിരുന്ന ശാന്തിയുടേയും കോൾ. രണ്ട് പേർക്കും ഫോട്ടോ അയച്ചു കൊടുത്തു. പിന്നീട് അടിപൊളിയാണല്ലോ എന്നൊക്കെ കരുതി ഇരിക്കുമ്പോഴാണ് മനസിലായത് രണ്ട് പേരും വിളിച്ചത് ഒരേ സിനിമക്ക് വേണ്ടിയാണെന്ന്. ചെറിയ ഒരു ഓഡീഷൻ ഉണ്ടായിരുന്നു. ഗണപതിയുടെയും ചിദംബരത്തിന്റേയും ഫ്‌ലാറ്റിൽ പോയി ഒരു സീൻ ചെയ്തു. എനിക്ക് പറ്റിയ ക്യാരക്ടറാണെന്ന് തോന്നിയിരുന്നു.

ഗണു(ഗണപതി) വിളിക്കുമ്പോൾ തന്നെ പറഞ്ഞിരുന്നു, തിരുവനന്തപുരം സ്ലാങ് ആണ് വേണ്ടത്, പറ്റുമോ എന്ന് ചോദിച്ചിരുന്നു. 'നോ' എന്ന് പറയാത്തതുകൊണ്ട് തന്നെ വേറൊന്നും ആലോചിക്കാതെ ഏറ്റെടുക്കുകയായിരുന്നു.  മരണവീട്ടിൽ പോയി അലമ്പുണ്ടാക്കുന്ന സീൻ ആയിരുന്നു ഓഡിഷനിൽ ചെയ്യ്തത്. അന്ന് അത് തിരുവനന്തപുരം സ്ലാങ് ആയിരുന്നു. ചെയ്ത് നോക്കിയപ്പോൾ തന്നെ അവർ ഓക്കേ പറഞ്ഞിരുന്നു. പക്ഷേ എനിക്ക് തൃപ്തി വന്നില്ല. ക്യാരക്ടറിനെ കിട്ടിയെങ്കിലും തിരുവനന്തപുരം സ്ലാങ് ആയതുകൊണ്ട് തന്നെ ഒരു സംതൃപ്തി വന്നില്ല. അങ്ങനെ ഞാൻ അവരോട് തന്നെ ചോദിച്ചു, ഈ ക്യാരക്ടർ തിരുവനന്തപുരത്തിന് പകരം പാലക്കാട് നിന്നായാൽ കഥക്ക് എന്തെങ്കിലും മാറ്റം സംഭവിക്കുമോ എന്ന്. അപ്പോഴൊന്നും പറഞ്ഞില്ലെങ്കിലും പിന്നീട് അവർ സമ്മതിക്കുകയായിരുന്നു. 

ഷർട്ടും പാന്റും കറുത്ത കുറി എന്റെ വക

ഷർട്ടും പാന്റും ആയിരുന്നു കോസ്റ്റ്യൂം. കോസ്റ്റ്യൂംഇട്ട് മുടിയൊക്കെ ഒന്ന് അലമ്പാക്കി ചീകി കണ്ണാടി നോക്കിയപ്പോൾ തന്നെ ഞാൻ കോൺഫിഡന്റായി. എല്ലാം തികഞ്ഞൊരു ഗുണ്ട ലുക്ക് ഉണ്ടായിരുന്നു. ഒരു കറുത്ത കുറി കൂടി ഇട്ടോട്ടെയെന്ന് ഞാൻ സംവിധായകൻ ചിദംബരത്തോട് ചോദിച്ചു. ചിദംബരം സമ്മതിച്ചതോടെ ഞാൻ ഹാപ്പിയായി. പിന്നെ ഞാൻ പക്കാ സജിയേട്ടന്റെ പ്രൊട്ടക്ടറാവുകയായിരുന്നു. 

ടീം വൈബ് വേറെ ലെവൽ 

ബേസിലിനോട് ചാൻസ് ചോദിച്ച് വിളിച്ചിട്ടുള്ള പരിചയമാണ് ഉള്ളത്. അർജുൻ അശോകനെ മുമ്പ് ഗണുവിനോടൊപ്പം കണ്ട് പരിചയമുണ്ട്. ഇങ്ങനെയൊക്കെ മിക്കവരേയും ഫോൺ വഴിയും അല്ലാതെയുമൊക്കെ പരിചയമുണ്ടായിരുന്നു. പിന്നെ ഇങ്ങനെയൊരു ടീം വരുമ്പോൾ ആ ഒരു വൈബ് ഉണ്ടാകും. ഒരേ ലൊക്കേഷൻ തന്നെയായിരുന്നു. കൂടാതെ രാത്രിയായിരുന്നു മിക്ക ദിവസത്തേയും ഷൂട്ട് നടന്നത്. വൈകുന്നേരം ലൊക്കേഷനിലെത്തിയാൽ പിന്നെ എല്ലാവരും കൂടി 'ജിൽ ജില്ലായി' നിൽക്കുകയാണ് ചെയ്യാറുള്ളത്.  

സിനിമയാണ് ആഗ്രഹം

നാടകവും നാടകാഭിനയവുമായാണ് മുന്നോട്ട് പോയിരുന്നത്. തൃശൂർ ഡ്രാമ സ്‌കൂളിലാണ് പഠിച്ചത്. അഭിനയത്തോടുള്ള ആഗ്രഹം തന്നെയായിരുന്നു ഡ്രാമ സ്‌കൂളിലേക്ക് എത്തിച്ചത്. ഡ്രാമ സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ ഒരു സിനിമയിൽ അവസരം ലഭിച്ചു. ഒരു ചെറിയ പടമായിരുന്നു. അത് എങ്ങും എത്താതെ പോയി. പിന്നീട് ഒറ്റയാൾ പാത, മറവി എന്നിങ്ങനെ രണ്ട് സിനിമകളിൽ അഭിനയിച്ചു. പിന്നീടാണ് തരംഗത്തിലും ഒടിയനിലും മിസ്റ്റർ ആൻഡ് മിസിസിലും അഭിനയിച്ചത്.  മിസ്റ്റർ ആൻഡ് മിസിസിലെ സൗഹൃദമാണ് ജാൻ എ മന്നിലേക്ക് എത്തുന്നതിന് കാരണമായത്. 

പാലക്കാട് പെരുങ്ങോട്ടുശ്ശേരിയാണ് വീട്. സിനിമയാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ ഇപ്പോൾ എറണാകുളത്താണ് താമസം. ചാനലുകളിൽ ഫ്രീലാൻസായിട്ടൊക്കെ ജോലി ചെയ്യുന്നു. കൂട്ടുകാരൊക്കെ വിളിച്ചിട്ട് പറയുകയാണ്, 'നീ സേയ്ഫ് ആണെടാ' എന്ന്. വീട്ടുകാരൊക്കെ ഇന്ന് സിനിമ കാണാൻ പോകുന്നതേയുള്ളൂ. അതിന്റെയൊരു ആകാംക്ഷകൂടി ഉണ്ട്. എല്ലാവരും ഭയങ്കര സന്തോഷത്തിലാണ്.

content highlights : Jan E Man movie actor Sarath Sabha Interview ChidambaraM Ganapathi