സിദ്ധിഖ്-ലാല്‍, റാഫി-മെക്കാര്‍ട്ടിന്‍, അനില്‍-ബാബു മലയാള സിനിമയിലെ പ്രഗത്ഭരായ ഈ ഇരട്ടസംവിധായകര്‍ ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകര്‍ക്ക് ലഭിച്ചത് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ്.. അക്കൂട്ടത്തിലേക്ക് മറ്റ് രണ്ട് പേരുകള്‍ കൂടി എഴുതി ചേര്‍ക്കപ്പെടുകയാണ്..ജിബി-ജോജു. ചൈനയില്‍ ജനിച്ച് കുന്ദംകുളത്ത് ജീവിക്കുന്ന ഇട്ടിമാണിയുടെ കഥ പറയുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ അമരക്കാര്‍. ഇരുപത് വര്‍ഷത്തിലേറെയായി
മലയാള സിനിമയില്‍ അസോസിയേറ്റ്-അസിസ്റ്റന്റ് ഡയറക്ടേഴ്സായി പ്രവര്‍ത്തിച്ച പരിചയം കൈമുതലാക്കിയാണ് ഇരുവരും തങ്ങളുടെ കന്നി സംവിധാന സംരംഭം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ആരാധകരുടെ പ്രിയപ്പെട്ട ലാലേട്ടന് ഇട്ടിമാണിയായി വേഷമിടുന്ന ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തുമ്പോള്‍ എല്ലാം സ്വപ്ന തുല്യമായ നേട്ടമാണ് ജിബിക്കും ജോജുവിനും...ഇട്ടിമാണിയെക്കുറിച്ച്, പ്രിയങ്കരനായ ലാല്‍ സാറിനെക്കുറിച്ച്, സൗഹൃദത്തെക്കുറിച്ച് ജിബിയും ജോജുവും മാതൃഭൂമി ഡോട് കോമിനോട് മനസ് തുറക്കുന്നു.
ഇട്ടിമാണിയെക്കുറിച്ച്?
ജിബി : ഞങ്ങളുടെ പത്തിരുപത്തിനാല് വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ. ആദ്യ സിനിമയില്‍ തന്നെ ലാല്‍ സാറിനെ നായകനാക്കാന്‍ പറ്റുന്നു, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി ചേട്ടന് ചിത്രം നിര്‍മിക്കുന്നു എന്നൊക്കെ പറയുന്നത് സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത കാര്യമാണ്. അതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്.
ഇതൊരു ക്ലീന്‍ ഫാമിലി എന്റര്‍ടെയ്നറാണ്. അപ്പനും അമ്മയ്ക്കും മക്കള്‍ക്കും കൂടി അടുത്തടുത്ത സീറ്റുകളില്‍ ഇരുന്നു കാണാവുന്ന ഒരു ചിത്രം. ഹ്യൂമര്‍ ഉണ്ടെങ്കിലും നമ്മള് കൂടുതല്‍ ഫോക്കസ് ചെയ്തിരിക്കുന്നത് കുടുംബപ്രേക്ഷകരെയാണ്.
ജോജു: ചൈനയില്‍ ജനിച്ചു കുന്ദംകുളത്ത് സെറ്റില്‍ ആകേണ്ടി വന്ന കുടുംബമാണ് ഇട്ടിമാണിയുടേത്. ഒരു പച്ചയായ മനുഷ്യനാണ് ഇട്ടിമാണി ..മണ്ണിന്റെ മണമുള്ള എന്നൊക്കെ പറയില്ലേ ...അല്പം കുസൃതിയും കൗശലങ്ങളുമൊക്കെ ഉള്ള സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാള്‍.
മോഹന്‍ലാല്‍ ഇട്ടിമാണിയിലേക്കെത്തുന്നത്?
ജിബി: ഞങ്ങള്‍ 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടേഴ്സ് ആയിരുന്നു. അതിന്റെ സെറ്റല്‍ വച്ചാണ് ലാല്‍ സാറിനെ പരിചയപ്പെടുന്നത്. അവിടെ വച്ച് ഈ സബ്ജക്റ്റ് ലാല്‍ സാറിനോട് പറയാന്‍ അവസരം കിട്ടി. അതിന്റെ ത്രെഡ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അങ്ങനെ തിരക്കഥ കേട്ടു. ഒടുവില്‍ ഇതാ ഇട്ടിമാണി പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നു...
സത്യത്തില്‍ ഇത് ലാല്‍ സാറിന് വേണ്ടി എഴുതിയ കഥാപാത്രമല്ലായിരുന്നു. ഇട്ടിമാണി എന്നൊരു വ്യക്തിയാണ് പ്രധാനകഥാപാത്രം എന്നേ ഉണ്ടായിരുന്നുളളൂ. ലാല്‍ സാറിന് കഥ ഇഷ്ടമായപ്പോള്‍ അത് അദ്ദേഹത്തിന് ചേരുന്ന രീതിയിലേക്ക് മാറ്റി.
ആദ്യ സിനിയില്‍ സൂപ്പര്‍സ്റ്റാര്‍ നായകന്, ഇത്ര വലിയ ബാനര്‍, ഇതെല്ലാം പ്രതീക്ഷിച്ചിരുന്നോ?
ജിബി : ഒരിക്കലുമില്ല.സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. 2016 ജനുവരിയിലാണ് ഞങ്ങള്‍ ഈ സബ്ജക്ടുമായി ഇരിക്കുന്നത്. 2016 മെയിലായിരുന്നു മുന്തിരിവള്ളികളുടെ വര്‍ക്ക്..ബാക്കി ഒക്കെ ദൈവാനുഗ്രഹം കൊണ്ട് സംഭവിച്ചതാണ്. ഇത്ര വലിയ ബഡ്ജറ്റോ ബാനറോ ലാലേട്ടനോ മനസ്സില്‍ ഉണ്ടായിരുന്നില്ല. കുറച്ചധികം കഥാപാത്രങ്ങള്‍ ഉള്ള ഒരു സിനിമയാണ് എന്നേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ലാലേട്ടന് വരുമ്പോള്‍ കാന്‍വാസ് തന്നെ വലുതാകും..
ലാലേട്ടന് ഇട്ടിമാണി ആവാന്‍ തയ്യാറായിരുന്നില്ലെങ്കില്‍?
ജിബി: ഒരിടയ്ക്ക് ലൂസിഫര്‍, ഒടിയന്, രണ്ടാമൂഴം എന്നീ വലിയ സിനിമകളുടെ തിരക്കുകള്‍ ലാലേട്ടന് ഞങ്ങളോട് പറഞ്ഞിരുന്നു- മക്കളെ ഇത് നല്ല സബ്ജക്ടാണ് വിട്ടു കളയരുതെ മറ്റാരെയെങ്കിലും വച്ച് ചെയ്യൂ എന്ന്..പക്ഷെ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു ലാലേട്ടന് ഈ ചിത്രത്തിലേക്ക് വരുമെന്ന്. കാരണം ലാലേട്ടന് പറഞ്ഞാല്‍ ക്ലിക്ക് ആകുന്ന ഒരു കണ്ടന്റ് ഈ ചിത്രത്തിലുണ്ട്. അത് ലാലേട്ടന് തന്നെ പറയണമെന്ന് ആയിത്തീര്‍ന്നത് ദൈവാനുഗ്രഹമാണ്.
ജോജു: ജിബിച്ചേട്ടന് പറഞ്ഞത് പോലെ ലാലേട്ടനെ കണ്ട് എഴുതിയ ഒന്നല്ല ഇത്. വന്ന് ചേര്‍ന്നതാണ്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിന്റെ സെറ്റില്‍ വച്ച് കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അതിഷ്ടപ്പെടുകയും അങ്ങനെ ആന്റണി ചേട്ടന് വരികയും സിനിമയുമായി മുന്നോട്ട് പോവുകയുമായിരുന്നു.. ഒരുപക്ഷെ ഇങ്ങനെ ഒരു ലാലേട്ടനെ ജനങ്ങള്‍ കാണണം എന്ന് അവര്‍ക്ക് തോന്നിയിരിക്കാം.
അടുത്ത് വന്നിട്ടുള്ള ലാലേട്ടന് ചിത്രങ്ങള്‍ എല്ലാം തന്നെ പൊളിറ്റിക്കല്‍, ഹിസ്റ്റോറിക്കല്‍ ബാക്ഗ്രൗണ്ട് ഉള്ള അതിമാനുഷികത്വം ഉള്ള കഥാപാത്രങ്ങളാണ്. എന്നാല്‍ പണ്ടത്തെ പോലെ കുസൃതികളൊക്കെ ഉള്ള ലാലേട്ടനെ എന്നും ജനങ്ങള്‍ കാണാന്‍ ആഗ്രഹുയ്ക്കുന്നുണ്ട്... പ്രത്യേകിച്ചും കുടുംബ പ്രേക്ഷകര്‍. അങ്ങനെ ഒരു ലാലേട്ടനെയാണ് ഒരു കുടുംബകഥയുടെ പശ്ചാത്തലത്തില്‍ കൊണ്ട് വരാന്‍ ശ്രമിച്ചിരിക്കുന്നത്
തൃശ്ശൂര്‍ ഭാഷയും കുന്ദംകുളവും ചൈനയും
ജിബി: തൃശൂര്‍ ഭാഷ ഈ ചിത്രത്തിനകത്ത് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സിനിമയിലുടനീളം തൃശൂര്‍ ഭാഷ ഉപയോഗിച്ചിട്ടുമില്ല. അത് തൂവാനത്തുമ്പികളിലും അങ്ങനെ തന്നെ ആയിരുന്നു. കുന്ദംകുളംകാരനാണ് ഇട്ടിമാണി. ചൈനയില്‍ ജനിച്ചു കുന്ദംകുളത്ത് ജീവിക്കുന്ന കഥാപാത്രം. ഇട്ടിമാണിയെ ഈ സ്ഥലങ്ങളില്‍ പ്ലേസ് ചെയ്യാന്‍ അതിനു തക്ക കാരണങ്ങള്‍ ഉണ്ട്. അയാളുടെ അച്ഛനും മറ്റു കുടുംബക്കാരും എല്ലാം കുന്ദംകുളത്തുകാരാണ്. അതങ്ങനെ ആയി വന്നതാണ്, കുന്ദംകുളത്തുകാരന് മാണിക്കുന്നേല്‍ ഇട്ടിമാതാ മകന് ഇട്ടിമാണി എന്ന രീതിയില്‍.. അയാള്‍ ചൈനയില്‍ ജനിച്ചാല്‍ നല്ലതായിരിക്കുമെന്ന് നമുക്ക് തോന്നിയിരുന്നു. അത് ഈ കഥ ആവശ്യപെടുന്നുമുണ്ട്.
ജോജു: സ്ഥലങ്ങള്‍ ഇന്നത് വേണമെന്ന് മനഃപൂര്‍വം ചെയ്ത ഒന്നല്ല.. പക്ഷെ ചില സന്ദര്‍ഭങ്ങളില്‍ ആ സ്ഥലകങ്ങള് പ്രസക്തമാകുന്നുണ്ട്. ചൈനയില്‍ ജനിച്ചതുകൊണ്ടാണ് ടൈറ്റിലില്‍ മെയ്ഡ് ഇന്‍ ചൈന എന്നുള്പ്പെടുത്തിയിരിക്കുന്നത്. പിന്നെ ചൈനയും കുന്ദംകുളവും തമ്മിലുള്ള ഒരു ഡ്യൂപ്ലികേറ്റ് ബന്ധമുണ്ടല്ലോ അതും കഥയില്‍ കയറിപോകുന്നുണ്ട്.
സൗഹൃദം മുതല്‍ക്കൂട്ടാകുമ്പോള്‍
ജിബി: ഞങ്ങള്‍ തമ്മില്‍ ഇരുപത് വര്‍ഷത്തോളമായുള്ള സൗഹൃദമാണ്. പത്തു പതിനാല് പടങ്ങള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. വെള്ളിമൂങ്ങ ചെയ്യുന്ന സമയത്താണ് ഒരുമിച്ചു പടം ചെയ്യണമെന്ന് ആഗ്രഹിക്കുന്നതും അത് ഇട്ടിമാണിയിലേക്ക് എത്തുന്നതും.. ഇരട്ട സംവിധായകര്‍ ആകുമ്പോഴത്തെ ഏറ്റവും വലിയ ഗുണം എന്നുള്ളത് രണ്ടു പേരുടെ ഐഡിയ ഒരു സിനിമയ്ക്കകത്ത് ഉപയോഗിക്കാനാകും എന്നതാണ്. ഈഗോ ഇല്ലാതെ മുന്നോട്ട് പോയാല്‍ മാേ്രത അത് നടക്കൂ. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദയം അതിനു സഹായകമായിട്ടുണ്ട്. ഒരുമിച്ചു ഇനിയും സിനിമകള്‍ ചെയ്യണെമെന്നു തന്നെയാണ് ഞങ്ങളുടെയും ആഗ്രഹം.
ജോജു: ഞാന്‍ ക്ലാപ്പ് അസിസ്റ്റന്റ് ആയി വര്‍ക് ചെയ്യാന്‍ വരുന്ന സമയത്ത് ജിബി ചേട്ടന് അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു. അദ്ദേഹത്തിന് 25 വര്‍ഷത്തെ എക്സ്പീരിയന്‍സ് ഉണ്ട്. ഞാന്‍ വന്നിട്ട് 20 വര്‍ഷത്തോളമായി. നല്ലൊരു ടെക്നിഷ്യന്‍ എന്ന പോലെ തന്നെ നല്ലൊരു സുഹൃത്തുമായിരുന്നു ചേട്ടന്.
പിന്നെ ഞങ്ങളുടേത് സീരിയസ് ആയ കാരക്ടേഴ്സ് അല്ല.. നല്ല പോലെ തമാശ പറയുന്ന കൗണ്ടറുകള്‍ പറയുന്ന ആളുകളാണ് ..ഞങ്ങളുടെ സൗഹൃദവും അങ്ങനെ തന്നെയാണ്. അതുകൊണ്ടാണ് ഇത്ര വര്‍ഷമായിട്ടും ഒരു കോട്ടവും പറ്റാതെ അത് മുന്നോട്ട് പോകുന്നതും.. ഞങ്ങള്‍ ഒരുമിച്ച് അസിസ്റ്റന്റ്-അസോസിയേറ്റ് ഡയറക്ടേഴ്സ് ആയി വര്‍ക് ചെയ്തു. ഒന്നിച്ച് പതിനഞ്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്.
പിന്നെ സിനിമയുടെ കാര്യമാണെങ്കില്‍ നല്ലൊരു സബ്ജക്ട് വന്നാല്‍ ഒരു സ്പാര്‍ക്ക് വന്നാല്‍ ജിബി ചേട്ടന് അതെന്നെ വിളിച്ചു പറയും. ഞാന്‍ ആണെങ്കിലും അങ്ങനെ തന്നെ...പത്തു വര്‍ഷം മുന്‍പ് തന്നെ ഞങ്ങള്‍ ഒന്നിക്കാനുള്ള പ്ലാന്‍ ഉണ്ടായിരുന്നങ്കിലും നടന്നില്ല. പിന്നെ വെള്ളിമൂങ്ങ കഴിഞ്ഞ ശേഷമാണ് ഒരുമിച്ചു ചിത്രം ചെയ്യണമെന്ന് തീരുമാനിക്കുന്നത് .പിന്നെ ഇതിന്റെ കഥയും ഞങ്ങള്‍ തന്നെ എഴുതിയത് സാഹചര്യങ്ങള്‍ മൂലമാണ്. പല പ്രതിസന്ധികളും വന്നപ്പോള്‍ ഞങ്ങള്‍ തന്നെ എടുത്ത തീരുമാനമാണ് ഇതിന്റെ കഥയും ഞങ്ങള്‍ തന്നെ എഴുതാമെന്ന് ...
ഇരുപത് വര്‍ഷത്തിലേറെയുള്ള പ്രവര്‍ത്തി പരിചയം സഹായകരമായിരുന്നോ?
ജിബി: ഇത്രയും വര്‍ഷത്തെ എക്സ്പീരിയന്‍സ് ഗുണകരം തന്നെയായിരുന്നു. പേടിയില്ലായിരുന്നു, ചിത്രീകരിക്കുമ്പോള്‍ ആശയക്കുഴപ്പം ഇല്ലായിരുന്നു.. അത് ഈ എക്സ്പീരിയന്‍സിന്റെ ഗുണമാണ്. പക്ഷെ നല്ല സബ്ജക്ട് ഉണ്ടാകണമെങ്കില്‍ എക്സ്പീരിയന്‍സ് വേണമെന്നില്ല. നല്ല സബ്ജക്ടും തിരക്കഥയും ഉണ്ടാകുക എന്നതാണ് ഒരു സിനിമ ചെയ്യാന്‍ ഏറ്റവും അത്യാവശ്യം. അത് നല്ല രീതിയില്‍ പകര്‍ത്താന്‍ എക്സ്പീരിയന്‍സ് ആവശ്യമാണ്. അത് സാധിച്ചു എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം
ഈ ഓണം സ്പെഷ്യലാണ്
ജിബി: ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഓണം ആണിത്...ഇത്രയ്ക്ക് സന്തോഷം നിറയുന്ന ഓണം ഇനി വരാനില്ല. കാരണം എന്തെന്നാല്‍ ആദ്യത്തെ പടം തന്നെ ലാലേട്ടനെ വച്ച് ചെയ്യുന്നു അത് ആശിര്‍വാദ് നിര്‍മ്മിക്കുന്നു. ഓണത്തിനിറങ്ങുന്നു. അങ്ങനെയൊരു സാഹചര്യം ഇനി വരില്ലല്ലോ.. അതുകൊണ്ട് ഈ ഓണം ഞങ്ങള്‍ക്കേറെ സ്പെഷ്യല്‍ ആണ്..
ജോജു: ഏതൊരു മനുഷ്യനും ജീവിക്കുമ്പോള്‍ ഒരു ലക്ഷ്യം ഉണ്ടാകും..പഠിച്ച് ഒരു നിലയിലെത്തണം എന്ന പോലെ...ഇരുപത് വര്‍ഷത്തെ കരിയറില്‍ ഒരുപാട് പ്രതിസന്ധികള്‍ നമ്മുടെ മുന്നിലും ഉണ്ടായിട്ടുണ്ട്. പല കുത്തുവാക്കുകളും കളിയാക്കലുകളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.. അതിലൊന്നും പതറാതെ മുന്നോട്ട് പോയതാണ്. എപ്പോഴെങ്കിലും ഒരു നല്ല കാലം വരും എന്ന വിശ്വാസം ഉണ്ടായിരുന്നു. അതിനായി ഞങ്ങള്‍ ഒരുപാട് പരിശ്രമിക്കുകയും ചെയ്തു. അതിന്റെ ഫലമാണ് ഈ ഓണത്തിന് പുറത്തു വന്നത്. അതുകൊണ്ട് തന്നെ ഈ ഓണം ഞങ്ങളെ സംബന്ധിച്ച് വളരെ സ്പെഷ്യല്‍ തന്നെയാണ്. എല്ലാം ദൈവാനുഗ്രഹമാണ്...
Content Highlights : Ittymaani Made In China Directors Jibi Joju Interview Mohanlal Movie