irshadനുസരണയില്ലാതെ നീണ്ടുകിടക്കുന്ന നരച്ച മുടിയിഴകള്‍, കനത്ത താടി.. ചുണ്ടിലെരിയുന്ന ചുരുട്ട്.. വെയിലേറ്റ് കരുവാളിച്ച മുഖം.. കണ്ണുകളില്‍ വന്യതയുടെ കാടകങ്ങള്‍ തെളിയുമ്പോഴും പ്രകോപിതനാകും വരെ തികഞ്ഞ സാത്വികന്‍. അഭിനയത്തില്‍ വൈല്‍ഡ് വൂള്‍ഫ്..

ജി.ആര്‍.ഇന്ദുഗോപന്റെ ചെന്നായ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ഷാജി അസീസ് സംവിധാനം ചെയ്ത വൂള്‍ഫില്‍ ഗംഭീരന്‍ പ്രകടനവുമായി പ്രേക്ഷക കൈയടി നേടിയിരിക്കുകയാണ് ഇര്‍ഷാദ്.. 25 വര്‍ഷങ്ങള്‍ നീണ്ട സിനിമാജീവിതത്തില്‍ ഇര്‍ഷാദ് തന്നെ പറയുന്ന 'ക്ലീഷേ ലുക്കി'ല്‍ നിന്ന് രൂപത്തിലും ഭാവത്തിലും അഭിനയത്തിലും അടിമുടി മാറ്റങ്ങളുമായാണ് ഇര്‍ഷാദ് എത്തിയിരിക്കുന്നത്.

ഇര്‍ഷാദിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് ജോ എന്ന വേട്ടക്കാരന്‍.. ജോ എന്ന കഥാപാത്രത്തിലേക്കുളള യാത്രയെ കുറിച്ചും ജോ നല്‍കുന്ന പ്രതീക്ഷകളെ കുറിച്ചും ഇര്‍ഷാദ് സംസാരിക്കുന്നു.

ഇര്‍ഷാദിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ജോയെന്നാണ് വൂള്‍ഫ് കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്? 

ഭയങ്കര സന്തോഷവും അഭിമാനവും തോന്നുന്നു എന്നുളളതാണ് ആദ്യത്തെ വാക്ക്. ഷാജി അസീസ് എന്ന സംവിധായകനോടും ഇന്ദുഗോപനോടുമാണ് നൂറുശതമാനവും കടപ്പെട്ടിരിക്കുന്നത്. അവരുടെ പിന്തുണയായിരുന്നു ഇതിന്റെ ഏറ്റവും വലിയ വിജയം. ഓഗസ്റ്റിലാണ് ഇന്ദുഗോപന്‍ ഇത് ഷാജിയെ വിളിച്ച് പറയുന്നത്. ഇങ്ങനെ ഒരു കഥയുണ്ട്. ഷാജി ചെയ്യുന്നോ എന്ന്. നീ ചെയ്താല്‍ നന്നായിരിക്കും എന്ന് പറഞ്ഞ് ഷാജി ക്ഷണിക്കുന്നതോടെയാണ് ഈ പ്രൊജക്ടിലേക്ക് ഞാന്‍ എത്തുന്നത്. മൂന്നുമാസം പിന്നെ ഇതിന് വേണ്ടിയുളള ഒരു പ്രയത്‌നമായിരുന്നു.

അയാളുടെ രീതി, അയാള്‍ വളരെ സാത്വികനായിട്ടുളള മനുഷ്യനാണ്. വളരെ കൂളായിട്ടുളള, തര്‍ക്കിക്കാനോ, മത്സരിക്കാനോ ഒന്നിനും ഇലാത്ത ലോകം കണ്ട ഒരാള്‍. ട്രാവലറാണ്, ഹണ്ടറാണ്. അയാള്‍ കാടിന്റെ വന്യതയിലൂടെ ഒരുപാട് സഞ്ചരിച്ചിട്ടുണ്ടാകാം. അനുഭവങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ടാകാം. ജോയ്ക്ക് എല്ലാം നിസ്സാരമാണ്. ഒരു ദിവസം ക്യാമറക്ക് മുന്നില്‍ നിന്ന് അഭിനയിച്ചതല്ല ഞാന്‍. അമ്മ ഒറ്റ പുരുഷന്റെ ചവിട്ടടിയില്‍ കിടന്ന് നരകിക്കുന്നത് കണ്ടിട്ടുണ്ട് എന്നൊക്കെ ജോ എന്ന കഥാപാത്രം പറയുന്നുണ്ട്. ആ കഥാപാത്രം സഞ്ചരിച്ച വഴികളിലൂടെ അറിഞ്ഞോ അറിയാതെയോ ഞാന്‍ ഒരുപാട് സഞ്ചരിച്ചിട്ടുണ്ട്. അതിലെ മുഴുവന്‍ ഡയലോഗുകളും കാണാതെ ഇപ്പോഴും എനിക്ക് പറയാനാകും. ഞാന്‍ അത്രയധികം എന്‍ജോയ് ചെയ്ത ഒരു കഥാപാത്രമാണ് അത്. ഇപ്പോഴും ജോയുടെ ഹാങ്ങോവറില്‍ നിന്നും വിട്ടിട്ടില്ല. അത്രമേല്‍ ഇഷ്ടമായിരുന്നു ജോയോട്.  

കണ്ടുശീലിച്ച സുന്ദരപുരുഷനായ ഒരു ഇര്‍ഷാദിനെ അല്ല വൂള്‍ഫില്‍ കാണുന്നത്. ദക്ഷിണാഫ്രിക്കയിലെ വേട്ടക്കാരനായ ജോ ആയി ഇര്‍ഷാദ് എത്തിയിരിക്കുന്നത് ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിലാണ്.

ഒരോ പ്രതിസന്ധി ഘട്ടത്തിലും നമ്മള്‍ കൂടുതല്‍ പ്രൊഡക്ടീവ് ആകുക എന്ന ഒരു സംഭവമായിരുന്നു കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് നാം കണ്ടത്. ചക്ക കൊണ്ട് എന്തെല്ലാം വിഭവങ്ങള്‍ ഉണ്ടാക്കാന്‍ പറ്റും എന്നുളളതായിരുന്നു എല്ലാവരും ആലോചിച്ചത്. നമ്മള്‍ ഒട്ടും ഉപയോഗിക്കാതിരുന്ന കാര്യങ്ങള്‍ പോലും ഏതെല്ലാം രീതിയില്‍ ക്രിയേറ്റീവ് ആക്കാം എന്ന രീതിയിലായിരുന്നു ചിന്ത. എന്നുപറഞ്ഞപോലെ കൊറോണക്കാലത്ത് മുടി വെട്ടാന്‍ സാധിക്കാതിരുന്ന സാഹചര്യത്തെ സ്‌റ്റൈലിങ്ങിനായി മാറ്റിവെക്കുന്ന ഒരു അവസ്ഥയാണ് ഉണ്ടായത്. ലോക്ഡൗണ്‍ കാലത്ത് ജോ ഇങ്ങനെ ആയിരിക്കാം എന്ന് ചര്‍ച്ച വന്നപ്പോള്‍ താടിയും മുടിയും ഞാന്‍ നീട്ടി വളര്‍ത്തുകയായിരുന്നു. ലോക്ഡൗണ്‍ സമയത്ത് വളര്‍ത്തിയെടുത്ത താടിയും മുടിയും അത്യാവശ്യം ഉണ്ടായിരുന്നെങ്കിലും സിനിമയില്‍ കാണുന്ന അത്ര ഉണ്ടായിരുന്നില്ല. ഒരു വന്യത ഉണ്ടാക്കാന്‍ കുറച്ചുകൂടി വളര്‍ത്തിയെടുത്തു. ലോക്ഡൗണ്‍ സമയത്ത് തടി കൂടിയിരുന്നു. ഡയറ്റൊക്കെ ശ്രദ്ധിച്ച് അതുകുറച്ചു. ഓരോ സമയവും ജോയ്ക്ക് വേണ്ടി തയ്യാറെടുത്തു. ലോക്ഡൗണ്‍ ആയതുകൊണ്ട് വേറെ ജോലികള്‍ ഉണ്ടായിരുന്നില്ല. 

ജോയുടെ കോസ്റ്റ്യൂം പോലും ഒരു ക്ലീഷേ കോസ്റ്റ്യൂം ആകരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. സ്ഥിരം കണ്ടുവരുന്ന ടീഷര്‍ട്ട് അതിന് മുകളില്‍ ഒരു ഡബിള്‍ പോക്കറ്റ് ഷര്‍ട്ട് വേണമെങ്കില്‍ ആകാമായിരുന്നു. എന്നാല്‍ അതൊന്ന് മാറ്റിപ്പിടിക്കണം എന്ന നിര്‍ബന്ധബുദ്ധി ഉണ്ടായിരുന്നു. കഥാപാത്രത്തെ ഡിസൈന്‍ ചെയ്തുകൊണ്ടേയിരുന്നു എന്ന് പറയാം. അതാണ് ലുക്കില്‍ അടിമുടി പുതുമ കൊണ്ടുവരാന്‍ സാധിച്ചത്. 

ഇര്‍ഷാദിന്റെ ഒരു ക്ലീഷേ ലുക്ക് ഉണ്ട്. അതില്‍ നിന്ന് മാറണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്റെ ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട് ശങ്കര്‍, റഹ്മാന്‍ ഇവരൊക്കെ ഒരേ ലുക്കിലാണ് സിനിമയില്‍ വന്നിരുന്നത് അതേ പാറ്റേണിലാണ് ഇര്‍ഷാദും വരുന്നതെന്ന്. എസ്.ഐ.ആയിട്ട്. അല്ലെങ്കില്‍ വക്കീലായിട്ട് അങ്ങനെ ഉളള ഒരു ക്യാരക്ടറുകളാണ് എന്നെ തേടി വന്നിരുന്നത്. ബോള്‍ഡ് ക്യാരക്ടര്‍ ചെയ്യാന്‍ പറ്റുമെന്ന് നമ്മള്‍ തന്നെ തെളിയിക്കേണ്ട ഒരു അവസ്ഥയായിരുന്നു.  ജോ ആകാന്‍ വേണ്ടി ഒരു മൂന്നുമാസത്തോളം ശ്രമിച്ചിട്ടുണ്ട്. എന്റെ ഇരുത്തത്തിലും നടത്തത്തിലും എല്ലാം. പൂര്‍ണതയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ ഇതുവരെ കാണാത്ത ഒരു ഇര്‍ഷാദിനെ കാണിക്കാനുളള ഒരു ഡെഡിക്കേഷന്‍ എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. അതിന് ഇന്ദുഗോപന്റെയും ഷാജിയുടെയും പിന്തുണ ഉണ്ടായിരുന്നു. 

വൂള്‍ഫിലെ സംഭാഷണങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു 

സംഭാഷണം കുറച്ച് കൂടിപ്പോയില്ലേ എന്നുളള പരാതിയെല്ലാം ചില സമയത്ത് ഉണ്ടായിരുന്നു. പക്ഷേ എനിക്കിത് ഇഷ്ടമായി. ഭയങ്കര പോയറ്റിക്കല്‍ ആയിട്ടുളള ഡയലോഗുകളായിരുന്നു എല്ലാം. ഞാന്‍ നന്നായി എന്‍ജോയ് ചെയ്തിരുന്നു. ജോ അയാളെ കുറിച്ച് പറയുന്നതും ആഫ്രിക്കന്‍ കാടുകളെ കുറിച്ച് പറയുന്നതും മൃഗങ്ങളെ വേട്ടയാടുന്നതിനെ കുറിച്ച് പറയുന്നതും സ്ത്രീകളെ കുറിച്ച് പറയുന്നതും ഉള്‍പ്പടെ അതിലെ മുഴുവന്‍ ഡയലോഗുകളും നീണ്ട സംഭാഷണങ്ങളാണ്. സ്ത്രീകള്‍ക്ക് അവരുടേതായ താളമുണ്ട്. പുരുഷന്മാര്‍ വെറും പ്രത്യുല്പാദനത്തിന് വേണ്ടി മാത്രമുളളവരാണ് അങ്ങനെ കുറേ മനോഹരമായ ഡയലോഗുകള്‍ ഉണ്ട്. എനിക്കിത്തിരി വായനയും കാര്യങ്ങളുമുളളതുകൊണ്ട് കവിതകള്‍ ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് ഇതിലെ ഡയലോഗുകള്‍ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. എല്ലാം ഒറ്റടേക്കില്‍ എടുക്കുക എന്നുളള ഒരു സുഖവുമുണ്ടായിരുന്നു. സിനിമ ദൃശ്യകലയാണ് ഇത്രയും സംഭാഷണങ്ങള്‍ക്ക് പ്രധാന്യമുണ്ടോ എന്നൊക്കെ ചോദിക്കും. ഒരു വീടിനകത്തു നടക്കുന്ന കഥയില്‍ വെര്‍ബല്‍ അല്ലാതെ എങ്ങനെ കഥ പറയും എന്ന ഒരു ചാലഞ്ച് കൂടിയുണ്ട്. ഡയലോഗിന് വളരെ പ്രാധന്യം കൊടുക്കേണ്ട സിനിമ കൂടിയാണിത്. ഇന്ദുഗോപന്റെ മനോഹരമായ, കവിത പോലുളള ഡയലോഗുകള്‍ ഞാന്‍ വളരെ എന്‍ജോയ് ചെയ്ത് പറഞ്ഞ ഒരു സിനിമ കൂടിയാണ് ഇത്. 

ട്രെയ്‌ലറിലോ പോസ്റ്ററിലോ ജോയെ കാണിച്ചിരുന്നില്ല, സിനിമയില്‍ 50-ാം മിനിറ്റിലാണ് ജോയുടെ എന്‍ട്രി.. സര്‍പ്രൈസ് എന്‍ട്രി ജോയ്ക്ക് കൊടുത്തത് എന്തുകൊണ്ടായിരുന്നു

ട്രെയ്‌ലറില്‍, പോസ്റ്ററില്‍ എല്ലാം ബോധപൂര്‍വം ഞങ്ങള്‍ ഹൈഡ് ചെയ്യുകയായിരുന്നു. ഒന്നുരണ്ട് ഷോട്ടില്‍ ആരാണ് എന്ന് മനസ്സിലാക്കാന്‍ പറ്റാത്ത രീതിയില്‍ വന്നുപോകുന്നുണ്ട്. ഇന്ദുഗോപന്റെ 'ചെന്നായ' മാതൃഭൂമിയില്‍ വന്നതുകൊണ്ട് ജോ എന്നൊരു കഥാപാത്രമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. അപ്പോള്‍ ആരാണ് ജോ എന്ന ഒരു കൗതുകം വരും. ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ അഭിനയിക്കുന്നുവെന്നെല്ലാം പറയുമ്പോള്‍ ഷൈന്‍ ആണോ ആ കഥാപാത്രം ചെയ്യുന്നേ എന്നൊക്കെ വിചാരിച്ചവരുണ്ട്. പിന്നീട് ഷൈന്‍ പോലീസാണെന്ന് തിരിച്ചറിയുമ്പോള്‍ പിന്നെ ആരാണത് ചെയ്യുന്നേ എന്ന ഒരു കൗതുകം, ജിജ്ഞാസ ഒക്കെ ഉണ്ടാകുമല്ലോ കഥ വായിച്ചവര്‍ക്ക്. ഉണ്ടാകട്ടെ എന്ന് വിചാരിച്ചു. അല്ലാത്തവര്‍ക്ക് ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന ആകാംക്ഷ ഉണ്ടാകുമല്ലോ. എന്നെ ആദ്യമേ കാണിക്കുകയാണെങ്കില്‍ ഇയാളാകും അടുത്തത് വരിക എന്ന് മുന്‍കൂട്ടി പ്രേക്ഷകര്‍ ചിന്തിക്കും. ഉദ്വേഗത്തിന്റെ മുനയിലൂടെ സഞ്ചരിക്കാനുളളത് പ്രേക്ഷകര്‍ക്ക് ആ സിനിമ കൊടുത്തിട്ടുണ്ട്. അത് സംവിധായകന്റെ കൈയടക്കത്തില്‍ ഷാജി ചെയ്തിട്ടുമുണ്ട്. അതിന് വേണ്ടി ബോധപൂര്‍വം ആ കഥാപാത്രത്തെ ഹൈഡ് ചെയ്തതാണ്. 

irshad Ali

ഒരുപാട് അഭിനന്ദനങ്ങള്‍ കിട്ടിയപ്പോള്‍ തീയേറ്റര്‍ റിലീസ് ആയിരുന്നെങ്കില്‍ എന്ന് തോന്നിയോ? 

എന്തൊക്കെ ആയാലും എന്റെ ഒരു സിനിമ തീയേറ്ററില്‍ വരുന്നത് കാണാന്‍ ആഗ്രഹിക്കുമല്ലോ. പല സുഹൃത്തുക്കളും എന്നെ വിളിച്ച് പറഞ്ഞു നിനക്ക് വേണ്ടി കൈയടിക്കാനുളള ചാന്‍സ് എനിക്ക് നഷ്ടപ്പെട്ടല്ലോടാ എന്ന്. പക്ഷേ കോവിഡ് കാലത്ത്  തീയേറ്റര്‍ റിലീസിനേക്കാള്‍ ഇതുതന്നെയാണ് നല്ലതെന്ന് തോന്നുന്നു. ഒടിടിയില്‍ വന്നതുകൊണ്ട് ഒരുപാട് പേര്‍ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുകയും സിനിമ കാണുകയും ചെയ്തിട്ടുണ്ട്. അങ്ങനെയും ഒരു പോസിറ്റീവ് ഘടകമുണ്ട്. എന്തായാലും തീയേറ്ററില്‍ കാണാന്‍ പറ്റാത്തതിന്റെ ചെറിയൊരു വിഷമം ഇല്ലാതില്ല.

ഇടയ്ക്ക് പോലീസ് വേഷങ്ങളില്‍ ടൈപ്പ് ചെയ്യപ്പെട്ടോ? 

ഒരുപാട് പോലീസ് വേഷങ്ങള്‍ ചെയ്തിട്ടില്ല. അവസാനം ചെയ്തത് ഓപ്പറേഷന്‍ ജാവയിലാണ്. പോലീസ് കഥാപാത്രം എന്നുപറഞ്ഞപ്പോള്‍ ഞാന്‍ ഒഴിയാന്‍ ശ്രമിച്ചു. എന്നാല്‍ യൂണിഫോം ഇല്ല എന്നുപറഞ്ഞപ്പോള്‍ കുറച്ച് കംഫര്‍ട്ടായി. ദൃശ്യത്തിലെ പോലീസ് വേഷം ആണ് പോലീസ് വേഷങ്ങളിലേക്ക് എത്തിച്ചത്. സിനിമയില്‍ ടൈപ്പ് ചെയ്യപ്പെടുക എന്ന സാധനമുണ്ട്. നാലഞ്ച് പോലീസ് വേഷം ചെയ്താലും സ്ഥിരം പോലീസായിപ്പോകും. പോലീസ് വേഷത്തിന് അങ്ങനെ ഒരു പ്രശ്‌നമുണ്ട്. അതില്‍ നിന്ന് മാറിനില്‍ക്കാന്‍ വേണ്ടി ഞാന്‍ താടിവെച്ച് നടക്കാറുണ്ട്. ഇതിനര്‍ഥം ഞാന്‍ ഇനി പോലീസ് വേഷം ചെയ്യില്ലെന്നല്ല. വ്യത്യസ്തമായിട്ട് ഒരു വേഷം വരുമ്പോള്‍ തീര്‍ച്ചയായും ചെയ്യും. 

ഹാസ്യ കഥാപാത്രങ്ങളും പരീക്ഷിച്ചു 

പുള്ളിപ്പുലികളും ആട്ടിന്‍കുട്ടികളും എന്ന സിനിമയോടെയാണ് ആ മാറ്റം വരുന്നത്. ആ ചിത്രത്തിലെ എന്റെ കഥാപാത്രത്തിന്റെ പരിസരം മുഴുവന്‍ കടന്നുപോകുന്നത് തമാശയിലൂടെയാണ്. അതിന് ലാല്‍ജോസ് സാറിനോട് നന്ദി പറയുന്നു. ഞാന്‍ പോലും വിചാരിച്ചിട്ടില്ല എനിക്കങ്ങനെ ചെയ്യാന്‍ സാധിക്കും എന്ന് അതിനുശേഷം അനുരാഗ കരിക്കിന്‍വെള്ളത്തിലെ കഥാപാത്രം അതൊക്കെ നല്ല ഹ്യൂമറുളളതാണ്. എപ്പോഴും തമാശ കഥാപാത്രങ്ങളോട് മലയാളികള്‍ക്ക് വളരെ ഇഷ്ടമാണ്. എനിക്കിഷ്ടമാണ് അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍. അത്രയധികം പക്ഷേ വരാറില്ല. വരുന്നത് സ്വീകരിക്കാറുണ്ട്. ചാടിപ്പിടിച്ച് ചെയ്യാറുണ്ട്. എന്റെ ശരീരഘടനയ്ക്ക് അതത്ര വഴങ്ങുന്നതല്ലെങ്കില്‍ പോലും.  

അവാര്‍ഡ് ചിത്രങ്ങളിലെ നായകന്‍ എന്നായിരുന്നു ഒരുകാലത്ത് ഇര്‍ഷാദിന്റെ വിശേഷണം, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിലൂടെയാണ് അത് ബ്രേക്ക് ചെയ്തത്. ഇന്ന് ജോയില്‍ എത്തിനില്‍ക്കുന്നു. 25 വര്‍ഷത്തെ സിനിമാ ജീവിതത്തെ വിലയിരുത്തുന്നത് എങ്ങനെയാണ്? 

ഞാനൊക്കെ തുടങ്ങിയ കാലത്ത് ഒരുപാട് നടന്ന് നടന്നാണ് ഒരു നടനാകുന്നത്. ഇന്ന് സിനിമയില്‍ എത്തിപ്പെടാന്‍ നവമാധ്യമങ്ങള്‍ തന്നെ ധാരാളം. ഒരാള്‍ സിനിമയെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ അതേ കുറിച്ച് സോഷ്യല്‍മീഡിയയില്‍ വരുന്ന കാലമാണ്. കാസ്റ്റിങ് കോള്‍ വരുന്നു. ഓഡീഷന് പോകുന്നു. അഭിനയിക്കുന്നു. ഒന്നോ രണ്ടോ സിനിമയില്‍ മുഖം കാണിക്കാനോ, വേഷം ചെയ്യാനോ പറ്റും പക്ഷേ നിലനില്‍ക്കുക എളുപ്പമല്ല അങ്ങനെ നോക്കുമ്പോള്‍ 25 വര്‍ഷമായി ഞാനിവിടെ ഉണ്ട്. ഇടയ്ക്ക് സീരിയലിലേക്ക് മാറി. പിന്നീട് ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിലൂടെ തിരിച്ചുവരുന്നു. പുളളിപ്പുലി ലൈഫില്‍ ടേണിങ് പോയിന്റാകുന്നു ദൃശ്യം പോലുളള വലിയൊരു തിയേറ്റര്‍ ഹിറ്റിന്റെ ഭാഗമാകുന്നു. ജീവിതത്തില്‍ എനിക്കേറ്റവും സന്തോഷം തരുന്ന എനിക്കിഷ്ടപ്പെട്ട ഒരു ജോലിയാണ് ഇത്. മടുപ്പ് തോന്നിയിട്ടില്ല. നിരന്തരം ചെയ്തുകൊണ്ടേയിരിക്കുന്നു. അതിനായി എന്നെ പരുവപ്പെടുത്തിയെടുക്കുന്നു. അത് ഒരു സുഖമുളള കാര്യമാണ്. 25 വര്‍ഷം ഇവിടെ ഉണ്ടാകുക എന്നത് നിസാര കാര്യമല്ല. 

ടി.വി.ചന്ദ്രന്‍ മുതല്‍ ന്യൂജെന്‍ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അഭിനേതാവാണ് 

അതൊരു വലിയ ഭാഗ്യമായിട്ടാണ് കാണുന്നത്. കാരണം സമാന്തര സിനിമകളില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ ഒഴികെ പിന്നെയെല്ലാ സംവിധായകര്‍ക്കൊപ്പവും എനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ലെനിന്‍ രാജേന്ദ്രന്‍ സാറിന്റെ സിനിമയിലൊക്കെ ഒന്നോ രണ്ടോ സീനിലേ ഞാന്‍ അഭിനയിച്ചിട്ടുളളൂ. പക്ഷേ ഭാഗമാകാന്‍ സാധിച്ചിട്ടുണ്ട് ചെറുതും വലുതുമായ ഒരുപാട് വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അതെന്റെ ലൈഫിലെ ഭാഗ്യമായിട്ടാണ് കാണുന്നത്. പക്ഷേ സമാന്തര സിനിമകള്‍ ചെയ്യുന്ന ഒരാളെന്ന നിലയില്‍ എന്നെ തളച്ചിടുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു. അതില്‍ നിന്ന് ഒരു മോചനം ഉണ്ടാകുന്നത് പുളളിപ്പുലികളിലേക്ക് വന്നതോടെയാണ്. ആക്ടറെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ക്കിടയില്‍ അലപം റീച്ച് ഉണ്ടാകണം അറിയപ്പെടണം. സ്വകാര്യത നഷ്ടപ്പെടുന്നു എന്നൊക്കെ ചിലര്‍ പറയും. സ്വകാര്യത നഷ്ടപ്പെടണമല്ലോ, അഭിനേതാക്കള്‍ പൊതുസ്വത്താണല്ലോ. കുറ്റമായിട്ടല്ല അത് എന്‍ജോയ് ചെയ്ത് പറയേണ്ടവരാണ് സിനിമക്കാര്‍ എന്നാണ് ഞാന്‍ പറയുക. ആളുകള്‍ തിരിച്ചറിയണം. അവര്‍ക്കിടയില്‍ എപ്പോഴും ഉണ്ടാകണം അത് എന്‍ജോയ് ചെയ്യുന്ന ആളാണ്. കമേഴ്‌സ്യല്‍ സിനിമകളിലും സമാന്തര സിനിമകളിലും ഒരുപോലെ ഭാഗമാകാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. 

വൂള്‍ഫ് കരിയറില്‍ ഒരു ബ്രേക്കാവുമെന്ന് പ്രതീക്ഷിക്കാം 

എന്നാണ് എന്റെ വിശ്വാസം. ഞെട്ടിച്ചുകളഞ്ഞു, ഇര്‍ഷാദില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത, സ്ഥിരം പോലീസ് വേഷങ്ങളില്‍ നിന്നും ഭിന്നമായി ഇര്‍ഷാദിന് ഇങ്ങനെയും ചെയ്യാന്‍ കഴിയും എന്നൊക്കെയുളള അഭിപ്രായം വന്നു. ഇത്തരം ക്യാരക്ടറുകള്‍ക്ക് എനിക്ക് കഴിയുമോ എന്ന് സംശയിച്ചിരുന്ന ആളുകള്‍ ഉണ്ടായിരുന്നു. അവരുടെ സംശയം മാറി. അതിനൊക്കെ നന്ദി പറയേണ്ടത് ഷാജിയോടാണ്. എന്നെ സ്ഥിരം കാണുന്ന വേഷത്തില്‍ മാറ്റിപ്പിടിക്കാനുളള ശ്രമം ഷാജി അസീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. പിന്തുണയുമായി ഇന്ദുഗോപന്‍ ഉണ്ടായി, പ്രൊഡക്ഷന്‍ ഉണ്ടായി. എന്റെ 25 വര്‍ഷത്തെ  സിനിമാ ജീവിതത്തിനിടയില്‍ ഒരു മൈല്‍സ്റ്റോണ്‍ ആണ് ജോ എന്ന് പറയുന്ന കഥാപാത്രം. എന്റെ കരിയറില്‍ അത് എന്ത് രീതിയില്‍ നല്ലതോ, ചീത്തയോ ആകട്ടെ എന്തുരീതിയില്‍ മാറ്റിമറിച്ചാലും എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ മൈല്‍സ്‌റ്റോണാണ് ജോ. 

ഇനി കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണം. സിനിമയിലൂടെ ഒരുപാട് സമ്പാദിച്ച വ്യക്തിയല്ല. അതിനാല്‍ കുറച്ച് പ്രശ്‌നങ്ങളുണ്ടായിരിക്കും. എന്നാല്‍ സൂക്ഷമതയോടെ  അത്രമേല്‍ നല്ല കഥാപാത്രങ്ങളെ തിരഞ്ഞെടുക്കണമെന്നാണ് ആഗ്രഹം. പിന്നെ സിനിമയില്‍ നമ്മള്‍ പ്ലാന്‍ ചെയ്തത് പ്രകാരമല്ല കാര്യങ്ങള്‍ നടക്കുക. അതിലൂടെ സഞ്ചരിക്കുക എവിടെയോ എത്തിച്ചേരും. ജോ പോലൊരു കഥാപാത്രം എന്നെ തേടിവരുമെന്ന് പ്രതീക്ഷിച്ച ആളല്ല ഞാന്‍. അതുവന്നു. ഇനി ജോയുടെ ഭാഗമായിട്ട് നല്ല കഥാപാത്രങ്ങള്‍ എന്നെ തേടിവരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. വന്നാല്‍ സന്തോഷം. മികച്ച, അത്രമേല്‍ എന്നെ പ്രചോദിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ കടന്നുപോകണമെന്നാണ് ആഗ്രഹിക്കുന്നത്, കാലം എന്താണ് കാത്തുവെച്ചിരിക്കുന്നത് എന്നറിയില്ല. 

Content Highlights: Irshad Ali special interview Wolf Movie Malayalam Movie