'ഇനി എന്താണ് അടുത്ത വെറൈറ്റി?', കാണുന്നവര്‍ എല്ലാം ഇപ്പോള്‍ ജെനിതിനോട് ഇതാണ് ചോദിക്കുന്നത്. സിനിമയുടെ അനൗണ്‍സ്‌മെന്റ് മുതല്‍ അവസാനം ഇറങ്ങിയ പ്രോമോ വീഡിയോ വരെ വ്യതസ്തയും ആകാംഷയുമാണ് 'മറിയം വന്ന് വിളക്കൂതി' പ്രേക്ഷകര്‍ക്ക് നല്‍കിയത്. 'ഇതിഹാസ' നിര്‍മാതാവില്‍ നിന്ന് വരുന്ന അടുത്ത വട്ട് എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തെ ആദ്യമായി അവതരിപ്പിച്ചത് തന്നെ. ആകെ മൊത്തം ഒരു കിളി പോയ മയമാണ് സിനിമയുടെ ടീസറിലും ട്രെയ്‌ലറിലുമെന്ന് നാട്ടുകാര്‍ പറയുമ്പോള്‍, ഈ വക പ്രാന്തെല്ലാം സിനിമയുടെ ഭാഗമാണെന്നും ഇതൊക്കെ ചെറുത്്, പിക്ചര്‍ അഭി ഭീ ബാക്കി ഹെ, ഭായിയോ ഓര്‍ ബഹനോ, എന്ന് പറയുകയാണ് ജെനിത്. റിലീസിനൊരുങ്ങുന്ന 'മറിയം വന്ന് വിളക്കൂതി' യുടെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുകയാണ് സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ജെനിത് കാച്ചപ്പിള്ളി.

പേരിലെ കുസൃതി

മറിയം വന്ന് വിളക്കൂതി എന്നത് നമ്മുടെയൊക്കെ ചെറുപ്പകാലം തൊട്ടേ കേട്ടിട്ടുള്ള ഒരു ടേമാണ്. ഭയങ്കര നൊസ്റ്റാള്‍ജിയ തരുന്ന ഒന്നാണത്. കുട്ടികാലത്തിന്റെ ഒരു ഫീല്‍ ഈ സിനിമയിലുണ്ട്. എല്ലാത്തിലുമുപരി മറിയാമ്മ ജോര്‍ജ് എന്നാണ് സേതുലക്ഷ്മി ചേച്ചി ചെയ്യുന്ന ടൈറ്റില്‍ കഥാപാത്രത്തിന്റെ പേര്. മറിയം വന്ന് വിളക്കൂതി എന്നുള്ളത് ഇവിടെ രണ്ട് രീതിയിലാണ് ഉപയോഗിച്ചിരിക്കുന്നത്. ഒന്ന് ഇതിലൊരു കളിയുണ്ട്, നല്ല രസമുള്ള കുഞ്ഞ് ഗേമുണ്ടെന്ന് വിചാരിക്കാം. പിന്നെ പുള്ളിക്കാരി വന്ന് ഊതിയ വിളക്കെന്താണ് എന്നത് സിനിമയിലുണ്ട്. അത് പ്രതീകാത്മകമായിട്ടും തമാശയായിട്ടുമൊക്കെ ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്.

മന്ദാകിനിയില്‍ നിന്ന് മറിയത്തിലേക്ക്

മന്ദാകിനിയെന്നാണ് ആദ്യം സിനിമയ്ക്കിട്ട പേര്. പടം വൈകിയതിനിടയില്‍ മന്ദാരവും ഡാകിനിയും ഇറങ്ങി. അതോടെ പേര് ക്ലാഷ് ആകുമല്ലോ എന്നായി. ഡിസ്ട്രിബ്യൂട്ടര്‍ വേറെ പേര് വല്ലതും കയ്യിലുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ഞാനീ പേരിനെക്കുറിച്ച് പറയുന്നത്. സിനിമ പ്ലാന്‍ ചെയ്ത സമയം തൊട്ടെ ഈ പേരെന്റെ മനസിലുണ്ട്. പലര്‍ക്കും ഇത് ഇഷ്ടപ്പെട്ടതുമാണ്. പക്ഷേ ഭൂരിഭാഗം നോക്കിയപ്പോള്‍ മന്ദാകിനി സ്‌കോര്‍ ചെയ്തു. പിന്നെ വീണ്ടും ഒരു കണ്‍ഫ്യൂഷന്‍ വന്നപ്പോള്‍ മറിയത്തില്‍ തിരിച്ചെത്തുകയായിരുന്നു. അത് ക്ലിക്കാവുകയും ചെയ്തു. പിന്നീട് മന്ദാകിനി വേണമെന്ന് പറഞ്ഞവരും മാറ്റി പറഞ്ഞു. മറ്റേത് മാറ്റിയത് നന്നായി എന്നൊക്കെ. ഞാനും ഹാപ്പി. ഞാനാദ്യം ആഗ്രഹിച്ചതും ഈ പേരാണല്ലോ.

പോസ്റ്ററിലെ 'വിതൗട്ട് എനി ബ്രില്ല്യന്‍സിന്' പിന്നിലെ ബ്രില്ല്യന്‍സ്

ഒരു കാര്യ എന്താണെന്ന് വെച്ചാല്‍, നല്ലപോലെ സിനിമ ശ്രദ്ധിക്കുന്ന, നന്നായിട്ട് സിനിമയെ വിലയിരുത്തുന്ന സുഹൃത്തുക്കള്‍ എനിക്കുണ്ട്. എന്നേക്കാള്‍ നല്ല വിവരവും ബോധവുമുള്ള ഒരുപറ്റം കൂട്ടുകാരുടെ ഇടയില്‍ നിന്നാണ് ഞാന്‍ സിനിമ ചെയ്യുന്നത്. അവരുടെ അത്രയും നല്ല മേക്കറല്ല ഞാന്‍ എന്ന ഒരു കോംപ്ലക്‌സ്, ചിലപ്പോള്‍ കോംപ്ലക്‌സ് മാത്രമായിരിക്കും, എന്തായാലും അങ്ങനെയൊരു ചെറിയ ചമ്മല്‍ എനിക്കുണ്ട്.

മാത്രമല്ല ഇതിപ്പോള്‍ ബ്രില്ല്യന്‍സിന്റെ കാലമല്ലേ. മഹേഷിന്റെ പ്രതികാരം ഇറങ്ങിയ അന്ന് മുതല്‍ സോഷ്യല്‍ മീഡിയയിലായാലും നമ്മള്‍ കാണുന്നത് ബ്രില്ല്യന്‍സിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. നമ്മുടെ ഈ ഫിലിം സര്‍ക്കിളിലുള്ള എല്ലാവരും മേക്കിങ്ങൊക്കെ കൂടുതലായി ശ്രദ്ധിക്കുന്നവരാണ്, അപ്പോള്‍ നമ്മുടെ സിനിമയില്‍ അങ്ങനെ പറയത്തക്ക എന്തെങ്കിലുമുണ്ടോ എന്ന് ചോദിച്ചാല്‍, ഇല്ല എന്നാണ് ഉത്തരം. നമ്മള്‍ തന്നെ ഒരു മുന്‍കൂര്‍ ജാമ്യം എടുത്തതാണ്.

പടം കാണാന്‍ വരിക, ചിരിക്കുക, പോവുക, വളരെ ലൈറ്റായിട്ട് ചിന്തിക്കുക. അതില്‍ ചിന്തിക്കാനുണ്ടോ എന്ന് ചോദിച്ചാല്‍, ഉണ്ട്. എന്നാല്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിച്ച് സിനിമയ്ക്ക് കേറരുത് എന്ന് മാത്രം. ആ ടാഗ് ലൈനിന് പിന്നില്‍ പ്രധാനമായിട്ടും ശ്രദ്ധപിടിക്കുക എന്നത് തന്നെയാണ് ഉദ്ദേശം. ഫസ്റ്റ് സര്‍ക്കിളിലുള്ള സുഹൃത്തകളാണ് സിനിമയുടെ ആദ്യ ഓഡിയന്‍സ്, അവരുടെ അറ്റന്‍ഷന്‍ പ്രധാനമാണ്. ഈ അല്‍ഫോണ്‍സ് പുത്രന്‍, 'ലോകസിനിമാ ചരിത്രത്തില്‍ പുതുമയൊന്നുമില്ലാത്ത രണ്ടാമത്തെ മലയാള ചലച്ചിത്രം' എന്ന് പറഞ്ഞതൊക്കെ എന്നെ സ്‌ട്രൈക്ക് ചെയ്ത ഒരു കാര്യമാണ്.

ആര്‍.ജെയില്‍ നിന്ന് സംവിധായകനിലേക്ക്

കരിയറിനെ ഒത്തിരി ഗ്രൂം ചെയ്ത ഒരു കാലമാണ് റേഡിയോ ജോക്കിയായിരുന്ന സമയം. ഒത്തിരി കാര്യങ്ങള്‍ പഠിക്കാനും ക്രിയേറ്റീവായി എന്തൊക്കെ ചെയ്യാം എന്നൊക്കെയുള്ള ആത്മവിശ്വാസം നേടാനും അവിടെ നിന്ന് സാധിച്ചു. സിനിമ പിന്നെ ചെറുപ്പം മുതലേയുള്ള ഇഷ്ടമാണ്. എന്ത് ചെയ്യുമ്പോഴും അതിലൊരു സ്റ്റോറി ടെല്ലിങ്ങായിട്ടാണ് കാണുന്നത്. അങ്ങനെയാണ് എഴുത്തിലേക്ക് വരുന്നത്. റേഡിയോയിലുള്ള സമയത്താണ് ബ്ലോഗിങ്ങ് തുടങ്ങുന്നത്. അങ്ങനെ എഴുത്തിലൊരു ആത്മവിശ്വാസം കിട്ടി. 

സിനിമയിലേക്ക് ഒരു ചവിട്ടുപടി എന്നപോലെ ഒരു ഷോര്‍ട്ട് ഫിലിം ചെയ്തു. അതൊരു പരീക്ഷണാര്‍ഥം ചെയ്തതാണ്. പിന്നീട് 2013-ല്‍ കപ്പാ ടി.വി. ഷൂട്ട് ആന്‍ ഐഡിയ സീസണ്‍ 1-ല്‍ വിജയിയായി. അങ്ങനെ സിനിമ ചെയ്യാം എന്ന ചെറിയ തോന്നലൊക്കെയായി. സിനിമ ഇറങ്ങുന്നത് മുന്‍പ് പുസ്തകം എഴുതണമെന്നത് വലിയ ആഗ്രഹമായിരുന്നു. 'കഥയില്ലാത്ത കഥകള്‍' എന്ന പുസ്തകം 2015-ലാണ് പ്രസിദ്ധീകരിക്കുന്നത്. അത് തന്നത് വലിയൊരു അടിത്തറയാണ്. അതിലൂടെ നമ്മളില്‍ വിശ്വസിക്കുന്ന ഒരു ഓഡിയന്‍സിനെ കിട്ടി. അതുകൊണ്ട് തന്നെ എഴുത്താണ് മെയിന്‍. എന്നും ആസ്വദിച്ച് ചെയ്യുന്ന ഒരു കാര്യവും എഴുത്ത് തന്നെ.

റേഡിയോ കണക്ഷനും ശബ്ദരേഖാ ടീസറും

ശബ്ദത്തിന്റെ സാധ്യതകള്‍ ആലോചിച്ചിരുന്നു. ഈ സിനിമയില്‍ പൊതുവേ എല്ലാം ഒരു വെറൈറ്റി കൊണ്ടുവരാന്‍ നോക്കിയിട്ടുണ്ട്. അത് സിനിമ ഡിമാന്‍ഡ് ചെയ്യുന്നത് കൊണ്ടാണ്. പിന്നെ റേഡിയോയുമായി ഒരു കണക്ഷന്‍ കൊണ്ടുവരാനുള്ള ആലോചനയായിരുന്നു, അത് വെച്ച് ചെയ്യാവുന്ന സ്മാര്‍ട്ടായ ഒരു പരിപാടി. ശബ്ദരേഖ കേട്ടിട്ടുള്ളവര്‍ക്ക് അത് ഉറപ്പായും ഇഷ്ടപ്പെടുമെന്നൊരു കോണ്‍ഫിഡന്‍സ് ഞങ്ങള്‍ക്കുണ്ടായിരുന്നു. അത് റേഡിയോടുള്ള ഒരു ഇഷ്ടം കൂടിയാണ്.

2D കിളികള്‍, സബ്‌ടൈറ്റില്‍ അപാരത, ഫുള്‍ ഓണ്‍ കുസൃതി

പേരിലുള്ളത് പോലെ തന്നെ കുസൃതിയും, കുഞ്ഞു കൗതുകവും എല്ലാം നിറഞ്ഞതാണ് ഈ സിനിമ. അതിപ്പോള്‍ പോസ്റ്ററില്‍ കാണുന്നതുപോലെ എല്ലാം സിനിമയിലുമുണ്ട്. പോസ്റ്ററാണെങ്കിലും കാപ്ഷന്‍ ആണെങ്കിലും ഇതെല്ലാം സിനിമ തന്നെയാണ്. പിന്നെ ട്രെയിലറിലെ 2D കിളികള്‍ വരെ ഇതില്‍ കഥാപാത്രങ്ങളാണ്. കണ്ട് കഴിയുമ്പോള്‍ അത് മനസിലാകും, ഇതെല്ലാം കുറച്ചുകൂടി രസമായി, കൗതുകമായി തോന്നും. സിനിമയെ ക്രിയേറ്റീവായി അവതരിപ്പിക്കാന്‍ എനിക്ക് സാധിച്ചു. 2D, 3D ആനിമേഷന്‍ സാധ്യതകളെ നല്ല രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ സിനിമ അതിനുള്ള സാധ്യതകള്‍ തന്നു, കാരണം ഇത് അങ്ങന ഒരു സിനിമയുമാണ്. 

കോമഡിയില്‍ പുതിയൊരുനുഭവമായിരിക്കും

സാധാരണ സിനിമയുടെപോലെ ഭയങ്കര വലിയ കഥ പറച്ചിലില്ല, കുറച്ചുകൂടി പച്ചയായ, സന്ദര്‍ഭാനുസൃതമായി പോകുന്ന ഒരു സിനിമയാണ്. വലിയ കഥാഘടനയൊന്നും സിനിമ അവകാശപ്പെടുന്നില്ല, പക്ഷേ കുഞ്ഞു കുഞ്ഞു സംഭവങ്ങള്‍ പറയുന്ന ഒരു രീതിയാണ് ചിത്രം പിന്തുടരുന്നത്. പുതുമ നിറഞ്ഞതായിരിക്കും ഈ സിനിമ നല്‍കുന്ന അനുഭവം.

നല്ലൊരു തിയേറ്ററാനുഭവം നല്‍കുന്ന, ഒട്ടും മടുപ്പിക്കാതെ പിടിച്ചിരുത്തുന്ന ഒരു സിനിമയായിരിക്കും. തീര്‍ച്ച. മുന്‍പ് കണ്ട കോമഡി സിനിമകളുടെ അതേ ചട്ടക്കൂടുകളിലായിരിക്കില്ല കാരണം ആ സാധാരണ കോമഡി ക്രമത്തിലൂടെ പോകുന്ന ഒന്നല്ല ഇത്. അതുകൊണ്ട് തന്നെ കോമഡിയില്‍ ആസ്വദിക്കാവുന്നൊരു പുതിയ അനുഭവമായിരിക്കും ഈ ചിത്രം.

പ്രേമം ടീമിന്റെ കെമിസ്ട്രി

എത്രയോ റൊമാന്റിക്ക് സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്, പക്ഷേ അതേ റൊമാന്റിക്ക് വശങ്ങളെ പറ്റിയാണ് പ്രേമവും പറയുന്നത്, എന്നാല്‍ പ്രസന്റേഷനിലെ വ്യതസ്തതയാണ് പ്രേമത്തിനെ എന്റര്‍ടെയ്‌നറാക്കിയത്. ഈ റോളുകള്‍ സ്ഥിരമായി ചെയ്ത് നമ്മുടെ മനസില്‍ സ്റ്റാമ്പ് ചെയ്യപ്പെട്ടവര്‍ ഇതിലേക്ക് വന്നാല്‍ ആ ഫ്രഷ്‌നസ് കട്ടാവും. കുറെകൂടി താരതമ്യേന ആ ഫ്രഷ്‌നസ് ഇപ്പോഴുമുള്ള ആ ഒരു പ്രായത്തിന്റെയും യങ്‌സ്റ്റേഴ്‌സ് ഫീലുമുള്ള ഒരു ടീം വേണമായിരുന്നു. അങ്ങനെ ഓര്‍ത്തപ്പോള്‍ ആദ്യം മനസില്‍ വന്നതും പ്രേമം ടീം തന്നെയാണ് മാത്രമല്ല സിജുവിനെ എനിക്ക് വ്യക്തിപരമായി പരിചയമുണ്ടായിരുന്നു. വേറെയും കാസ്റ്റ് ആലോചിച്ചെങ്കിലും അവരു വന്നാല്‍ നന്നായിരിക്കുമെന്ന് തോന്നി. സിനിമ പറയുന്നത് കൂട്ടുകാരുടെ കഥയാണ്. വളരെ രസകരമായ നമ്മള്‍ ഓരോരുത്തര്‍ക്കും കണക്ട് ചെയ്യാന്‍ പറ്റുന്ന ഒരു കഥ. അത് ചെയ്യാന്‍ ഇവര്‍ തന്നെയായിരുന്നു ഫസ്റ്റ് ചോയ്‌സും.

സേതുലക്ഷ്മി ചേച്ചിയുടെ മേക്കോവറും ബോയിങ് ബോയിങും

തമാശയ്ക്കാണെങ്കിലും ഞാന്‍ എല്ലാരോടും പറയുന്നത് ഇത് ശരിക്കും പാവങ്ങളുടെ ബോയിങ് ബോയിങാണെന്നാണ്. ഈ ക്യാരക്ടറിന് രൂപം കൊടുക്കുന്ന സമയത്ത് സുകുമാരി ചേച്ചി തന്നെയായിരുന്നു മനസില്‍. ആ കഥാപാത്രത്തിനെ എനിക്ക് ഭയങ്കര ഇഷ്ടവുമാണ്. അതേ സ്വഭാവം അല്ല, പക്ഷേ ആ കഥാപാത്രത്തിന്റെ ലുക്കും ചെറിയൊരു ഷേഡും സേതുലക്ഷ്മി ചേച്ചിയുടെ കഥാപാത്രത്തിനുമുണ്ട്. അപ്പോള്‍ ചേച്ചിയെ ഈ ലുക്കില്‍ കൊണ്ടു വന്നാല്‍ ഭയങ്കര രസമായിരിക്കുമെന്ന് തോന്നി.

ചേച്ചിയുടെ ഈ കഥാപാത്രം വര്‍ക്ക് ആകുമോയെന്ന് ടെന്‍ഷന്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നു. എന്നിട്ട് ലുക്ക് ടെസ്റ്റ് നടത്തി, വിഗ്ഗ് സെറ്റ് ചെയ്ത് കാണിച്ചു കൊടുത്തപ്പോഴാണ് എല്ലാവരും സമ്മതിച്ചത്. കഥാപാത്രത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ആള്‍ കട്ട സ്ട്രിക്റ്റാണ്, എന്നാല്‍ ഉള്ളില്‍ ഭയങ്കര സ്‌നേഹമുണ്ട്. ഭര്‍ത്താവ് മരിച്ച് പോയതാണ്, ഒറ്റയ്ക്ക് കുടുംബം നോക്കുന്ന വളരെ തന്റേടിയായ റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസാണ് കക്ഷി.

തമാശയിലൂടെ കുഞ്ഞു പൊളിറ്റിക്‌സ്

നേരത്തെ പറഞ്ഞപോലെ കൗതുകമാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്. വലിയൊരു കഥാഘടനയല്ല മറിച്ച് സന്ദര്‍ഭം കൊണ്ട് ഈ സിനിമ എങ്ങോട്ടാണ് പോകുന്നത്, എവിടെയായിരിക്കും ചെന്ന് നില്‍ക്കുക, ഇവര്‍ക്ക് എന്താണ് സംഭവിക്കുക എന്നൊക്കൊയുള്ള ആകാംഷ നിറയ്ക്കും. തമാശയാണെങ്കിലും ചെറിയൊരു പൊളിറ്റിക്‌സ് ഇതിലൂടെ പറയുന്നുണ്ട്. അത് പ്രതീകാത്മമായിട്ടാണ്. പേര് തന്നെ വളരെ തമാശയാണ്. അതേസമയം കുഞ്ഞൊരു കാര്യമുണ്ട്. ഒരു മെസേജ് എന്ന രീതിയില്‍ പറയുന്നുണ്ട്. കുറച്ചൊന്ന് ചിന്തിച്ചാല്‍ അതിനൊരു മറുവശം കാണാന്‍ പറ്റും. പേരിലും ടൈറ്റില്‍ ആനിമേഷനിലും ആ കാര്യം വ്യക്തമാണ്.

Content Highlights: interview with writer and director of Mariyam Vannu Vilakkoothi movie Jenith Kachapilly