ഐ.എഫ്.എഫ്.കെ., മുംബൈ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി നിരവധി വേദികളില്‍ മികച്ച അഭിപ്രായം നേടിയ സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളി തിയേറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. ജൂണ്‍ 17നാണ് തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്യുന്നത്.  മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാന്‍ ആഷിക് അബുവിനെ പോലുള്ളവരുടെ സഹായം വേണ്ടി വന്നു. സനല്‍കുമാര്‍ ശശിധരനുമായി അഭിമുഖം. 

എന്തുകൊണ്ട് റിലീസ് വൈകി ?

ഒഴിവുദിവസത്തെ കളി പോലൊരു സ്വതന്ത്ര സിനിമ ഷൂട്ട് ചെയ്ത് അടുത്ത ആഴ്ച്ച തിയേറ്ററില്‍ റിലീസ് ചെയ്തിരുന്നുവെങ്കില്‍ തിയേറ്ററില്‍ ആളുകള്‍ ഉണ്ടാകുമായിരുന്നില്ല. അവാര്‍ഡ് സിനിമകള്‍ എന്നൊരു ലേബലിലാണ് ഇവിടുത്തെ സ്വതന്ത്ര സിനിമകള്‍ മുഴുവന്‍ അറിയപ്പെടുന്നത്. അവാര്‍ഡ് സിനിമകള്‍ അവാര്‍ഡുകള്‍ക്ക് വേണ്ടി മാത്രം നിര്‍മ്മിക്കപ്പെടുന്നവയാണെന്നതാണ് പൊതുബോധം. അതിനെ മറികടക്കണമെങ്കില്‍ ഈ സിനിമ ആദ്യം കേരളത്തില്‍ ചര്‍ച്ചയാവണമായിരുന്നു. 

മുംബൈ ഫിലിം ഫെസ്റ്റിവല്‍, ഐ.എഫ്.എഫ്.കെ തുടങ്ങിയ ചലച്ചിത്രോത്സവ വേദികളില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അവിടെയൊക്കെ ചര്‍ച്ചയാക്കാന്‍ സാധിച്ചു. പിന്നീട് സ്റ്റേറ്റ് അവാര്‍ഡ് കൂടി ലഭിച്ചതോടെ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബലപ്പെട്ടു. ഈ അവസ്ഥയിലും സിനിമയ്ക്ക് ഡിസ്ട്രിബ്യൂഷന് ആളെ കിട്ടുന്നില്ലായിരുന്നു. എട്ടോളം ഡിസ്ട്രിബ്യൂട്ടേഴ്സിനെ സമീപിച്ചെങ്കിലും ആരും പണംമുടക്കാന്‍ തയാറായില്ല. അവരൊക്കെ കണ്ടിട്ട് സിനിമ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞെങ്കിലും മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടുമോ എന്നുള്ള സംശയത്തില്‍ പിന്മാറുകയായിരുന്നു. പിന്നീടാണ് ആഷിക് അബുവിനെ കണ്ടതും സിനിമ കാണിച്ചതും. അദ്ദേഹത്തിന് സിനിമ ഇഷ്ടപ്പെടുകയും ഡിസ്ട്രീബ്യൂഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സഹായിക്കാമെന്ന് വാക്ക് തരികയുമായിരുന്നു. 

Sanal Kumarപ്രേക്ഷകരിലുള്ള പ്രതീക്ഷ എങ്ങനെയാണ് ? 

ജൂണ്‍ 17നാണ് സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. സ്വതന്ത്ര സിനിമകള്‍ക്ക് കേരളത്തില്‍ പ്രേക്ഷകര്‍ കുറവാണ്. പ്രേക്ഷകരെ പതുക്കെ പതുക്കെ ബില്‍ഡ് ചെയ്തു വരികയാണ്. തട്ടുപൊളിപ്പന്‍ സിനിമകള്‍ക്ക് മാത്രമാണ് ആളുകള്‍ കയറുന്നത്. സ്വതന്ത്രസിനിമകള്‍ക്ക് തിയേറ്റര്‍ കിട്ടില്ലെന്ന് മാത്രമല്ല ആളുകള്‍ താല്പര്യം കാണിക്കുകയുമില്ല. എന്റെ സിനിമകള്‍ക്ക് മാത്രമുള്ള പ്രതിസന്ധിയല്ല ഇത്, സ്വതന്ത്ര സിനിമകള്‍ ചെയ്യുന്ന എല്ലാവര്‍ക്കും ഈ പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. ഇത്തരം പ്രതിബന്ധങ്ങളെ തരണം ചെയ്യണമെങ്കില്‍ ഇന്‍ഡസ്ട്രിയിലെ കൊമേഴ്സ്യല്‍ സിനിമ, സ്വതന്ത്രസിനിമ എന്ന വേര്‍തിരിവ് മാറണം. രണ്ട് തരത്തിലുള്ള സിനിമകള്‍ക്കും ഒരേ പ്ലാറ്റ്ഫോം പരുവപ്പെട്ടു വരണം. അതിനായുള്ള ശ്രമമാണ് ഇപ്പോള്‍ ആഷിക് അബുവിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. 

എന്തുകൊണ്ട് ആഷിക് അബു ?

ഒരാള്‍പ്പൊക്കത്തിന്റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സിനിമ എന്ന രീതിയില്‍ ഒഴിവുദിവസത്തെ കളി മാര്‍ക്കറ്റ് ചെയ്താല്‍ മുന്‍സിനിമകള്‍ കണ്ടിട്ടുള്ള ആളുകള്‍ മാത്രമെ തിയേറ്ററില്‍ വരികയുള്ളു. ആഷിക് അബുവിനെ പോലെ അറിയപ്പെടുന്ന ഒരു ഫിഗര്‍ ഈ സിനിമയുമായി സഹകരിക്കുമ്പോള്‍ എന്റര്‍ടെയ്ന്‍മെന്റ് മൂല്യത്തിലെ വിശ്വാസ്യത വര്‍ദ്ധിക്കുകയാണ്. ഫെയ്സ്‌ക്രീം പരസ്യങ്ങളിലെപ്പോലെ ആളുകളെ പറ്റിക്കുകയല്ല ഞങ്ങള്‍ ചെയ്യുന്നത്. ഈ സിനിമയില്‍ എന്റര്‍ടെയ്ന്‍മെന്റ് വാല്യുവുമുണ്ട്. ചിരിക്കാനുള്ള വകയുണ്ട്, ത്രില്ലര്‍ സ്വഭാവമുണ്ട്. ഇതൊക്കെ ആളുകളിലേക്ക് എത്തിക്കാന്‍ ആഷിക് അബുവിനെ പോലൊരു ആള്‍ വേണ്ടി വന്നു. മുഖ്യധാരയുടെ പിന്തുണ ഉള്ളത് കൊണ്ട് തിയേറ്ററുകളുടെ മാത്രമല്ല, പ്രേക്ഷകരുടെയും പിന്തുണ ഇപ്പോള്‍ സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. 

എന്താണ് സിനിമയുടെ രാഷ്ട്രീയം ? 

ദളിത് വിഷയം ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ ഈ സിനിമയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സ്ത്രീയെ സമൂഹം എങ്ങനെ നോക്കി കാണുന്നു, ഇലക്ഷന്‍ പൊളിറ്റിക്ക്സ് തുടങ്ങി വിഷയങ്ങളുടെ നിര നീണ്ടതാണ്. പക്ഷെ, ഇവയൊന്നും ഗുളിക രൂപത്തില്‍ ഉരുട്ടി നല്‍കുകയല്ല ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു ദളിത് സിനിമയാണ്, രാഷ്ട്രീയമുള്ള സിനിമയാണ് എന്നിങ്ങനെയുള്ള ബോര്‍ഡുകള്‍ വെയ്ക്കാന്‍ താല്‍പര്യപ്പെടുന്നില്ല. എല്ലാ തരം പ്രേക്ഷകരെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന സിനിമയാണിത്. സിനിമയിലുടനീളമുള്ള രാഷ്ട്രീയ പ്രശ്നങ്ങളെ എല്ലാവര്‍ക്കും ഒരേപോലെ ഉള്‍ക്കൊള്ളാന്‍ സാധിച്ചുവെന്ന് വരില്ല. അത്തരക്കാര്‍ക്ക് സിനിമ ഇഷ്ടപ്പെടാന്‍ ആവശ്യമായ ചേരുവകളും ഈ സിനിമയ്ക്കുണ്ട്. 

കഥ സിനിമയാക്കിയപ്പോള്‍ ? 

ഉണ്ണി ആര്‍ എഴുതിയ ആറു പേജുകള്‍ മാത്രമുള്ളൊരു കഥയാണ് ഈ സിനിമയ്ക്ക് ആധാരം. ഈ കഥ സിനിമയാക്കണമെന്ന ആവശ്യവുമായി ഉണ്ണിയെ സമീപിച്ചപ്പോള്‍ ഇത് എങ്ങനെ സിനിമയാക്കുമെന്ന ചോദ്യമായിരുന്നു അദ്ദേഹം ഉന്നയിച്ചത്. പിന്നീട് ഇത് സിനിമയാക്കി അദ്ദേഹത്തെ കാണിച്ചപ്പോള്‍ അദ്ദേഹം അത്ഭുതപ്പെടുകയായിരുന്നു. ആറ് പേജിലെ കഥയില്‍നിന്ന് ഒന്നേമുക്കാല്‍ മണിക്കൂറിലേക്ക് സിനിമ വളരുകയായിരുന്നു. 

സ്വതന്ത്ര സിനിമകള്‍ക്ക് നിലനില്‍പ്പില്ലെന്നുണ്ടോ ? 

എല്ലാ വര്‍ഷവും കേരളത്തില്‍ സ്വതന്ത്രസിനിമകള്‍ പുറത്തിറങ്ങുന്നുണ്ട്. സിനിമകളുടെ റാങ്കിംഗ് പരിശോധിക്കുകയാണെങ്കില്‍ എപ്പോഴും ടോപ് പൊസിഷനില്‍ സ്വതന്ത്ര സിനിമകളിലൊന്ന് ഉണ്ടായിരിക്കും. പക്ഷെ, തിയേറ്ററില്‍ ആളുകളെ ആകര്‍ഷിക്കുന്നത് കൊമേഴ്സ്യല്‍ സിനിമകള്‍ മാത്രമാണ്. സര്‍ക്കാരിനെ ആശ്രയിച്ച് സിനിമ എടുക്കാന്‍ സാധിച്ചിരുന്ന കാലം അവസാനിച്ചു. അപ്പോള്‍ ഫോര്‍മുല സിനിമകള്‍ എന്ന ചട്ടക്കൂടില്‍നിന്ന് സ്വതന്ത്ര സിനിമകള്‍ പുറത്തുവന്നില്ലെങ്കില്‍ നിലനില്‍ക്കാന്‍ സാധിക്കില്ല. അവാര്‍ഡുകള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന സിനിമകളെയാണ് ഫോര്‍മുല സിനിമകള്‍ എന്ന് പറയാറുള്ളത്. ഒരു ഫോര്‍മുലയിലായിരിക്കും ഇവ നിര്‍മ്മിക്കുന്നത്. ഇത് മാറുകയാണെങ്കില്‍ ആഷിക് അബുവിനെ പോലെ മറ്റ് ആളുകളും നാളെ സ്വതന്ത്ര സിനിമകളെ താങ്ങിനിര്‍ത്താന്‍ എത്തിയേക്കും.