Rajishaലയാള സിനിമയില്‍ പുതുമുഖമാണെങ്കിലും മിനി സ്‌ക്രീനിലെ സുപരിചിത മുഖങ്ങളിലൊന്നാണ് രജിഷ വിജയന്റേത്. ബിജുമേനോന്‍, ആസിഫ് അലി, ആശാ ശരത്ത് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന അനുരാഗ കരിക്കിന്‍ വെള്ളത്തില്‍ ആസിഫിന്റെ നായികയായി എത്തുന്നത് രജിഷയാണ്. ഷൈജു ഖാലിദിന്റെ സഹോദരനായ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. അനുരാഗ കരിക്കിന്‍ വെള്ളത്തിന്റെ വിശേഷങ്ങളുമായി രജിഷ. 

അനുരാഗ കരിക്കിന്‍വെള്ളത്തേക്കുറിച്ച് ?

റിയലിസ്റ്റിക്കായ ഒരു റൊമാന്റിക്ക് ചിത്രമാണ് അനുരാഗ കരിക്കിന്‍വെള്ളം. ഷൈജു ഖാലിദിന്റെ സഹോദരന്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എബിസിഡി, മണ്‍സൂണ്‍ മാംഗോസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്ന നവീന്‍ ഭാസ്‌ക്കറാണ്. ട്രെയിലറില്‍നിന്നും പാട്ടുകളില്‍നിന്നുമൊക്കെ നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകും ഇതൊരു പ്രണയചിത്രമാണെന്ന്. പ്രണയത്തിന് മാത്രമല്ല കോമഡിക്കും കുടുംബബന്ധങ്ങള്‍ക്കുമൊക്കെ ഈ ചിത്രം പ്രാധാന്യം നല്‍കുന്നുണ്ട്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് ഇത് ഇഷ്ടമാകുമെന്നാണ് കരുതുന്നത്. 

ആരാണ് റെജീഷ ?

മലയാളം ഫിലിം ഇന്‍ഡസ്ട്രിയുമായി ഏതാണ്ട് രണ്ടു വര്‍ഷത്തെ ബന്ധമുണ്ടെനിക്ക്. സിനിമയില്‍ നായികയാകുന്നത് ആദ്യമായിട്ടാണെങ്കിലും ആങ്കറിംഗില്‍ ഞാന്‍ സജീവമായിട്ടുണ്ടായിരുന്നു. സൂര്യാ ടിവി, സൂര്യ മ്യൂസിക്ക്, മഴവില്‍ മനോരമ തുടങ്ങിയ ടെലിവിഷന്‍ ചാനലുകളില്‍ ആങ്കറിംഗ് നടത്തിയിട്ടുണ്ട്. സാധാരണ ഒരു മലയാളിക്കുട്ടിയായ എനിക്ക് ചെറുപ്പം മുതല്‍ക്കേ ഇതിനോടൊക്കെ താല്പര്യമുണ്ടായിരുന്നു. ആങ്കറിംഗ് ചെയ്യുമ്പോള്‍ തന്നെ സിനിമയിലേക്ക് കയറണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയില്ലാ എന്ന് പറഞ്ഞാല്‍ അത് കള്ളത്തരമാകും. കോഴിക്കോട് സ്വദേശിയായ ഞാന്‍ അച്ഛന്റെ ജോലി ആവശ്യങ്ങളുമായി എറണാകുളത്താണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താമസിക്കുന്നത്. 

എങ്ങനെ സിനിമയിലെത്തി ?

റഹ്മാന്‍ ഖാലിദിനെ എനിക്ക് നേരത്തെ പരിചയമുണ്ട്. അതുതന്നെയാണ് സിനിമയിലേക്കുള്ള വഴി. ഈ സിനിമയുടെ കഥാ ചര്‍ച്ചകള്‍ നടന്ന സമയത്ത് റഹ്മാന്‍ എന്നെ വിളിച്ചിട്ട് സിനിമ ചെയ്യുന്നുണ്ട് നായികയെ സജസ്റ്റ് ചെയ്യാമോ എന്നൊക്കെ ചോദിച്ചിരുന്നു. ഞാന്‍ കുറച്ച് പേരുകളൊക്കെ പറയുകയും ചെയ്തിരുന്നു. പിന്നീട് ഒരുമാസം കഴിഞ്ഞിട്ടാണ് എന്നോട് ഈ സിനിമ ചെയ്യാമോ എന്ന് ചോദിക്കുന്നത്. അപ്പോള്‍ എന്തിനാണ് നേരത്തെ നായികമാരെ സജസ്റ്റ് ചെയ്യാന്‍ പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍, അത് നിന്നെ ഒന്ന് ആക്കാനാണെന്ന് പറഞ്ഞത്. ഈ സൗഹൃദമാണ് എന്നെ ഇപ്പോള്‍ സിനിമയിലേക്ക് എത്തിച്ചിരിക്കുന്നത്. 

ആദ്യത്തെ ഓഫറായിരുന്നോ ?

അല്ല. ഇതിന് മുന്‍പും ചില ഓഫറുകളൊക്കെ വന്നിട്ടുണ്ട്. ഞാന്‍ അതൊന്നും എടുത്തില്ല. കാരണം എനിക്ക് അതില്‍ ചെയ്യാന്‍ ഒന്നും ഉണ്ടായിരുന്നില്ല. ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായിരുന്നു. എന്റെ കഥാപാത്രം വലിയ സംഭവമാണെന്നല്ല ഞാന്‍ പറയുന്നത്. പക്ഷെ, എനിക്ക് ഇതിലെ കഥാപാത്രത്തെ ഇഷ്ടമായി. എന്റെ സ്വഭാവവുമായി വലിയ ബന്ധമൊന്നുമില്ലെങ്കിലും എവിടെയൊക്കെയോ ചില ട്രേസസ് കാണാം. 

എന്താണ് കഥാപാത്രം ?

rajisha vijayanഎലി എന്ന് വിളിപ്പേരുള്ള എലിസബത്ത് എന്നതാണ് എന്റെ കഥാപാത്രം. ഭയങ്കരമായി ഇമോഷണലായ ഒരു മണ്ടിപ്പെണ്ണാണിത്. റിയല്‍ ലൈഫില്‍ ഞാന്‍ അത്ര മണ്ടിയല്ല എന്നത് കൊണ്ടാണ് ഞാനുമായി വലിയ ബന്ധമില്ലെന്ന് പറഞ്ഞത്. കോളേജ് പഠനകാലത്ത് ആസിഫ് അലിയുമായി എലി പ്രണയത്തിലാകുന്നു. അതിന് ശേഷമുള്ള ചില സംഭവ വികാസങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കഥ മുന്നോട്ടു പോകുന്നത്. മണിയന്‍പിള്ള രാജുവാണ് എലിയുടെ അച്ഛന്റെ കഥാപാത്രം കൈകാര്യം ചെയ്യുന്നത്. 

ആസിഫ് അലിയുമൊത്തുള്ള എക്‌സ്പീരിയന്‍സ് ?

ഒരു നടന്‍ എന്ന നിലയില്‍ നോക്കുമ്പോള്‍ ആസിഫ് അലി ഒരു സംഭവമാണ്. ഒരു പുതുമുഖമാണെന്ന ഫീലൊന്നും അവരോടൊക്കെ ഇടപെടുമ്പോള്‍ എനിക്കുണ്ടായിട്ടില്ല. സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഉടനീളം ഞാന്‍ കംഫര്‍ട്ടബിളായിരുന്നു. ആസിഫ് അലി തന്നെ നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളായതിനാല്‍ അദ്ദേഹത്തിന് പ്രമോഷണല്‍ ഇവന്റുകള്‍ക്കൊന്നും വരാന്‍ സാധിക്കുന്നില്ല. ബിജുമേനോനും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. 

എന്താണ് ഭാവി പരിപാടി ?

ആങ്കറിംഗ് രംഗത്തു നിന്ന് വന്നതു കൊണ്ടാണെന്ന് തോന്നുന്നു എല്ലാവരും എന്നോട് ചോദിക്കുന്നുണ്ട് ഞാന്‍ അങ്ങോട്ട് തന്നെ തിരികെ പോകുമോ എന്ന്. ഇപ്പോള്‍ ചില സിനിമാ സ്‌ക്രിപ്റ്റ് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷെ, ഒന്നും പുറത്ത് പറയാറായിട്ടില്ല. നിലവില്‍ സിനിമയില്‍ തന്നെ ശ്രദ്ധ ചെലുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നല്ല സിനിമകളും കഥാപാത്രങ്ങളും വന്നാല്‍ ഞാന്‍ ഉറപ്പായിട്ടും സ്വീകരിക്കും.