തെന്നിന്ത്യന്‍ സിനിമാലോകത്തുനിന്ന് 'ബാഹുബലി'ക്കുശേഷം വീണ്ടുമൊരു ബ്രഹ്മാണ്ഡചിത്രമെത്തുന്നു. കെ.ജി.എഫ്. എന്ന പേരില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം കോലാര്‍ സ്വര്‍ണഖനിയിലെ തൊഴിലാളികളുടെ അതിജീവനത്തിന്റെ കഥയാണ് പറയുന്നത്. കന്നഡയിലെ ഏറ്റവും ഉയര്‍ന്ന നിര്‍മാണച്ചെലവുള്ള ചിത്രമെന്ന ഖ്യാതി സ്വന്തമാക്കിയാണ് കെ.ജി.എഫ്. വരുന്നത്. 

നിന്റെ പിറകില്‍ ആയിരംപേരുണ്ടെന്നുള്ള ധൈര്യം മനസ്സിലുണ്ടെങ്കില്‍ നിനക്ക് ഒരു യുദ്ധം ജയിക്കാനാകും. എന്നാല്‍, നീ മുന്നില്‍ നില്‍ക്കുന്നുവെന്ന കാര്യം ആയിരം പേര്‍ക്ക് ധൈര്യം പകര്‍ന്നാല്‍  ഈ ലോകം നീ കീഴടക്കും- പ്രേക്ഷകരില്‍ ആവേശം നിറയ്ക്കുന്ന സംഭാഷണങ്ങളും ഇടിവെട്ട് ദൃശ്യങ്ങളുമായെത്തിയ ചിത്രത്തിന്റെ ആദ്യ ട്രെയ്ലറിന്  സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

മലയാളം ഉള്‍പ്പെടെ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷ്, ചൈനീസ്, ജപ്പാനീസ് തുടങ്ങിയ വിദേശഭാഷകളിലും തിയേറ്ററുകളിലെത്തുന്ന ചിത്രം സംവിധാനംചെയ്തിരിക്കുന്നത് കന്നഡയിലെ ഹിറ്റ് മേക്കര്‍ പ്രശാന്ത് നീലാണ്. വിജയ് കിരഗണ്ഡൂര്‍ ചിത്രം നിര്‍മിക്കുന്നു.
''കുറച്ചുവര്‍ഷംമുന്പ് ഇത്തരമൊരു സിനിമയെക്കുറിച്ച്  ചിന്തിക്കാന്‍പോലും   കഴിയില്ലായിരുന്നു. രണ്ടുവര്‍ഷമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. കോലാറിലെ സ്വര്‍ണഖനിയില്‍നിന്ന് ഉയര്‍ന്നുകേട്ട കഥകളും എഴുത്തുകാരന്റെ ഭാവനയും സമംചേര്‍ത്തുവെച്ച സിനിമയാണിത്. കെ.ജി.എഫിലൂടെ കന്നഡസിനിമ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്'' -ബെംഗളൂരുവിലെ ബ്രിഗേഡ് ഗേറ്റ്വേയിലെ ഒറിയണ്‍ മാളിലിരുന്ന് യഷ് കെ.ജി.എഫ്. സിനിമയുടെ അണിയറവിശേഷങ്ങളും പ്രതീക്ഷകളും പങ്കുവെച്ചു.

? ബാഹുബലിയിലൂടെ പ്രഭാസിന് ലഭിച്ചൊരു സ്വീകാര്യത കെ.ജി.എഫിലൂടെ യഷ് നേടുമെന്നൊരു അടക്കംപറച്ചിലുകള്‍ അണിയറയില്‍നിന്ന് ഉയരുന്നുണ്ട്
 
.  കെ.ജി.എഫ്. എനിക്കേറെ പ്രതീക്ഷയുള്ള സിനിമയാണ്. തീപാറുന്ന സംഘട്ടനങ്ങളും ചോരക്കളികളും ഏറെയുണ്ടെങ്കിലും പ്രണയത്തിനും വൈകാരികരംഗങ്ങള്‍ക്കും ചിത്രം പ്രാധാന്യം നല്‍കുന്നുണ്ട്.  80 കോടിയിലധികം ചെലവിട്ട സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ ഏറെ വിപുലമായാണ് നടന്നത്. ഇതുവരെചെയ്ത സിനിമകളില്‍നിന്ന് വ്യത്യസ്തമായി, വലിയൊരു വെല്ലുവിളിയായാണ് ഈ ചിത്രത്തിലെ നായകവേഷം ഏറ്റെടുത്തത്. അതിന്റെ ഫലം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പ്രദേശികഭാഷകളിലെല്ലാം ചിത്രം ശ്രദ്ധിക്കപ്പെടുന്നതോടെ നടന്‍ എന്നനിലയില്‍ വലിയൊരു സ്വീകാര്യത ലഭിക്കുമെന്നുതന്നെയാണ് കരുതുന്നത്.

? ഒരു സിനിമയ്ക്കുവേണ്ടി രണ്ടുവര്‍ഷം. ചിത്രം ഉയര്‍ത്തിയ വെല്ലുവിളികള്‍ 

.  വളരെ ആസ്വദിച്ചുതന്നെയാണ് ഓരോ സീനും അഭിനയിച്ചത്. വലിയ പ്രോജക്ടായതുകൊണ്ടുതന്നെ ആ സമയത്തുവന്ന മറ്റുപല സിനിമകളും വേണ്ടെന്നുവെയ്ക്കുകയുണ്ടായി. മുന്നൊരുക്കങ്ങള്‍ ഏറെ വേണ്ടിവന്ന ചിത്രമാണിത്. പടുകൂറ്റന്‍ സെറ്റ്, ചെറുതും വലുതുമായ 1500-ഓളം അഭിനേതാക്കള്‍, ടെക്നീഷ്യന്മാരുടെ വലിയൊരു കൂട്ടം  ഒരു ഹോളിവുഡ് സിനിമയുടെ മൂഡിലായിരുന്നു ചിത്രീകരണദിവസങ്ങള്‍ കടന്നുപോയത്.

? മലയാളസിനിമകള്‍ കാണാറുണ്ടോ, ഇവിടത്തെ അഭിനേതാക്കളുടെ പ്രകടനത്തെക്കുറിച്ച്

. ഇന്ത്യന്‍ സിനിമയില്‍ മലയാളചിത്രങ്ങള്‍ക്ക് എന്നും പ്രാധാന്യമുണ്ട്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകള്‍ കണ്ടിട്ടുണ്ട്. പുതിയ തലമുറയില്‍ ദുല്‍ഖറിനെയാണ് കൂടുതല്‍ പരിചയം. മലയാളത്തിലെ നായികമാരെ ചിലരെയെല്ലാം അറിയാം. ഭാമയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളം സംസാരിക്കാന്‍ പ്രയാസമുണ്ടെങ്കിലും കേട്ടാല്‍ മനസ്സിലാകും. മലയാളത്തില്‍ ഒരു പ്രോജക്ട് ചെയ്യാന്‍ താത്പര്യമുണ്ട്. സുഹൃത്ത് സി.ജെ. റോയിയുമായി ചില ചര്‍ച്ചകള്‍ നടന്നിരുന്നു. കെ.ജി.എഫ്. കേരളത്തില്‍ എത്തുന്നതോടെ കേരളീയര്‍ക്ക് ഞാന്‍  പരിചിതനാകുമെന്നാണ് കരുതുന്നത്.
മലയാളം പിടിതരാതെ വഴുതിമാറുന്ന ഭാഷയാണെന്ന് യഷ് പറയുന്നുണ്ടെങ്കിലും വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തുവന്ന 'പലവട്ടം കാത്തുനിന്നു ഞാന്‍  കോളേജിന്‍ മൈതാനത്ത്...' എന്ന ആല്‍ബത്തിലെ വരികള്‍ താരത്തിന് കാണാപ്പാഠമാണ്.

ContentHighlights: K.G.F kannada movie, interview with actor yash, kolar gold mine, baahu bali