യ്യടിക്കെടാ...! ഒരൊറ്റ ഡയലോഗിലൂടെയാണ് കമ്മട്ടിപ്പാടത്തിലെ ബാലേട്ടന്‍ പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടിച്ചുകയറിയത്. സിനിമ സ്വപ്നം കണ്ടുനടന്ന തൃപ്പൂണിത്തുറക്കാരന് അന്നു കിട്ടിത്തുടങ്ങിയ കയ്യടി ഇന്ന് തമിഴകവും ഏറ്റെടുത്തുകഴിഞ്ഞു.  കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ട തിയ്യറ്റര്‍ നിറഞ്ഞുകവിഞ്ഞ് സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ തലൈവരുടെ കൂടെ സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞുനില്‍ക്കാനായതിന്റെ സന്തോഷത്തിലാണ് മണികണ്ഠന്‍ ആചാരി. പേട്ടയെക്കുറിച്ചും തലൈവര്‍ക്കൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ചും മണികണ്ഠന്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

ഇപ്പോഴും വിശ്വസിക്കാനാവാതെ പേട്ട

പേട്ടയിലേക്കുള്ള എന്റെ എന്‍ട്രി തികച്ചും അപ്രതീക്ഷിതമാണ്. കമ്മട്ടിപ്പാടം കണ്ടിട്ട് ചാരുകേശ് എന്നൊരു സംവിധായകന്‍ അദ്ദേഹത്തിന്റെ പ്രോജക്ടിലേക്ക് എന്നെ വിളിക്കുകയായിരുന്നു. ഓഡിഷന് പോയി, കഥാപാത്രം എനിക്ക് ഓകെ ആണെന്ന് ചാരുകേശ് പറഞ്ഞു, ഏതാണ്ട് ആ ചിത്രം ഉറപ്പിച്ചാണ് അന്ന് തിരിച്ചുവന്നത്. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം  വീണ്ടും വിളിച്ചു. പ്ലാന്‍ ചെയ്തപോലെ ആ സിനിമ ഇപ്പോള്‍ ചെയ്യുന്നില്ല, കുറച്ചു കൂടി കഴിഞ്ഞിട്ടേയുള്ളൂ. അടുത്ത സുഹൃത്തായ കാര്‍ത്തികിന്റെ ഒരു വലിയ പ്രൊജക്റ്റ് വരുന്നുണ്ട്. അതു തുടങ്ങുമ്പോള്‍ അറിയിക്കാം എന്നു പറഞ്ഞു വച്ചു. 

സിനിമാമോഹവുമായി നടക്കുന്ന കാലം മുതല്‍ ഞാന്‍ ഫോളോ ചെയ്യുന്ന സംവിധായകരിലൊരാളാണ് കാര്‍ത്തിക്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിക്കണം എന്നെനിക്ക് ആഗ്രഹവുമുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം കാര്‍ത്തിക് സാറിന്റെ നമ്പര്‍ സംഘടിപ്പിച്ച് ഞാന്‍ അങ്ങോട്ട് വിളിച്ചു. കമ്മട്ടിപ്പാടത്തില്‍ അഭിനയിച്ച് ആളാണെന്നൊക്കെ പറഞ്ഞു പരിചയപ്പെടുത്തി. സാറിന്റെ പടത്തില്‍ എന്തെങ്കിലും അവസരമുണ്ടെങ്കില്‍ പറയണമെന്ന് അങ്ങോട്ട് ആവശ്യപ്പെട്ടു. കമ്മട്ടിപ്പാടം കണ്ടിരുന്നുവെന്നും ചിത്രം ഇഷ്ടപ്പെട്ടു എന്നൊക്കെ കാര്‍ത്തിക് സാര്‍ അന്നുപറഞ്ഞത് തന്നെ വലിയ അംഗീകാരമായിരുന്നു. 

പിന്നീട് പേട്ട തുടങ്ങുമ്പോള്‍ കാര്‍ത്തിക് എന്നെ തിരിച്ചുവിളിച്ചു ചെന്നൈയിലേക്ക് ഓഡിഷന് പോവാന്‍ പറഞ്ഞു. കഥാപാത്രത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ ഇത് അത്ര വലിയ പെര്‍ഫോമന്‍സ് സാധ്യതയുള്ള കഥാപാത്രമൊന്നുമല്ല. പക്ഷേ രജനി സാറിനൊപ്പം ഏറെക്കുറെ എല്ലാ ഫ്രെയിമിലും നിങ്ങള്‍ ഉണ്ടാകുന്ന ഒരു കഥാപാത്രമാണെന്നൊക്കെ സാര്‍ ആദ്യമേ പറഞ്ഞിരുന്നു. എന്നെപ്പോലെയുള്ളൊരു നടന് രജനിസാർ ഉള്ള ഒരു ഫ്രെയിമില്‍ ഉൾപ്പെടാൻ പറ്റുക എന്നത് തന്നെ മഹാഭാഗ്യമാണെന്നാണ് എനിക്ക് തോന്നിയത്. അതുകൊണ്ട് വേറൊന്നും ആലോചിക്കാതെ തന്നെ ഞാന്‍ ഡബിള്‍ ഒകെ പറഞ്ഞു. പ്രതിഫലത്തിന്റെ കാര്യമോ മറ്റൊന്നും ഞാന്‍ ചിന്തിച്ചില്ല. എന്റെ മനസ്സിലാകെ രജനി സാറും പേട്ടയും മാത്രമായിരുന്നു. എപ്പോള്‍ വേണമെന്ന് പറഞ്ഞാല്‍ മതി, ഞാന്‍ എവിടെ വേണമെങ്കിലും എത്തിക്കോളാം, തലൈവരുടെ കൂടെ നില്‍ക്കുക എന്നതാണ് വലിയ കാര്യമെന്നായിരുന്നു എനിക്കപ്പോള്‍ തോന്നിയത്. 

pettaതലൈവരെ കണ്ട് മരവിച്ച ഞാന്‍

പൂജ മുതല്‍ പാക്കപ്പ് വരെ ഏതാണ്ട് നാല്‍പ്പതിലധികം ദിവസം ഞാനുണ്ടായിരുന്നു പേട്ടയുടെ സെറ്റില്‍. ആദ്യം ഷൂട്ട് ഡാര്‍ജിലിങ്ങിൽ ആയിരുന്നു. പൂജയുടെ അന്നാണ് രജനി സാര്‍ വന്നത്. വെള്ള മുണ്ടും വെള്ള ഷര്‍ട്ടും അണിഞ്ഞ് വിഗ്ഗോ മേയ്ക്കപ്പോ ഒന്നുമില്ലാതെ സാധാരണക്കാരനെ പോലെ രജനി സാര്‍ കടന്നു വന്നു. അദ്ദേഹം വന്നപ്പോള്‍ പെട്ടെന്ന് സെറ്റ് മൊത്തം നിശബ്ദമായി. എല്ലാവരും എഴുന്നേറ്റു നിന്നു. കാര്‍ത്തിക് സാര്‍ എല്ലാവരേയും രജനി സാറിനു പരിചയപ്പെടുത്തി. തലൈവര്‍ എല്ലാവരോടും ചിരിച്ച് കൈകൂപ്പി സംസാരിച്ചു.  പക്ഷെ ഈ സീനിലൊക്കെ എന്താ ചെയ്യണ്ടേ, എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നൊന്നുമറിയാതെ മരവിച്ച അവസ്ഥയിലായിരുന്നു ഞാന്‍. കാലില്‍ വീണത് മാത്രം ഓര്‍മയുണ്ട്. പിന്നെ അദ്ദേഹത്തോട് സംസാരിക്കണം എന്നായിരുന്നു മനസ്സില്‍.

തലയില്‍ കൈവച്ച് അനുഗ്രഹിച്ച് തലൈവരുടെ സ്നേഹം

സെറ്റില്‍ എല്ലാവരും ഉള്ളപ്പോള്‍ തലൈവരെ കണ്ട് സംസാരിക്കാന്‍ ഒരു പേടിയോ മടിയോ ഒക്കെ ആയിരുന്നു. ഒറ്റയ്ക്ക് സംസാരിക്കാന്‍ ഒരു ചാന്‍സ് നോക്കി ഇരിക്കുന്നതിനിടെ ഒരു സീനിന്റെ ഇടയില്‍ ഞാനും അദ്ദേഹവും മാത്രമായി. ആ സീന്‍ ഷൂട്ട് ചെയ്യുന്നതിനിടയില്‍ ഞാൻ ഓടിച്ചെന്ന് അദ്ദേഹത്തോട് സംസാരിച്ചു. കമ്മട്ടിപ്പാടത്തില്‍ അഭിനയിച്ചിട്ടുണ്ട്, സംസ്ഥാന അവാര്‍ഡൊക്കെ കിട്ടിയിട്ടുണ്ട് എന്നൊക്കെ പറഞ്ഞു. എങ്ങനെയെങ്കിലും ഒന്ന് സംസാരിച്ചാല്‍ മതിയെന്നായിരുന്നു അപ്പോള്‍. ആഹാ സ്റ്റേറ്റ് അവാര്‍ഡ് വിന്നറുടെ കൂടെയാണോ ഞാന്‍ അഭിനയിക്കുന്നത്? കൊള്ളാം, സൂപ്പര്‍ എന്നൊക്കെ പറഞ്ഞ് എന്റെ തോളില്‍ തട്ടി. സാറിന്റെയൊക്കെ മുന്നില്‍ ഞാനൊക്കെ എന്ത് എന്നു പറഞ്ഞപ്പോള്‍ കേരളത്തിലെ സ്റ്റേറ്റ് അവാര്‍ഡ് സാധാരണ വിഷയമല്ലെന്നൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

സാറിനെ എന്നെങ്കിലും കാണണമെന്ന് കുറേ ആഗ്രഹിച്ചിരുന്നു. കാണുമ്പോള്‍ ഒരു നന്ദി പറയാന്‍ വെച്ചിട്ടുണ്ടെന്നു ഞാന്‍ പറഞ്ഞപ്പോള്‍ അതെന്തിനാണെന്ന് ചോദിച്ചു. ബാബാ എന്ന സിനിമ കണ്ടതു മുതലാണ് ഞാന്‍ ബാബാജി എന്നു പറയുന്ന ശക്തിയെ അന്വേഷിച്ചു തുടങ്ങിയത്. ഞാൻ അദ്ദേഹത്തെ ഫോളോ ചെയ്യുന്ന ആളാണ്. ബാബയുടെ ജന്മസ്ഥലത്തും ആശ്രമത്തിലുമൊക്കെ പോയിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു. തലൈവര്‍ അപ്പോള്‍ എന്റെ തലയില്‍ കൊച്ചു കുട്ടികളെയെന്ന പോലെ തലോടി, അനുഗ്രഹിച്ച പോലെയാണ് എനിക്ക് തോന്നിയത്. ഏറ്റവും സന്തോഷമുളള നിമിഷമായിരുന്നു അത്. ആ സന്തോഷവും ത്രില്ലും ഇപ്പോഴുമുണ്ട്. 

പേട്ട ഒരു പാഠമാണ്, തലൈവര്‍ ഒരു സ്‌കൂളും

അഭിനയിച്ച ചിത്രങ്ങളിലൊന്ന് എന്നു മാത്രമല്ല, പേട്ട എനിക്ക് സ്കൂള്‍ കൂടിയായിരുന്നു. ചെയ്യുന്ന ജോലിയോട് എന്ത് തരത്തിലുള്ള സമീപനമാണ് വേണ്ടതെന്ന് രജനീസാര്‍, വിജയ് സേതുപതി തുടങ്ങിയവരുടെ രീതികള്‍ നമ്മളെ പഠിപ്പിക്കും. ജോലിയിലെ കൃത്യനിഷ്ഠ, അതിനോടുള്ള സമീപനം, ഭക്തി അതിലൊക്കെ അദ്ദേഹത്തെ കണ്ടു പഠിക്കണം. അദ്ദേഹത്തേക്കാളും എത്രയോ ജൂനിയറായ സംവിധായകനാണ് കാര്‍ത്തിക് സുബ്ബരാജ്, പ്രായംകൊണ്ടും അനുഭവപരിചയം കൊണ്ടും. എന്നിട്ടും സീന്‍ പറഞ്ഞുകൊടുക്കുമ്പോള്‍ അഭിനയം പഠിച്ചു തുടങ്ങുന്ന ഒരാളെ പോലെ നിന്നു കേള്‍ക്കും. സീന്‍ മുഴുവന്‍ കേട്ടതിനുശേഷം ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ എന്നാവും മറുപടി. നമ്മളൊക്കെ അഭിനയിക്കാന്‍ ശ്രമിച്ചാല്‍ പോലും അങ്ങനെ പ്രതികരിക്കാനാവില്ല. എത്രയൊക്കെ വിനയം അഭിനയിച്ചാലും രണ്ട് ദിവസം കഴിയുമ്പോള്‍ തനിസ്വരൂപം പുറത്തുവരും. അവിടെയാണ് രജനീ സാര്‍ ശരിക്കും തലൈവര്‍ ആവുന്നത്. 

പേട്ടയ്ക്ക് ആദ്യ അവാര്‍ഡ് അമ്മയുടെ വക

ചിത്രം ഇറങ്ങിയതിനു ശേഷം കുറേ നല്ല അഭിപ്രായങ്ങള്‍ കേട്ടിട്ടുണ്ട്.അതില്‍ ഏറ്റവും സന്തോഷം തോന്നിയത് അമ്മയുടെ കമന്റാണ്. ഞാനും അമ്മയും കൂടി ഒരുമിച്ച് പടംകണ്ടിരുന്നു. ചിത്രം കഴിഞ്ഞ ഉടന്‍ അമ്മയോട് ഞാന്‍ ചോദിച്ചു എങ്ങനെ ഉണ്ടായിരുന്നു പടമെന്ന്. ആദ്യം രജനിസാറിനെ കണ്ടപ്പോള്‍ എനിക്കുണ്ടായ അതേ മരവിപ്പായിരുന്നു അമ്മയ്ക്കപ്പോള്‍. നീ രജനീകാന്തിന്റെ അടുത്ത് നിൽക്കുന്നത് കണ്ടു. പിന്നെ എനിക്കൊന്നും ഓര്‍മ്മയില്ല. എന്റെ മോന്‍ തന്നെയാണോ ഇത് എന്നായിരുന്നു അമ്മയുടെ ചോദ്യം.! പിന്നെ എന്നെ തമിഴ് സിനിമയിലേക്ക് അവതരിപ്പിച്ച സംവിധായകന്‍ സുബ്രഹ്മണ്യന്‍ ശിവ വിളിച്ചു, പഠിപ്പിച്ച് വിട്ടത് നീ നന്നായി ചെയ്തിട്ടുണ്ട്, എനിക്ക് അഭിമാനം തോന്നുന്നു എന്നൊക്കെ പറഞ്ഞു. വലിയ സന്തോഷം തോന്നി അപ്പോഴൊക്കെ.

ആദ്യ ഷോ ഫാന്‍സുകാരുടെ കൂടെ

രജനീസാറിന്റെ കൂടെ ഒരു ചിത്രം ചെയ്യുന്നുവെന്ന് വാര്‍ത്ത പുറത്തുവന്നതു മുതല്‍ പാലക്കാട് നിന്നുള്ള വിഷ്ണു എന്നൊരു പയ്യന്‍ എന്നെ വിളിക്കാറുണ്ടായിരുന്നു. രജനീകാന്തിന്റെ കേരള ഫാന്‍സ് അസോസിയേഷന്റെ ഭാരവാഹിയോ മറ്റോ. ചിത്രം ഷൂട്ട് തുടങ്ങിയപ്പോഴും വിഷ്ണു എന്നും വിളിക്കും. തലൈവര്‍ക്ക് എങ്ങനെയുണ്ട്. വൈകിയാണോ ഷൂട്ട് നടക്കുന്നത്, തലൈവര്‍ക്ക് ക്ഷീണം ഉണ്ടോ എന്നൊക്കെ കുടുംബത്തിലെ ഒരാളെ പോലെ അന്വേഷിക്കും. തലൈവരോടുള്ള ആരാധകരുടെ ആ സ്‌നേഹം കണ്ട് അന്നു ഞാന്‍ തീരുമാനിച്ചതാണ് സിനിമ ഈ ഫാന്‍സുകാരുടെ കൂടെയേ കാണൂ എന്നത്. അങ്ങനെ റിലീസ് ദിവസം പാലക്കാട് സത്യന്‍ തിയ്യറ്ററില്‍ വെച്ചായിരുന്നു ഞാന്‍ ചിത്രം കണ്ടത്.  പേടിച്ചു പേടിച്ചാണ് പോയത്. പക്ഷേ, അസാധ്യമായിരുന്നു ചിത്രത്തിനുകിട്ടിയ പ്രതികരണം. എന്റെ മുഖം സ്‌ക്രീനില്‍ കണ്ടപ്പോള്‍ സ്വന്തം നാട്ടുകാരനെ കണ്ടപോലെ കയ്യടിയായിരുന്നു. ശരിക്കും പ്രേക്ഷകരുടെ പ്രതികരണം എന്താണെന്ന് ഞാന്‍ അന്ന് അനുഭവിച്ചറിയുകയായിരുന്നു.

ആരാധകര്‍ക്ക് തലൈവര്‍ എന്താണെന്ന് അന്നാണ് എനിക്ക് മനസ്സിലാവുന്നത്. വെളുപ്പിന് മൂന്നു മണിക്ക് നൂണ്‍ ഷോയ്ക്ക് വരുന്നതു പോലെയാണ്  കുട്ടികളും സ്ത്രീകളുമടക്കമുള്ളവര്‍ തിയ്യറ്ററില്‍ വന്നിരുന്ന് സിനിമ കാണുന്നത്. അത് ഞാനാദ്യമായി അന്ന് കണ്ടു. ആളുകള്‍ക്ക് തലൈവരോടുള്ള ആരാധന കണ്ട് അന്തംവിട്ടു എന്നുതന്നെ പറയാം. 

manikandan

സ്‌ക്രീനിലെ ഞാന്‍

സ്‌ക്രീനില്‍ എന്നെ കാണിച്ചപ്പോള്‍ ഇതാടാ നമ്മുടെ ബാലന്‍ ചേട്ടന്‍ എന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം. എന്നെപ്പോലെ  ഒരാളെ മലയാളികള്‍ സ്വന്തം കുടുംബത്തിലെ പോലെ ഏറ്റെടുത്തു എന്ന തോന്നലാണ് എനിക്കുണ്ടായത്. സത്യം പറഞ്ഞാല്‍ എന്റെ റോള്‍ എത്രയുണ്ടെന്നൊന്നും അറിയാതെയാണ് ഞാന്‍ ചിത്രം കാണാന്‍ പോയത്. എഡിറ്റ് കഴിഞ്ഞു വരുമ്പോള്‍ എന്തൊക്കെ പോയിട്ടുണ്ടാവുമൊന്നൊന്നും അറിയില്ല. എന്റെ ആക്ഷന് ആളുകള്‍ നല്ല റെസ്‌പോണ്‍സ് തരണേ എന്ന് പ്രാര്‍ഥിച്ചാണ് പോയത്. ഭാഗ്യത്തിന് എന്റെ ഡയലോഗുകള്‍ക്ക് എല്ലാം നല്ല റെസ്‌പോണ്‍സ് കിട്ടി. ക്ലൈമാക്‌സിനു തൊട്ടു മുന്‍പ് പറയുന്ന അടിപൊടി ഇന്ത ആള് മഹാനടികന്‍ സാറേ, കൊലമാസ് തുടങ്ങിയ ഡയലോഗുകള്‍ക്കൊക്കെ തമിഴ്‌നാട്ടില്‍ നല്ല പ്രതികരണം ലഭിക്കുന്നുണ്ടെന്ന് കാര്‍ത്തി സാര്‍ വിളിച്ചുപറഞ്ഞു.

തലൈവരെ തൊട്ട കയ്യില്‍ ഉമ്മ വയ്ക്കാന്‍ വന്ന ആരാധകന്‍

പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. കഴിഞ്ഞ ദിവസം ഒരാള്‍ എന്നെ അടുത്തേക്ക് വിളിച്ചു. സെല്‍ഫി എടുക്കാനാവുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അടുത്തേക്ക് പോയപ്പോള്‍ അയാള്‍ എന്നോട് 'ഒരു മിനുട്ട് , തലൈവരെ തൊട്ട കൈയ്യല്ലേ, ആ കൈയിലൊരു മുത്തം തരട്ടെ' എന്ന് ഗമ വിടാതെ ചോദിച്ചു. തലൈവരോട് നമുക്കും അത്രത്തോളം ആരാധന ഉണ്ടെന്നാണ് അതില്‍ നിന്നൊക്കെ എനിക്ക് മനസ്സിലായത്. പക്ഷെ മലയാളികള്‍ അതത്ര പ്രകടിപ്പിക്കില്ലെന്നു മാത്രം. തമിഴര്‍ക്ക് ആരാധന തോന്നുമ്പോള്‍ തോന്നിയതു പോലെ ചെയ്യും. അമ്പലം പണിയാനാണെങ്കില്‍ അങ്ങനെ, പാലഭിഷേകം നടത്താനാണെങ്കില്‍ അങ്ങനെ..

 

manikandan

കാര്‍ത്തിക് സുബ്ബരാജ് എന്ന കട്ട തലൈവര്‍ ഫാന്‍

ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്താണെന്നു വെച്ചാല്‍ പേട്ട സംവിധാനം ചെയ്ത കാര്‍ത്തിക് സാര്‍ തലൈവരുടെ കട്ട ഫാനാണ്. ഒരു ടിപ്പിക്കല്‍ രജനീകാന്ത് ഫാന്‍ കാണാന്‍ ആഗ്രഹിക്കുന്നതെന്താണോ അതാണ് ആ ചിത്രം. അതിന്റെ ഫസ്റ്റ് ഹാഫ് രജനീകാന്ത് മാസ്സ് ആണെങ്കില്‍ സെക്കന്റ് ഹാഫ് കാര്‍ത്തിക് ക്ലാസ്സ് ആണ്. 

ചിത്രത്തിലെ താരങ്ങളെ കാര്‍ത്തിക് ഏറ്റവും മാക്‌സിമം ഉപയോഗിച്ചു എന്നു വേണമെങ്കില്‍ പറയാം. സംവിധായകന് വേണ്ടത് എന്താണോ അത് നമ്മളെ കൊണ്ട് ചെയ്യിപ്പിച്ചെടുക്കും. കാണുമ്പോള്‍ നല്ല ഓമനത്തവും സ്‌നേഹവുമൊക്കെ തോന്നും. പക്ഷെ വര്‍ക്ക് തുടങ്ങിയാല്‍ പിന്നെ ആള്‍ ഭീകരനാണ്. ചിത്രത്തില്‍ ആളുടെ അച്ഛനും അഭിനയിക്കുന്നുണ്ട്. പക്ഷെ അച്ഛനൊക്കെ വീട്ടില്‍ എന്ന ലൈനാണ് പുള്ളിയുടേത്.

പുതിയ ചിത്രങ്ങള്‍

മാമാങ്കവും ഓട്ടവുമാണ് പുതിയ ചിത്രങ്ങള്‍. ഇറങ്ങുന്നതിന് മുന്‍പ് എനിക്ക് ബ്രേക്കിംഗ് തന്ന ചിത്രമാണ് മാമാങ്കം. മാമാങ്കത്തിന്റെ സെറ്റില്‍ എന്റെ പിറന്നാള്‍ ആഘോഷിച്ചിരുന്നു. അപ്പോള്‍ പകര്‍ത്തിയ ചിത്രം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തപ്പോഴാണ് എനിക്ക് പിന്നേയും അവസരങ്ങളുമായി ഫോണ്‍ കോളുകള്‍ വന്നുതുടങ്ങിയത്. മാമാങ്കത്തിന്റെ സെറ്റില്‍ നിന്നാണ് ഞാന്‍ നേരെ പേട്ടയുടെ സെറ്റിലേക്ക് പോയത്. പിന്നെ ഇപ്പോഴുള്ളതൊക്കെ തന്നത് കമ്മട്ടിപ്പാടവും ബാലന്‍ ചേട്ടനുമാണെന്ന് പറയാതെ വയ്യ. 

Content Highlight: Interview with Actor Manikandan, Petta Movie, Rajnikanth, karthik subbaraj