കുടുംബപ്രേക്ഷകര്‍ക്കും സിനിമാ ആസ്വാദകര്‍ക്കും അപരിചിതനല്ല ജയകൃഷ്ണന്‍. അമച്വര്‍ നാടകങ്ങളിലൂടെ തുടക്കം. ടെലിവിഷന്‍ അവതാരകനായി. സീരിയലുകളിലൂടെ സിനിമയിലെത്തി. ഇന്നും ഈ നിമിഷവും സിനിമയാണ് മനസിലുള്ളതെന്ന് പറയുകയാണ് ഈ കലാകാരന്‍. സിനിമയാണ് ജയകൃഷ്ണന്റെ ഏറ്റവും വലിയ സ്വപ്‌നം. സിനിമയില്‍നിന്ന് കിട്ടുന്നതെല്ലാം ഓരോ അനുഭവങ്ങളായി കാണുന്ന ജയകൃഷ്ണന്‍ മാതൃഭൂമി ഡോട്ട് കോമിനോട് മനസ് തുറക്കുന്നു. 

ശബ്ദം സിനിമയിലേക്ക് വഴി തെളിച്ചപ്പോള്‍

സിനിമയിലേക്ക് വരാന്‍ ശബ്ദം ഒരു കാരണമായിരുന്നിരിക്കണം. അതുകൊണ്ട് കൂടിയായിരിക്കാം കഥാപാത്രങ്ങള്‍ തേടിയെത്താന്‍ കാരണം. ഡോക്യുമെന്ററികള്‍ക്ക് ശബ്ദം കൊടുത്തിട്ടുണ്ട്. ചാനലുകളില്‍ പരിപാടികളുടെ അവതാരകനായിരുന്നു.

നാടകം, സീരിയല്‍

സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടകങ്ങള്‍ ചെയ്തിരുന്നു. നാട്ടിലെ ക്ലബിന്റെ പിന്തുണയോടെ ചെയ്ത തേവാരം എന്ന നാടകത്തിന് അന്ന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. ആ നാടകം കണ്ടിട്ടാണ് ആദ്യമായി സീരിയലിലേക്ക് വിളിക്കുന്നത്. പിന്നെ ഡിഗ്രിയൊക്കെ കഴിഞ്ഞിരിക്കുമ്പോഴാണ് സണ്ണി ജോസഫിന്റെ സീരിയല്‍ വരുന്നത്. പിന്നീട് സീരിയലില്‍ തിരക്കായി. 2009- ഓടുകൂടി സീരിയല്‍ അഭിനയം വിട്ടു. ഒരേസമയം മൂന്ന് പരമ്പരകള്‍ വരെ ചെയ്തിട്ടുണ്ട്. വളരെ കുറച്ച് സീരിയലുകള്‍ മാത്രം ചെയ്തയാളാണ് ഞാന്‍. പക്ഷേ ചെയ്തതൊക്കെ ഹിറ്റായി. 

അന്യഭാഷാ പരമ്പരകള്‍

ഒരേ സമയം തമിഴിലും മലയാളത്തിലും തെലുങ്കിലും പരമ്പരകള്‍ ചെയ്തിട്ടുണ്ട്. എനിക്ക് അന്ന് തമിഴും തെലുങ്കും അറിയില്ലായിരുന്നു. ഭാഷ അറിയില്ലെന്ന് സംവിധായകനോട് ആദ്യമേ തന്നെ പറയും. ഡയലോഗ് എഴുതി എടുക്കുകയുമില്ല. ഒരു അസോസിയേറ്റ് അല്ലെങ്കില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ വന്ന് എന്താണ് പറയാന്‍ പോകുന്ന ഡയലോഗിന്റെ അര്‍ത്ഥമെന്ന് കൃത്യമായി പറഞ്ഞു തരും. ഒരു പാട് തവണ പ്രോംപ്റ്റ് ചെയ്ത് തരും. ഒരു മൂന്നാഴ്ചയൊക്കെ ആവുമ്പോഴേക്കും നമ്മള്‍ സെറ്റാവും. തെലുങ്കിലാണെങ്കില്‍ മലയാളം സംസാരിക്കാനുള്ള അവസരമില്ല. ആ ഭാഷ തന്നെ സംസാരിക്കണം. അല്ലെങ്കില്‍ ഇംഗ്ലീഷ്. തമിഴും ഇതേ രീതിയില്‍ത്തന്നെയാണ് പഠിച്ചത്.

സീരിയലിലെ തിരക്ക്

സീരിയലുകളിലെ തിരക്ക് കാരണം അന്ന് മുഴുനീള വേഷങ്ങള്‍ ചെയ്യാന്‍ പറ്റിയിരുന്നില്ല. സിനിമയിലേക്ക് ആ സമയത്തും വിളിയുണ്ടായിരുന്നു. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ഒരു പരമ്പരയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. നാട്ടുരാജാവിലെ വേഷം അദ്ദേഹം തന്നതാണ്. സീരിയലിലെ തിരക്കുകാരണം സിനിമയില്‍നിന്ന് വിളിച്ചാല്‍ പോവാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. 

ബിഗ് സ്‌ക്രീനിലെ ഹൈ ക്ലാസ് വേഷങ്ങള്‍

സിനിമയില്‍ അവതരിപ്പിച്ചവയില്‍ മിക്കവാറും ഹൈ ക്ലാസ് വേഷങ്ങളാണ്. ശബ്ദവും രൂപവുമൊക്കെയായിരിക്കാം കാരണം. പക്ഷേ ഇപ്പോള്‍ മാറ്റിപ്പിടിക്കുന്നുണ്ട്. ദൈവാനുഗ്രഹം കൊണ്ട് പുതിയ കഥാപാത്രങ്ങള്‍ വരുന്നുണ്ട്. രാഷ്ട്രീയക്കാരനാണെങ്കിലും കുറച്ച് വ്യത്യസ്തമാണ് 'താത്വിക അവലോകന'ത്തിലെ വേഷം. ആ കഥാപാത്രം കണ്ട് ഒരുപാട് വിളിച്ചിരുന്നു. 

പലതലമുറ സംവിധായകര്‍ക്കൊപ്പം

മുന്‍കാലങ്ങളില്‍ പുതിയ കലാകാരന്‍ എന്ന നിലയിലാണ് അഭിനയിച്ചിരുന്നത്. ഇപ്പോള്‍ പുതിയതും പഴയ തലമുറയില്‍പ്പെട്ട ആളുകളുടെ കൂടെ ജോലി ചെയ്യാന്‍ അവസരം കിട്ടുന്ന സമയമാണ്. അതുകൊണ്ട് നമ്മുടെ നിര്‍ദേശങ്ങള്‍ പറയാനും ഇംപ്രൊവൈസ് ചെയ്യാനുമെല്ലാം സാധിക്കുന്നുണ്ട്. പണ്ടങ്ങനെ പറയാന്‍ അവസരമുണ്ടായിരുന്നോ എന്നെനിക്കറിയില്ല. ചെറിയ പേടിയും മടിയുമൊക്കെയുണ്ടായിരുന്നു. സീനിയര്‍ സംവിധായകരുടെ മുന്നില്‍ ഇരിക്കുക പോലുമില്ലായിരുന്നു. 

മുഖ്യമന്ത്രിയുമായി 15 വര്‍ഷത്തെ ബന്ധം

മുഖ്യമന്ത്രി പിണറായി സാറുമായി 15 വര്‍ഷത്തിലേറെയായി ബന്ധമുണ്ട്. ഞാനത് വളരെ സ്വകാര്യമായി സൂക്ഷിച്ചിരുന്നതാണ്. 'താത്വിക അവലോകന'ത്തിന്റെ സംവിധായകന്‍ അഖില്‍ മാരാറിന് ഈ ബന്ധത്തേക്കുറിച്ച് അറിയാമായിരുന്നു. സത്യപ്രതിജ്ഞയുടെ സമയത്ത് മുഖ്യമന്ത്രിയുടെ ക്ഷണമുണ്ടായിരുന്നു. 'താത്വിക അവലോകന'ത്തിന്റെ ഡബ്ബിങ് സമയമായിരുന്നു അത്. സത്യപ്രതിജ്ഞയ്ക്ക് പോയി വന്ന ശേഷം അതിന്റെ ഒരു ഫോട്ടോ ഞാന്‍ ഫെയ്‌സ്ബുക്കിലിട്ടിരുന്നു. അഖില്‍ മാരാര്‍ അത് ഷെയര്‍ ചെയ്തു. അങ്ങനെയാണ് ആ വിവരം പുറത്തായത്. എന്റെ ഒരു സ്വകാര്യ സന്തോഷവും അഭിമാനവുമൊക്കെയാണത്. 

കോവിഡ് എന്ന പ്രതിസന്ധി

സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി എന്നുപറയുന്നത് ഇപ്പോള്‍ നമ്മളെല്ലാവരും കടന്നുപോയിക്കൊണ്ടിരിക്കുന്ന കോവിഡ് ആണ്. പിന്നെ ഒമിക്രോണ്‍ വന്നു. അതിന്റെ ഒരു പേടി മനസിലുണ്ട്. ഒരുപാട് പേര്‍ കഥാപാത്രവുമായി വിളിക്കുന്നുണ്ട്. പക്ഷേ, പലതും മാറിപ്പോവുന്നുമുണ്ട്. മൂന്ന് സിനിമകളുടെ ചിത്രീകരണം നടക്കുന്നു. ഇനിയിപ്പോള്‍ നാളെ അല്ലെങ്കില്‍ അടുത്തമാസം എന്താവും എന്ന് പറയാന്‍ പറ്റാത്ത അവസ്ഥയാണ്.

കണ്ടാല്‍ സീരിയസാണ്, പക്ഷേ തമാശക്കാരന്‍

എന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ ഏറ്റവും നന്നായി തമാശ പറയുന്നയാളാണ് ഞാന്‍. പക്ഷേ ഇതുവരെ കിട്ടിയതെല്ലാം സീരിയസായ കഥാപാത്രങ്ങളാണ്. കാരണം എന്നെ കണ്ടുകഴിഞ്ഞാല്‍ ഒരു ഗൗരവക്കാരനാണെന്ന് തോന്നും. ഭയങ്കര ജാഡക്കാരനാണെന്ന് തോന്നുമെങ്കിലും പാവമാണെന്ന് അടുത്ത് പരിചയപ്പെട്ടപ്പോഴാണ് മനസിലായതെന്ന് പലരും പറഞ്ഞിട്ടുണ്ട്. കോട്ടയത്തെ കുഴിമറ്റം എന്ന കൊച്ചുഗ്രാമത്തില്‍നിന്ന് വളര്‍ന്നു വന്നയാളാണ് ഞാന്‍. അതിന്റേതായ കുറേ പ്രശ്‌നങ്ങളുണ്ട്. സീരിയസ് റോളുകള്‍ വിട്ടുമാറി കോമഡിയിലേക്ക് വരുന്നതിന്റെ ചെറിയൊരു തുടക്കമാണ് 'താത്വിക അവലോകന'ത്തിലെ വേഷം.

കൈനിറയെ ചിത്രങ്ങള്‍

അസ്ത്ര എന്ന പടമാണ് ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. ആസാദ് എന്ന പുതിയ സംവിധായകനാണ്. നായികാ പ്രാധാന്യമുള്ള കൊമേഴ്‌സ്യല്‍ സിനിമയാണ്. ഒരു ദാരുണമായ സംഭവത്തിന് ശേഷം നായികയുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റമാണ് കഥ. പിന്നെ എം. പദ്മകുമാറിന്റെ ഇന്ദ്രജിത്തും സുരാജും പ്രധാനവേഷങ്ങളിലഭിനയിക്കുന്ന 'പത്താം വളവ്', 'സി.ബി.ഐ 5' എന്നിവയും ഇറങ്ങാനിരിക്കുന്നു. 'പത്താം വളവി'ല്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ്. 'സി.ബി.ഐ 5'-ലെ കഥാപാത്രം സസ്‌പെന്‍സാണ്. ഇപ്പോള്‍ പുറത്തുവിടാന്‍ നിവൃത്തിയില്ല.

Content Highlights: interview with actor jayakrishnan, pathaam valavu movie, CBI 5