ബേണ്‍ മൈ ബോഡി എന്ന ഒറ്റ ചിത്രത്തിലൂടെ ആരും പറയാത്ത, എന്നാല്‍ സമൂഹത്തില്‍ നിരന്തരമായി നടന്നു കൊണ്ടിരിക്കുന്ന സാമൂഹിക പ്രശ്‌നം ചൂണ്ടിക്കാട്ടിയ അഭിനേതാവ് കൂടിയായ സംവിധായകനാണ് ആര്യന്‍ കൃഷ്ണന്‍ മേനോന്‍. ഹ്രസ്വചിത്രത്തിന്റെ ചെറിയ  ചട്ടക്കൂടില്‍ നിന്ന് പറഞ്ഞ വലിയൊരു വിഷയത്തെ സമൂഹം സ്വീകരിച്ചതു കൊണ്ടു തന്നെയാണ് ഇന്നും ഈ ചിത്രത്തിന് യൂട്യൂബില്‍ കാഴ്ചക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നത്.

ആര്യനെ സിനിമാലോകത്തേക്ക് കൈപിടിച്ച് കൊണ്ട് വന്നത് മമ്മൂട്ടിയായിരുന്നു. ക്ലബ് എഫ്.എമ്മിലെ  ജോലിയുടെ ഭാഗമായി മമ്മൂട്ടിയെ അഭിമുഖം നടത്തുന്നതിനിടെ ആര്യനോട് മമ്മൂട്ടി ഒരു ചോദ്യം  ചോദിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന്? സിനിമാരംഗത്തെ വെല്ലുന്ന ഈ സീനിന് ശേഷം ആര്യന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ടൂര്‍ണമെന്റെ്, പ്രണയം, ലില്ലി, ഇപ്പോഴിതാ കൂദാശയും.

തന്റെ ക്രിയാത്മകതയെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ ചെയ്യാന്‍ മാത്രമേ ആര്യന്‍ ആഗ്രഹിക്കുന്നുള്ളൂ. അതുകൊണ്ടു തന്നെ വലിച്ചു വാരി സിനിമ ചെയ്യുന്നതില്‍ നിന്നും വിട്ടു നില്‍ക്കാറാണ് പതിവ്.

സിനിമയിലെ അഭിനയത്തേക്കാളേറെ ആര്യന്റെ ഫെയ്‌സ്ബുക്ക് കുറിപ്പുകളെ സ്‌നേഹിക്കുന്നവരാണ് ഏറെ പേരും. തന്റെ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ യാതൊരു കൃത്രിമത്വവും കൂടാതെയാണ് ഫെയ്‌സ്ബുക്കില്‍ ആര്യന്‍ എഴുതുന്നത്. ഏറിയ പങ്കും തന്റെ വീട്ടിലെ പെണ്ണുങ്ങളെ പറ്റിയാണ്. ചുരുക്കിപ്പറഞ്ഞാല്‍ തന്റെ വീട്ടിലെ പെണ്ണുങ്ങളെ കുറിച്ചെഴുതുന്ന പെണ്ണെഴുത്തുക്കാരനെന്നും ആര്യനെ വിശേഷിപ്പിക്കാം. എഴുത്തിന്റെയും അഭിനയത്തിന്റെയും സംവിധാനത്തിന്റെയും വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കിടുകയാണ് ആര്യന്‍.

സിനിമയിലേക്കുള്ള വഴി തുറന്ന മമ്മൂട്ടി

അത് വലിയ കഥയാണ്. ക്ലബ് എഫ് എമ്മിലാണ് ആദ്യം ജോലി ചെയ്തത്. ജോലിയുടെ ഭാഗമായി മമ്മൂട്ടിയെ ഇന്റര്‍വ്യൂ ചെയ്യണമായിരുന്നു. ഇന്റര്‍വ്യൂ ചെയ്യുന്നതിനിടയില്‍ മമ്മൂക്ക എന്നോട് ചോദിച്ചു സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന്?. ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഇന്‍ര്‍വ്യുവിന്റെ ആവശ്യത്തിനായി ഞാന്‍ മമ്മൂട്ടിയെ കാണാന്‍ സെറ്റില്‍ പോയിരുന്നു. ആ സമയത്ത് ലാല്‍ സാര്‍ എന്നെ കാണുകയും അങ്ങനെ മമ്മൂട്ടി വഴി എന്നോട് ചോദിക്കുകയുമായിരുന്നു. അങ്ങനെയാണ് ടൂര്‍ണമെന്റിലേക്ക് എത്തുന്നത്.
ടൂര്‍ണമെന്റ് എന്ന സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അന്നത്തെ പ്രായത്തില്‍ ഞാന്‍ എന്ന നടനെ കുറേ എക്‌സൈറ്റ് ചെയ്യിപ്പിച്ച കഥാപാത്രമായിരുന്നു അത്. പിന്നീടാണ് പ്രണയം എന്ന സിനിമ ചെയ്യുന്നത്. എനിക്ക് ഒരുപാട് പേര് തന്ന സിനിമയായിരുന്നു പ്രണയം. ഇപ്പോഴും പലരും എന്നെ തിരിച്ചറിയുന്നത് പ്രണയം എന്ന സിനിമ വെച്ചാണ്. 

പിന്നീട് വന്ന ബ്രേക്ക്

പിന്നീട് സിനിമയൊക്കെ ഏറെകുറേ ഉപേക്ഷിച്ച് വിദേശത്ത് പോയി. വീട്ടില്‍ കുറച്ച് പ്രാരാബ്ധങ്ങള്‍ ഒക്കെ അന്ന് ഉണ്ടായിരുന്നു അനിയന്റെ പഠനം അങ്ങനെ കുറേ കാര്യങ്ങള്‍. ഞാന്‍ വീടിനെ സപ്പോര്‍ട്ട് ചെയ്യേണ്ടത് വളരെ ആവശ്യമായ സാഹചര്യമായിരുന്നു. അവിടെ കുറേ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലുകള്‍ ഒക്കെ വരുമായിരുന്നു. ദുബായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിനൊക്കെ വളണ്ടിയറായി പോവുമായിരുന്നു. വളരെ നല്ല എക്‌സ്‌പോഷറാണ് അവിടെ നിന്ന് ലഭിച്ചത്. അവിടെ വെച്ച് ഓസ്‌ക്കര്‍ നോമിനേഷനുള്ള സിനിമകള്‍ കാണാന്‍ അവസരം ലഭിച്ചിരുന്നു. സിനിമയെ വെല്ലുന്ന മേക്കിങ്ങായിരുന്നു അതിനൊക്കെയുണ്ടായിരുന്നത്. അങ്ങനെയാണ് എനിക്ക്  സംവിധാനത്തില്‍  ഹരം കയറുന്നത്. പിന്നെയും അവിടെ കുറച്ച് കാലം നില്‍ക്കേണ്ടി വന്നു.

മമ്മൂട്ടിയുടെ സെക്കന്റ് എന്‍ട്രി

അവിടെവച്ച് മമ്മൂട്ടിയെ വീണ്ടും കണ്ടുമുട്ടി. അന്ന് എന്നോട്  മമ്മൂക്ക ചോദിച്ചു ''നിന്നെ സിനിമയില്‍ കയറ്റിവിട്ടതല്ലേ പിന്നേ നീ എന്താ ഇവിടെയെന്ന്'' (ചിരിച്ചു കൊണ്ട്) ഞാന്‍ അപ്പോള്‍ എന്റെ വീട്ടിലെ അവസ്ഥയൊക്കെ പറഞ്ഞു. അപ്പോള്‍ മമ്മൂക്ക പറഞ്ഞു പ്രാരാബ്ധമൊക്കെ എല്ലാവര്‍ക്കും കാണും. അതിന്റെ പേരില്‍ സ്വപ്‌നങ്ങള്‍ വിട്ടുകളയാന്‍ പാടില്ലെന്ന്. പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല. അവിടെത്തെ ജോലി രാജിവച്ച് നാട്ടിലേക്ക് തിരിച്ചുവന്നു.

ബേണ്‍ മൈ ബോഡി

ശരിക്കും ബേണ്‍ മൈ ബോഡിയുടെ സ്‌റ്റോറിയായിരുന്നില്ല ആദ്യം ഞാന്‍ ചെയ്യാനിരുന്ന പ്രോജക്റ്റ്. പക്ഷേ ഒരു ദിവസം എന്റെ എഫ് ബിയിലെ  ഒരു സുഹ്യത്ത് രാത്രി വളരെയധികം പേടിച്ച് കൊണ്ട് ഈ വിഷയത്തെ കുറിച്ച് വിളിച്ച് സംസാരിച്ചു. അങ്ങനെയായിരുന്നു ആരും അഡ്രസ്സ് ചെയ്യാത്ത നമ്മുടെ നാട്ടില്‍ വളരെയധികം നോര്‍മലൈസ് ചെയ്ത് കാണുന്ന ഈ നെക്രോഫീലിയയെ പറ്റി തന്നെ ഷോര്‍ട്ട് ഫിലിം ചെയ്യാം എന്ന് വിചാരിച്ചത്. എന്തായാലും ഒരു ഡോക്യുഫിക്ഷന്‍ ചെയ്യാന്‍ തന്നെയായിരുന്നു ഞാന്‍ പ്ലാന്‍ ചെയ്തിരുന്നത്.

വളരെയധികം ഭീകരമായ വിഷയമാണിത്. സ്ത്രീകളുടെ മൃതദേഹത്തെ മോശമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ജീവനുള്ള സ്ത്രീകളുടെ കണ്ണില്‍ നോക്കി ഇവര്‍ക്ക് സംസാരിക്കാന്‍ സാധിച്ചെന്നു വരില്ല. ഈ വിഷയത്തെ പറ്റി പല സൈക്കോളജിക്കല്‍ പുസ്തകങ്ങളിലും വിവരിച്ചിട്ടുണ്ട്.

സിനിമയ്ക്ക് വേണ്ടി ഗവേഷണം നടത്തിയപ്പോള്‍ ഇത് നമ്മുടെ നാട്ടില്‍ വളരെയധികം നടക്കുന്നുണ്ട് എന്ന മനസ്സിലാക്കാന്‍ സാധിച്ചു. പലരും ആ സമയത്ത് എന്നോട് പറഞ്ഞത് ഞാന്‍ ദുബായിലൊക്കെ ആയതു കൊണ്ടാണ് എനിക്ക് ഇത് വലിയ കാര്യമായി തോന്നുന്നതെന്നാണ്.
 
അന്വേഷിച്ച് കണ്ടെത്തിയ പല കാര്യങ്ങളും സിനിമയില്‍ ഉപയോഗിക്കാന്‍ പറ്റില്ല അത്രയ്ക്കും മോശം അവസ്ഥയാണ്. കേരളത്തിലെ പല മോര്‍ച്ചറികളിലും ഇത്തരം കാര്യങ്ങള്‍ നടക്കാറുണെന്ന് അറിയാന്‍ സാധിച്ചു. വളരെയധികം ഭയന്നിട്ടാണ് ഞാന്‍ ഇതിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. കാരണം ആളുകള്‍ എങ്ങനെ ഇതിനെ സ്വീകരിക്കും എന്നതിനെ പറ്റി യാതൊരു പിടിയും ഉണ്ടായിരുന്നില്ല. പക്ഷേ സിനിമ ഇറങ്ങിയപ്പോള്‍ വളരെയധികം പോസിറ്റീവ് റെസ്‌പോണ്‍സാണ് ലഭിച്ചത്. എല്ലാ മീഡിയയിലും ഇതിനെപ്പറ്റി വാര്‍ത്തകള്‍ വന്നു. എം.ബി.ബി.എസ്സിന്റെ പുസ്തകത്തില്‍ നെക്ക്രോഫീലിയ എന്ന രോഗത്തെ പറ്റി പറയുമ്പോള്‍ ഈ സിനിമ റെഫറന്‍സായി കൊടുത്തിട്ടുണ്ട്. പല മോര്‍ച്ചറികളും സിസിടിവി വെച്ചു. അത്തരത്തില്‍ കുറേ നേട്ടങ്ങള്‍ ഈ സിനിമയെ കൊണ്ട് ഉണ്ടായി.

ലില്ലി

തിയ്യറ്റര്‍ സാധ്യത കുറവായിരിക്കും എന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്ന സിനിമയായിരുന്നു ലില്ലി. കാരണം ഇതൊരു എക്‌സ്പിരിമെന്റല്‍ മൂവിയാണ്. ഇതില്‍ ഒരു എന്റര്‍ടെയിന്‍മെന്റ് വാല്യു എന്നതിനപ്പുറം ശക്തമായ കഥയാണ് പറയുന്നത്. ഒരു നല്ല അറ്റംപ്റ്റാണ് ലില്ലി.

ഒരു അസാധാരണമായ സാഹചര്യത്തില്‍ ഒരു സാധാരണക്കാരിയായ സ്ത്രീ എത്തിപ്പെടുന്നു. അതില്‍ നിന്ന് അസാധാരണമായ ശക്തിയെടുത്ത് അവള്‍ രക്ഷപ്പെടുന്നതാണ് സിനിമ. തന്റെ കുഞ്ഞിനെ രക്ഷിക്കാന്‍ അവള്‍ എടുക്കുന്ന പ്രതിരോധമാണ് ഈ സിനിമ പറയുന്നത്. വളരെയധികം ചലഞ്ചിങ്ങ് ക്യാരക്ടറായിരുന്നു എനിക്ക് അതില്‍. ഞാന്‍ ആ സമയത്ത് അഭിനയിക്കാനുള്ള മൂഡില്‍ അല്ലായിരുന്നു. പക്ഷേ ഈ സ്‌ക്രിപ്റ്റ് വിട്ടുകളയാന്‍ തോന്നിയില്ല.

കൂദാശ

വീണ്ടും എഴുത്തില്‍ ശ്രദ്ധിക്കുമ്പോഴാണ് കൂദാശയുടെ ഓഫര്‍ വരുന്നത്. ഒരു കാലത്ത് സിനിമയില്‍ അഭിനയിക്കാനായി ഒരുപാട് നടന്നതാണ്. അന്നൊന്നും ആരും വിളിച്ചില്ല (ചിരിച്ചു കൊണ്ട്) അതൊക്കെ അങ്ങനെ തന്നെയാണ് സമയം വരുമ്പോള്‍ ഒക്കെ താനെ വരും. ഇതിന്റെ സംവിധായകന്‍ ഡിനു എന്റെ കോളേജില്‍ ഒപ്പം പഠിച്ചതാണ്. അന്നൊന്നും ഞങ്ങള്‍ പരസ്പരം മിണ്ടില്ലായിരുന്നു  കോളേജിലെ ആര്‍ട്ട് ഫെസ്റ്റിവലില്‍ അവരുടെ ഹൗസും ഞങ്ങളുടെ ഹൗസും കടുത്ത മത്സരത്തിലായിരുന്നു. 
ഇത് ആര്യന്‍ തന്നെ ചെയ്യണമെന്ന് ഡിനു പറഞ്ഞു. വളരെ നല്ല തിരക്കഥയാണ് കൂദാശ എന്ന സിനിമയുടെ ശക്തി.

വീട്ടിലെ പെണ്ണുങ്ങള്‍

ഞാന്‍ വീടുമായി വളരെയധികം അറ്റാച്ച്ഡാണ്. വിവാഹത്തിനുശേഷം ഞഒരുപാട് മാറിയിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. എന്റെ വീട്ടിലെ പെണ്ണുങ്ങള്‍, അതായത് അമ്മ, ഭാര്യ, അമ്മൂമ്മ, എന്റെ മക്കള്‍ ഇവരെല്ലാം ഞാനെന്ന വ്യക്തിയെ ഒരുപാട് മാറ്റിയിട്ടുണ്ട്. സ്ത്രികളുമായുള്ള ഇടപെടലുകള്‍ ഞാനെന്ന മനുഷ്യന് ഒരുപാട് ശക്തി നല്‍കിയിട്ടുണ്ട്. എല്ലാ സ്ത്രീകളും പൊരുതിക്കൊണ്ടിരിക്കുന്നവരാണ്. എന്ന് വെച്ച് ആണുങ്ങള്‍ ഫൈറ്റ് ചെയ്യുന്നില്ല എന്നല്ല ഞാന്‍ പറയുന്നത്. ആണുങ്ങള്‍ ചെയ്യുന്നത് ലോകം ശ്രദ്ധിക്കും എന്നാല്‍ ഈ സ്ത്രീകള്‍ ആരേയും അറിയിക്കാതെ ഓരോ നിമിഷവും പൊരുതുന്നവരാണ്. ശരിക്കും അതൊക്കെ മനസ്സിലാക്കിത്തന്നത് ഇവരാണ്. എന്റെ ഭാര്യ സൗമ്യ എന്നെ വളരെയധികം സ്വാധീനിച്ചുണ്ട്. ഞാന്‍ എഴുതുന്ന കഥയിലെ സ്ത്രീകള്‍ ശക്തരാണ്. അത് ഞാന്‍ വേണമെന്ന് വെച്ച് ചെയ്യുന്ന കാര്യമല്ല. കാരണം ഞാന്‍ ജീവിക്കുന്നത് ഒരു കൂട്ടം ശക്തരായ സ്ത്രീകളുടെ ഒപ്പമാണ്.

സിനിമ, എഴുത്ത്

ഞാന്‍ വളരെയധികം ആസ്വദിച്ച് ചെയ്ത് ചെയ്യുന്ന ജോലിയാണ് എഴുത്ത്. ഞാനിപ്പോള്‍ ഒരു ഫീച്ചര്‍ സിനിമയ്ക്കു വേണ്ടിയുള്ള എഴുത്തിലാണ്. മിക്കവാറും അത് അടുത്ത വര്‍ഷം തന്നെയുണ്ടാവും. 96 കാലഘട്ടത്തില്‍ നടക്കുന്ന ശക്തമായ പ്രണയകഥയാണ് ഇതിവൃത്തം.

ഞാന്‍ ഒരു സ്റ്റാര്‍ മെറ്റീരിയല്‍ അല്ല

നല്ല അഭിനയ സാധ്യതയുള്ള കഥാപാത്രമാണ് എന്നെ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്നത്. നവാസുദ്ദിന്‍ സിദ്ദിഖിയെ പോലെ  സിനിമയുടെ കഥയെ തന്നെ നിയന്ത്രിക്കുന്ന ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റാവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നായകന്‍ എന്നതിലുപരി ആ കഥാപാത്രത്തിന്റെ അഭിനയസാധ്യതയ്ക്കാണ് ഞാന്‍ മുന്‍ഗണന കൊടുക്കുന്നത്.

ഫെയ്‌സ്ബുക്ക് എഴുത്ത്

എന്റെ മകള്‍ പീലി ജനിച്ചതിനു ശേഷമാണ് ഞാന്‍ ഫെയ്‌സ്ബുക്ക് എഴുത്ത് സജീവമായത്. പീലി ജനിച്ച വിവരം ഫെയ്‌സ്ബുക്കില്‍ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. അന്ന് എനിക്ക് ആദ്യം വന്ന കമന്റ് ''സാരമില്ല അടുത്തത് ആണ്‍കുട്ടിയാവും'' എന്നായിരുന്നു. ഞാന്‍ ശരിക്കും ഞെട്ടിപ്പോയി കാരണം പീലി ജനിച്ചതിന്റെ സന്തോഷത്തിലായിരുന്നു. ഞങ്ങളുടേത് ആണുങ്ങളുടെ വീടായിരുന്നു. അതിന്റെ ഇടയിലേക്ക് ഒരു പെണ്‍കുട്ടി ജനിച്ചപ്പോള്‍ ഞങ്ങള്‍ കുടുംബം മുഴുവന്‍ അത്രയ്ക്കും സന്തോഷിച്ച് ഇരിക്കുകയായിരുന്നു. പെണ്‍കുട്ടിയാണെന്ന് അറിഞ്ഞ് എന്റെ അച്ഛന്‍ ആശുപത്രിയില്‍ ലഡു വിതരണം വരെ നടത്തിയിരുന്നു.
പക്ഷേ ഈ കമന്റ് കണ്ട ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. സമൂഹത്തിന്റെ ഈ മനോഭാവം മാറ്റണമെന്ന് എനിക്ക് തോന്നി.അങ്ങനെ ഞാന്‍ എന്റെ വീട്ടിലെ പെണ്ണുങ്ങളെ പറ്റി എഴുതാന്‍ തുടങ്ങി. ഞാന്‍ ഒന്നും കുക്ക് ചെയ്യാറില്ല എല്ലാ സംഭവവും എന്റെ കണ്‍മുന്നില്‍ കണ്ടതാണ് ഞാന്‍ എഴുതുന്നത്. അതിന് വളരെയധികം സ്വീകാര്യത ലഭിച്ചു.
ഒരുപാട് പേര്‍ക്ക് പെണ്‍കുട്ടികള്‍ മതി എന്ന് ചിന്തിപ്പിക്കാന്‍ എന്റെ ഫെയ്‌സ്ബുക്ക് എഴുത്തിന്  സാധിച്ചു. പലരും സ്വന്തം കുട്ടികള്‍ക്ക് പീലി എന്ന പേരിടാന്‍ തുടങ്ങി. ശരിക്കും പീലിയെ വെച്ച് ഞാന്‍ നടത്തിയ സമരമാണ് എന്റെ ഫെയ്‌സ്ബുക്ക് എഴുത്ത്. പെണ്‍കുട്ടികള്‍ ജനിച്ചാല്‍ വിഷമിക്കേണ്ടതില്ലെന്ന് കുറച്ച് പേര്‍ക്കെങ്കിലും മനസ്സിലാക്കിക്കൊടുക്കാന്‍ എനിക്ക് സാധിച്ചു.

Content Highlights: Interview with aaryan krishnan menon, lily malyalam movie, koodasa malyalam movie, pranayam malayalam movie