ചിലർ അങ്ങനെയാണ്. ഒന്നിലും അധികം കൈ വെയ്ക്കില്ല. പക്ഷെ തൊട്ടത് മനോഹരമാക്കും. ചലച്ചിത്ര പിന്നണി ഗായിക അമ്പിളിയെ വേണമെങ്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. ഇന്നത്തെ തട്ടുപൊളിപ്പന്‍ സിനിമാപ്പാട്ടുകള്‍ക്കിടയിലും അമ്പിളിയെപ്പോലുളള ഗായികമാര്‍ നിത്യവസന്തമായി തെളിഞ്ഞു നില്‍ക്കുന്നത് ഒരു കാലത്ത് അവര്‍ പാടിയ ചില മനോഹര ഗാനങ്ങള്‍ കൊണ്ടാണ്. 'തേടി വരും കണ്ണുകളില്‍ ഓടിയെത്തും സ്വാമി..' എന്ന 'സ്വാമി അയ്യപ്പന്‍' എന്ന ചിത്രത്തിലെ ഗാനം മതി അമ്പിളിയെപ്പോലുളള ഒരു ഗായികയെ എന്നും അടയാളപ്പെടുത്താനും ഓര്‍മക്കാനും.  

നിരവധി സിനിമകളില്‍ പാടിയിട്ടും എന്തു കൊണ്ടാണ് ഒരിടവേള വന്നത്? 

1970 മുതല്‍ 80 വരെ ഗായിക എന്ന നിലയില്‍ എന്റെ സുവര്‍ണ്ണ കാലമായിരുന്നു. നിരവധി സിനിമകളില്‍ നിരവധി പ്രശസ്ത സംഗീത സംവിധായകര്‍ക്ക് കീഴില്‍ ഞാന്‍ പാടി. 1980 ല്‍ വിവാഹത്തിനു ശേഷമാണ് ഇടവേള വന്നത്. സംഗീതത്തെപ്പോലെത്തന്നെ കുടുംബവും പ്രധാനമാണെനിക്ക്. മക്കള്‍ക്കു വേണ്ടി ഗാനരംഗത്തുനിന്ന് കുറച്ചു കാലം മാറി നില്‍ക്കേണ്ടി വന്നു. അവര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങിയതിനു ശേഷമാണ് വീണ്ടും പിന്നണി ഗാനരംഗത്ത് സജീവമായത്. 

സിനിമയെ സംബന്ധിച്ച് ഇടവേള എന്നത് ഒരു പരീക്ഷണമല്ലെ?

ശരിയാണ്. അത് ഞാന്‍ തിരിച്ചറിയാന്‍ വൈകി. സിനിമ അങ്ങനെയാണ്. പെട്ടെന്നു തിളങ്ങും. പെട്ടെന്ന് അണയും. സിനിമയില്‍ അവസരം കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്നും ഞാന്‍ അണഞ്ഞിട്ടില്ല. സംഗീതം തന്നെയാണ് ഇപ്പോഴും ജീവിതം. 2000 ത്തിനു ശേഷം തിരിച്ചു വന്നപ്പോള്‍ ആദ്യം പാടിയത് കുഞ്ചാക്കോ ബോബന്‍ നായകനായ 'നക്ഷത്രത്താരാട്ട് 'എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു. പിന്നീട് അധികം സിനിമകളില്‍ പാടിയിട്ടില്ല. അടുത്തിടെ തൃശൂരുകാരന്‍ എന്ന മലയാള ചിത്രത്തിനും മൂന്നു തമിഴ് ചിത്രത്തിനും വേണ്ടി പാടാന്‍ സാധിച്ചു.

Ambili

അവസരങ്ങള്‍ക്ക് സ്വയം ശ്രമിക്കാതിരുന്നതാണോ?

ദക്ഷിണാമൂര്‍ത്തി സ്വാമികളില്‍ നിന്നുമാണ് ഞാന്‍ സംഗീതം പഠിച്ചത്. അദ്ദേഹമാണ് എന്നെ സിനിമയില്‍ പാടിച്ചതും. മഹാനായ പ്രതിഭയുടെ ചുവടു പിടിച്ചു വന്നതിനാല്‍ എനിക്ക് ആരുടെയും മുന്നിലും അവസരം തേടി പോകേണ്ടി വന്നിട്ടില്ല. എന്റെ കഴിവും ശബ്ദവും ഇഷ്ടപ്പെടുന്ന സംഗീത സംവിധായകര്‍ വിളിച്ചു പാട്ടു തരികയായിരുന്നു. അതുകൊണ്ടു തന്നെ എനിക്കു വേണ്ടി ശിപാര്‍ശ ചെയ്യാന്‍ ആരുടെയും ആവശ്യം വേണ്ടി വന്നിരുന്നില്ല. സ്വയം കഴിവുകള്‍ പുകഴ്ത്തി ആരെയും സമീപിക്കാന്‍ ഞാന്‍ ശീലിച്ചിട്ടുമില്ല. അതുകൊണ്ടാണ് സിനിമ സംഗീത രംഗത്ത് ഞാന്‍ പതുക്കെ മങ്ങിത്തുടങ്ങിയത്.

ഇന്നിപ്പോള്‍ നഷ്ടബോധം തോന്നുന്നുണ്ടോ?

ഒരാള്‍ക്ക് അവരവരുടേതായ ചില സ്വഭാവ സവിശേഷതകളുണ്ടാകും. ഞാന്‍ അവസരം തേടി നടന്നിരുന്നെങ്കില്‍ ഇതായിരിക്കില്ല ഒരു പക്ഷെ എന്റെ അവസ്ഥ. സിനിമയില്‍ കൂടുതല്‍ പാടാന്‍ പറ്റാത്തതില്‍ നഷ്ടബോധമുണ്ട് എന്നത് സത്യമാണ്. പക്ഷെ ആരുടെ മുന്നിലും കെഞ്ചി നില്‍ക്കേണ്ടി വന്നില്ലല്ലോ എന്നാലോചിക്കുമ്പോള്‍ അഭിമാനവും തോന്നുന്നുണ്ട്. എന്നിരുന്നാലും ഞാന്‍ ഗാനമേളകളില്‍ ഇന്നും സജീവമാണ്. നിരവധി ആല്‍ബങ്ങള്‍ ചെയ്തു. ഇതിലെക്കെ പാടുന്നുമുണ്ട്. ഇനിയും സിനിമയില്‍ പാടാന്‍ അവസരം കാത്ത് പ്രതീക്ഷയോടെത്തന്നെയാണ് ഞാന്‍ കാത്തിരിക്കുന്നതും.

'മായമ്പ്' എന്ന ഗാനമേള ട്രൂപ്പ് നടത്തുന്നുണ്ടല്ലോ. ഇത് നന്നായി മുന്നോട്ടു കൊണ്ടു പോകാനാകുന്നുണ്ടോ?

മായമ്പ് ഗോള്‍ഡന്‍ മെലഡീസ് എന്നാണ് ട്രൂപ്പിന്റെ പേര്. എന്റെ സുഹൃത്ത് മായയുമായി ചേര്‍ന്നുളള സംരംഭമാണിത്. മായ കലാസ്‌നേഹിയാണ്. അതിലുപരി എനിക്കു വേണ്ടി മായ ഉണ്ടാക്കിയ ട്രൂപ്പു കൂടിയാണിത്. 2009 ലാണ് തുടങ്ങിയത്. സൂര്യ കൃഷ്ണമൂര്‍ത്തി ഈ സംരഭത്തിന് ഒട്ടേറെ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലും ഇതിനകം 600 ഓളം ഗാനമേളകള്‍ നടത്തിയിട്ടുണ്ട്.

തേടി വരും കണ്ണുകളില്‍... അല്ലെ അമ്പിളിയെന്ന ഗായികയ്ക്ക് ചിരിപ്രതിഷ്ഠ നേടിത്തന്നത്?

1976 ലാണ് സ്വാമി അയ്യപ്പന്‍ എന്ന ചിത്രത്തില്‍ ഈ പാട്ടു പാടാനുളള ഭാഗ്യമുണ്ടായത്. വയലാര്‍ ദേവരാജന്‍ ടിമിന്റെ അതിമനോഹരമായ ഗാനമായിരുന്നു ഇത്. 40 വര്‍ഷം പിന്നിട്ടിട്ടും ഈ ഗാനത്തിലൂടെ മലയാളികള്‍ എന്നെ ഓര്‍ക്കുന്നതിലും ബഹുമാനിക്കുന്നതിലും അതിയായ സന്തോഷമുണ്ട്. ഒരു പക്ഷെ അധികം ആര്‍ക്കും ലഭിക്കാത്ത ഭാഗ്യമായി ഞാനിതിനെ കാണുന്നു. 'വീണ്ടുംപ്രഭാതം' എന്ന ചിത്രത്തിനു വേണ്ടി പാടിയ 'ഊഞ്ഞാലാ ഊഞ്ഞാലാ..' എന്ന ഗാനവും ബാലു മഹേന്ദ്രയുടെ 'യാത്ര'യിലെ 'തന്നന്നം താനന്നം..' എന്ന ഗാനവും ഇന്നും ഓര്‍ക്കപ്പെടുന്നുണ്ട്. ഇത്രയും ചുരുങ്ങിയ പാട്ടുകള്‍ കൊണ്ട് നാലു പതിറ്റാണ്ടു കാലമായി ജനങ്ങളുടെ മനസില്‍ മായാതെ നില്‍ക്കാന്‍ സാധിച്ചത് വലിയ കാര്യം തന്നെയാണ്.

1970 ല്‍ പിന്നണിഗാനരംഗത്തെത്തിയപ്പോള്‍ കൂടുതലും കുട്ടികളുടെ ശബ്ദത്തിലാണല്ലോ പാടിയിരുന്നത്?

അക്കാലത്ത് കുട്ടികള്‍ക്ക് പ്രാധാന്യമുളള ചിത്രങ്ങള്‍ നിരവധിയായിരുന്നു. കുട്ടികള്‍ക്കു വേണ്ടി കുട്ടികള്‍ പാടുന്നതും അപൂര്‍വ്വമായിരുന്നു. എന്റ ശബ്ദത്തിന് കുട്ടികളുടെ ശബ്ദസാമ്യമുളളതു കൊണ്ടായിരിക്കാം കൂടുതലായി ഇത്തരം ഗാനങ്ങളാലപിക്കാന്‍ അവസരം ലഭിച്ചത്. ബേബി സുമതിക്കും ശ്രീദേവിക്കും ശോഭയ്ക്കുമൊക്കെ വേണ്ടിയായിരുന്നു കൂടുതല്‍ പാട്ടുകള്‍ പാടിയത്. 1975 വരെ ഇത് തുടര്‍ന്നു. പിന്നീട് പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത 'ഒഴുക്കിനെതിരെ' എന്ന ചിത്രത്തില്‍ ജയഭാരതിയുടെ കഥാപാത്രത്തിനു വേണ്ടിയാണ് ആദ്യമായി നായികയ്ക്കു വേണ്ടി പാടുന്നത്. 'ഗുരുവായൂരപ്പാ അഭയം നീയേ..' എന്ന ഗാനമായിരുന്നു അത്. പിന്നടങ്ങോട്ട് നിരവധി ഗാനങ്ങള്‍ പാടാന്‍ അവസരമുണ്ടായി. 200 ഓളം സിനമകളില്‍ പാടാനായി. ഇതുള്‍പ്പെടെ കാസെറ്റുകള്‍ക്കും ആല്‍ബങ്ങള്‍ക്കുമൊക്കെയായി ഇതു വരെ മൂവായിരത്തോളം പാട്ടുകള്‍ ഞാന്‍ പാടിയിട്ടുണ്ട്.

പഴയ ഗാകര്‍ക്ക് പുതിയ തലമുറ അര്‍ഹിക്കുന്ന സ്‌നേഹവും ബഹുമാനവും തരുന്നുണ്ടോ?

എല്ലാവരെയും ഇതില്‍ കുറ്റപ്പെടുത്താനാവില്ല. പക്ഷെ പലയിടത്തു നിന്നും വേണ്ടത്ര ബഹുമാനം ലഭിക്കുന്നില്ല എന്നു പറയുന്നതില്‍ വിഷമമുണ്ട്. എം.കെ. അര്‍ജുനന്‍ മാഷുടെ സംഗീത സംവിധാനത്തിന്‍ കീഴില്‍ 60 ചിത്രങ്ങള്‍ക്ക് വേണ്ടി ഞാന്‍ പാടിയിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ ആദരിക്കാന്‍ കേരളത്തില്‍ സംഘടിപ്പിച്ച വിപുലമായ പരിപാടിയില്‍ എന്നെ അവര്‍ ക്ഷണിച്ചില്ല. എനിക്കു ശേഷം വന്ന, അര്‍ജുനന്‍ മാഷക്കു വേണ്ടി പാടാത്ത പലരും ഇതിലുണ്ടായിരുന്നു എന്നറിഞ്ഞപ്പോള്‍ സങ്കടം തോന്നി. അര്‍ജുനന്‍ മാഷെപ്പറ്റിയെടുത്ത ഡോക്യുമെന്റി ചിത്രത്തിലും ഞാന്‍ തഴയപ്പെട്ടു. ഇതൊക്കെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. അതാണ് ഞാന്‍ പറഞ്ഞത്, പഴയ പാട്ടുകാര്‍ക്ക് പലപ്പോഴും വില കല്‍പ്പിക്കുന്നില്ല എന്ന്. പക്ഷെ, തമിഴില്‍ ഇതല്ല സ്ഥിതി. പഴമക്കാരെ അവര്‍ എന്നും ബഹുമാനിക്കും. ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍, ബാബുരാജ്, സലില്‍ ചൗധരി, ഇളയരാജ്, എ.ടി. ഉമ്മര്‍, കെ.ജെ. ജോയ്, കെ. രാഘവന്‍, ശ്യാം, രവിന്ദ്രന്‍ തുടങ്ങി നിരവധി സംഗീത സംവിധിയകരുടെ കൂടെ ഞാന്‍ പാടിയിട്ടുണ്ട്.

Ambili

ചാനലുകളില്‍ നിറയുന്ന സംഗീത റിയാലിറ്റി ഷോകളെക്കുറിച്ച് എന്താണ് അഭിപ്രായം?

ഗന്ധര്‍വ സംഗീതത്തിലും പട്ടുറുമാലിലും കുറച്ചു കാലം ഞാന്‍ വിധികര്‍ത്താവായിരുന്നു. ഈ പരിപാടിയെ ഞാന്‍ കുറ്റം പറയില്ല. കുട്ടികളെ സംബന്ധിച്ചിടത്തോളം നല്ല പ്‌ളാറ്റ്‌ഫോമാണിത്. പക്ഷെ, ഇതിലെ മത്‌സരത്തില്‍ രക്ഷിതാക്കളാവരുത് താരങ്ങള്‍. തങ്ങളുടെ മക്കളുടെ ഭാഗത്തുളള പോരായ്മകള്‍ തിരിച്ചറിയാന്‍ രക്ഷിതാക്കള്‍ തയ്യാറാകണം. കുട്ടികളെ കൂടുതല്‍ പ്രാക്ടീസ് ചെയ്യാന്‍ പ്രേരിപ്പിക്കണം. അല്ലാതെ ഇതിനെ വീറും വാശിയുമേറിയ ശത്രുത നിറഞ്ഞ പോരാട്ടമായി കാണരുത്. റിയാലിറ്റി ഷോ അല്ല ഒരു പ്രതിഭയുടെ ഭാഗധേയം നിര്‍ണയിക്കുന്നത്. 

അമ്പിളിയില്‍ നിന്നും ഇനിയും മലയാളികള്‍ നല്ല ഗാനങ്ങള്‍ പ്രതീക്ഷിക്കുന്നു. 

മലയാളികള്‍ക്ക് വേണ്ടി ഇനിയും പാടണം എന്നാണ് എന്റെയും ആഗ്രഹം. സിനിമയില്‍ കൂടുതല്‍ പാട്ടുകള്‍ പാടാന്‍ അതിയായി ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. സംഗീത സംവിധായകര്‍ നല്ല അവസരങ്ങള്‍ നല്‍കുമെന്നു തന്നെയാണ് പ്രതീക്ഷ.