കുട്ടിക്കാലം മുതല്‍ സിനിമയും സിനിമാക്കാരും ജോജുവിന്റെ ഹരമായിരുന്നു. സിനിമകളിലെ ആള്‍ക്കൂട്ടത്തില്‍ ഒരാളായായിരുന്നു വെള്ളിത്തിരയിലേക്കുള്ള തുടക്കം. പിന്നീട് ആ യാത്ര ഏതെങ്കിലും സീനുകളില്‍ രണ്ട് ഡയലോഗ് പറയുന്ന ചെറിയ നടനായി വളര്‍ന്നു. ജോജുവിന്റെ സിനിമാമോഹത്തിന് വീട്ടുകാരുടെയും കൂട്ടുകാരുടെയും ക്ഷമ കരുത്തായി.

പിന്നില്‍നിന്ന് കടന്നുവന്നവരില്‍ പലരും മുന്നോട്ടു കുതിച്ചപ്പോഴും അയാള്‍ കാത്തിരുന്നു. ഒടുവില്‍ ജോജുവിന്റെ പ്രാര്‍ഥന ദൈവം കേട്ടു, നടന്‍, സഹനടന്‍, നിര്‍മാതാവ്, നായകന്‍ എന്നീ നിലകളിലായി വളര്‍ച്ച. അങ്ങനെ സിനിമാലോകം സ്വപ്നം കാണുന്നവര്‍ക്കുള്ള ഊര്‍ജമായി ഈ കലാകാരന്റെ ജീവിതം മാറുകയാണ്.

ജോജുവിന്റെ സിനിമാഭ്രാന്തും പിന്നീടുള്ള നേട്ടങ്ങളും സിനിമാപ്രേമികള്‍ക്ക് വലിയ പ്രചോദനമാണ്... 

പണ്ട് കൂട്ടുകാര്‍ക്കിടയില്‍ കാണിക്കുന്ന ചില ശബ്ദാനുകരണങ്ങള്‍ മാത്രമായിരുന്നു കലാകാരനാണെന്ന് അഹങ്കരിക്കാനുള്ള കൈമുതല്‍. ഒരിക്കല്‍ എയര്‍പോര്‍ട്ടിലെ ആള്‍ത്തിരക്കില്‍വെച്ച് മമ്മൂക്കയെ കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ച് കേള്‍പ്പിച്ചു. ആള്‍ത്തിരക്കില്‍ അദ്ദേഹത്തിന് അത് ശരിക്കും കേള്‍ക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഒരു വണ്ടിയില്‍ ഞാനും കൂട്ടുകാരും മമ്മൂക്കയെ പിന്‍തുടര്‍ന്നു. ഒരു ട്രാഫിക് സിഗ്നലില്‍ വെച്ച് ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ വണ്ടിയുടെ അടുത്തെത്താന്‍ കഴിഞ്ഞു. ഞാന്‍ വണ്ടിയുടെ ഡോറില്‍ തട്ടിയപ്പോള്‍ മമ്മൂക്ക ഗ്ലാസ് താഴ്ത്തി, മുഖവുരയൊന്നും ഇല്ലാതെ ഞാന്‍ ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ അനുകരിച്ച് കാണിച്ചു. അത് കേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു. ആ വണ്ടിക്ക് പിറകില്‍ ബിജു മേനോനും ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ചെറുതും വലുതുമായ റോളുകളില്‍  അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. അഭിനയമോഹമല്ലാതെ വലിയകഴിവൊന്നും എനിക്കില്ല. പിന്നെ പതിയെപ്പതിയെ ആഗ്രഹത്തിനുമുന്നില്‍  എല്ലാം വന്ന് ചേരുകയായിരുന്നു. ആ വഴിയില്‍ തന്നെയാണ് ജോസഫ് എന്ന ചിത്രവും എന്നെത്തേടി വന്നതും. എന്റെ ആത്മാര്‍ഥമായ സിനിമാമോഹത്തിന്റെ തിരിച്ചറിവായി ഞാനതിനെ കാണുന്നു.

ജോസഫ് എന്ന ചിത്രത്തിന്റെ പിറവിയെക്കുറിച്ച്...

ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാഹി രണ്ടുവര്‍ഷം മുന്‍പ് ഈ കഥയുമായി എന്നെ സമീപിച്ചിരുന്നു. അന്ന് ആ കഥ സിനിമയാക്കാന്‍ ഒരു പാട് ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തിയിരുന്നു. പക്ഷേ, മാര്‍ക്കറ്റ് വാല്യു ഇല്ലാത്ത എന്നെ നായകനാക്കി സിനിമയെടുക്കാന്‍ ആരും മുന്നോട്ടുവന്നില്ല. അങ്ങനെ ആ മോഹം വിടേണ്ടിവന്നു. കുറച്ച് മാസങ്ങള്‍ക്കുമുന്‍പ് ഷാഹി ഈ തിരക്കഥയുമായി സംവിധായകന്‍ പത്മകുമാറിനെ സമീപിച്ചു. കഥ വായിച്ചപ്പോള്‍ ചിത്രത്തിലെ നായകനെ അവതരിപ്പിക്കാനുള്ള നടനായി അദ്ദേഹത്തിന് എന്റെ മുഖമാണ് ഓര്‍മയില്‍ വന്നത്. എന്നില്‍ വിശ്വാസമര്‍പ്പിച്ച ആ സംവിധായകനോട് വലിയ കടപ്പാടുണ്ട്. ഈ കഥാപാത്രം ദൈവം എനിക്കുവേണ്ടി കരുതിവെച്ചതാണെന്ന് തോന്നുന്നു.

മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് ജോസഫ്, അതിനുവേണ്ടി മുന്നൊരുക്കങ്ങളെന്തെങ്കിലും നടത്തിയിരുന്നോ...

കഥാപാത്രത്തിന്റെ യൗവനകാലത്തിനായി തടി കുറയ്‌ക്കേണ്ടി വന്നിരുന്നു. സിനിമയിലെ ഗുരുസ്ഥാനീയരായ കുറെ സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവരുമായി ചര്‍ച്ച ചെയ്താണ് ഞാന്‍ ഈ കഥാപാത്രത്തെ സമീപിച്ചത്. ജോസഫിന്റെ വാര്‍ധക്യാവസ്ഥയില്‍ അഭിനയിക്കുമ്പോള്‍  മനസ്സില്‍ നിറഞ്ഞത് എന്റെ അച്ഛന്റെ ചലനങ്ങളായിരുന്നു.

പിന്നിട്ട വഴിയിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ലാല്‍ജോസ് എന്ന സംവിധായകന്റെ വലിയ പിന്‍തുണ താങ്കളുടെ കരിയറില്‍ ഉണ്ടായിട്ടില്ലേ...

തീര്‍ച്ചയായും ലാല്‍ ജോസിന്റെ പട്ടാളത്തില്‍ ചെറിയൊരു കഥാപാത്രം എനിക്ക് കിട്ടിയിരുന്നു. പിന്നീട് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും ചെയ്തപ്പോള്‍ ചക്കാത്ത് തറയില്‍ സുകു എന്ന രസികന്‍ കഥാപാത്രത്തെ അദ്ദേഹം എനിക്ക് സമ്മാനിച്ചു. എന്റെ കരിയറില്‍ വലിയ വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രമായിരുന്നു അത്. അങ്ങനെ ഒത്തിരി സംവിധായകരുടെ സ്‌നേഹവും സഹായവും എന്റെ കരിയറില്‍ ഉണ്ടായിട്ടുണ്ട്.

Read More: 'എന്റെ മൂന്ന് കുട്ടികളെ ഞാന്‍ തിരഞ്ഞെടുത്തതല്ല, അതുപോലെയാണ് എന്റെ സിനിമയും'

മലയാളസിനിമയിലെ ചെറിയ പടികള്‍ ഓരോന്നായി ചവിട്ടിക്കൊണ്ടായിരുന്നു എന്റെ യാത്ര. നേരാംവണ്ണം തമാശ പറയാന്‍ പോലും കഴിയാത്ത എനിക്ക് തുടക്കത്തില്‍ കോമഡിടച്ചുള്ള കഥാപാത്രങ്ങളായിരുന്നു കിട്ടിയത്. പിന്നീടത് സീരിയസ് കഥാപാത്രങ്ങളിലേക്ക് വളര്‍ന്നു. എല്ലാം  സംഭവിക്കുകയായിരുന്നു 

അതിനിടയില്‍ ചാര്‍ളി, ഉദാഹരണം സുജാത എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായില്ലേ...

അതും ഈ യാത്രയിലെ നിയോഗങ്ങളായിരുന്നു. സുഹൃത്തും സംവിധായകനുമായ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നിര്‍ബന്ധത്തിലാണ് ഞാന്‍ നിര്‍മാതാവായത്. അത് മലയാളത്തിലെ മികച്ച ചിത്രമായി മാറിയത് മറ്റൊരു സൗഭാഗ്യം.

ബിജു മേനോന്റെ രൂപസാദൃശ്യമുള്ള നടനാണ് ജോജു, അതിന്റെ ഗുണദോഷങ്ങള്‍ ഉണ്ടായിട്ടുണ്ടോ

മലയാള സിനിമയിലെ സുന്ദരനായ നായകനാണ് ബിജു മേനോന്‍ , അദ്ദേഹത്തിന്റെ രൂപസാദൃശ്യം അഭിമാനത്തോടെയാണ് ഞാന്‍ കാണുന്നത്. അതിലുപരി സിനിമയിലെ അടുത്ത കൂട്ടുകാരിലൊരാളാണത്. വ്യക്തി എന്ന നിലയില്‍ അദ്ദേഹം എന്നെ ഒരു പാട് സ്വാധീനിച്ചിട്ടുണ്ട്.

Read Review: ജോജു അഥവാ ജോസഫ്

പുതിയ പ്രതീക്ഷകള്‍

സനല്‍കുമാറിന്റെ ചോലയാണ് റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. എന്റെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കുമത്. മക്കള്‍ വളര്‍ന്നുവളര്‍ന്ന് വലുതാകുമ്പോള്‍   ഇതെന്റെ അപ്പന്‍ അഭിനയിച്ച ചിത്രമാണെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന, കാലത്തെ അതിജീവിക്കുന്ന ചിത്രങ്ങളുടെ ഭാഗമാകണം, അതാണെന്റെ മോഹം.

Content Highlights: JojuGoerge, Malayalam movie Joseph, Interview- JojuGeorge