സംവിധായക തൊപ്പിയില്‍ കന്നിക്കാരനാണ് സുജിത്ത് വാസുദേവ്. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി സിനിമയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നുണ്ട് സുജിത്ത്. ദൃശ്യം, മെമ്മറീസ്, അനാര്‍ക്കലി തുടങ്ങി നിരവധി സിനിമകളില്‍ ഛായാഗ്രാഹകനായി ജോലി ചെയ്ത സുജിത്തിന് സംവിധായകനാകുമ്പോഴും ഭയം ലേശം പോലുമില്ല. പൃഥ്വിരാജ് നായകനായി എത്തുന്ന ജെയിംസ് ആന്‍ഡ് ആലിസ് റിലീസിംഗിന് ഒരുങ്ങുമ്പോള്‍ ആദ്യ സംവിധാന സംരംഭത്തിന്റെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുകയാണ് സുജിത്ത്. 

എന്താണ് ജെയിംസ് ആന്‍ഡ് ആലീസ്?

ജയിംസിന്റെയും ആലീസിന്റെയും ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ആദ്യമേ തന്നെ പറയട്ടേ ഇതൊരു ടീനേജ് പ്രണയചിത്രമല്ല. ഇതൊരു കുടുംബചിത്രമാണ്. ഫുള്‍ ഫാമിലി ഒരുമിച്ചിരുന്ന് കാണുമ്പോഴാണ് ഈ സിനിമയ്ക്ക് പൂര്‍ണത കൈവരുന്നത്. അതിന് കാരണം, ഈ സിനിമ പ്രേക്ഷകനോട് പറയാന്‍ ലക്ഷ്യമിടുന്നത് കുടുംബത്തിലെ കാര്യങ്ങളാണ്. 

പ്രണയത്തിന് മുന്‍പും വിവാഹത്തിന് ശേഷവുമുള്ള ജീവിതം തികച്ചും വ്യത്യസ്തമായിരിക്കും. പ്രണയകാലത്ത് എല്ലാവര്‍ക്കും പല സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ലക്ഷ്യങ്ങളുമൊക്കെയുണ്ടാകും. ഇതൊക്കെ നമ്മള്‍ പ്രണയിക്കുന്ന ആളോട് പങ്കുവെയ്ക്കുകയും, സ്വപ്‌നങ്ങള്‍ ഒരുമിച്ച് നെയ്യുകയും ചെയ്യും. എന്നാല്‍, വിവാഹശേഷം വീണ്ടും റൊമാന്റിക്കായി, പഴയ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോകാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാകും. അപ്പോള്‍ പ്രശ്‌നങ്ങളുണ്ടാകും, മാനസികസംഘര്‍ഷങ്ങളുണ്ടാകും. ഇതൊക്കെയാണ് ഈ സിനിമയിലൂടെ സംസാരിക്കുന്നത്.

ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് ?

മുന്‍പ് നിരവധി സിനിമകളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ക്യാമറയ്ക്ക് പിന്നില്‍ മാത്രം നില്‍ക്കുകയായിരുന്നില്ല. സിനിമയിലെ ഒരു ക്രൂ-മെമ്പര്‍ എന്ന നിലയില്‍ എല്ലാവരോടുമൊത്ത് സഹകരിക്കുകയും എന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നത് ചെയ്ത് കൊടുക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് തന്നെ ഞാനൊരു സംവിധായകനാണ് എന്നൊരു 'ജാഡ'യൊന്നുമില്ലാതെയാണ് ഈ സിനിമയുടെ സെറ്റില്‍ പ്രവര്‍ത്തിച്ചത്. ഛായാഗ്രാഹകനായിരുന്നപ്പോള്‍ സംവിധാനം എങ്ങനെ എന്ന് അടുത്ത് അറിയാന്‍ സാധിച്ചത് ഇപ്പോൾ ഏറെ സഹായകരമായി. ഓരോ സാഹചര്യങ്ങളെ എങ്ങനെ നേരിടണം, ഒരു സീന്‍ എങ്ങനെ വിവരിച്ചു കൊടുക്കണം തുടങ്ങി മുന്‍അനുഭവങ്ങളൊക്കെ സംവിധാന ജോലിയിൽ സ്വാധീനിച്ചു. സംവിധാനവും ഛായാഗ്രഹണവും തമ്മില്‍ വേര്‍തിരിച്ച് കാണേണ്ടതില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഈ സിനിമയുടെ സെറ്റില്‍ ഉള്ളവരെല്ലാം സുഹൃത്തുക്കളാണ്. അവരോടൊക്കെ ഒരു സുഹൃത്ത് എന്ന നിലയിലാണ് ഞാന്‍ പെരുമാറിയത്. 

എന്താണ് സംവിധായകനാകാന്‍ ഇത്രയും വൈകിയത് ? 

ജയിംസ് ആന്‍ഡ് ആലീസിന്റെ കഥ കഴിഞ്ഞ കുറേ വർഷങ്ങളായി മനസ്സിലുള്ളതാണ്. ഛായാഗ്രാഹകനായി ആദ്യം ജോയിന്‍ ചെയ്ത സിനിമയുടെ ഷൂട്ട് തീരാറായപ്പോള്‍ തന്നെ എനിക്ക് ഡയറക്ഷന് ചില ഓഫറുകള്‍ വന്നിരുന്നു. പക്ഷെ, എന്നെ ആകര്‍ഷിച്ച സബ്‌ജക്ടുകള്‍ ആയിരുന്നില്ല അവയൊന്നും. ഈ കഥ സിനിമയാക്കണമെന്ന ആഗ്രഹം പലരോടായി പങ്കുവെച്ചപ്പോഴും കിട്ടിയ റെസ്‌പോണ്‍സ്, ഇതൊരു കോംപ്ലക്‌സ് സബ്‌ജെക്ട് അല്ലേ എന്ന ചോദ്യമായിരുന്നു. അത് ശരിയാണ്, ഇതൊരു കോംപ്ലക്‌സ് സബ്‌ജക്ടാണ്. വെറുതെ കഥ പറഞ്ഞ് പോകുകയല്ല ഈ സിനിമയില്‍. കുടുംബത്തിനുള്ളിലെ മനുഷ്യബന്ധം ചില ഇന്‍സിഡെന്റുകളിലൂടെ പറയാനാണ് ശ്രമിക്കുന്നത്. കഥ പറയാനല്ല ജീവിതം പറയാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അതുതന്നെയാണ് ഈ സിനിമ. ഈ സബ്‌ജക്ട് സംവിധാനം ചെയ്യുക എന്നത് 'ടഫ് ജോബാണെന്ന്' പലരും അഭിപ്രായപ്പെട്ടപ്പോള്‍, ഞാന്‍ അതിനെ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു.

കഥാപാത്രങ്ങള്‍, അവരുടെ സ്വഭാവം ?

ജയിംസ് എന്ന പൃഥ്വിരാജ് കഥാപാത്രത്തെ പരുവപ്പെടുത്തുമ്പോള്‍ തന്നെ ഒരു 'ആര്‍ട്ടിസ്റ്റിക്ക് ലുക്ക്' ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതുവരെ കാണാത്ത ഒരു രാജുവിനെ (പൃഥ്വിരാജ്) അവതരിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. ഇപ്പോള്‍ തന്നെ രാജുവിന്റെ ലുക്ക് ഡിഫറന്റാണെന്നും നല്ലതാണെന്നുമുള്ള പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. ശരിക്കും ഡിഫറന്റാണ് രാജുവിന്റെ ലുക്ക്. ഇതുവരെ ഒരു സിനിമയിലും രാജുവിനെ ഇങ്ങനെയൊരു ലുക്കില്‍ കണ്ടിട്ടില്ല. എട്ടു വര്‍ഷത്തെ കാലയളവിനുള്ളിലാണ് സിനിമയിലെ കഥ സംഭവിക്കുന്നത്. അങ്ങനെ രണ്ട് കാലത്തിലുള്ള ഒരു കഥാപാത്രമായി രാജുവിനെ മാറ്റിയെടുക്കാന്‍ സാധിച്ചു. 

ഏറെ നാളത്തെ ഫില്‍ട്ടറിംഗിന് ശേഷമാണ് വേദികയെ നായികയായി ലഭിച്ചത്. കഠിനാധ്വാനം ചെയ്യുന്ന ഒരു നടിയാണ് വേദിക. ആദ്യം വേദികയുടെ മലയാളം ഒരു പ്രശ്‌നമാകുമെന്ന് തോന്നിയിരുന്നെങ്കിലും, ആ പോരായ്മയെ വേദിക അതിസമര്‍ഥമായി തരണം ചെയ്തു. മലയാളത്തിലുള്ള തിരക്കഥ ഹിന്ദിയിലേക്ക് മാറ്റി അതിന്റെ ഉച്ചാരണവും മറ്റും നന്നായി പഠിച്ചായിരുന്നു വേദിക സെറ്റിൽ എത്തിയിരുന്നത്. ടേക്കിന് മുന്‍പ് ഡയലോഗുകളൊക്കെ എന്നെ പറഞ്ഞ് കേള്‍പ്പിക്കുകയും, പോരായ്മകള്‍ പരിഹരിക്കുകയും ചെയ്തിരുന്നു. അവസാന ഔട്ട്പുട്ടില്‍ വേദിക തന്റെ ഭാഗം ഭംഗിയാക്കി എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. 

james

സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍  ?

ഒരു സിനിമ തിയേറ്ററില്‍ എത്തുന്നതിന് മുന്‍പ് പ്രേക്ഷകന്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നു പറയാന്‍ സാധിക്കില്ല. പലതരം കാഴ്ച്ചപ്പാടുകളും ജീവിതാനുഭവങ്ങളുമായിട്ടാണ് ഒരോരുത്തരും സിനിമ കാണാന്‍ വരുന്നത്. എന്നോടൊപ്പമുള്ള ആളുകള്‍ സാധാരണക്കാരുടെ ഭാഗത്തുനിന്ന് സിനിമയെ നോക്കി കണ്ടപ്പോള്‍ അവര്‍ക്കൊക്കെ ഇഷ്ടപ്പെട്ടു. എന്റെ സിനിമ, അത് എന്റെ സിനിമയായത് കൊണ്ട് എനിക്ക് ഇഷ്ടപ്പെട്ടതല്ല. ഒരു സാധാരണ പ്രേഷകന്റെ വീക്ഷണകോണിലാണ് എന്നെ ഈ സിനിമ ആകര്‍ഷിക്കുന്നത്. സിനിമയുടെ വിജയത്തിന് ഇന്ന ഫോര്‍മുല എന്നൊന്ന് ഇല്ല. അങ്ങനെയെങ്കില്‍ എല്ലാ സിനിമകളും വിജയിപ്പിക്കാന്‍ സാധിക്കുമായിരുന്നു. സിനിമയെക്കുറിച്ച് എനിക്കുള്ള പ്രതീക്ഷകള്‍ എല്ലാം തന്നെ പോസിറ്റീവാണ്. ആളുകള്‍ക്ക് ഈ സിനിമ തീര്‍ച്ചയായും ഇഷ്ടപ്പെടും എന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. പിന്നെ എല്ലാം പ്രേക്ഷകരുടെ കൈകളിലാണ്. 

സംവിധായകനില്‍നിന്ന് ഛായാഗ്രാഹകനിലേക്ക് മടക്കമുണ്ടാകുമോ ?

സിനിമട്ടോഗ്രഫി എന്നത് എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു ജോലിയാണ്. എന്റെ പ്രണയം പോലെ എന്റെ ജീവിതം പോലെ എനിക്കൊപ്പം എപ്പോഴുമുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ സിനിമട്ടോഗ്രഫി ഉപേക്ഷിക്കാന്‍ ഞാന്‍ ഒരുക്കമല്ല. ഈ മേഖലയില്‍ ഒരുപാട് പരീക്ഷണങ്ങള്‍ ഇനിയും നടത്താനുണ്ട്. ഒട്ടേറെ ആശയങ്ങളില്‍ ഇതുവരെ കൈവെച്ചിട്ടില്ല, അവയെല്ലാം ബാക്കിയാക്കി എനിക്ക് ഈ പ്രൊഫഷന്‍ ഉപേക്ഷിക്കാന്‍ കഴിയില്ല. പുതിയ പിള്ളേരുടെ സബ്‌ജക്ടുകളൊക്കെ അതിഭയങ്കരമായ രീതിയിലുള്ള ഇന്നൊവേഷനുകളാണ്. അവയ്ക്കുവേണ്ടി പുതിയ ആശയങ്ങള്‍ സൃഷ്ടിക്കുക എന്നത് വലിയ സാധ്യതയാണ്. അത് പ്രയോജനപ്പെടുത്തേണ്ടതുണ്ട്. 

സിനിമയുടെ റിലീസ് വൈകാനുള്ള കാരണം ?

ഏപ്രില്‍ 29ന് സിനിമ റിലീസ് ചെയ്യണമെന്നായിരുന്നു ആഗ്രഹം. അതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, സി.ജി, മ്യൂസിക്ക് തുടങ്ങിയ ചില സാങ്കേതിക തടസങ്ങളുണ്ടായി. ഫൈനല്‍ പ്രിന്റ് പുറത്ത് കിട്ടിയത് ചൊവ്വാഴ്ച്ചയാണ്. പ്രതീക്ഷിച്ചത് പോലെ ഷൂട്ടിംഗ് പൂര്‍ത്തിയായില്ല. 12 ദിവസത്തോളം ഷെഡ്യൂള്‍ നീട്ടേണ്ടി വന്നു. റോഡിലുള്ള സീനുകളൊന്നും അത്ര പെട്ടെന്ന് ഷൂട്ട് ചെയ്ത് തീര്‍ക്കാനാകില്ല. നമ്മള്‍ പ്രതീക്ഷിക്കുന്നതാകില്ലല്ലോ റോഡിലെ കാര്യങ്ങള്‍. അങ്ങനെ ചില തടസ്സങ്ങള്‍ കൊണ്ട് ഷൂട്ടിംഗ് വൈകിപോയതു കാരണം റിലീസിംഗും കുറച്ച് ദിവസം തള്ളിവെയ്ക്കുകയായിരുന്നു. കൊച്ചി, ആലപ്പുഴ, കട്ടപ്പന, ഗുജറാത്തിലെ കച്ച് എന്നിവിടങ്ങളിലായി 64 ദിവസത്തോളം ഷൂട്ടിംഗുണ്ടായിരുന്നു.