ഓംശാന്തി ഓശാനയിലെ നീതു, ഒരേസമയം രണ്ടും മൂന്നും പേരെ പ്രേമിച്ച നസ്രിയയുടെ ആ കൂട്ടുകാരി ഇന്ന് കോസ്റ്റ്യൂം ഡിസൈനറാണ്. ഭ്രമം ഉൾപ്പടെ എട്ടുസിനിമകൾക്ക് വേണ്ടി കോസ്റ്റ്യൂം തയ്യാറാക്കിയ അക്ഷയ പ്രേംനാഥ്. അഭിനയത്തിൽ നിന്ന് കോസ്റ്റ്യൂം ഡിസൈനിങ്ങിലേക്കുള്ള ചുവടുമാറ്റത്തെ കുറിച്ചും ഇതുവരെ ചെയ്ത സിനിമകളെക്കുറിച്ചും അക്ഷയ പ്രേംനാഥ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

ആദ്യത്തെ കോസ്റ്റ്യൂം നടൻ വിക്രമിന് വേണ്ടി...

മഹാവീര്‍ കര്‍ണയിൽ വിക്രമിന് വേണ്ടിയാണ് ആദ്യം കോസ്റ്റ്യൂം ചെയ്യുന്നത്. അതിന്റെ ടീസര്‍ ഷൂട്ടിന് വേണ്ടിയായിരുന്നു കോസ്റ്റ്യൂം. പീരിയോഡിക്ക് കാറ്റഗറിയിലുള്ള ചിത്രമായതിനാല്‍ ഒത്തിരി റിസര്‍ച്ച് വര്‍ക്കുകളൊക്കെ ചെയ്താണ് ആ കോസ്റ്റ്യൂംസ് ഡിസൈൻ ചെയ്തത്. ലെതര്‍ ടൈപ്പ് ഔട്ട് ഫിറ്റുകളായിരുന്നു ആ കഥാപാത്രത്തിന് വേണ്ടിയിരുന്നത്. ടീസര്‍ ഷൂട്ട് കഴിഞ്ഞ ഉടന്‍ തന്നെ വിക്രം സര്‍ വിളിച്ച് കോസ്റ്റ്യൂം നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. അത്രയും സീനിയര്‍ ആയിട്ടുള്ള ഒരു ആർട്ടിസ്റ്റിനൊപ്പം ഈ പ്രൊഫഷന് തുടക്കമിടാൻ കഴിഞ്ഞത് വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്.

Akshaya Premnath
അക്ഷയ രവിചന്ദ്രനൊപ്പം

മമ്മൂട്ടിക്കൊപ്പം ആദ്യമലയാള ചിത്രം'വൺ'

മമ്മൂക്ക സെറ്റിലേക്ക് വരുമ്പോള്‍ ഒരു സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ വരുമ്പോള്‍ കുട്ടികള്‍ അറ്റന്‍ഷനില്‍ നില്‍ക്കുന്നത് പോലെ നില്‍ക്കുമായിരുന്നു. അത്രയും പ്രോപ്പര്‍ ആയി നടന്ന ഒരു സെറ്റായിരുന്നു അത്. കുറേ സീനിയര്‍ ആക്ടേഴ്‌സ് അഭിനയിച്ച ചിത്രമായിരുന്നു വണ്‍. ജഗദീഷ്, സിദ്ദിഖ്, മുരളീഗോപി, ജോജു,  അങ്ങനെ ഒരു വലിയ താരനിര ഉള്ള ചിത്രമായിരുന്നു.  കോസ്റ്റ്യൂം ഡിസൈന്‍ എന്നതിനേക്കാള്‍ കോസ്റ്റ്യൂം മാനേജ്‌മെന്റിന് പ്രാധാന്യം ഉള്ള ഒരു സിനിമയായിരുന്നു വണ്‍ 

വണ്ണിൽ നിന്ന് ഹോമിലേക്ക്

ഹോമിലെ ഇന്ദ്രൻസിൻ്റെ കോസ്റ്റ്യൂംസ് എനിക്ക് ശരിക്കും ചലഞ്ചിങ് ആയിരുന്നു. അദ്ദേഹത്തോട് മെഷര്‍മെന്റ് ചോദിക്കുന്ന ദിവസം തന്നെ എനിക്ക് ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷെ  ഏറ്റവും ഡൗണ്‍ ടു എര്‍ത്ത് ആയിട്ടാണ് ആദ്ദേഹം പെരുമാറിയത്. അപ്പോഴാണ് ആശ്വാസമായത് . 

ഭ്രമം എന്ന ബിഗ് പ്രൊജക്ട്

വളരെ ഹിറ്റായിട്ടുള്ള ഒരു ഹിന്ദി ചിത്രത്തിൻ്റ  റീമേക്ക് വേര്‍ഷനാണ് ഭ്രമം. അത് തന്നെയായിരുന്നു ഏറ്റവും വലിയ ചലഞ്ചിങ് ഫാക്ടർ.  കോസ്റ്റ്യൂം സമാനമാകരുത് എന്നതായിരുന്നു വെല്ലുവിളി ഓരോ കാരക്ടറിനും വേണ്ടി ലുക്ക് ബുക്ക് ഉണ്ടാക്കിയാണ് അതിനെ മറികടന്നത്. ഫോർട്ട് കൊച്ചിയുടെ കൾച്ചറൽ ഫാക്ടേഴ്സ് കൂടി ചേരുന്ന കോസ്റ്റ്യൂംസ് ആയിരുന്നു വേണ്ടിയിരുന്നത്. കോസ്റ്റ്യൂമിന്റെ കാര്യത്തില്‍ വളരെ ഫ്രീഡം ഉണ്ടായിരുന്നു ഭ്രമത്തില്‍ അതുകൊണ്ട് തന്നെ 100 ശതമാനം റിസള്‍ട്ട് കൊടുക്കാന്‍ പറ്റി. ഏറ്റവും കംഫര്‍ട്ട് ആയിട്ട് വര്‍ക്ക് ചെയ്യാന്‍ പറ്റിയ ആളായിരുന്നു പൃഥ്വിരാജ്.പണ്ട് മുതലെ ശങ്കർ സാറിൻ്റെ ഒരു ഫാൻ ആയിരുന്നു ഞാൻ ഈ സിനിമയിൽ അദ്ദേഹത്തിന് വേണ്ടി ഡിസൈൻ ചെയ്യാൻ കഴിഞ്ഞതിൽ വലിയ സന്തോഷം ഉണ്ട്.

Akshaya Premnath with Prithviraj
അക്ഷയ പൃഥ്വിരാജിനൊപ്പം 

പുതിയ സിനിമകൾ

എട്ട് സിനിമകള്‍ക്ക് ഇതുവരെ ചെയ്തു. പ്രജീഷ് സെന്‍ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ,  ഷെയ്ന്‍ നിഗത്തിന്റെ കുര്‍ബാനി, നയന്‍ താരയുടെ ഒറ്റു, പിന്നെ ഒരു കന്നഡ ചിത്രം ഇത്രയുമാണ് വരാനുള്ള മൂവീസ്.

ഡ്രീം പ്രൊജക്ട്സ്

ഒരു പീരിയോഡിക് മൂവിയുടെ ഫുൾ കോസ്റ്റ്യൂം ചെയ്യാൻ ആഗ്രഹമുണ്ട്, പിന്നെ വിജയ്, രജനീകാന്ത്, മോഹന്‍ലാല്‍ എന്നിവർക്ക് വേണ്ടിയും ഡിസൈൻസ് ചെയ്യണം 

അഭിനയത്തിൽ നിന്നും കോസ്റ്റ്യൂം ഡിസൈനിങ്ങിലേക്ക്

കാസ്റ്റിങ് കോള്‍ കണ്ടാണ് ഓംശാന്തി ഓശാനയിലേക്ക് അപ്ലൈ ചെയ്യുന്നത്. ഓഡിഷനില്‍ പങ്കെടുത്തപ്പോള്‍ കിട്ടി. അങ്ങനെയാണ് നീതു എന്ന കാരക്ടര്‍ ചെയ്യുന്നത്. വളരെ നല്ല ഒരു ക്രൂ ആയിരുന്നു അത്. ആക്ഷന്‍, കട്ട് എന്നൊക്കെ ആദ്യം കേള്‍ക്കുന്നത് അങ്ങനെയാണ്. ഇപ്പോഴും ലൈഫിലെ ഏറ്റവും നല്ല സമയം ഏതെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും അത് ഓംശാന്തി ഓശാനയുടെ ടൈം ആണെന്ന്. ബിടെക് കഴിഞ്ഞ് തുടര്‍ന്ന് പഠിക്കണം എന്നുണ്ടായിരുന്നു, അങ്ങനെയാണ് ചെന്നെയിലെ നിഫ്റ്റില്‍ ഫാഷന്‍ ടെക്‌നോളജിയില്‍ പോസ്റ്റ്ഗ്രാജ്വേഷൻ ചെയ്യുന്നതും ഈ മേഖലയിലേക്ക് എത്തുന്നതും


 
അഭിനയം തുടരുമോ?

അഭിനയം തന്നെയാണ് ഏന്റെ ഫസ്റ്റ് പ്രയോറിറ്റി, നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ഇനിയും അഭിനയിക്കും. കോസ്റ്റ്യൂം ഡിസൈനിങ്ങും തുടരും, ഭാവിയെക്കുറിച്ച് ഒരുപാട് ചിന്തിച്ചിട്ടില്ല, എന്നാലും ഫിലിം പ്രൊഡക്ഷനൊക്കെ ആഗ്രഹം ഉണ്ട്.  

 

Content Highlights: Interview Akshaya Premnath actress costume designer