സിനിമയാണ് നമ്മുടെ സ്വപ്നമെങ്കിൽ ഒരു നാൾ നമ്മൾ ആ സ്വപ്നം കൈവരിക്കുക തന്നെ ചെയ്യും. മെഡിക്കൽ വിദ്യാർഥിനിയായ ശ്രീഷ്മ ആർ മേനോന്റെ ജീവിതം അതിന് ഉത്തമോദാഹരമാണ്. പാലക്കാട് ആലത്തൂര്‍ സ്വദേശിനിയും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമാണ് ശ്രീഷ്മ. ഇപ്പോൾ സിനിമ എന്ന തന്റെ ചിരകാല സ്വപ്നം യാഥാർഥ്യമാക്കാനുള്ള ഒരുക്കത്തിലാണ്. യഥാർഥ ഒടിയനെ കുറിച്ചുള്ള സിനിമയുടെ പണിപ്പുരയിലാണ് ഈ മെഡിക്കൽ വിദ്യാർഥിനി. കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയായ ശ്രീഷ്മ തന്റെ  ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ്.

'ഒടിയന്‍' എന്ന സബ്ജക്ട് സെലക്ട് ചെയ്യുവാനുള്ള കാരണം എന്താണ് ?

2018ലെ ഒടിയന്‍ എന്ന ലാലേട്ടന്റെ സിനിമ കണ്ടപ്പോള്‍ മുതല്‍ മനസ്സില്‍ തോന്നിയതാണ്, ലോകത്തിന് മുന്നില്‍ യഥാര്‍ഥ ഒടിയനെ കാണിച്ചു കൊടുക്കണം എന്ന്. അതിനായി അന്ന് തൊട്ട് മനസ്സില്‍ കുറെ ചോദ്യങ്ങളുമായി അതിനുള്ള ഉത്തരങ്ങള്‍ തേടി നടന്നു. അവസാനം എന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരങ്ങള്‍ കിട്ടി.

മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ്, കുടുംബിനിയാണ്. സിനിമയിലേയ്ക്കുള്ള പ്രവേശനവും തിരക്കും എന്തെങ്കിലും രീതിയില്‍ ബാധിച്ചിട്ടുണ്ടോ ?

ചെറുപ്പം മുതലേ എനിക്ക് സിനിമ ഒരുപാട് ഇഷ്ടമാണ്. എല്ലാ സിനിമകളും ഭാഷ വ്യത്യാസം ഇല്ലാതെ ഞാന്‍ കാണും. ഞാന്‍ ഒരു ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ്. കലാമേഖല പൊതുവേ എനിക്ക് പ്രിയപ്പെട്ടതാണ്.

മെഡിക്കല്‍ പഠനം തുടങ്ങിയപ്പോള്‍ എനിക്ക് നൃത്ത പഠനം താത്കാലികമായി നിര്‍ത്തേണ്ടി വന്നു, പക്ഷേ ആ കോളജിലെ  തിരക്ക് പിടിച്ച സമയങ്ങളിലും എനിക്ക് കൂട്ടായി ഉണ്ടായിരുന്നത് സിനിമകള്‍ ആയിരുന്നു. സിനിമ അന്നും ഇന്നും എന്നും എന്റെ ഒരു പാഷന്‍ ആയി തന്നെ കൂടെ ഉണ്ടാകും.

സിനിമ മേഖലയിലേയ്ക്ക് കടക്കുന്ന സമയത്ത് കുടുംബത്തിന്റെ ഭാഗത്ത് നിന്നും എന്ത് സമീപനമാണ് ഉണ്ടായിരുന്നത്. ?

ഞാന്‍ എന്റെ  ഒരു ആശയം ഭര്‍ത്താവിന്റെ അടുത്ത് ആദ്യം പറഞ്ഞപ്പോള്‍ അദ്ദേഹം  ഫുള്‍ സപ്പോര്‍ട്ട് തന്നു, ഒപ്പം ബാക്കി കഥ കൂടെ എഴുതി തീര്‍ക്കാന്‍. അദ്ദേഹം ഒരു കാര്യം  മാത്രമേ എന്നോട് ആവശ്യപ്പെട്ടുളളു ഒടിയനെ കുറിച്ച് ആദ്യമേ ഒരു സിനിമ വന്നത് കൊണ്ട് നീ ചെയ്യുമ്പോള്‍ അതില്‍ പോരായ്മകള്‍ പാടില്ല. നല്ലത് പോലെ അന്വേഷിച്ച് യാഥാര്‍ഥ്യങ്ങള്‍ കണ്ടെത്തി വേണം ചെയ്യാന്‍ എന്ന്. ഏട്ടന്റെ അമ്മയും അച്ഛനും മികച്ച പിന്തുണ നല്‍കി.  എന്റെ മകളും എന്റെ കൂടെ നിന്നു.

karuv

ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുവാനായി അവസരം ലഭിച്ചത് എങ്ങനെയാണ്. ഭാരിച്ച ഒരു ഉത്തരവാദിത്വം എടുത്തപ്പോള്‍ എന്താണ് തോന്നിയത് ?

കഥ പറഞ്ഞു കൊടുത്തു ആളുകളെ അതിലേക്ക് മുഴുവനായും ഉള്ളപ്പെടുതാന്‍ ഉള്ള കഴിവ് കണ്ട് ഈ സിനിമയുടെ പ്രോജക്ട് ഡിസൈനര്‍മാരായ റിയാസ്, സായ് വെങ്കിടേഷ് എന്നിവരാണ് എന്നോട് ഈ സിനിമ സംവിധാനം ചെയ്യാന്‍ കഴിയും എന്ന് എനിക്ക് പ്രചോദനം നല്‍കിയത്. അവര്‍ എടുത്ത തീരുമാനം ശെരിയാണ് എന്ന് ഉറപ്പിച്ചു കൊണ്ട് ബാക്കി എല്ലാവരും എന്റെ അസോസിയേറ്റ് ഡയറക്ടര്‍ സുകൃത്, എന്റെ ക്യാമറമാന്‍ ടോണി ജോര്‍ജ്, കല സംവിധാനം ചെയ്യുന്ന ശ്രീജിത്ത് ശ്രീധര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോദ് പറവൂര്‍ , എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ് കൗടില്യ പ്രൊഡക്ഷന്‍സ്  ഒപ്പം എന്റെ കുടുംബ സുഹൃത്തും അഭ്യുദ്ദേകാംശി കൂടിയായ വിനു മാത്യൂ പോള്‍ എന്നിവര്‍ പിന്തുണ നല്‍കി. വലിയ ഒരു ഉത്തരവാദിത്തം ആണ് എല്ലാവരും എന്നെ ഏല്പിച്ചിരിക്കുന്നത് അത് കൃത്യമായി നിര്‍വഹിച്ചു കൊണ്ട് ഈ സിനിമ ഒരു വന്‍ വിജയമാക്കി മാറ്റാന്‍ ശ്രമിക്കും അതിനു എനിക്ക് കഴിയും എന്നാണ് എന്റെ വിശ്വാസം.

താരനിര്‍ണയം പൂര്‍ണമായോ?

പുതുമുഖം വിശാഖ് നായകനും സ്വാതി നായികയുമാകുന്ന ഈ സിനിമയില്‍ ഷോബി തിലകന്‍, കണ്ണന്‍ പട്ടാമ്പി, കണ്ണന്‍ പെരുമടിയൂര്‍, സുമേഷ് സുരേന്ദ്രന്‍, വിനു മാത്യു പോള്‍, സുധീര്‍ ഇബ്രാഹിം, റിയാസ് എം.റ്റി, സായ് വെങ്കിടേഷ്, പെക്‌സണ്‍, ജിജോ, രാജീവ്, കൃഷ്ണപ്രസാദ് വാര്യര്‍, അജ്മല്‍ റിയാസ്, അമീര്‍, വിപിന്‍, വിഷ്ണു ശ്രീഷ്ണ, സുചിത്ര, ഐശ്വര്യ, കൊളപ്പുള്ളി ലീല, രേവതി, സ്വപ്ന നായര്‍, ഹേമ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

sreeshma r menon

ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍?

ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സുധീര്‍ ഇബ്രാഹിം നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം പാലക്കാടും സമീപപ്രദേശങ്ങിലുമായിട്ട് ആരംഭിച്ചു. യുവ ക്യാമറാമാന്‍ ടോണി ജോര്‍ജ്ജ് ആണ്  ഡിഒപി. ഒരുപാട് സിനിമകളിലൂടെ മലയാള സിനിമയില്‍ സജ്ജീവമായ സുകൃത്ത് ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ശ്രീജിത്ത് ശ്രീധര്‍ കലാസംവിധാനം നിര്‍വ്വഹിക്കുന്നു. സംഗീതം : റോഷന്‍, എഡിറ്റിംഗ് : ഹരി മോഹന്‍ദാസ്, സെക്കന്റ് യൂണിറ്റ് ക്യാമറ : സരണ്‍ പെരുമ്പാവൂര്‍, കോസ്റ്റൂമര്‍ : ലാവണ്യ, പ്രോഡക്ഷന്‍ ഡിസൈനര്‍ : റിയാസ് എം.റ്റി, സായ് വെങ്കിടേഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യാസര്‍ : കൌഡില്യ പ്രൊഡക്ഷന്‍സ്, മെയ്ക്കപ്പ് : അനൂബ് സാബു, സ്റ്റുഡിയോ : സീറോ ഡിബി, ഫയര്‍ ഫ്രെയിംസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : വിനോദ് പറവൂര്‍, സ്റ്റില്‍സ് : വിഷ്ണു രഘു, പോസ്റ്റര്‍ ഡിസൈന്‍ : അരുണ്‍ കയ്യാലത്ത്, പി.ആര്‍.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

 തയ്യാറാക്കിയത് : പി.ശിവപ്രസാദ്

Content highlights : interview about sreeshma r menon from the director of karuv upcoming malayalam movie