ലയാള സിനിമ കാര്യമായി ഉപയോഗപ്പെടുത്താത്ത കഴിവുറ്റ നടനാണ് ഇന്ദ്രജിത്ത്. മലയാളത്തിലെ പ്രതിഭകളെ ഇരുകൈ നീട്ടി സ്വീകരിക്കാറുള്ള തമിഴ് സിനിമ ഈ നടന്റെ സാധ്യതകളെ തിരിച്ചറിഞ്ഞിരിക്കുന്നു. 'ധ്രുവങ്ങൾ പതിനാറ് 'എന്ന ചിത്രത്തിനു ശേഷം കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന' നരകസൂരൻ' എന്ന തമിഴ് ചിത്രത്തിൽ ഇന്ദ്രജിത്ത് ശ്രദ്ധേയമായ പോലീസ് കഥാപാത്രമായെത്തുന്നു. റിലീസായ ചിത്രത്തിന്റെ ടീസറിന് തമിഴകത്ത് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അരവിന്ദ് സാമി, കന്നട നടൻ സന്ദീപ് കിഷൻ എന്നിവർക്കൊപ്പം ഇന്ദ്രജിത്തും മത്സരിച്ചരിച്ചഭിനയിക്കുന്നു. മീശമാധവൻ, പോലീസ്, റൺവേ, എയ്ഞ്ചൽ എന്നീ ചിത്രങ്ങളിൽ എന്ന പോലെ കരുത്തുറ്റ പോലീസ് വേഷത്തിൽ ഇന്ദ്രജിത്ത് തമിഴിൽ ചുവടുറപ്പിക്കുന്നു.

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം നരകസൂരൻ എന്ന ചിത്രത്തിലൂടെ ഇന്ദ്രജിത് വീണ്ടും തമിഴ് സിനിമയിൽ എത്തുകയാണ്?

ഇതെന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണ്. അതിൽ ആദ്യത്തേത് വിനയൻ സാർ സംവിധാനം ചെയ്ത എൻ മന വാനിൽ ആയിരുന്നു.രണ്ടാമത് വിഷ്ണുവർദ്ധൻ സംവിധാനം ചെയ്ത സർവം. അതിനു ശേഷം കുറെ അവസരങ്ങൾ അവിടെ നിന്ന് വന്നിരുന്നു. പക്ഷെ പലതും അത്ര പുതുമയുള്ളതായി തോന്നിയില്ല. അങ്ങനെയിരിക്കെയാണ് നരകസൂരനിലേക്കുള്ള ഓഫർ വന്നത്.

എങ്ങനെയായിരുന്നു ആ കൂട്ടായ്മ സംഭവിച്ചത്?

ജോൺ സംവിധാനം ചെയ്ത എയ്ഞ്ചൽ എന്ന ചിത്രത്തിൽ ഒരു പോലീസ് കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. ആ ചിത്രത്തിന്റെ ഡി വി ഡി കണ്ടാണ് കാർത്തിക് എന്നെ നരകസൂരനിലേക്ക് വിളിച്ചത്. പിന്നീട് കൊച്ചിയിൽ വന്ന് ആദ്ദേഹം കഥ പറഞ്ഞു. എല്ലാ തരത്തിലും വേറിട്ട എക്‌സ്പീരിയൻസായിരുന്നു.

നരകസൂരനിൽ ഇന്ദ്രജിത്തിന് വില്ലൻ റോളിലാണോ?

ഇത് ഹീറോ ഹീറോയിൻ വില്ലൻ പാറ്റേണിൽ കഥ പറയുന്ന ചിത്രമല്ല. പ്രധാന നടന്മാർക്കെല്ലാം നന്നായി അഭിനയിക്കാൻ ഇടമുള്ള ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണിത്. എല്ലാ കഥാപാത്രങ്ങൾക്കും അവിടെ ഡിഫ്രന്റ് ഷേഡ്‌സ് ഉണ്ട്. അരവിന്ദ് സാമിയോടൊപ്പം ഇങ്ങനെയൊരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു.

അരവിന്ദ് സാമിയ്ക്ക് ഒപ്പം അഭിനയാനുഭവങ്ങൾ?

സ്വപ്‌നതുല്യമായ കൂട്ടായ്മയായിരുന്നത്. അരവിന്ദ് സാമി അഭിനയിച്ച റോജാ, ബോംബെ എന്നീ ചിത്രങ്ങൾ എന്റെ ഹൈസ്‌കൂൾ കാലത്ത് ആഘോഷത്തോടെ ആസ്വദിച്ചവയായിരുന്നു. ആ താരത്തിനൊപ്പം സ്‌ക്രീൻ പങ്കിടാനായത് ഭാഗ്യം. കൊതിപ്പിക്കുന്ന അഭിനയ  വിരുതിനപ്പുറം എല്ലാ കാര്യങ്ങളിലും അറിവുള്ള കലാകാരനെയാണ് അരവിന്ദ് സാമിയിലൂടെ ഞാൻ അടുത്തറിഞ്ഞത്.

മലയാളത്തിലെ പുതിയ പ്രതീക്ഷകളായ ചിത്രങ്ങൾ?

ഷാജി കൈലാസ് നിർമിച്ച് കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന 'താക്കോൽ 'എന്ന ചിത്രം വരുന്നുണ്ട്. ലാലേട്ടനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

അനുജന്റെ സംവിധാനത്തിൽ ലൂസിഫറിൽ ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ?

ജീവിതത്തിൽ ഏറെ  സന്തോഷം തോന്നിയ നിമിഷങ്ങളിൽ ഒന്നാണത് . അവന്റെ വലിയ മോഹത്തിനൊപ്പം തോൾചേർന്നതിന്റെ വലിയ സന്തോഷം.