Hridwik-Roshan1.jpgക്രിഷ് പരമ്പരയിലെ പുതിയ സിനിമയില്‍ നമ്മുടെ കൊച്ചിക്കും ഒരു റോളുണ്ടാകും. തമാശയല്ല. ക്രിഷ് നായകന്‍ ഹൃത്വിക് റോഷന്റെ തന്ന ഉറപ്പാണിത്. കൊച്ചിയില്‍ റാഡോ വാച്ചിന്റെ ഫെതര്‍വെയ്റ്റ് കളക്ഷന്‍ അവതരിപ്പിക്കുന്ന ചടങ്ങിലായിരുന്നു ആരാധകര്‍ക്ക് ഹൃത്വിക്കിന്റെ ഉറപ്പ്. ക്രിഷ്-നാലിന്റെ ചിത്രീകരണത്തിനായി കൊച്ചിയിലേക്ക് എത്തുമെന്നായിരുന്നു താരത്തിന്റെ വാക്കുകള്‍. വെറുതയല്ല, കേരളത്തിന്റെ സ്‌നേഹത്തിനുള്ള സമ്മാനം.

ലുലു മാളിലെ വേദിയില്‍ നിറഞ്ഞ ആരാധകര്‍ക്ക് നടുവിലേക്കാണ് ഹൃത്വിക് വന്നിറങ്ങിയത്. കേരളത്തിന്റെ സ്‌നേഹം അവിശ്വസനീയമെന്ന മുഖവുരയോടെയായിരുന്നു ബോളിവുഡിന്റെ പ്രണയനായകന്‍ സംസാരിച്ചുതുടങ്ങിയത്. എനിക്ക് നിങ്ങളെ ഇഷ്ടമാണെന്ന മലയാളത്തിന് നിലയ്ക്കാത്ത കൈയടി. തൊട്ടുപുറകെ നമസ്‌കാരം കൂടിയായതോടെ ആരാധകര്‍ ഇളകിമറിഞ്ഞു.

കേരളം പ്രതീക്ഷ തെറ്റിച്ചു

കേരളത്തില്‍ നിന്ന് ഇത്രയും സ്‌നേഹം പ്രതീക്ഷിച്ചില്ല. ശരിക്കും അത്ഭുതമാണിത്. സന്തോഷവും. നിങ്ങളുടെ സ്‌നേഹത്തിന് എന്താണ് പകരം തരേണ്ടതെന്ന് അറിയില്ല. എന്റെ സ്‌നേഹം ഞാന്‍ അറിയിക്കുന്നു. മറ്റൊന്ന് കൂടി. ക്രിഷ് പരമ്പരയിലെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ഞാന്‍ കൊച്ചിയിലെത്തും. ഉറപ്പ്.

മലയാളത്തെ അറിയാം

മലയാള സിനിമയെക്കുറിച്ചും ഇവിടത്തെ താരങ്ങളെക്കുറിച്ചുമെല്ലാം ഏറെ കേട്ടിട്ടുണ്ട്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചില സിനിമകള്‍ കണ്ടിട്ടുണ്ട്. പക്ഷേ സിനിമയുടെ പേരുകളൊന്നും ഓര്‍മ്മയില്ല. മലയാളത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ തീര്‍ച്ചയായും ആലോചിക്കും. എനിക്ക് ചേരുന്ന നല്ല കഥയാണെങ്കില്‍ ഭാഷയൊന്നും പ്രശ്‌നമല്ല. 

കൊച്ചിക്കൊപ്പം ചുവട് വച്ച്

ഹൃത്വിക് സംസാരിച്ചുതുടങ്ങിയപ്പോള്‍ തന്നെ ഡാന്‍സ് എന്ന ആവശ്യം ആരാധകരില്‍ നിന്നുയര്‍ന്നു. ആരാണ് എനിക്കൊപ്പം ചുവട് വയ്ക്കുകയെന്നായിരുന്നു ഹൃത്വിക്കിന്റെ മറുചോദ്യം. 
ചോദ്യം പ്രതീക്ഷിച്ചിട്ടെന്ന പോലെ കലൂര്‍ സ്വദേശിനി മെറിന്‍ അഗസ്റ്റിന്‍ വേദിയിലേക്കെത്തി. പാട്ടിന്റെ അകമ്പടിയില്‍ ഹൃത്വിക്കിനൊപ്പം രണ്ടുചുവട്. ഒടുവില്‍ മെറിനെ എടുത്തുയര്‍ത്തി ഹൃത്വിക്കിന്റെ അപ്രതീക്ഷിത നീക്കം. 

കട്ടപ്പനയിലെ ഹൃത്വിക് റോഷനും

ബോളിവുഡിന്റെ സാക്ഷാല്‍ ഹൃത്വിക് റോഷനെ കാണാന്‍ കട്ടപ്പനയിലെ ഹൃത്വിക് റോഷനുമെത്തിയിരുന്നു. പക്ഷേ തിരക്ക് കാരണം ഇരുവരുടെയും കൂടിക്കാഴ്ച നടന്നില്ല. എന്നാല്‍ ഹൃത്വിക്കിനെ കാത്ത് ലുലുമാളില്‍ തടിച്ചുകൂടിയ ആരാധകര്‍ കട്ടപ്പനയുടെ നായകന്‍ വിഷ്ണു ഉണ്ണികൃഷ്ണനെ വെറുതെ വിട്ടില്ല. ഒറിജിനല്‍ ഹൃത്വിക്കിനൊപ്പം സെല്‍ഫിയില്ലെങ്കിലെന്താ.. കട്ടപ്പനയിലെ ഹൃത്വിക്കുണ്ടല്ലോ എന്നായിരുന്ന ആരാധകരുടെ കമന്റ്.

കാബില്‍ തരുന്നു സന്തോഷം

കാബിലിന്റെ വിജയത്തില്‍ ഏറെ സന്തോഷമുണ്ട്. വളരെ ചെറിയൊരു സിനിമയാണത്. ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ ഏറെ സന്തോഷം നല്‍കുന്നു. ആരാധകരുടെ സ്‌നേഹം ഉത്തരവാദിത്വങ്ങള്‍ വര്‍ധിപ്പിക്കുന്നു. സ്വന്തം കാര്യത്തില്‍ മാത്രം പോര ഇനി ശ്രദ്ധയെന്ന് ഈ വിജയം എന്നെ ഓര്‍മ്മിപ്പിക്കുന്നു. സമൂഹത്തിനായി, ആരാധകര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ട സമയമാണിത്.

ആരാധകരുടെ കാര്യത്തില്‍ എനിക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനാകും. സമൂഹത്തിന് ഗുണപരമായ കാര്യങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിടാനാകും. നല്ലതിനായി പ്രചോദിപ്പിക്കാന്‍ കഴിയും. കാബില്‍ വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ഇത്ര വലിയ വിജയം പ്രതീക്ഷിച്ചില്ലെന്നതാണ് സത്യം. നിങ്ങളുടെ സ്‌നേഹം കൊണ്ട് എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു. 

പാകിസ്താന്‍

ഇന്ത്യയില്‍ നിന്നെന്ന പോലെ പാകിസ്താനില്‍ നിന്നും കാബിലിന് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യന്‍ സിനിമയ്ക്ക് പാകിസ്താനില്‍ നിരോധനമുണ്ടായിരുന്നു. അത് നീങ്ങിയശേഷം  അവിടെ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് കാബില്‍. തിയേറ്ററുകളിലെല്ലാം നല്ല തിരക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.