nivin

തെന്നിന്ത്യന്‍ താരസുന്ദരി തൃഷയുടെ ആദ്യ മലയാള ചിത്രം, ഇതുവരെ കണ്ടുപരിചയിച്ചതില്‍ നിന്നും നിവിന്‍ പോളിയുടെ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പ്.. ബീറ്റില്‍സിന്റെ വിഖ്യാതമായ ഹേയ് ജൂഡ് എന്ന ഗാനത്തില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ട് അതേ പേരില്‍ സംവിധായകന്‍ ശ്യാമപ്രസാദ് അണിയിച്ചൊരുക്കുന്ന ഹേയ് ജൂഡ് റിലീസിനൊരുങ്ങുകയാണ്. 

ഫോര്‍ട്ട് കൊച്ചിയിലെ ഒരു ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തിലെ അംഗമാണ് നിവിന്‍ പോളി അവതരിപ്പിക്കുന്ന ജൂഡ്. ജൂഡിന്റെ സ്വഭാവ വ്യതിയാനങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും ഗോവയിലെത്തുന്ന ജൂഡ് പരിചയപ്പെടുന്ന പെണ്‍കുട്ടിയാണ് തൃഷയുടെ ക്രിസ്റ്റല്‍. ഫോര്‍ട്ട് കൊച്ചിയിലും ഗോവയിലുമായി ചിത്രീകരിച്ച സിനിമയില്‍ രണ്ടു സ്ഥലങ്ങളിലെ സംസ്‌കാരവും പശ്ചാത്തലമാകുന്നുണ്ട്. ഹേയ് ജൂഡിന്റെ വിശേഷങ്ങള്‍ സംവിധായകന്‍ ശ്യാമപ്രസാദ് മാതൃഭൂമി ഡോട് കോമുമായി പങ്കുവെക്കുന്നു. 

എന്തുകൊണ്ട് തൃഷ

തൃഷയുടെ അച്ഛനും അമ്മയും മലയാളികളാണെങ്കിലും അവര്‍ ജനിച്ചത് കേരളത്തിന് പുറത്താണ്. ഹേയ് ജൂഡിലെ ക്രിസ്റ്റല്‍ എന്ന കഥാപാത്രവും കേരളത്തിന് പുറത്ത് ജീവിക്കുന്ന ഒരു മലയാളി പെണ്‍കുട്ടിയാണ്. ആ കഥാപാത്രത്തിന് വേണ്ടി അങ്ങനെയുള്ള നടികളെ കുറിച്ച് ആലോചിച്ചപ്പോള്‍ തൃഷയുടെ പേരും മനസ്സില്‍ വന്നു. കഥയും കഥാപാത്രവും അറിഞ്ഞുകഴിഞ്ഞപ്പോള്‍ അവര്‍ക്ക് അഭിനയിക്കാന്‍ വളരെ സന്തോഷമായിരുന്നു. 

തൃഷയെപ്പോലൊരു അന്യഭാഷാ നടിയെ വെച്ചുള്ള ചിത്രീകരണം ചലഞ്ചിങ് ആയിരുന്നു. കാരണം വളരെയധികം സ്വാഭാവിക അഭിനയ രീതി ആവശ്യമുളള കഥാപാത്രമാണ് ഈ ചിത്രത്തിലേത്. മനോധര്‍മാഭിനയം ഒരുപാട് ആവശ്യമുള്ള ഒന്നായിരുന്നു. അതുകൊണ്ടുതന്നെ ഭാഷയുടെ കൈയ്യടക്കമില്ലെങ്കില്‍ ബുദ്ധിമുട്ടാണ്. എന്നിട്ടുപോലും അവര്‍ അത് പഠിച്ച് വളരെ നാച്വറലായും വളരെ എനര്‍ജറ്റിക്കായും ചെയ്തിട്ടുണ്ട്. മികച്ച പെര്‍ഫോമന്‍സായിരുന്നു അവരുടേത്. 

തൃഷക്ക് ശബ്ദമായത് ഗായിക സയനോര 

തൃഷക്ക് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് സയനോര എന്ന സിംഗറാണ്. അവര്‍ ആദ്യമായിട്ടാണ് ഡബ്ബ് ചെയ്യുന്നത്. ഞാന്‍ സാധാരണയായി തത്സമയ ഡബ്ബിങാണ് ചെയ്യാറുള്ളത്. കഴിഞ്ഞ ചിത്രങ്ങളെല്ലാം അങ്ങനെയായിരുന്നു. ഇത് പക്ഷേ തൃഷയുടെ ഭാഷയുടെ ഒരു കുറവ് കൊണ്ട് ചെയ്യേണ്ടി വന്ന കാര്യമാണ്. എന്തുകൊണ്ട് സയനോര എന്ന് ചോദിച്ചാല്‍ എനിക്ക് ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിന്റെ ആവശ്യമില്ലായിരുന്നു. പിന്നെ ഒരു ഗായിക കൂടിയാണ് ക്രിസ്റ്റല്‍ എന്ന കഥാപാത്രം. ഇടക്ക് പാട്ടുമൂളുകയും പ്രാക്ടീസ് ചെയ്യലുമെല്ലാം ഉണ്ട്. സയനോരയുമായി വളരെ ചേര്‍ന്നു പോകുന്ന ഒരാളാണ്. സയനോരയുടെ ടാലന്റ്‌സ് മുഴുവന്‍ ഉപയോഗിച്ചിട്ടുണ്ട്. 

Nivin
ഹേയ് ജൂഡ് ലൊക്കേഷന്‍ കാഴ്ചകള്‍ 

ജൂഡിനെ നിവിന്‍ ഗംഭീരമാക്കി 

നിവിന്റെ കൂടെയുള്ള എന്റെ മൂന്നാമത്തെ ചിത്രമാണ്. ഇതിന് മുമ്പ് ഇവിടെ, ഇംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങള്‍ ഞങ്ങള്‍ ഒന്നിച്ച് ചെയ്തിട്ടുണ്ട്. പക്ഷേ അതിലൊക്കെ ചെയ്തതിനേക്കാളും, എനിക്ക് നിവിന് കൊടുക്കാന്‍ കഴിഞ്ഞിട്ടുള്ളതിനേക്കാളും ധാരാളം സ്‌പേസും ഡെപ്ത്തുള്ള കഥാപാത്രമാണ് ജൂഡിലേത്. അത് നിവിന്‍ ഒരു ചലഞ്ചായി ഏറ്റെടുക്കുകയും ചെയ്തു. തന്റെ പരിചിതമായ അഭിനയത്തിന്റെ, കംഫര്‍ട്ട് സോണിന്റെ പുറത്ത് നിന്ന് നിവിന്‍ ചെയ്ത സിനിമയാണ് ഇത്. ശരിക്കും ചലഞ്ചിങ് ആയിരുന്നു ജൂഡ്. ധാരാളം റിസെര്‍ച്ച് ആവശ്യമുള്ള കഥാപാത്രം. കൂടുതല്‍ പറയുന്നില്ല നിങ്ങള്‍ക്കത് കാണുമ്പോള്‍ മനസ്സിലാകും. എന്നെ വളരെയധികം സംതൃപ്തനാക്കി നിവിന്‍. സിനിമ എന്തുകൊണ്ട് കാണണം എന്നുചോദിച്ചാല്‍ ഞാന്‍ ആദ്യം പറയുക നിവിന്റെ പെര്‍ഫോമന്‍സ് കൊണ്ടാണെന്നാണ്. 

ന്യൂജെന്‍ സിനിമയുടെ അഡ്രസ്സില്ലെങ്കിലും നിലനിന്നുപോകുന്ന ഒരാളാണ് നിവിന്‍. അത്രയധികം സ്വാഭാവികമായ അഭിനയശൈലി നിവിനുണ്ട്. അതുപോലെ എന്റെ വര്‍ക്കിലുംവളരെ ഇന്‍വോള്‍വ്ഡ് ആയിട്ടുള്ള ഒരു ആക്ടറാണ്. ന്യൂജെന്‍ എന്നൊരു ഹെഡ്ഡിങ് ഒന്നും ഇല്ലെങ്കിലും അദ്ദേഹം അഭിനന്ദിക്കപ്പെടേണ്ടവനാണ്. വളരെ നല്ല ഭാവിയുള്ള ഒരു നടന്‍ കൂടിയാണ് നിവിന്‍. 

തലമുറയൊന്നും ഒരു വിഷയമല്ല. ഇപ്പോള്‍ സിദ്ദിഖിന്റെ തലമുറയോ വിജയമേനോന്റെ തലമുറയെയോ കുറിച്ച് ആലോചിച്ചിട്ട് കാര്യമില്ല. ഇവരെല്ലാം ഔട്ട്‌സറ്റാന്‍ഡിങ് ആക്ടേഴ്‌സാണ്. നമുക്ക് അവര്‍ക്ക് കൊടുക്കാന്‍ കഴിയുന്നത് ഒരു ഡയറക്ടറെന്ന നിലയില്‍ നല്ല പ്രമേയം, നല്ല സംഭാഷണങ്ങള്‍, അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ ഇതൊക്കെയാണ് അതെല്ലാം കൊടുത്തുകഴിഞ്ഞാല്‍ ആര്‍ട്ടിസ്റ്റ് മികച്ച അഭിനയം തന്നെ കാഴ്ചവെക്കും. 

hey Jude
ഹേയ് ജൂഡ് ലൊക്കേഷന്‍ കാഴ്ചകള്‍ 

ജൂഡ് ഒരു ഫീല്‍ ഗുഡ് മൂവി 

വളരെ പ്രത്യേകതയുള്ള കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലെ എല്ലാവരും. ജൂഡ് മാത്രമല്ല, ക്രിസ്റ്റലും സിദ്ദിഖ് അഭിനയിക്കുന്ന ഡൊമനിക് എന്ന കഥാപാത്രവും നീനാ കുറുപ്പിന്റെ മരിയ എന്ന കഥാപാത്രവും വിജയമോനോന്റെ സെബാസ്റ്റ്യനും. എല്ലാവര്‍ക്കും ഓരോ പ്രത്യേകതകള്‍ ഉണ്ട്. എല്ലാവര്‍ക്കും ചെറിയ ഓരോ കിറുക്കുകള്‍ ഉണ്ട്. സാധാരണക്കാരുടെ ലോകത്ത് ഈ ചെറിയ കിറുക്കന്മാര്‍ എങ്ങനെ ഇടപെടുന്നു എന്നുള്ളതാണ് ജൂഡിനകത്ത് രസകരമായി പറയാന്‍ ശ്രമിക്കുന്നത്. 

ജൂഡിന്റെ അച്ഛനും അമ്മയുമായാണ് സിദ്ദിഖും നീനാ കുറുപ്പും വരുന്നത്. കൊച്ചിയിലെ ഒരു ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലത്തിലാണ് സിനിമ തുടങ്ങുന്നത്. പിന്നെ ചിത്രം ഗോവയിലേക്ക് പോവുകയാണ്. സാധാരണക്കാരുടെ ലോകത്തുള്ള അസാധാരണമായ കഥാപാത്രങ്ങളുടെ ജീവിതമാണ് ഈ സിനിമയിലൂടെ പറയാന്‍ ശ്രമിച്ചിരിക്കുന്നത്.  

ഒരു ഫീല്‍ ഗുഡ് മൂവിയാണ് ജൂഡ്. റൊമാന്‍സും രസകരമായ രംഗങ്ങളുമുണ്ട്. റൊമാന്റിക് കോമഡി എന്ന ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ്. 

hey Jude

സൂക്ഷമമായ ദൃശ്യഭാഷ 

എന്റെ വര്‍ക്കിനകത്ത് ഒരു മാറ്റവും വന്നിട്ടില്ല. കൂടുതല്‍ നന്നാക്കാനും കൂടുതല്‍ രസകരമാക്കാനും തീര്‍ച്ചയായും ശ്രമിച്ചിട്ടുണ്ട്. എന്റെ ചിത്രങ്ങളുടെ തന്നെ മറ്റൊരു മുഖമാണ്. എന്റെ ഓരോ ചിത്രങ്ങളും വ്യത്യസ്തമാക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. ഏറ്റവും വ്യത്യസ്തമായ ശ്രമമായിരിക്കും ജൂഡ്. അത് ദൃശ്യഭാഷയില്‍ ഉള്‍പ്പടെ എല്ലാറ്റിലും. 

സംഗീത വൈവിധ്യമേകി നാലു സംഗീത സംവിധായകര്‍

നാലു മ്യൂസിക് കംപോസേഴ്‌സാണ് ജൂഡിന് സംഗീതം നല്‍കുന്നത്. പശ്ചാത്തല സംഗീതവും മുഖ്യ സംഗീത സംവിധായകനും ഔസേപ്പച്ചനാണ്. ഔസേപ്പച്ചനെ കൂടാതെ എം ജയചന്ദ്രനും ഗോപീസുന്ദറും രാഹുല്‍ രാജും സംഗീതം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ സംഗീതാത്മകമായ വൈവിധ്യം തീര്‍ച്ചയായും നിങ്ങള്‍ക്കിതില്‍ കാണാം. 

ഇടവേളകള്‍ 

രചന മുതലുള്ള കാര്യങ്ങളില്‍ ഞാന്‍ തന്നെ ഇന്‍വോള്‍വ് ചെയ്യുന്നത് കൊണ്ടാണ് അത് സംഭവിക്കുന്നത്. പൂര്‍ണമായും ശ്രദ്ധ കൊടുത്ത് കഥ കണ്ടെത്തി അല്ലെങ്കില്‍ ഉണ്ടാക്കിയെടുക്കുന്നത് മുതല്‍ ഞാന്‍ അതില്‍ ഇന്‍വോള്‍വ് ചെയ്യുന്നത് കൊണ്ടാണ് ഇടവേളകള്‍ക്ക് ദീര്‍ഘമേറുന്നത്. 

മോഹന്‍ലാലിനൊപ്പം അടുത്ത ചിത്രമെന്ന വാര്‍ത്ത 

അതേ കുറിച്ച് ഒന്നും പറയാറായിട്ടില്ല.