മ്പതുവർഷങ്ങൾക്കു മുൻപ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മെലിഞ്ഞു കൊലുന്നനെയുള്ള ഒരു ചെറുപ്പക്കാരന് അവന്റെ സുഹൃദ്‌സംഘം ഒരു ഗംഭീര യാത്രയയപ്പു നൽകി. സിനിമ പഠിക്കാൻ മദിരാശിക്കു പോവുകയായിരുന്നു ആ യുവാവ്. മാലയിട്ട് ആശീർവദിച്ച് അവർ മലയാള സിനിമയിലേക്ക് കയറ്റിവിട്ട ആ കോഴിക്കോട്ടുകാരൻ പിന്നെ തിരശ്ശീലയിൽ വിജയകഥകളും വീരകഥകളും ഒരുപാട് എഴുതിച്ചേർത്തു. അമ്പതു വർഷം തികയുന്ന ആ സർഗസപര്യയുടെ കഴിഞ്ഞകാലങ്ങളാണ് ഈ വർത്തമാനത്തിൽ...  അഭിമുഖത്തിന്റെ ആദ്യഭാഗം വായിക്കാം.

നാടകങ്ങളിലാണല്ലോ തുടക്കം. അക്കാലം ഓർക്കാമോ...

ചെറിയ ക്ലാസുകളിൽത്തന്നെ അഭിനയവും പാട്ടുമൊക്കെയുണ്ടായിരുന്നു. അച്ഛൻ ശാസ്ത്രീയസംഗീതാധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ കുറച്ചു പഠിച്ചു. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിച്ചത്. പിന്നെ അമ്മാവനായിരുന്നു രക്ഷിതാവ്. അദ്ദേഹം ചിത്രകാരനായിരുന്നു.  മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനും. അങ്ങനെ ചെറുപ്പത്തിലേ കലയുടെ ലോകത്ത് വളരാനുള്ള ഭാഗ്യം കിട്ടി. ഞാനും റഫിയുടെ ആരാധകനായി. അന്നൊക്കെ നാടകം അവതരിപ്പിക്കുമ്പോൾ ഗ്രന്ഥകർത്താവിന്റെ അനുമതിവാങ്ങണമെന്നൊരു വാചകം പുസ്തകങ്ങളിൽ ഉണ്ടാവും. അങ്ങനെ കെ.ടി. മുഹമ്മദിന്റെ നാടകം അവതരിപ്പിക്കുമ്പോ ഞാൻ അദ്ദേഹത്തിന് കാർഡയച്ചു. ഒരുതവണ അദ്ദേഹം നാടകം കാണാൻവന്നു. പ്രീഡിഗ്രിക്ക് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുന്നകാലത്ത് നഗരത്തിലെ നാടകസംഘങ്ങളുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു. അക്കാലത്തുതന്നെ സിനിമ കാണലും മുഖ്യപരിപാടിയാണ്. സംഗതി വീട്ടിലറിഞ്ഞതോടെ പഠിത്തംതന്നെ നിർത്തേണ്ടിവന്നു. സ്കൂളിൽ പഠിക്കുമ്പോൾ കാർട്ടൂണിസ്റ്റ് പി.കെ. മന്ത്രിയായിരുന്നു ചിത്രകലാധ്യാപകൻ. അദ്ദേഹത്തിന്റെ നിർദേശപ്രകാരം മാവേലിക്കര ഫൈൻ ആർട്‌സ് സ്കൂളിൽ ചേർത്തു. അവിടെ അഞ്ചുകൊല്ലത്തെ കോഴ്‌സാണ്. ഒരു കൊല്ലംകൊണ്ട് അതും അവസാനിപ്പിച്ചു. പിന്നെ, കോഴിക്കോട് യൂണിവേഴ്‌സൽ കോളേജിൽ ചേർന്നു. രണ്ടുകൊല്ലംകൊണ്ട് ഡിപ്ലോമനേടി. താമരശ്ശേരി ഒരു സ്കൂളിൽ ജോലിയും കിട്ടി. പിന്നെ തളിയിലേക്ക് സ്ഥലംമാറ്റംവാങ്ങിപ്പോന്നു. കോഴിക്കോടിന്റെ നാടകലോകത്തായി വീണ്ടും.

അന്ന് എസ്.എം. സ്ട്രീറ്റിൽ ഒരു രാധാ ടൈലേഴ്‌സ് ഉണ്ടായിരുന്നു. അവിടത്തെ വി.എൻ. പുരുഷൻചേട്ടൻ പല നാടകങ്ങളുടെയും ബുക്കിങ് ഏജന്റാണ്. തിരുവിതാംകൂറിലെ മിക്കനാടകങ്ങളും ഇവിടെ കളിപ്പിക്കുന്നത് അദ്ദേഹമായിരുന്നു. ഒരുദിവസം ഞാൻ ഷർട്ട് തയ്പിക്കാൻചെന്നപ്പോൾ ബഹദൂറിക്ക അവിടെയിരിക്കുന്നു.  അദ്ദേഹം എന്നെ ബഹദൂറിക്കയെ പരിചയപ്പെടുത്തി. കൂടെക്കൂട്ടിക്കോളാനും പറഞ്ഞു. അദ്ദേഹത്തിന്റെ നാടകക്യാമ്പ് അന്ന് ഇരിങ്ങാലക്കുടയിലുണ്ട്. നീ അങ്ങോട്ടു പോരെന്ന് അദ്ദേഹം പറഞ്ഞു. കേട്ടപാതി പിറ്റേദിവസംതന്നെ പെട്ടിയുംതൂക്കി അങ്ങോട്ടേക്കുവിട്ടു. അവിടെ വി.എൻ. ഇബ്രാഹിം സാറിനൊപ്പം നാടകത്തിന്റെ സ്‌ക്രിപ്റ്റിൽ സഹായിയായി, അഭിനയിക്കാനും കൂടി. ഇന്ത്യയിലെ പല ഭാഗത്തും ആ നാടകവുമായിപ്പോയി. 

സിനിമയിലേക്കുള്ള വരവ് എങ്ങനെയായിരുന്നു... 

അക്കാലത്ത് കെ.ടി. മുഹമ്മദിന്റെ ഒരു നാടകം സിനിമയാക്കിയിരുന്നു. അതിന്റെ അമ്പതാംദിനാഘോഷം കോഴിക്കോട്ട് നടന്നപ്പോൾ സംവിധായകൻ സേതുമാധവൻ വന്നു. കെ.ടി. എന്നെ പരിചയപ്പെടുത്തി. സംവിധാനം പഠിക്കാൻ താത്പര്യമുണ്ടെന്നു പറഞ്ഞപ്പോൾ വന്നോളൂ നോക്കാം എന്നായിരുന്നു മറുപടി. അങ്ങനെ കെ.ടി.യോട് ഒരു എഴുത്തും വാങ്ങി മദിരാശിയിലെത്തി. വാസുപ്രദീപും സംഘവും എനിക്ക് ഊഷ്മളമായ യാത്രയയപ്പാണ് നൽകിയത്.  നേരെ സ്വാമീസ് ലോഡ്ജിലേക്ക്. അവിടെയാണ് അന്ന് മലയാളസിനിമ താമസിക്കുന്നത്. പരിചയമുള്ളതുകൊണ്ട് ആദ്യം സംഗീതസംവിധായകൻ ബാബുരാജിനെ കണ്ടു. പക്ഷേ, സേതുമാധവന്റെ വീട്ടിൽച്ചെന്ന് കത്തുകൊടുത്തപ്പോൾ ഇപ്പോ അസിസ്റ്റന്റാക്കാൻ പറ്റില്ലെന്ന് അദ്ദേഹം തീർത്തു പറഞ്ഞു. എന്നാൽ, ഒരു വേഷമെങ്കിലും എന്നായി ഞാൻ. അതിന് അസോസിയേറ്റ് ബി.കെ. പൊറ്റെക്കാട്ടിനെ പോയി കാണാൻ പറഞ്ഞു. വേഷമില്ലെന്ന് അദ്ദേഹവും പറഞ്ഞു. തിരിച്ച് നാട്ടിലേക്ക് പോവേണ്ടിവരും. യാത്രയയച്ചവരുടെ മുഖത്ത് എങ്ങനെ നോക്കും? ഭാഗ്യത്തിന് ആ ദിവസം ബാബുരാജ് അദ്ദേഹത്തിന്റെ റെക്കോഡിങ് സ്റ്റുഡിയോയിൽ എന്നെ കൂടെക്കൂട്ടി. ദൈവനിയോഗമെന്നപോലെ പിറ്റേദിവസം കാലത്ത് ബഹദൂർക്ക അവിടെയെത്തി. അദ്ദേഹത്തോടൊപ്പം വി.എൻ. ഇബ്രാഹിമും ഉണ്ടായിരുന്നു. ഞാൻ അഭിനയിച്ച മുൾക്കിരീടം എന്ന നാടകത്തിന്റെ രചയിതാവ്. ആ നാടകം സിനിമയാക്കുമ്പോൾ തിരക്കഥ എഴുതാനാണ് അദ്ദേഹം വന്നിരിക്കുന്നത്. 

ഞാനങ്ങനെ ഇബ്രാഹിമിന്റെ കൂടെ ഒട്ടി. പിറ്റേന്ന് സംവിധായകൻ പി.ബി. ഉണ്ണി ബഹദൂറിക്കയെ കാണാൻവന്നു. സംസാരിച്ചിരിക്കുമ്പോൾ പെട്ടെന്നൊരു തോന്നലുപോലെ ബഹദൂറിക്ക അദ്ദേഹത്തോടു പറഞ്ഞു, ‘ഇവൻ കലാകാരനാണ്, ഇവനെ നീ കൂടെക്കൂട്ടിക്കോ’ എന്ന്.

അദ്ദേഹം ഇറങ്ങുമ്പോ എന്നെക്കൂടി കാറിൽക്കയറ്റി. മദ്രാസിലെ ഫിലിം സെന്റർ സ്റ്റുഡിയോയിലാണ് ആ കാറ് ചെന്നുനിന്നത്. ഫസ്റ്റ് എൻട്രി. അവിടെ മധു, കെ.ആർ. വിജയ... അങ്ങനെ കാണാനാഗ്രഹിച്ച പലരും കൺമുന്നിൽ. എന്നോട് സിഗരറ്റു വാങ്ങിവരാനാണ് ആദ്യം പറഞ്ഞത്. ബ്രാഹ്മണനാണ്, വലിയ ഇല്ലത്തെയാണ്, അധ്യാപകനാണ് എന്നൊക്കെയുള്ള ഈഗോ ഉണ്ടായിരുന്നെങ്കിലും ഞാനതു കേട്ടു. കാരണം മനസ്സിൽ സിനിമയാണ്. മറ്റൊരു ദിവസം ഷൂട്ടിങ്ങിനായി ഡൈനിങ് ടേബിൾ ക്ലീൻ ചെയ്യണം. അതു ചെയ്യേണ്ടിയിരുന്ന കൃഷ്ണൻ എന്ന പയ്യൻ പുറത്തെ ബെഞ്ചിൽ കിടന്നുറങ്ങുകയാണെന്ന് ഞാൻ പറഞ്ഞു. ‘‘എന്താ നീ തുടച്ചാ വൃത്തിയാവില്ലേ?’’ സംവിധായകന്റെ കടുത്ത ചോദ്യം. പെട്ടെന്നുതന്നെ ഞാനതെല്ലാം വൃത്തിയാക്കി ഒരു കലാസംവിധായകൻ സെറ്റൊരുക്കുംപോലെ ഭംഗിയാക്കി. ഷൂട്ടിങ് കഴിയുമ്പോഴേക്കും അദ്ദേഹവുമായി നല്ലൊരു അടുപ്പമായി. പോരാൻനേരത്ത് എന്റെ തോളിൽത്തട്ടി അദ്ദേഹം പറഞ്ഞു. നിനക്ക് എന്തുജോലിയും ചെയ്യാനുള്ള മനസ്സുണ്ടായിരിക്കുന്നു. യു വിൽ കം അപ്. സിനിമയിൽ ആദ്യഗുരുവിന്റെ ആദ്യാനുഗ്രഹം.

(അഭിമുഖം തുടരും)