മാര്‍ത്താണ്ഡവര്‍മ ചെമ്പകശ്ശേരി രാജ്യം കീഴടക്കിയ കാലത്ത് ദേശാടനത്തിന് പോയൊരു ചരിത്രമുണ്ട് കുഞ്ചന്‍ നമ്പ്യാര്‍ക്ക്. ഏറെയൊന്നും പറഞ്ഞുകേള്‍ക്കാത്തൊരു കഥ. തമിഴ്‌നാട്ടിലെ ഏതോ ഗ്രാമത്തില്‍ അങ്ങനെ അലഞ്ഞുനടക്കുന്നതിനിടെ ദൂരെ ക്ഷേത്രത്തില്‍ നിന്ന് മുഴങ്ങിക്കേള്‍ക്കുന്നു 'കമലാകാന്തന്റെ കാരുണ്യശീലന്റെ കമീനയാംഗന്റെ...'. ആരോ ആടിത്തകര്‍ക്കുകയാണ് നല്ല പച്ചമലയാളത്തില്‍ താന്‍ കുറിച്ചിട്ട പാഞ്ചാലിയുടെ ഉഗ്രശപഥം. അത്ഭുതം അടക്കാനാവാതെ ക്ഷേത്രത്തിലെത്തിയ നമ്പ്യാരെ പക്ഷേ, ആളുകള്‍ തിരിച്ചറിഞ്ഞു. ക്ഷണിച്ചിരുത്തി ആദരിച്ചു. വിവരമറിഞ്ഞ മാര്‍ത്താണ്ഡവര്‍മ പിന്നെ ആളെ വിട്ട് കൂട്ടിക്കൊണ്ടുപോരുകയായിരുന്നു തിരുവിതാംകൂറിലേയ്ക്ക്. ഇതേ മാര്‍ത്താണ്ഡ വര്‍മയെ വേഷപ്രച്ഛന്നനായി നടക്കുന്ന കാലത്ത് രാത്രി അക്രമികളില്‍ നിന്ന് യോദ്ധാവായ നമ്പ്യാര്‍ രക്ഷിച്ചു എന്നുമുണ്ടൊരു കഥ.
 
ചരിത്രത്തില്‍ ഏറെയൊന്നു പാടിക്കേള്‍ക്കാത്ത ഈ സിനിമാറ്റിക് കഥകള്‍ നമ്പ്യാരുടെ തന്നെ വരികള്‍ക്കിടയില്‍ നിന്ന് വായിച്ചെടുത്തതും ഹരിഹരന്‍ കൈയിലെ ഡയറിയില്‍ കുറിച്ചിട്ടു. ഇങ്ങനെ ഒന്നല്ല, ചുവപ്പും നീലയും മഷിയില്‍, കേട്ടതും കേള്‍ക്കാത്തതുമായ കഥകള്‍ അനവധിയായി ഹരിഹരന്റെ പുസ്തകങ്ങളില്‍. ഹരിഭവനം കഥകളും സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും കൊണ്ട് നിറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെക്കാലമായി ഇങ്ങനെ കിള്ളിക്കുറിശ്ശി മുതല്‍ അമ്പലപ്പുഴ വരെ പൊടിമൂടിക്കിടന്ന ഈ കഥകള്‍ക്ക് പിറകേയുള്ള യാത്രയിലായിരുന്നു ഹരിഹരന്‍. പുസ്തകങ്ങളില്‍ നിന്നും സംവിധായകന്റെ മനസ്സില്‍ നിന്നും ഈ കഥകള്‍ വെള്ളിത്തിരയിലേയ്ക്ക് വളരുകയാണ്. തുള്ളലിന്റെ ഉപജ്ഞാതാവായ, ഹാസ്യസാമ്രാട്ടായ, നവോത്ഥാനത്തിനായി എഴുത്താണി പടവാളാക്കിയ കലക്കത്ത് കുഞ്ചന്‍ നമ്പ്യാരുടെ ജീവിതകഥ സിനിമയാക്കുമ്പോള്‍ പലരും ചോദിച്ചു ഹരിഹരനോട്: പുതുതലമുറ സിനിമകളുടെ കാലത്ത് എന്തുകൊണ്ട് കുഞ്ചന്‍ നമ്പ്യാരുടെ ബയോപിക്?
 
അവരോടൊക്കെ കുറേ മറുചോദ്യങ്ങളായിരുന്നു വടക്കന്‍ വീരഥാഗയും പഴശ്ശിരാജയുമെല്ലാം എടുത്ത് വിസ്മയിപ്പിച്ച ഹരിഹരന്റെ മറുപടി. എന്തു കൊണ്ട് നമ്പ്യാരുടെ ജീവിതകഥയായിക്കൂടാ?. അങ്ങനെ വിസ്മരിക്കപ്പെടേണ്ടയാളാണോ നമ്പ്യാര്‍. നമ്മളല്ലെങ്കില്‍ വേറാരു പറയും ഈ കഥകളൊക്കെ. പേരായിട്ടില്ല. ആരാവും നമ്പ്യാരെന്ന് നിശ്ചയിച്ചിട്ടില്ല. പക്ഷേ, സിനിമ യാഥാര്‍ഥ്യമാവുകയാണ്, ഗാനരചനയിതാവും മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ കെ.ജയകുമാറിന്റെ രചനയില്‍. തിരക്കഥാരചന പുരോഗമിക്കുന്നു. ഒരു വര്‍ഷത്തിനകം കേരളം കാത്തിരിക്കുന്ന ഒരു ക്ലാസിക്കായി അത് അഭ്രപാളിയില്‍  അവതരിക്കും.
 
hariharan
കെ.ജയകുമാറും ഹരിഹരനും അമ്പലപ്പുഴ ക്ഷേത്രത്തിൽ
 
പുതിയ കാലത്ത് എന്തു കൊണ്ട് കുഞ്ചന്‍ നമ്പ്യാര്‍?
 
ഒരുപാടു പേര്‍ ചോദിച്ച ചോദ്യമാണ്. എന്തുകൊണ്ട് നമ്പ്യാരുടെ കഥ സിനിമയാക്കിക്കൂട എന്നു മാത്രമാണ് എനിക്ക് ചോദിക്കാനുള്ളത്. കുഞ്ചന്‍ നമ്പ്യാരെ നമ്മള്‍ ശരിക്കും പഠിക്കുകയോ അടയാളപ്പെടുത്തുകയോ ചെയ്തിട്ടില്ല. വിമര്‍ശനകേസരികള്‍ പലരും പഠിക്കാന്‍ മിനക്കെട്ടില്ല. ചരിത്രം കാര്യമായി രേഖപ്പെടുത്തിയില്ല. തലമുറകള്‍ ക്രമേണ വിസ്മരിച്ചുതുടങ്ങുകയും ചെയ്തു. പണ്ടൊക്കെ എഴുത്തച്ഛനും ചെറുശ്ശേരിയും വള്ളത്തോളും നമ്പ്യാരും കാളിദാസനും വ്യാസനുമെല്ലാം പഠനവിഷയങ്ങളായിരുന്നു. ഇന്ന് അവരെക്കെുറിച്ചൊന്നും പഠിക്കാനില്ല. ഒരു കാലത്ത് ഇവരൊക്കെ നമ്മുടെ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്നു. മഹാഭാരതത്തില്‍ നിന്നും കാളിദാസ കൃതികളില്‍ നിന്നുമെല്ലാമുള്ള പ്രചോദനമാണ് പില്‍ക്കാലത്തെ നമ്മുടെ പല പ്രധാനപ്പെട്ട സാഹിത്യകൃതികളും. നമ്മള്‍ പതുക്കെ അവരെയൊക്കെ മറന്നുതുടങ്ങി. കേരളത്തില്‍ ജനിച്ചുപോയതു മാത്രമാണ് നമ്പ്യാര്‍ ചെയ്ത തെറ്റ്. ഇതുപോലൊരു സാമൂഹിക നവോത്ഥാനത്തിന് തിരികൊളുത്തിയ ഒരു ഹാസ്യസാഹിത്യകാരന്‍ ലോകത്തില്‍ മറ്റെവിടെയെങ്കിലും ഉണ്ടോ. ഷേക്ക്‌സ്പിയര്‍ക്കും കീറ്റ്‌സിനും ഹെമ്മിങ്വെയ്ക്കുമെല്ലാമൊപ്പമാണ് ലോകസാഹിത്യത്തില്‍ നമ്പ്യാരുടെയും സ്ഥാനം. പക്ഷേ, ഇന്ന് നമ്മള്‍ തന്നെ വിസ്മരിക്കുകയാണ് ആ മഹാപ്രതിഭയെ. ഇതൊക്കെ ആധികാരികതയോടെ പറയണമെങ്കില്‍ നമ്മള്‍ ആദ്യം അദ്ദേഹത്തെ പഠിക്കണ്ടെ. നമ്പ്യാരുടെ കൃതികള്‍ വായിച്ചപ്പോഴാണ് എനിക്ക് അത് സിനിമയാക്കിയേ പറ്റൂ എന്ന തോന്നല്‍ ഉണ്ടായത്. ഇത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മളൊക്കെ പിന്നെ സിനിമയെടുക്കുന്നത് എന്തിനാണ്.
 
നവോത്ഥാന കേരളത്തിന്റെ രംഗശില്‍പി
 
എന്റെ അഭിപ്രായത്തില്‍ കേരളത്തിലെ ആദ്യത്തെ നവോത്ഥാന നായകനാണ് നമ്പ്യാര്‍. അല്ലെങ്കില്‍ യഥാര്‍ഥ നവോത്ഥാന നായകനാണ്. നവോത്ഥാന കേരളത്തിന്റെ രംഗശില്‍പിയാണ് അദ്ദേഹം. പതിനെട്ടാം നൂറ്റാണ്ടിലാണ് അദ്ദേഹം അരങ്ങത്ത് വന്നതെങ്കിലും പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും കേരളം കണ്ട ജനകീയ മുന്നേറ്റങ്ങള്‍ക്ക് അണിയറ ഒരുക്കിയത് നമ്പ്യാര്‍ തന്നെയായിരുന്നു. ഗുരുവായൂര്‍ സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം, ക്ഷേത്രപ്രവേശന വിളമ്പരം തുടങ്ങിയ രാഷ്ട്രീയ സാമൂഹിക പരിവര്‍ത്തനങ്ങളുടെയെല്ലാം പിന്നില്‍ കുഞ്ചന്റെ കാല്‍ച്ചിലമ്പൊലികളല്ലെ ഉണ്ടായിരുന്നത്. ഈ രീതിയില്‍ അംഗീകരിക്കപ്പെടേണ്ട വ്യക്തിത്വമായിരുന്നില്ലെ അദ്ദേഹത്തിന്റേത്. ഇന്ന് നമ്മള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നു. രണ്ട് മൂന്ന് നൂറ്റാണ്ട് മുന്‍പ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുകയല്ല, അതൊരു കലാരൂപമായി വളര്‍ത്തിയെടുത്ത ആളാണ് നമ്പ്യാര്‍. കലകളില്‍ സംസ്‌കൃതത്തിന്റെ മേല്‍ക്കൊയ്മയുള്ള കാലത്ത് സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഒരു ശൈലി, ഒരു ചാരുകേരള ഭാഷ തന്നെ ഉണ്ടാക്കിയ ആളാണ്. ഇതൊരു ചെറിയ കാര്യമല്ല. ഇതൊന്നും പക്ഷേ, നമ്മള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പഠിക്കുകയയോ പഠിപ്പിക്കുകയോ ചെയ്തില്ല. ഇന്ന് നമ്പ്യാര്‍ക്കും തുള്ളലിനും പാഠപുസ്തകങ്ങളില്‍ പോലും സ്ഥാനമില്ല.
 
hariharan
ഹരിഹരനും കെ.ജയകുമാറും അമ്പലപ്പുഴ ക്ഷേത്രത്തിൽ സൂക്ഷിച്ച കുഞ്ചൻ നമ്പ്യാരുടെ മിഴാവ് കാണുന്നു.
 
നമ്പ്യാര്‍ എന്ന സ്വപ്നം
 
പഠിക്കുന്ന കാലത്തേയുള്ള ആരാധനയാണ് നമ്പ്യാരോട്. നമ്പ്യാരെയും അദ്ദേഹത്തിന്റെ കൃതികളെയും കുറിച്ച് ചിന്തിച്ചാല്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും. അതുകൊണ്ട് തന്നെ പില്‍ക്കാലത്ത് നമ്പ്യാരും നമ്പ്യാരുടെ കൃതികളും അവഗണിക്കപ്പെടുന്നത് കണ്ടപ്പോള്‍ വലിയ വിഷമമായിരുന്നു. സ്‌കൂളില്‍ പഠിക്കുന്നതല്ലാതെ പിന്നെ വലിയ പഠനങ്ങളോ ഗവേഷണങ്ങളോ ഒന്നും നടക്കുന്നില്ല. അതിനെയെല്ലാം മറവിലേയ്ക്ക് തള്ളിവിടുന്ന ഒരു വിദ്യാഭ്യാസശൈലിയാണ് ഇന്നുള്ളത്. അങ്ങനെയാണ് നമ്പ്യാരുടെ കൃതികള്‍ കൂടുതലായി തേടിപ്പിടിച്ച് വായിച്ചും പഠിച്ചും തുടങ്ങിയത്. അതൊരു വലിയ സാഗരമായിരുന്നു. ഇവരെയൊക്കെ വീണ്ടും ഓര്‍മയിലേയ്ക്ക് കൊണ്ടുവരിക എന്നത് ഒരു കലാകാരന്‍, ഒരു സിനിമാക്കാരന്‍ എന്ന നിലയിലെല്ലാം എന്റെ കര്‍ത്തവ്യത്തിന്റെ ഭാഗമാണെന്ന് തോന്നിത്തുടങ്ങി. അതിന്റെ ഫലമാണ് ഈ സിനിമ. പഴശ്ശിരാജയും പരിണയവുമെല്ലാം എടുക്കാനുള്ള കാരണവും ഇതുതന്നെയായിരുന്നു. പരിണയം നമ്മള്‍ മറന്ന ഒരു സുപ്രധാനമായ കാലഘട്ടത്തെയാണ് അടയാളപ്പെടുത്തിയത്. ആദ്യത്തെ സ്വാതന്ത്ര്യ സമരപ്പോരാളിയായിരുന്ന പഴശ്ശിരാജയെ ഇന്നത്തെ തലമുറ ഒരുപക്ഷേ അറിയുന്നത് പഴശ്ശിരാജ എന്ന സിനിമ വഴിയാവും.
 
നമ്പ്യാര്‍ എന്ന സിനിമ
 
എം.ടി.യുമായുള്ള ചര്‍ച്ചകളില്‍ ഒന്നിലാണ് നമ്പ്യാരെക്കുറിച്ചൊരു സിനിമ എന്ന സ്വപ്നം മൊട്ടിടുന്നത്. ഇക്കാര്യം എന്റെ ഗുരുനാഥന്‍ എം.കൃഷ്ണന്‍ നായരുടെ മകന്‍ കൂടിയായ കെ.ജയകുമാറുമായും ചര്‍ച്ച ചെയ്തിരുന്നു. ഒരിക്കല്‍ എം.ടി തന്നെയാണ് പറഞ്ഞത്. ഇതിന്റെ തിരക്കഥ എഴുതേണ്ടത് മലയാളത്തില്‍ വലിയ അവഗാഹമുള്ള ആളാവണം. ജയകുമാറാണ് അതിന് ഏറ്റവും അനുയോജ്യന്‍. ഞാന്‍ ഇക്കാര്യം ആദ്യം പറയുമ്പോള്‍ വലിയ അമ്പരപ്പായിരുന്നു ജയകുമാറിന്. എന്നാല്‍, അതിലും വലിയ ആവേശത്തോടെ തന്നെ അദ്ദേഹം ഈ വെല്ലുവിളി ഏറ്റെടുത്തു. മനസ്സില്‍ വരുന്നതെന്തും എഴുതിക്കോളൂ എന്നു മാത്രമാണ് ഞാന്‍ പറഞ്ഞത്. അങ്ങനെ ഞങ്ങളുടെ അന്വേഷണങ്ങളില്‍ നിന്നും പഠനങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും സിനിമയുടെ കഥയ്ക്ക് ജീവന്‍വയ്ക്കുകയായിരുന്നു. തിരക്കഥാരചന ഏതാണ്ട് പൂര്‍ത്തിയായിവരികയാണ്.
 
നമ്പ്യാരെ തിരഞ്ഞുള്ള യാത്രകള്‍
 
നമ്പ്യാരെ വെറുമൊരു ആക്ഷേപഹാസ്യകാരനായി ചിത്രീകരിക്കുന്ന നമ്മള്‍ ആഴത്തിലുള്ള പഠനങ്ങളൊന്നും നടത്തിയിട്ടില്ല. അദ്ദേഹത്തെ നേരാംവണ്ണം മനസ്സിലാക്കുകയും ചെയ്തില്ല. നമ്പ്യാരുടെ ലിഖിതമായ ജീവചരിത്രം പോലും അപൂര്‍ണമാണ്. ലക്കിടിയില്‍ ജനിച്ച് കിടങ്ങൂരില്‍ വളര്‍ന്ന് അമ്പലപ്പുഴ തട്ടകമാക്കിയ നമ്പ്യാരെ മാത്രമാണ് നമ്മളറിയുക. എന്നാല്‍, ഇതിനപ്പുറമാണ് നമ്പ്യാരുടെ യഥാര്‍ഥ ജീവിതം. വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന ഹാസ്യ കവിയാണ്.  കൂത്തും കൊട്ടും പടയണിയും സ്വായത്തമാക്കിയ കലാകാരനാണ്. കളരിപ്പയറ്റ് പഠിച്ച യോദ്ധാവാണ്. പടയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. കുത്തുന്ന പരിഹാസം കൊണ്ട് സാമൂഹിക പരിഷ്‌കരണം നടത്തിയിട്ടുണ്ട്... അങ്ങനെ നമ്പ്യാര്‍ അല്ലാത്തതായി ഒന്നുമില്ലെന്നു സാരം. ചരിത്രത്തില്‍ വേണ്ടവണ്ണം രേഖപ്പെടുത്താത്ത ഇതൊക്കെ നമ്പ്യാര്‍ തന്നെ വാക്കുകള്‍ കൊണ്ട് വള്ളിപുള്ളി തെറ്റാതെ രേഖപ്പെടുത്തിയിട്ടുമുണ്ട്, തന്റെ കൃതികളില്‍. അതുകൊണ്ട് സിനിമയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ തന്നെ ഞാന്‍ ആദ്യം ചെയ്തത് ആ കൃതികള്‍ മുഴുവന്‍ വായിക്കുകയാണ്. അങ്ങനെ അതില്‍ മുങ്ങിത്തപ്പിയാണ് ഞാന്‍ കഥകള്‍ ഓരോന്നും തപ്പിയെടുത്തത്. നമ്പ്യാരെക്കുറിച്ച് കിട്ടാവുന്ന പുസ്തകങ്ങള്‍ മുഴുവന്‍ വായിച്ചു. എഴുത്തുകാരും ചരിത്രകാരന്മാരുമായി കൂടിക്കാഴ്ച നടത്തി. ലക്കിടി മുതല്‍ നമ്പ്യാരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം ഞാനും ജയകുമാറും സഞ്ചരിച്ചു. നമ്പ്യാരുടെയും ഉറ്റമിത്രവും അംഗരക്ഷകനുമായിരുന്ന മാത്തൂര്‍ പണിക്കരുടെയും ഗുരുക്കളായ ദ്രോണമ്പിളി നായകക്കരുടെയും ചെമ്പകശ്ശേരി രാജവംശത്തിലെയും അക്കാലത്തെ ചാക്യാന്മാരുടെയുമെല്ലാം പിന്‍മുറക്കാരെയും കണ്ടു. നമ്പ്യാരുടെ മിഴാവും ആദ്യമായി തുള്ളല്‍ അവതരിപ്പിച്ച ഇടവുമെല്ലാം അമ്പലപ്പുഴ ക്ഷേത്രത്തില്‍ സംരക്ഷിച്ചിട്ടുണ്ട്. പിന്നെ താമസിച്ച മാത്തൂര്‍ പണിക്കരുടെ വീട് വലിയ മാറ്റങ്ങളില്ലാതെ ഇന്നും നിലനില്‍ക്കുന്നുണ്ട്.
 
നമ്പ്യാരെ തിരയുന്ന ക്യാമറക്കണ്ണ് 
 
ഒരു ചരിത്ര ഗവേഷകന്റെ കണ്ണുമായല്ല, ഒരു സിനമാക്കാരന്റെ ക്യാമറക്കണ്ണുമായാണ് ഞാന്‍ അവിടെയൊക്കെ സഞ്ചരിച്ചത്. നമ്പ്യാരുടെ ജീവിതത്തിലെ സിനിമാറ്റിക്കായ അംശങ്ങളിലായിരുന്നു എന്റെ ശ്രദ്ധ ഏറെയും. നമ്പ്യാരെ സംബന്ധിക്കുന്ന ഓരോ കാര്യങ്ങള്‍ കാണുമ്പോഴും അറിയുമ്പോഴും അതിലെ ദൃശ്യസാധ്യതയാണ് ഞാന്‍ തിരയാറുള്ളത്. വെറുതെ ഒരു ഡോക്യുമെന്ററി പകര്‍ത്തുകയല്ലല്ലോ. നമ്പ്യാരുടെ സംഭവബഹുലമായ ജീവിതത്തെ സിനിമാറ്റിക്കായി അവതരിപ്പിക്കുകയാണ് ലക്ഷ്യം. അതിന് ചരിത്രത്തെ അതേപടി പകര്‍ത്തിവച്ചിട്ട് കാര്യമില്ല. അതിനൊരു സിനിമാക്കാരന്റെ ആവശ്യമില്ല. വടക്കന്‍പാട്ടിലെ പറയാതെ പോയ കാര്യങ്ങളില്‍ നിന്ന് തപ്പിയെടുത്താണ് ഞങ്ങള്‍ ചന്തുവിനെ ഉണ്ടാക്കിയത്. പഴശ്ശിരാജയിലുമായിരുന്നു ചരിത്രസംഭവങ്ങള്‍ക്ക് മേമ്പൊടിയായി ഇത്തരം സിനിമാറ്റിക് വ്യാഖ്യാനങ്ങള്‍. ഇത് കൂട്ടിച്ചേര്‍ക്കലുകളല്ല. തേച്ചു മിനുസപ്പെടുത്തലുകളാണ്. സിനിമയ്ക്ക് അത് ഒഴിച്ചുകൂടാനാവാത്തതാണ്. അഭ്യാസിയായ നമ്പ്യാരിലേയ്ക്കും  പ്രണയിക്കുകയും പ്രണയനൈരാശ്യം അനുഭവിക്കുകയും ചെയ്യുന്ന നമ്പ്യാരിലേയ്ക്കുമെല്ലാം ക്യാമറ സഞ്ചരിച്ചെന്നുവരാം. ഇത്തരം കാര്യങ്ങള്‍ പറയാനല്ലെങ്കില്‍ പിന്നെ എന്റെ ആവശ്യം എന്ത്. എന്തായാലും അപ്രതീക്ഷിതമായ ഒരുപാട് കാര്യങ്ങള്‍ സിനിമയിലണ്ടാകുമെന്ന് ഉറപ്പ്.
 
hariharan
കെ.ജയകുമാറും ഹരിഹരനും അമ്പലപ്പുഴ ക്ഷേത്രത്തിൽ
 
യഥാര്‍ഥ നവോത്ഥാന നായകന്‍ 
 
നമ്പ്യാരുടെ ജീവിതം ഒരു വലിയ സാഗരമാണ്. തുള്ളലിന്റെ ഉപജ്ഞാതാവായ നമ്പ്യാരോടാണ് ചരിത്രത്തിന് പഥ്യം. എന്നാല്‍, ഞാന്‍ തിരഞ്ഞതും വെള്ളിത്തിരയില്‍ പകര്‍ത്താന്‍ ഉദ്ദേശിക്കുന്നതും നവോത്ഥാന നായകനായ കുഞ്ചന്‍ നമ്പ്യാരെയാണ്. ഒരു കവിയുടെയോ കലാകാരന്റെയോ കര്‍ത്തവ്യം എന്താണെന്ന് കുഞ്ചന്‍ നമ്പ്യാര്‍ തന്റെ കൃതികളിലൂടെ കാണിച്ചുതരുന്നുണ്ട്. വെറുതെ കുറേ കൃതികള്‍ രചിക്കുകയായിരുന്നില്ല അദ്ദേഹം. ഹാസ്യത്തിലൂടെ ജനങ്ങളെ ബോധവത്കരിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇന്ന് നമ്മള്‍ നവോത്ഥാനത്തെ കുറിച്ച് പറയുന്നുണ്ടല്ലോ. സത്യത്തില്‍ നവോത്ഥാന കേരളത്തിന്റെ  രംഗശില്‍പി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. അതിന്റെ കാരണം കേരളത്തില്‍ നവോത്ഥാനത്തിന്റെ അടിവേര് കുഞ്ചന്‍ നമ്പ്യാരാണെന്ന് നമുക്ക് നിസ്സംശയം പറയാം. ഭരണാധകാിരികളോടും സമുദായ പ്രമാണിമാരോടും സാധാരണ ജനങ്ങളോടുമെല്ലാം തന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ പറയാനുള്ള ഒരു മാധ്യമമായിരുന്നു അദ്ദേഹത്തിന് തുള്ളല്‍. പരിവര്‍ത്തനത്തിനുള്ള മാധ്യമമായിരുന്നു. നമ്പ്യാരുടെ ജീവിതം അടയാളപ്പെടുത്തുക വഴി ഞാനും ചെയ്യുന്നത് ഇതുതന്നെയാണ്.
 
വിവാദങ്ങള്‍
 
വിവാദത്തിന് വരുന്നവര്‍ പൊതുവേ ചരിത്രമൊന്നും പഠിച്ചവരാവില്ല. എന്റെ അനുഭവത്തില്‍ കേട്ടറിവുകളുടെ പിന്‍ബലത്തിലാണ് അവരുടെ ചോദ്യംചെയ്യല്‍. പഴശ്ശിരാജ പുറത്തിറങ്ങിയ കാലത്ത് ഒരിക്കല്‍ ദുബായില്‍ വച്ച് ഒരാള്‍ ചോദിച്ചു, പഴശ്ശിരാജ മോതിരം വിഴുങ്ങി ആത്മഹത്യ ചെയ്യുകയല്ലെ. പിന്നെ നിങ്ങള്‍ എന്തിനാണ് അത് മാറ്റിക്കളഞ്ഞതെന്ന്. ചരിത്രത്തില്‍ അങ്ങനെയാണെന്നായിരുന്നു അയാളുടെ വാദം. ഞാന്‍ വീണ്ടും ചോദിച്ചു: പഴശ്ശിരാജ മോതിരം വിഴുങ്ങിയാണ് മരിച്ചതെന്ന് നിങ്ങളോട് ആരു പറഞ്ഞു. പട്ടാളക്കാര്‍ ചുറ്റും നില്‍ക്കുമ്പോള്‍ അങ്ങനെ മോതിരം വിഴുങ്ങി ആത്മഹത്യ ചെയ്ത ഒരു  വിഡ്ഢിയുടെ കഥ ഞാന്‍ സിനിമയാക്കുമെന്ന് തോന്നുന്നുണ്ടോ. അദ്ദേഹം വീരമൃത്യുവരിച്ചുവെന്ന് പൂര്‍ണമായി ഗവേഷണം ചെയ്ത് ബോധ്യംവന്നശേഷമാണ് ഞാന്‍ സിനിമ എടുക്കാന്‍ തന്നെ തീരുമാനിച്ചത്. വില്ല്യം ലോഗന്റേതടക്കമുള്ള പുസ്തകങ്ങളില്‍ അതൊക്കെ പറയുന്നുണ്ട്. പത്ത് മുപ്പതു പേരോട് പഴശ്ശി യുദ്ധം ചെയ്യുന്നതും ചെന്നു നോക്കുമ്പോള്‍ വെട്ടേറ്റ് കിടക്കുന്നതും കണ്ടുവെന്ന് ലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതൊന്നും വായിക്കാതെ ഏതോ വെള്ളരിനാടകക്കാര്‍ ഉണ്ടാക്കിയ കഥയാണ് നിങ്ങള്‍ പറയുന്നത് എന്നായിരുന്നു എന്റെ മറുപടി. ആ യുദ്ധത്തെ ഞാന്‍ സിനിമാറ്റിക്കാക്കിയതാണ് നിങ്ങള്‍ കണ്ട ക്ലൈമാക്‌സ്. ഇതായിരുന്നു എന്റെ മറുപടി. നാളെ കുഞ്ചന്‍ നമ്പ്യാരുടെ കാര്യത്തിലും എന്റെ സിനിമയെ ചോദ്യം ചെയ്യാന്‍ വരുമ്പോള്‍ നമ്പ്യാരെക്കുറിച്ച് പൂര്‍ണമായ വായിച്ച് പഠിച്ചിരിക്കണം. വര്‍ഷങ്ങളായി വായിച്ച് പഠിക്കുകയാണ് ഞാന്‍. അത് ജോലിയോടുള്ള എന്റെ സമര്‍പ്പണമാണ്. നമ്പ്യാര്‍ക്ക് സ്ത്രീകളുമായുണ്ടായിരുന്ന അടുപ്പമൊക്കെ സിനിമയില്‍ പറയുന്നുണ്ട്.
 
ഡോക്യുമെന്ററിക്ക് സിനിമാക്കാരന്‍ എന്തിന്
 
വെറുതെ ഒരു ഡോക്യുമെന്ററി പോലെ ജീവിതം പകര്‍ത്തുകയല്ല, നമ്പ്യാരുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ എടുക്കുകയാണ് ഞാന്‍ ചെയ്യുന്നത്. ആ കൃതികളില്‍ നിന്നാണ് അതിനുള്ള ജീവിതം കണ്ടെത്തുന്നത്. ഇതില്‍ കൂട്ടിച്ചേര്‍ക്കലുകളല്ല, തേച്ചുമിനുക്കലുകളാണ് ഉണ്ടാവുക. നമ്പ്യാര്‍ക്ക് ഒരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് പറയാന്‍ അധികം സമയമൊന്നും വേണ്ട. പക്ഷേ, സിനിമയായി ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ അതില്‍ ഒരുപാട് മിനുക്കലുകള്‍ വേണ്ടിവരും. ചില സ്വാതന്ത്ര്യങ്ങള്‍ എടുക്കേണ്ടിവരും. ടെന്‍ കമന്‍ഡ്‌മെന്റ്‌സും ബെന്‍ഹറുമെല്ലാം ബൈബിളിനെ ഉപജീവിച്ച് എടുത്തവയല്ലെ. അവയൊന്നും ബൈബിള്‍ അതേപോലെ പകര്‍ത്തുകയായിരുന്നില്ലല്ലോ. സിനിമയാകുമ്പോള്‍ ഒരു മിനുക്ക്പണി വേണ്ടിവരും. പഴശ്ശിരാജയിലും അങ്ങനെ ചെയ്തിട്ടുണ്ട്. ഇത്രയും സൗന്ദര്യാത്മകമായി അവതരിപ്പിച്ചിട്ടുള്ള ഒരു ചരിത്ര സിനിമ വേറെ കണ്ടിട്ടില്ലെന്നാണ് ഒ.എന്‍.വി പറഞ്ഞത്. സൗന്ദര്യാത്മകമായ അവതരണമാണ് ഞാന്‍ ലക്ഷ്യമിടുന്നത്. അതുതന്നെയാണ് ഡോക്യുമെന്ററിയില്‍ നിന്ന് സിനിമ ആവശ്യപ്പെടുന്ന വ്യത്യാസം. എന്തായാലും കുഞ്ചന്‍ നമ്പ്യാര്‍ മുഷിപ്പിക്കുന്ന ഒരു ഡോക്യുമെന്ററിയല്ലെന്ന് ഉറപ്പ്. എത്ര ബയോപിക്കുകള്‍ വന്നെങ്കിലും നമ്മളുടെ അവതരണത്തെ ആശ്രയിച്ചായിരിക്കും അതിന്റെ ഭാവി.
 
hariharan
ഹരിഹരനും കെ.ജയകുമാറും കുഞ്ചൻ നമ്പ്യാരുടെയും മാത്തൂർ പണിക്കരുടെയും പിൻമുറക്കാരുമായി സംസാരിക്കുന്നു
 
പൂര്‍ണ പിന്തുണയുമായി നിര്‍മാതാവ്
 
സിനിമ ഞാന്‍ തന്നെ നിര്‍മിക്കണമെന്നായിരുന്നു ആദ്യ ആലോചന. പിന്നെയാണ് മറ്റൊരാളെ കുറിച്ച് ചിന്തിക്കുന്നത്. ഒരിക്കല്‍ ഗോകുലം ഗോപാലനെ കണ്ട് ഇക്കാര്യം പറഞ്ഞു. ആവേശകരമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് നമ്മള്‍ ചെയ്യുന്നു. ഞാന്‍ ഇതിനെപ്പറ്റി ആലോചിച്ചതേ ഇല്ലല്ലോ. നിങ്ങള്‍ക്ക് എങ്ങനെ ഈ ചിന്ത വന്നു. എന്നായിരുന്നു കേട്ടമാത്രയില്‍ അദ്ദേഹത്തിന്റെ മറുപടി. പിന്നെ പൂര്‍ണ സ്വാതന്ത്ര്യം തന്നു. ഇതൊരു വെല്ലുവിളിയാണെന്ന് എനിക്കറിയാം. എന്നാല്‍, ഞാനല്ലെങ്കില്‍ വേറാരും ഇതെടുക്കാന്‍ തയ്യാറാവുകയുമില്ല. ഇതിനുള്ള ക്ഷമ ആര്‍ക്കുണ്ടാവും.. നിര്‍മാതാവിനും വേണം ക്ഷമ. ഏത് താരത്തെവച്ച് സിനിമയെടുക്കണം എന്നു മാത്രമേ സാധാരണ അവര്‍ ചോദിക്കുകയുള്ളൂ. എന്നാല്‍, ഗോകുലം ഗോപാലന്‍ നല്ല ആവേശത്തിലാണ്.
 
ചരിത്ര സിനിമകള്‍
 
ചരിത്ര സിനിമകള്‍ എന്നും ആവേശമാണ്. അതിനെക്കുറിച്ച് ഓര്‍ത്ത് ഒരിക്കലും ആശങ്ക തോന്നിയിട്ടില്ല. അതൊക്കെ നമുക്ക് അതിനോടുള്ള അഭിനിവേശത്തെ ആശ്രയിച്ചാണല്ലോ ഇരിക്കുന്നത്. ഇത്രയും വലിയൊരു ക്യാന്‍വാസില്‍ ഒരു കാലത്തെ, ഒരു പ്രതിഭാസത്തെ അടയാളപ്പെടുത്തുന്നതിന്റെ റിസ്‌ക്കുണ്ട്. ഇപ്പോള്‍ തന്നെ ഉറക്കമില്ല. പക്ഷേ, അതാണ് അതിന്റെ ത്രില്ലും. പക്ഷേ, ഇത് കാലാകാലത്തേയ്ക്കുള്ള ഒരു സിനിമയായിരിക്കും എന്ന തോന്നല്‍ നമുക്ക് ഊര്‍ജം പകരും. ഇത് മാത്രമാണ് എന്റെ ലഹരി. ആദ്യ സിനിമ ചെയ്യുന്ന അതേ സ്പിരിറ്റിലാണ് ഞാന്‍ ഇന്നും പുതിയ സിനിമയെ സമീപിക്കുന്നത്. ഒരു പിരിയഡ് സിനിമയാകുമ്പോള്‍ ചിത്രീകരണം കുറച്ചൊക്കെ വെല്ലുവിളിയാവും. വേണ്ടത്ര വായനയും പഠനവും ഇല്ലാത്തതുകൊണ്ടാണ് പല ചരിത്ര സിനിമകളും പരാജയപ്പെട്ടത്. നാടാകെ മാറിയതിനാല്‍ കുറേയൊക്കെ കൃത്രിമമായി സൃഷ്ടിക്കേണ്ടിവന്നേക്കും. കുറേയൊക്കെ യഥാര്‍ഥ സ്ഥലങ്ങളില്‍ പോയി ചിത്രീകരിക്കാനാവുമെന്നാണ് കരുതുന്നത്. അതിനുവേണ്ടി ഈ സ്ഥലങ്ങളിലെല്ലാം പോയി പഠനം നടത്തിക്കഴിഞ്ഞു. സ്‌കെച്ചുകളൊക്കെ എടുത്തു. രേഖാചിത്രങ്ങള്‍ ശേഖരിച്ചു. കുറേയൊക്കെ ഞാന്‍ തന്നെ വരച്ചു.
 
gokulam gopalan
ഗോകുലം ഗോപാലനും ഹരിഹരനും
 
ലക്കിടിയിലും അമ്പലപ്പുഴയിലുമെല്ലാം നമ്പ്യാരുമായി ബന്ധപ്പെട്ട് ശേഷിപ്പുകള്‍ ഇന്നുമുണ്ട്. അമ്പലപ്പുഴയില്‍ നമ്പ്യാര്‍ ഉപയോഗിച്ച മിഴാവും ആദ്യമായി തുള്ളല്‍ അവതരിപ്പിച്ച മണ്ഡപവും ഇന്നും സംരക്ഷിച്ചിട്ടുണ്ട്. കവിത എഴുതിയ മണ്ഡപവും മാത്തൂര്‍ ക്ഷേത്രവും മാത്തൂര്‍ പണിക്കര്‍ക്കൊപ്പം താമസിച്ച വീടും കിടപ്പുമുറിയുമെല്ലാം ഇപ്പോഴുമുണ്ട്. ഇതില്‍ പലതും പുന:സൃഷ്ടിക്കേണ്ടിവരും. അക്കാലത്തെ വേഷങ്ങളും രീതികളുമെല്ലാം ഞാന്‍ തന്നെ ഗവേഷണം നടത്തി പഠിച്ചുകഴിഞ്ഞു. ഇത്തരം കാര്യങ്ങളൊന്നും വേറാര്‍ക്കും വിട്ടുകൊടുക്കാറില്ല. അതുതന്നെയാണ് പഴശ്ശിരാജയിലും ചെയ്തത്. വടക്കന്‍വീരഗാഥയിലും ഇതൊക്കെ ചെയ്തതല്ലെ. പിന്നെ എന്തിലും ദോഷം കാണുന്നവരുമുണ്ടാകും. പുച്ഛവും പരിഹാസവുമെല്ലാം മലയാളിയുടെ സഹജമായ സ്വഭാവമാണല്ലൊ. അതൊന്നും നമ്മള്‍ കാര്യമാക്കേണ്ടതില്ല. ഞാന്‍ ഈ ചിത്രമെടുക്കുന്നത് കേരളത്തില്‍ ഒരു അംഗീകാരവും പ്രതീക്ഷിച്ചല്ല. പഴശ്ശിരാജയ്ക്ക് കേരളത്തില്‍ നിന്ന് എന്ത് അവാര്‍ഡാണ് ലഭിച്ചത്. ഞാന്‍ ഈ പടമെടുക്കുന്നത് ലോകസിനിമയെ ലക്ഷ്യംവച്ചാണ്. ലോകത്തിന്റെ മുന്നില്‍ കുഞ്ചന്‍ നമ്പ്യാര്‍ അംഗീകരിക്കപ്പെടണം. അതുകൊണ്ട് തന്നെ അത്ര സൂക്ഷ്മമായാണ് ഞാന്‍ ഈ സിനിമയെടുക്കുന്നത്. പഴശ്ശിരാജയുടെ കാസ്റ്റിങ് അതിന് ഉദാഹരണമല്ലെ. അതില്‍ ശരത്കുമാറിനെ കാസ്റ്റ് ചെയ്യുമ്പോള്‍ വലിയ എതിര്‍പ്പ് ഉണ്ടായിരുന്നു. വെറുതെ തമിഴില്‍ മൂലയ്ക്ക് ഇരിക്കുന്ന ആളാണെന്നും മുഖത്ത് ഭാവം വരില്ലെന്നുമൊക്കെയായിരുന്നു പറഞ്ഞിരുന്നത്. മുഖത്ത് ഭാവം വരുത്തേണ്ടത് എന്റെ ജോലിയാണെന്ന് പറഞ്ഞ അവരുടെ വായടപ്പിക്കുകയായിരുന്നു ഞാന്‍. സിനിമ ഇറങ്ങിയപ്പോള്‍ എന്തു സംഭവിച്ചു. എന്തൊരു മികവുറ്റ രീതിയിലാണ് അദ്ദേഹം ആ വേഷം ചെയ്തത്. കനിഹയ്ക്ക് പകരം ഒരു വലിയ താരം വേണമെന്നായിരുന്നു മറ്റൊരു അഭിപ്രായം. പക്ഷേ, എത്ര തന്മയത്വം ഉണ്ടായിരുന്നു അവരുടെ തമ്പുരാട്ടിവേഷത്തിന്. അതിലെ കാസ്റ്റിങ്ങില്‍ എന്തെങ്കിലും കുറ്റം പറയാനുണ്ടോ.
 
hariharan
കെ.ജയകുമാറും ഹരിഹരനും അമ്പലപ്പുഴയിൽ കുഞ്ചൻ നമ്പ്യാർ താമസിച്ചിരുന്ന വീട്ടിൽ
 
നമ്പ്യാരുടെ ഹാസ്യം തന്നെ ധാരാളം
 
നമ്പ്യാര്‍ ഹാസ്യസാമ്രാട്ടാണെങ്കിലും ഇതിനെ ഒരു ഹാസ്യ സിനിമയായി പ്രതീക്ഷിക്കരുത്. ആ ഗണത്തില്‍ ഇതിനെ പെടുത്തരുത്. ഇതൊരു വേറിട്ട ക്ലാസിക്ക് തന്നെയാണ്. എങ്കിലും നമ്പ്യാരുടെ കഥയല്ലെ. ഇതില്‍ ഹാസ്യമുണ്ടാകും. വളരെ ഇന്റലിജന്റായ കോമഡി. ഹാസ്യത്തിനുവേണ്ടിയുള്ള ഹാസ്യമൊന്നുമുണ്ടാവില്ല. അദ്ദേഹം എഴുതിയിട്ടുള്ള ഹാസ്യത്തിന്റെ ഒരു സിറ്റ്വേഷന്‍ മാത്രം. അല്ലാതെ ഒരു കോമഡിയും ചേര്‍ക്കുന്നില്ല. അദ്ദേഹം തന്നെ ഉണ്ടാക്കിയ ഹാസ്യം ധാരാളമല്ലെ. നമ്മള്‍ എന്തിന് വേറെ അന്വേഷിക്കണം.
 
പാട്ടുകള്‍ക്ക് ഉണ്ടാവില്ല പഞ്ഞം
 
പാട്ടുകള്‍ക്കും ഇതില്‍ പഞ്ഞമുണ്ടാവില്ല. നമ്പ്യാരുടെ തന്നെ തുള്ളല്‍ അല്ലാത്ത രചനകളുണ്ട്. പിന്നെ ഗാനരചനയും നിര്‍വഹിക്കുന്നത് ജയകുമാര്‍ തന്നെയാണ്. ഇളയരാജയാണ് സംഗീതം. തുള്ളല്‍ സംഗീതമൊക്കെ പഠിച്ച് അതിന്റെ അടിസ്ഥാനത്തിലാവും സംഗീതം. നഖക്ഷതങ്ങളുടെ സമയത്ത് ബോംബെ രവി എങ്ങനെ മലയാള സ്പര്‍ശമുള്ള സംഗീതം ചെയ്യുമെന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഒടുവില്‍ ഗുരുവായൂരിലെ ക്ഷേത്രവാദ്യം റെക്കോഡ് ചെയ്ത് അദ്ദേഹത്തിന് അയച്ചുകൊടുക്കുകയായിരുന്നു. അതിന്റെ റിസള്‍ട്ട് നോക്കൂ. ഇളയരാജയെപ്പോലൊരു സംഗീത ജീനിയസ് വേറെയില്ല. അതിന്റെ ഒരു ഇഫക്റ്റ് ഈ ചിത്രത്തില്‍ ഉണ്ടാവും. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് എഡിറ്റിങ്.
 
കുഞ്ചന്‍ നമ്പ്യാര്‍ ഒന്നേയുള്ളൂ
 
പ്രേക്ഷകര്‍ ഇതിനെ എങ്ങനെ കാണും എന്നൊന്നും ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നേയില്ല. പഴശ്ശിരാജ എടുക്കുമ്പോഴും ഇതേ ചോദ്യം നേരിട്ടിരുന്നു. പുതിയ തലമുറയ്ക്ക് ഇതില്‍ എന്താണ് ഉണ്ടാവുക എന്ന് ചോദിച്ചവരുണ്ട്. എന്നിട്ട് ചിത്രം റിലീസ് ചെയ്തപ്പോള്‍ എന്താണ് ഉണ്ടായതെന്ന് എല്ലാവരും കണ്ടതല്ലെ. എന്നെ ശരിക്കും അത്ഭുതപ്പെടുത്തി പ്രേക്ഷകരുടെ പ്രതികരണം. ഞാന്‍ അതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് അതൊരു പാഠപുസ്തമായി കണക്കാക്കുന്നവര്‍ വരെയുണ്ട്. കുഞ്ചന്‍ നമ്പ്യാരുടെ കാര്യത്തിലും ഇതുപോലുള്ള പ്രേക്ഷക പ്രതികരണം തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം ഇത് പഴശ്ശിരാജയെപോലെയല്ല. ഒരേയൊരു കുഞ്ചന്‍ നമ്പ്യാരേയുള്ളൂ ഇന്ത്യയില്‍. അതാണ് നമ്മള്‍ എടുക്കുന്നത്. ഇങ്ങനെയുള്ള ഒരേയൊരു കവിയേയുള്ളൂ ലോകത്തില്‍ തന്നെ.
 
hariharan
ഹരിഹരനും ജയകുമാറും മാത്തൂർ ക്ഷേത്രത്തിൽ
 
ആരാവും നമ്പ്യാര്‍
 
കഥയെക്കുറിച്ചുള്ള ചിന്തകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ കുഞ്ചന്‍ നമ്പ്യാരെ ആര് അവതരിപ്പിക്കും എന്നൊരു ചിന്തയും മനസ്സിലുണ്ടായിരുന്നു. അഭിനയവും അഭ്യാസവും തുള്ളലുമൊക്കെയായി മികച്ച സാധ്യതയുള്ള വേഷമാണിത്. മുപ്പത് വയസ്സ് മുതല്‍ അറുപത്തിയഞ്ച് വയസ്സ് വരെയുള്ള നമ്പ്യാരുടെ ജീവിതമാണ് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ഒരൊറ്റ നടന്‍ തന്നെ ഇത് പൂര്‍ണമായി ചെയ്യണമെന്നാണ് ആഗ്രഹം. പല പേരുകളും മനസ്സില്‍ ഉണ്ടെങ്കിലും ആരെയും ഉറപ്പിച്ചിട്ടില്ല. അതൊരു സസ്‌പെന്‍സായി നില്‍ക്കട്ടെ. എന്തായാലും നമ്പ്യാരുടെ കാസ്റ്റിങ് ഒരു സര്‍പ്രൈസായിരിക്കും. മൂന്ന് നായികമാരുണ്ട് ചിത്രത്തില്‍. പിന്നെ മാത്തൂര്‍ പണിക്കരെയും ദ്രോണമ്പള്ളി നായ്ക്കരെയും മാര്‍ത്താണ്ഡവര്‍മയെയും ചെമ്പകശ്ശേരി രാജാക്കന്മാരെയും പോലുള്ള ശക്തരായ കഥാപാത്രങ്ങള്‍ വേറെയും.
 
സ്യമന്തകം ഉപേക്ഷിച്ചോ
 
എന്റെ സ്വപ്നപദ്ധതിയാണത്. ഞാന്‍ തന്നെ സമ്പൂര്‍ണ തിരക്കഥ എഴുതിക്കഴിഞ്ഞു. ഒരുപാട് പണച്ചെലവ് വരും ഞാന്‍ മനസ്സില്‍ കണ്ടതുപോലെ ദൃശ്യവത്കരിക്കാന്‍. എങ്കിലും കുഞ്ചന്‍ നമ്പ്യാര്‍ കഴിഞ്ഞാല്‍ അതിന്റെ പണി തുടങ്ങണം. പുരാണത്തില്‍ യഥാര്‍ഥ സ്യമന്തക രത്‌നത്തിന്റെ കഥയാണ്. സ്യമന്തകം മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് കഥ. ഒന്നാന്തരം സിനിമയല്ലെ ഇത്. പുരാണങ്ങളെല്ലാം പഠിച്ച് എഴുതിയതാണ്. കുറച്ച് കൂടുതല്‍ ചെലവ് വരും. എങ്കിലും വലിയ പ്രതീക്ഷയുണ്ട് എനിക്കതില്‍. തത്കാലം കുഞ്ചന്‍ നമ്പ്യാര്‍ക്കുവേണ്ടി അത് മാറ്റിവച്ചുവെന്നു മാത്രം. നമ്പ്യാര്‍ കഴിഞ്ഞാല്‍ അതുണ്ടാവും. ഓരോനും സംഭവിക്കാന്‍ ഒരു സമയമുണ്ടല്ലോ. ഇതിനുവേണ്ടി ആരുടെയും പിറകെ നടക്കാനൊന്നും ഞാനില്ല. അതുകഴിഞ്ഞ് പാഞ്ചാലിയുടെ ഒരു കഥയുണ്ട്. പാഞ്ചാലിയേക്കാള്‍ വലിയ സ്ത്രീസമത്വവാദി വേറെയാരുണ്ട്. ഇത്തരം കാര്യങ്ങള്‍ പറയാനുള്ള ഒരു മാധ്യമം മാത്രമാണ് എനിക്ക് സിനിമ.
 

hariharan

 
മാറിയ കാലത്തെ വരവ്
 
സിനിമ മാറി എന്നു പറയുന്നതെല്ലാം തെറ്റിദ്ധാരണയാണ്. ഒന്നും മാറിയിട്ടില്ല. എന്റെ സിനിമ എന്റെ ശൈലിയിലാണ്, അല്ലാതെ വേറൊരാളുടെ ശൈലി നോക്കിയല്ല ഞാന്‍ എടുക്കുന്നത്. പഴശ്ശിരാജ ചെയ്യുമ്പോഴും ഇതൊക്കെ തന്നെ ആളുകള്‍ പറഞ്ഞിരുന്നു. സാങ്കേതികവിദ്യ മാറുന്നുണ്ട്. ഓസ്‌കര്‍ ലഭിച്ച ഗ്രീന്‍ബുക്കില്‍ എന്ത് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു സിനിമ കാണുമ്പോള്‍ അതിന് പിറകില്‍ ഇത്രയും സാങ്കേതിക വിദ്യകളുണ്ടെന്ന് പ്രേക്ഷകരെ തോന്നിപ്പിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ ടെക്‌നിക്ക്. ഇന്ന് സിനിമയില്‍ ടെക്‌നിക്കൊക്കെ ഒരുപാട് കാണുന്നുണ്ട്. എന്നാല്‍, കഥയ്ക്ക് ആവശ്യമുള്ള ടെക്‌നിക്ക് കൊടുക്കുകയാണ് ഒരു സംവിധായകന്‍ ചെയ്യേണ്ടത്. ഏത് ക്യാമറ ഉപയോഗിക്കണം എന്നതിനെക്കുറിച്ചല്ല. അത് ആ സിനിമയ്ക്ക് ആവശ്യമുണ്ടോ എന്നാണ് ഞാന്‍ ചിന്തിക്കേണ്ടത്. സര്‍ഗത്തിലും നഖക്ഷതങ്ങളിലുമെല്ലാം എന്ത് ടെക്‌നിക്കാണ് ഉപയോഗിച്ചത്. സാങ്കേതിക മാറ്റങ്ങളൊക്കെ യഥേഷ്ടം ഉണ്ടായത്. ഞാന്‍ സംവിധാനം പഠിക്കുന്ന കാലത്ത് ഒരു 40 എം.എം. ലെന്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. ഇതില്‍ വേണം എല്ലാ ഷോട്ടുകളും എടുക്കാന്‍. ഇന്ന് കഥയൊക്കെ മാറിയില്ലെ. ഇപ്പോള്‍ അവാര്‍ഡ് കിട്ടിയ സുഡാനി ഫ്രം നൈജീരിയയില്‍ എന്ത് ടെക്‌നിക്കാണ് ഉപയോഗിച്ചത്. ഒരു കോടി ക്ലബിലും കയറിയിട്ടില്ല. കോടികളുടെ കഥ പറയുന്ന ഈ ചിത്രങ്ങളൊക്കെ അതിന്റെ അടുത്തുനില്‍ക്കുമോ. അതൊക്കെ ആളുകള്‍ ആസ്വദിച്ചിട്ടുണ്ടോ. സുഡാനിയുടെ കഥയാണ് പ്രധാനം. അത് ഒരു അലങ്കാരവുമില്ലാതെ യഥാതദമായി പകര്‍ത്തിവച്ചിരിക്കുകയാണ് സംവിധായകന്‍. വലിയ ഗിമ്മിക്കൊക്കെ കാണിക്കുന്നവര്‍ കണ്ടുപഠിക്കേണ്ടതാണ് ആ ചിത്രം. സിനിമ കണ്ട ഉടനെ ഞാന്‍ ഇക്കാര്യം സംവിധായകനെ വിളിച്ചുപറഞ്ഞിരുന്നു.
 

hariharan

 
ചിത്രങ്ങള്‍: മനോ സ്റ്റുഡിയോ അമ്പലപ്പുഴ
 
Content Highlights: Hariharan KunjanNambiar Biopic Malayalam Movie Gokulam Gopalan KJayakumar Ambalapuzha Temple