ങ്കറും മേനകയും അഭിനയിച്ച 'മുത്തോടുമുത്ത്' എന്ന ചിത്രത്തില്‍ ബേബി ശാലിനിയെ നോക്കി ഈ ഐസ് മുട്ടായി പോലത്തെ പെണ്ണ് ഏതാണെന്ന് ചോദിച്ച ബാലതാരത്തെ ഓര്‍ക്കുന്നുണ്ടോ? 'എന്റെ കളിത്തോഴ'നും 'നന്ദി വീണ്ടും വരിക'യും അടക്കം അഞ്ചോളം സിനിമകളിലും ഏതാനും സീരിയലിലും അഭിനയിച്ച ആ ബാലതാരത്തെ പിന്നെ വെള്ളിത്തിരയില്‍ കണ്ടിട്ടില്ല. തിരുവനന്തപുരം സ്വദേശി ഹരിദേവ് കൃഷ്ണനാണ് മുത്തോടുമുത്തില്‍ ശങ്കറിന്റെ കുട്ടിക്കാലം അഭിനയിച്ച ആ താരം. 

ഡിസൈനിങ് മേഖലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍ ഹരിദേവ് കൃഷ്ണന്‍. കുറച്ചുകാലം വിദേശത്തായിരുന്ന ഹരിദേവ് ജോലി മതിയാക്കി 2018ലാണ് തിരികെ കേരളത്തിലേക്ക് എത്തുന്നത്. ഇപ്പോള്‍ 25 വര്‍ഷത്തിന് ശേഷം നാടകങ്ങളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും അഭിനയ രംഗത്തേക്ക് മടങ്ങി എത്തിയിരിക്കുന്ന ഹരിദേവ് വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു... 

സിനിമയിലേക്ക്.... 

ഉമ ആര്‍ട്‌സ് സിനിമയുടെ ബാനറില്‍ ചെയ്ത ഒരു ചിത്രത്തില്‍ അമ്മാവനായ മധുസാറാണ് ആദ്യം ക്യാമറയ്ക്ക് മുന്നില്‍പിടിച്ചു നിര്‍ത്തുന്നത്. പിന്നീട് ശ്രീകുമാരന്‍ തമ്പി സാറിന്റെ ചിത്രത്തിലും അഭിനയിച്ചു. പക്ഷേ അതൊന്നും പറയാന്‍ മാത്രമൊന്നുമുണ്ടായിരുന്നില്ല. എന്തെങ്കിലും കണ്ടെന്റുള്ള സിനിമ ചെയ്യുന്നത് 'മുത്തോടുമുത്ത്' മുതലാണ്. ഞാന്‍ പഠിച്ചിരുന്ന സ്‌കൂള്‍ ഇക്കാര്യത്തിലെല്ലാം വളരെ കര്‍ശനമായിരുന്നു. അതിനാല്‍ തന്നെ അവധി എടുക്കലൊന്നും സാധ്യമായിരുന്നില്ല. മിക്കവാറും സ്‌കൂള്‍ അവധിക്കാലത്ത് സംഭവിച്ച സിനിമകളാണ് ഇതെല്ലാം. എല്ലാം ഒന്നിന് പിറകേ ഒന്നായി വന്നു. 

സിനിമയ്ക്കായി ഒരു പരിശ്രമമൊന്നും കുടുംബത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. അത് വലുതാക്കാനോ, കൊണ്ടുനടക്കാനോ എന്റെ മാതാപിതാക്കള്‍ ശ്രദ്ധ കാണിച്ചതുമില്ല. വീട്ടില്‍ പഠനത്തിനായിരുന്നു എപ്പോഴും മുന്‍ഗണന. അച്ഛന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. സിനിമയുടെ പിറകേ നടക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ കൂടുതല്‍ ചെയ്യാന്‍ സാധിച്ചേനെ, കുറച്ചുകൂടി ശ്രമം നടത്തിയിരുന്നെങ്കില്‍ കൂടുതല്‍ സിനിമകള്‍ കിട്ടിയേനെ എന്നൊക്കെ പിന്നീട് തോന്നിയിരുന്നു.

അഞ്ചോ, ആറോ സിനിമകളാണ് ആകെ ഞാന്‍ ചെയ്തത്. പി.ജി.വിശ്വംഭരന്റെ നന്ദി വീണ്ടും വരികയാണ് അവസാനമായി അഭിനയിച്ചത്. പിന്നെ ചെറുതായി ചില സീരിയലുകളിലും ദൂരദര്‍ശന്റെ ചില ടെലിഫിലിമിലും നാടകങ്ങളിലുമൊക്കെ അഭിനയിച്ചു. അതിനു ശേഷം പഠനത്തിലായിരുന്നു ശ്രദ്ധ. പിന്നീട് അഭിനയ രംഗത്തേക്ക് മടങ്ങി വരുന്നത് 2019ല്‍ നാടകത്തിലൂടെയാണ്. 

hari dev krishnan
ഹരിദേവ് കൃഷ്ണനും ബേബി ശാലിനിയും മുത്തോട് മുത്ത് എന്ന ചിത്രത്തില്‍

മുത്തോടുമുത്തും ബേബി ശാലിനിയും

'മുത്തോടുമുത്ത്' വലിയ ഹിറ്റായിരുന്നു. ആളുകള്‍ ഇപ്പോഴും ഓര്‍ക്കുന്ന സിനിമയാണത്. ആ ചിത്രം വെച്ച് ആളുകള്‍ തിരിച്ചറിയുന്നു എന്നത് എനിക്ക് അത്ഭുതമാണ്. ഇപ്പോഴും ആളുകള്‍ എന്നെ ഓര്‍ക്കുന്നത് തന്നെ വലിയ സന്തോഷമാണ്. ചിലപ്പോള്‍ ബേബി ശാലിനി ഉണ്ടായിരുന്നത് കൊണ്ടാകും എന്നെ ഓര്‍ക്കുന്നത്. അത്രമാത്രം ഫേവറേറ്റായിരുന്നു ശാലിനി അന്ന്. അത് എനിക്കും ഗുണമായി എന്നു വേണം പറയാന്‍. 

ബേബി ശാലിനി അന്നൊരു വലിയ സ്റ്റാറാണ്. ശാലിനിയെ കാണാന്‍ വേണ്ടി മാത്രം ആളുകൂടുന്ന സമയമാണ്. എന്നെ സംബന്ധിച്ച് മറ്റ് നടന്മാരേയും നടിമാരേയും കാണുന്നതില്‍ ഉപരി ശാലിനിയെ കാണാമല്ലോ എന്ന സന്തോഷമായിരുന്നു ആ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍. സത്യത്തില്‍ എനിക്ക് വലിയ ടെന്‍ഷനായിരുന്നു അവരുടെ കൂടെ നില്‍ക്കാന്‍. കൊച്ചുകുട്ടിയാണെങ്കില്‍ പോലും ഒരു താരത്തെപ്പോലെയാണ് ശാലിനിയെ അന്ന് പെര്‍ഫോം ചെയ്യിക്കുന്നത്. അത്ര പെര്‍ഫെക്ഷനായിരുന്നു അവരുടെ അഭിനയത്തില്‍. അതിന്റെ എല്ലാം ടെന്‍ഷന്‍ അനുഭവിച്ചത് എനിക്ക് നല്ല ഓര്‍മയുണ്ട്. 

മധുവിന്റെ അനന്തിരവൻ...

വളരെ മനോഹരമായ ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍. ഓരോരുത്തരും അവനവന്റെ വഴികള്‍ തന്നെത്താന്‍ കണ്ടെത്തണമെന്ന് പൂര്‍ണമായും വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് മധുസാര്‍. ഒരു തരത്തിലുള്ള പ്രമോഷന്‍സും അദ്ദേഹം തന്നെത്താനെ പോലും ചെയ്യാറില്ല. തനിക്ക് വരാനുള്ളത്, തനിക്കായി വരും അല്ലെങ്കില്‍ മിണ്ടാതിരിക്കും എന്ന ചിന്താഗതിയാണ് അദ്ദേഹത്തിന്. 

ഞാന്‍ നാടകം ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ 'നിനക്ക് നാടകം ചെയ്യാന്‍ ഇഷ്ടമുണ്ടായിരുന്നോ' എന്നാണ് അദ്ദേഹം ചോദിച്ചത്. അതിന് ശേഷം ഷോട്ട് ഫിലിം ചെയ്തപ്പോള്‍ ഇതും ചെയ്യാന്‍ ഇഷ്ടമാണോ എന്ന് ചോദിച്ചു. ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും എന്റെ നാടകം കാണാന്‍ അദ്ദേഹം വന്നു. അതിനേക്കുറിച്ച് കൃത്യമായി തന്നെ പറഞ്ഞു. ഷോട്ട് ഫിലിം ചെയ്തപ്പോഴും അദ്ദേഹത്തെയാണ് ആദ്യം കാണിച്ചത്. നിന്റെ വഴി ശരിയാണെന്നാണ് അദ്ദേഹം അത് കണ്ട ശേഷം പറഞ്ഞത്. 

അദ്ദേഹത്തില്‍ നിന്ന് ഞാന്‍ അത്രയേ പ്രതീക്ഷിക്കുന്നുള്ളൂ. ആര്‍ക്ക് വേണ്ടിയും ശുപാര്‍ശ ചെയ്യുന്ന ടൈപ്പ് അല്ല അദ്ദേഹം. സിനിമ മേഖലയിലുള്ളവരിലേക്ക് നീ ഇത് എത്തിക്കുക, അവര്‍ക്ക് യോജിച്ചതാണ് നീയെങ്കില്‍ അവര്‍ വിളിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ ആവശ്യം അതിലില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എത്തിക്കലായ സമീപനമാണ് അദ്ദേഹത്തിന്റേത്. അതിനാല്‍ തന്നെ അദ്ദേഹത്തില്‍ നിന്ന് ഞാന്‍ അത് ആവശ്യപ്പെട്ടിട്ടുമില്ല. 

വീണ്ടും അഭിനയ രംഗത്തേക്ക്... 

എകദേശം 25 വര്‍ഷത്തിന് ശേഷമാണ് അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നത്. ഫേയ്സ്ബുക്കില്‍ ആക്റ്റീവായി തുടങ്ങുന്ന കാലത്ത് വെറുതേ തമാശക്കാണ് മാധവനോ, കുഞ്ചാക്കോ ബോബനോ അല്ല ബേബി ശാലിനിയുടെ ആദ്യ നായകന്‍ ഞാനാണ് എന്ന് പറഞ്ഞുകൊണ്ട് ഒരു പോസ്റ്റ് ഇട്ടത്. ചിത്രം യൂ ടൂബില്‍ കണ്ട ഒരു സുഹൃത്താണ് ഇത് ഞാനാണോ എന്ന് ചോദിച്ചത്. അതിന്റെ ഒരു കൗതുകത്തിന്റെ പേരിലാണ് ഫെയ്‌സ്ബുക്കില്‍ പഴയ ചിത്രങ്ങള്‍ സഹിതം പോസ്റ്റ് ഇട്ടത്. അതിന് വലിയ പ്രതികരണമാണ് ലഭിച്ചത്. 

ആ പോസ്റ്റ് കണ്ടതോടെ എന്തുകൊണ്ട് വീണ്ടും അഭിനയിക്കുന്നില്ലെന്ന് ആളുകള്‍ ചോദിക്കാന്‍ തുടങ്ങി. സുഹൃത്തുക്കളുടെ അത്തരം ചോദ്യത്തില്‍ നിന്നാണ് അഭിനയിക്കുന്നതിനേക്കുറിച്ച് ഗൗരവമായി വീണ്ടും ആലോചിച്ച് തുടങ്ങുന്നത്. അങ്ങനെയാണ് നാടകം പഠിക്കണം എന്ന ആഗ്രഹം ഉണ്ടാകുന്നത്. തുടര്‍ന്ന് കുറച്ച് സുഹൃത്തുകളെ കണ്ടെത്തി രംഗബോധി എന്ന സംഘന രൂപീകരിച്ചു. സാം ജോര്‍ജ് എന്ന ഒരു തിയേറ്റര്‍ ട്രെയിനറുമായി ചേര്‍ന്ന് രണ്ട് നാടകങ്ങള്‍ ചെയ്തു. അതിന് ശേഷമാണ് ഷോട്ട് ഫിലിമിലേക്ക് എത്തുന്നത്. രംഗബോധിയുടെ ഭാഗമായി തന്നെ ചെയ്തതാണ് നോട്ട് ഫോര്‍ സെയില്‍ എന്ന ഷോട്ട് ഫിലിം. കോവിഡിന്റെ ഇടയില്‍ സംഭവിച്ച കാര്യമാണത്. 

നാടകപ്രവര്‍ത്തനം.... 

രംഗബോധി രൂപീകരിച്ചതിന് പിന്നാലെ ചില നാടക ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. ആദ്യം ഒരു ചെറിയ നാടകവും പിന്നാലെ ഒരു വലിയ നാടകവും ചെയ്തു. ഒരിടത്തൊരിടത്ത് എന്നതായിരുന്നു ആദ്യ നാടകം. കാര്‍ണിവല്‍ അറ്റ് മണവാളന്‍ പാറ എന്ന രണ്ടാമത്തെ നാടകം ആന്റണ്‍ ചെക്കോവിന്റെ നാടകത്തിന്റെ മലയാള ആവിഷ്‌കാരമായിരുന്നു. സാം ജോര്‍ജായിരുന്നു അതിന്റെ സംവിധായകന്‍.

നാടകം കുറേ വേദികളില്‍ എത്തിക്കാന്‍ പദ്ധതി ഇട്ടിരുന്നെങ്കിലും കോവിഡ് പ്രശ്നങ്ങള്‍ മൂലം മൂന്നോട്ട് പോകാന്‍ സാധിച്ചില്ല. അതിനിടയിലാണ് ഹ്രസ്വചിത്രം എന്ന ആശയം കടന്നുവരുന്നത്. അതിന്റെ രചന, തിരക്കഥ, ഗാനരചന എന്നിവ ഞാന്‍ തന്നെയാണ് ചെയ്തത്. അനൂപ് മോഹനാണ് സംവിധായകന്‍. എല്ലാം സുഹൃത്തുക്കളുടെ പിന്തുണകൊണ്ട് സംഭവിച്ചതാണ്. 

harikrishnan.

നോട്ട് ഫോര്‍ സെയില്‍.... 

നിങ്ങള്‍ ഇത് തുടരേണ്ടത് തന്നെയാണ് എന്നാണ് ഷോട്ട് ഫിലിം കണ്ട ഓരോരുത്തരും എന്നെ ഓര്‍മിപ്പിക്കുന്നത്. ഇനി അടുത്തത് എന്താണ് എന്നാണ് ഓരോരുത്തരും ചോദിക്കുന്നത്. അതിനെ വളരെ പോസിറ്റീവായാണ് കാണുന്നത്. ഈ വര്‍ക്ക് കൊണ്ട് കുറച്ച് ആളുകള്‍ക്കെങ്കിലും പ്രതീക്ഷ കൊടുത്തു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടായിരിക്കുമല്ലോ അങ്ങനെ ചോദിക്കുന്നത്. നടന്‍ ശങ്കറും ഗായകന്‍ ഉണ്ണി മേനോനും അടക്കമുള്ളവര്‍ ഷോട് ഫിലിം ഷെയര്‍ ചെയ്തിരുന്നു. അതും വളരെ യാഥര്‍ശ്ചികമായി സംഭവിച്ച കാര്യമാണ്. 

ഒരു ചെറിയ ഷോട്ട് ഫിലിമിന് ഇത്രയും സ്വീകാര്യത ലഭിക്കുമെന്ന് കരുതിയില്ല. നല്ല ഷോട്ട് ഫിലിമുകള്‍ ഇതിനകം ചെയ്ത മൂന്നാല് പേരെങ്കിലും അടുത്ത ഷോട്ട് ഫിലിമിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. സിനിമ സംസാരിക്കാന്‍ ചിലരെങ്കിലും മുന്നോട്ട് വരുന്നു എന്നതും വലിയ സന്തോഷമാണ്. അത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. കോവിഡ് കാലത്തിന് ശേഷം ചിലപ്പോള്‍ ഏതങ്കിലും സിനിമകള്‍ ചെയ്‌തേക്കാം. പക്ഷേ ഒന്നും ഉറപ്പിച്ചു പറയാറായിട്ടില്ല. അര്‍ത്ഥവത്തായ കൊച്ചുസിനിമകളാണ് ഇഷ്ടം. അത്തരം സിനിമകളുടെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്നു.

Content Highlights: Interview with Hari Dev Krishnan, Muthodumuthu, Shalini, yesteryear actor, Malayala Cinema, Not for sale short film