സുഡാനി ഫ്രം നെെജീരിയയുടെ വിജയത്തിന് ശേഷം സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ഹലാൽ ലൗ സ്റ്റോറി. മലബാറിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത്ത്, പാർവതി, സൗബിൻ ഷാഹിർ, ജോജു ജോർജ്ജ്, ​ഗ്രേസ് ആന്റണി, മാമൂക്കോയ, ഷറഫുദ്ദീൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പപ്പായി ഫിലിംസ്, ഒ.പി.എം സിനിമാസ്, അവർഹുഡ് മുവീസ് എന്നിവയുടെ ബാനറിൽ ആഷിക് അബു, ജെസ്ന ആഷിം, ഹാർഷാദ് അലി എന്നിവരാണ് നിർമാണം. ഒക്ടോബർ 15 ന് ഹാലാൽ ലൗ സ്റ്റോറി ആമസോൺ പ്രെെമിൽ റിലീസിനെത്തുമ്പോൾ ചിത്രത്തിന്റെ മാതൃഭൂമി ഡോട്ട്കോമുമായി ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സക്കരിയ.

സുഡാനി ഫ്രം നെെജീരിയയുടെ വിജയം ഒരു തുടക്കക്കാരൻ എന്ന നിലയിൽ സ്വപ്നതുല്യമായിരുന്നു. രണ്ടാമത് ഒരു സിനിമയുമായി വരുമ്പോൾ പ്രേക്ഷകർ സക്കരിയയിലുള്ള വിശ്വാസം കാത്ത് സൂക്ഷിക്കുക എന്നത് വെല്ലുവിളിയായി അനുഭവപ്പെട്ടോ?

സുഡാനി ഫ്രം നെെജീരയുടെ വിജയം ഒരു ഫിലിംമേക്കർ എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണ് വർധിപ്പിച്ചത്. വെല്ലുവിളിയൊന്നും അനുഭവപ്പെട്ടില്ല. ആദ്യമായി ഒരു സിനിമ ചെയ്യുന്ന തയ്യാറെടുപ്പോടെ തന്നെയാണ് എന്റെ രണ്ടാമത്തെ ചിത്രത്തെയും ഞാൻ സമീപിച്ചത്. സുഡാനി ഫ്രം നെെജീരിയയുമായി താരതമ്യം ചെയ്യുമ്പോൾ ഹലാൽ ലൗ സ്റ്റോറി കുറച്ച് കൂടി വലിയ ക്യാൻവാസിലൊരുക്കുന്ന ചിത്രമാണ്. കുറച്ച് കൂടി താരങ്ങൾ സിനിമയുടെ ഭാ​ഗമാകുന്നു. അതിന്റേതായ വ്യത്യാസമുണ്ട്.

ആദ്യത്തെ ചിത്രവും മലബാറിന്റെ പശ്ചാത്തലത്തിലായിരുന്നു. രണ്ടാമത്തെ ചിത്രവും അതെ... മനപൂർവമുള്ള തിരഞ്ഞെടുപ്പായിരുന്നോ അത്? മലബാറിലെ ഹോം വീഡിയോ സംസ്കാരവുമായ എന്തെങ്കിലും ബന്ധമുണ്ടോ?

വ്യത്യസ്തമായ ത്രെഡ് വന്നു, അത് ഡെവലപ്പ് ചെയ്തു. കഥ നടക്കുന്നത് മലബാറിന്റെ പശ്ചത്തലത്തിലാണെന്ന് മാത്രം. അതൊരു പ്രദേശത്തെയോ അവിടുത്തെ സംസ്കാരത്തെയോ പ്രതിനിധാനം ചെയ്യുന്നില്ല. ഹാലാൽ എന്ന പേര്  എങ്ങിനെ സിനിമയുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നത് സിനിമ കാണുമ്പോൾ പ്രേക്ഷകർക്ക് മനസ്സിലാകും. സിനിമയുടെ ട്രെയ്ലറിൽ ചെറിയ സൂചനകൾ നൽകുന്നുണ്ട്. സിനിമയ്ക്കകത്തെ സിനിമയാണ് പ്രമേയം. ഒരു ടെലിഫിലിം മേക്കിങ്ങുമായി ബന്ധപ്പെട്ട കഥയാണ്.  മലബാറിലെ ഹോം വീഡിയോ സംസ്കാരവുമായി യാതൊരു ബന്ധവും ഇതിനില്ല. 

കഥാപാത്രങ്ങളെക്കുറിച്ചും അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചും പറയാമോ?

സിനിമ ആവശ്യപ്പെടുന്ന കഥാപാത്രങ്ങൾക്ക് അനുയോജ്യരായ ആളുകളെയാണ് ഞാൻ കാസ്റ്റ് ചെയ്തത് എന്ന് വിശ്വസിക്കുന്നു. സൗബിനൊപ്പം നേരത്തേ വർക്ക് ചെയ്തിട്ടുള്ളതിനാൽ ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയുണ്ടായിരുന്നു. പാർവതിയും ഇന്ദ്രജിത്തും ​ഗ്രേസ് ആന്റണിയും ജോജു ജോർജ്ജും ഷറഫുദീനുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തേ പറഞ്ഞതുപോലെ കുറച്ച് കൂടി വലിയ ക്യാൻവാസിൽ ഒരുക്കുന്നത് കൊണ്ടു കൂടിയാണ് ഇന്ദ്രജിത്തിനെയും പാർവതിയെയും ജോജുവിനെയുമെല്ലാം സമീപിക്കുന്നതും അവരോട് കഥ പറയുന്നതും. അവർക്ക് കഥ ഇഷ്ടപ്പെടുകയും അവർ സിനിമയുടെ ഭാ​ഗമാവുകയും ചെയ്തു. ഒരു ഫിലിംമേക്കർ എന്ന നിലയിൽ വളരെ പ്രൊഫഷണലുകളായ ആളുകൾക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചത് വലിയ ഭാ​ഗ്യമായി കരുതുന്നു. നമ്മൾ ആവശ്യപ്പെടുന്നതെന്തോ അത് ഇരട്ടിയായി നമുക്ക് തിരിച്ചുതരാൻ കെൽപ്പുള്ള അഭിനേതാക്കളാണ് ഇവരെല്ലാം. അതിലെനിക്ക് നൂറ് ശതമാനവും വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം തെറ്റിയതുമില്ല. 

ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസിനെത്തുമ്പോൾ?

തിയ്യറ്റർ അനുഭവം ഒന്നു വേറെ തന്നെയാണ്. എന്നിരുന്നാലും ഈ സാഹചര്യത്തിൽ മറ്റു മാർ​ഗങ്ങളില്ലല്ലോ. ഫിലിംമേക്കേഴ്സിനും പ്രേക്ഷകർക്കും കോവിഡ് കാലത്ത് സത്യത്തിൽ അനു​ഗ്രഹമാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ. തിയ്യറ്ററുകൾ തുറക്കുന്നത് എന്നാണെന്ന് അറിയില്ല. അഥവാ തുറക്കുന്ന സാഹചര്യത്തിൽ  ബി​ഗ് ബജറ്റ് സിനിമകൾക്കായിരിക്കും മുൻതൂക്കം. വെെഡ് റിലീസുണ്ടെങ്കിൽ മാത്രമേ അവർക്ക് മുടക്കുമുതൽ തിരിച്ചുപിടിക്കാനാകൂ. അതുകൊണ്ട് തന്നെ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ വലിയ സാധ്യതയാണ് തുറന്നിട്ടിരിക്കുന്നത്. ആളുകളുടെ ആസ്വാദന ശെെലിയിലും മാറ്റങ്ങൾക്കൊണ്ടു വരാൻ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് സാധിച്ചിട്ടുണ്ട്.

Content Highlights: Oru Halal Love Story Release on Amazon Prime on October 15,  Zakariya Mohammed Interview, Indrajith Sukumaran, Parvathy Thiruvoth, Soubin Shahir, Grace Antony, Joju George, Sharafudeen