'ഏത് ടൈപ്പ് ചേട്ടനാണങ്കിലും മര്യാദയ്ക്ക് സംസാരിക്കണം.' ഈ ഒരൊറ്റ ഡയലോഗ് മതി കുമ്പളങ്ങി നൈറ്റ്‌സിലെ സിമിയെ ഓര്‍ക്കാന്‍. എന്ത് അധികാരത്തിന്റെ പുറത്താണെങ്കിലും ഒരാണും ഒരു പെണ്ണിനോടും അപമര്യാദയായി പെരുമാറാന്‍ പാടില്ലെന്ന ഓര്‍മപ്പെടുത്തലായിരുന്നു ആ സിനിമ. ഗ്രേസ് ആന്റണി എന്ന കൊച്ചു കലാകാരിക്ക് കിട്ടിയ ലോട്ടറിയായിരുന്നു കുമ്പളങ്ങിയിലെ സിമി. ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലെ 'രാത്രി ശുഭരാത്രി' എന്ന പാട്ട് പാടി ചിരിപ്പിച്ച ഗ്രേസിന് ശുക്രന്‍ തെളിഞ്ഞത് അങ്ങ് കുമ്പളങ്ങിയിലാണ്. ഇപ്പോളിതാ അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന തമാശയിലെ സഫിയയായി തിളങ്ങുകയാണ് ഗ്രേസ്. അഭിനയ ജീവിതത്തിന്റെ പുത്തന്‍ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവയ്ക്കുകയാണ് ഗ്രേസ് ആന്റണി.

തമാശയിലെ സഫിയ

കുമ്പളങ്ങി നൈറ്റ്‌സിന്റെ ക്യാമറമാനായ ഷൈജു ഖാലിദാണ്  തമാശയിലെ നിര്‍മാതാക്കളിലൊരാള്‍. അദ്ദേഹമാണ് എന്നെ തമാശയിലേക്ക് വിളിച്ചത്. നല്ലൊരു ടീമന്റെ കൈയില്‍ നിന്നൊരു കോള്‍ വന്നപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ഓക്കെ പറയുകയായിരുന്നു. അത്രയക്ക് കോണ്‍ഫിഡന്‍സ് എനിക്കുണ്ടായിരുന്നു. കുമ്പളങ്ങിയുടെ എഡിറ്റിങ് പോലും കഴിയാത്ത സമയത്തായിരുന്നു തമാശയിലേക്ക് വിളിച്ചത്. വളരെയധികം സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. വലിയൊരു ഭാഗ്യമായിട്ടാണ് തമാശയെ കാണുന്നത്.

എന്റെ പ്രായത്തോട് അടുത്ത് നില്‍ക്കുന്ന ഒരു കഥാപാത്രമാണ് തമാശയിലെ സഫിയ. കുമ്പളങ്ങിയിലെ സിമി എന്നെക്കാള്‍ പ്രായം കൂടിയ കഥാപാത്രമായിരുന്നല്ലോ. ഇതില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന ശ്രീനിവാസന്റെ ജീവിതത്തിലെ മൂന്ന് സ്ത്രീ കഥാപാത്രങ്ങളില്‍ ഒരാളാണ് ഞാന്‍ അവതരിപ്പക്കുന്ന കഥാപാത്രം. വളരെയധികം സാമൂഹിക പ്രസക്തിയുള്ള കഥയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. അതേ പോലെ തന്നെ നല്ലൊരു എന്റര്‍ടെയിനറുമാണ്.

വിനയ് ഫോര്‍ട്ട്

എപ്പോഴും സംസാരിക്കുന്ന ജോളിയായിട്ടുള്ളൊരു വ്യക്തിയാണ് വിനയ് ഫോര്‍ട്ട്. നമ്മളെ കംഫര്‍ട്ടബിളാക്കി ഹാപ്പിയാക്കി നിര്‍ത്താനാണ് അദ്ദേഹം ശ്രമിക്കുക.
 
വിനയേട്ടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും തമാശയിലെ ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ ജീവിതത്തില്‍ പഠിച്ച എല്ലാ കാര്യങ്ങളും ഉള്‍ക്കൊണ്ട് ചെയ്യാന്‍ പറ്റിയ കഥാപാത്രമാണിത്. വളരെയധികം ഡെഡിക്കേഷന്‍ ഈ കഥാപാത്രത്തിനായി വിനയേട്ടന്‍ ചെയതിട്ടുണ്ട്. മുന്‍വശത്തെ മുടിയൊക്കെ എന്നും ഷേവ് ചെയ്തിട്ടാണ് കഥാപാത്രത്തിന്റെ ലുക്ക് സെറ്റ് ചെയ്തിരുന്നത്. എനിക്കടിച്ച ലോട്ടറിയാണ് തമാശയെന്ന്‌ വിനയേട്ടന്‍ പറയാറുള്ളത്.

കുമ്പളങ്ങിയിലെ സിമി

ആദ്യം ശ്യാമേട്ടനാണ് (ശ്യാം പുഷ്‌ക്കരന്‍) ചിത്രത്തിലേക്ക് എന്നെ വിളിക്കുന്നത്. ഇങ്ങനെ ഒരു സിനിമയുണ്ട് ഒരു കഥാപാത്രമുണ്ടെന്ന് പറഞ്ഞാണ് വിളിക്കുന്നത്. വര്‍ക്ക് ഷോപ്പ് പോലെയൊക്കെയുണ്ടെന്ന് പറഞ്ഞിരുന്നു ഏകദേശം അഞ്ച് മീറ്റിങ്ങ് കഴിഞ്ഞാണ് സിമിയുടെ കഥാപാത്രമാണ് എനിക്ക് അവതരിപ്പിക്കേണ്ടെതെന്ന് പറയുന്നത്. എന്നെ കൊണ്ട് ബേബി മോളുടെ കഥാപാത്രവും സിമിയുടെ കഥാപാത്രവുമൊക്കെ ചെയ്യിപ്പിച്ചിരുന്നു. അത് കഴിഞ്ഞ് ഏറ്റവും അവസാനമാണ് ഫഹദ് ഫാസിലിന്റെ ജോഡിയായിട്ടാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞത് .. എന്റെ ദൈവമേ എനിക്ക് അത് കേട്ടപ്പോള്‍ വല്ലാത്ത സന്തോഷമായിരുന്നു. എന്റെ കിളി പോയെന്ന് വേണം പറയാന്‍. താഴെ എന്റെ വീട്ടുകാരൊക്കെ നില്‍ക്കുന്നുണ്ടായിരുന്നു. എല്ലാവരോടും ഞാന്‍ ഓടിപ്പോയി ഇക്കാര്യം പറഞ്ഞു. അന്നത്തെ ദിവസം ഞാന്‍ ഉറങ്ങിയിട്ടില്ല. അത്രയ്ക്കും എക്‌സൈറ്റ്മെന്റായിരുന്നു.

എന്നെക്കാള്‍ പ്രായം കൂടിയ കഥാപാത്രമാണ് സിമി എന്നത് എന്നെ അലട്ടിയിരുന്നില്ല. എനിക്ക് നല്ല വേഷങ്ങള്‍ ചെയ്യണം എന്ന് മാത്രമേയുള്ളു. അല്ലാതെ വേറൊന്നും ഞാന്‍ നോക്കാറില്ല. പിന്നെ ഇത്രയും വലിയ ടീമിന്റെ ഒപ്പം ജോലി ചെയ്യുക എന്നതു തന്നെ വലിയ കാര്യമല്ലേ. ദിലീഷ് സാര്‍, ശ്യാം സാര്‍ എന്നിവരുടെ ചിത്രത്തില്‍ വന്നു പോവുന്ന കഥാപാത്രത്തിന് വരെ വലിയ പ്രാധ്യാന്യമുണ്ടാവുമെന്ന് ഉറപ്പാണ്. അത് കൊണ്ട് മറ്റൊന്നും ആലോചിച്ചില്ല. പിന്നെ ഫഹദ് ഫാസിലിന്റെ ഒപ്പം സ്‌ക്രീന്‍ സ്‌പേസുണ്ടെന്ന് കേട്ടപ്പോള്‍ എന്റെ കിളി പോയെന്ന് വേണം പറയാന്‍ പിന്നെ ഞാന്‍ പ്രായം ഒന്നും നോക്കിയില്ല.

സത്യത്തില്‍ സിമി ക്ലിക്കാവുമെന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേയില്ല. ഈ ടീമിന്റെ സിനിമ എന്തായാലും ശ്രദ്ധിക്കപ്പെടുമല്ലോ അങ്ങനെ എന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെടുമല്ലോ അത്ര മാത്രമേ ഞാന്‍ ചിന്തിച്ചിട്ടുള്ളു ആഗ്രഹിച്ചിട്ടുള്ളു. പക്ഷേ സിനിമയ്ക്ക് ശേഷം സംഭവിച്ചത് ഞാന്‍ പ്രതീക്ഷിച്ചതിലും അപ്പുറമാണ്. ഒത്തിരി കാര്യങ്ങൾ പഠിക്കാന്‍ പറ്റി. ആളുകള്‍ എന്നെ അംഗീകരിക്കുന്നുണ്ടെന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്.

ഏത് ടൈപ്പ് ചേട്ടനായാലും മര്യാദയ്ക്ക്‌​ സംസാരിക്കണം

ഷമ്മി എന്ന വ്യക്തിയുടെ ലൈഫില്‍ ടേണിങ്ങ് പോയിന്റ് ഉണ്ടാക്കുന്ന ഡയലോഗ് സിമിക്കുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. ചിത്രീകരണ സമയത്താണ് ഈ ഡയലോഗാണ്‌ പറയേണ്ടതെന്ന് അറിയുന്നത്. മാത്രമല്ല, ഈ ഡയലോഗ്‌ ഫഹദ് ഫാസിലിന്റെ മുഖത്ത് നോക്കി തന്നെ പറയണമെന്നാണ് പറഞ്ഞത്. പക്ഷേ ഞാന്‍ ചെയ്ത പണിയെന്താണെന്ന് വെച്ചാല്‍ മുഖത്ത് നോക്കാതെയാണ് ഡയലോഗ് പറഞ്ഞത്. എന്നെ സംബന്ധിച്ച് ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഞാനാണെങ്കില്‍ മുഖത്ത് നോക്കി പറയില്ല. ഞാനത് ശ്യാമേട്ടനോട് പറഞ്ഞപ്പോള്‍ അങ്ങനെ തന്നെ ചെയ്താല്‍ മതിയെന്ന് പറഞ്ഞു. ഫുള്‍ സപ്പോര്‍ട്ടായിരുന്നു ശ്യമേട്ടനും മധുവേട്ടനും. പിന്നെ ഫഹദിക്ക ഇങ്ങനെ കട്ടയ്ക്ക് നില്‍ക്കുമ്പോള്‍ ഡയലോഗ് അറിയാതെ തന്നെ വന്നു പോയി. ഒറ്റ അടിയും പിന്നെയൊരു ഡയലോഗുമായിരുന്നു. ഒറ്റയടിക്ക് തന്നെ ബാറ്റ് പൊട്ടിയെന്നതാണ് കാര്യം. ഇടത് കൈ കൊണ്ടാണ് ബാറ്റ് അടിക്കേണ്ടത്. റിഹേഴ്സല്‍ സമയത്ത് അത് പൊട്ടിയിരുന്നില്ല. എന്തോ ഒരു അനുഗ്രഹത്തില്‍ ആ ടേക്ക് ഓക്കെയായി.

ജീവിതത്തത്തില്‍ അത്ര പഞ്ച് ഡയലോഗ് അടിക്കേണ്ടി വന്നിട്ടില്ല. ഇനി ഇപ്പോള്‍ അങ്ങനെ വന്നാലും ഞാന്‍ കരഞ്ഞു പോവാനാണ് സാധ്യത.. ചിലപ്പോള്‍ പറയാന്‍ പറ്റില്ല അങ്ങനെ ഒരു സാഹചര്യത്തില്‍ ബോള്‍ഡാവുമായിരിക്കും.

ഫഹദ് ഫാസില്‍
 
ഇക്ക അങ്ങനെ സംസാരിക്കാറില്ല സെറ്റില്‍ വരുന്നു തന്റെ പണിയെടുത്ത് പോവുന്നു അത്രേയുള്ളു. ആള്‍ ഫുള്‍ ടൈം കഥാപാത്രത്തില്‍ ഇരിക്കുകയായിരുന്നു അങ്ങനെ നന്നായി സംസാരിക്കുന്ന ആളാണെന്ന് തോന്നിയില്ല. പാക്കപ്പ് കഴിഞ്ഞ ശേഷമാണ് അദ്ദേഹം ഷമ്മിയില്‍ നിന്ന് മാറി ഫഹദായത്‌ വളരെ ഡെഡിക്കേറ്റഡാണ്.

ഹാപ്പി വെഡ്ഡിങ്ങിലേക്ക്

ഓഡിഷന്‍ വഴിയാണ് എനിക്ക് ഹാപ്പി വെഡ്ഡിങ്ങിലേക്ക് അവസരം കിട്ടുന്നത്. എന്റെ ആദ്യ ഓഡിഷനായിരുന്നു അത്. ഞാന്‍ അന്ന് ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുകയായിരുന്നു. അതും ഇങ്ങനെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം കിട്ടുമെന്ന് വിചാരിച്ചിട്ടല്ല പോയത്. പിന്നെന്തോ ആ സീന്‍ ശ്രദ്ധിക്കപ്പെട്ടു. അഭിനയം വലിയൊരു മോഹമായിരുന്നു. ഡിഗ്രിക്കൊക്കെ പഠിക്കുമ്പോഴാണ് ഇങ്ങനെ കാസ്റ്റിങ്ങ് കോളിനെ കുറിച്ചൊക്കെ കേള്‍ക്കുന്നത് തന്നെ. അപ്പോൾ പോയി അങ്ങനെ അതില്‍ സെലക്ഷന്‍ കിട്ടി. അന്ന് തന്നെ അവര്‍ പറഞ്ഞിരുന്നു നായികയെന്നുമാക്കില്ല ചെറിയൊരു ക്യാരക്ടടര്‍ റോളാണെന്ന്.

കണ്ണടച്ചാണ് അന്ന് തിയ്യറ്ററില്‍ ഇരുന്നത്

ഹാപ്പി വെഡ്ഡിങ്ങായിരുന്നു ആദ്യ ചിത്രം. അതിലെ സീന്‍ ശ്രദ്ധിക്കപ്പെട്ടതുമാണ്. എന്നാല്‍ എന്റെ ഏറ്റവും വലിയ സങ്കടം എന്താണെന്ന് വെച്ചാല്‍ ഞാന്‍ ആ സീന്‍ കണ്ടിട്ടില്ല എന്നതാണ്. ഞാനാകെ നെര്‍വസായിരുന്നു അത് കൊണ്ട് തന്നെ തിയ്യറ്ററില്‍ ആ സീന്‍ വന്നപ്പോള്‍ കണ്ണടച്ചിരിക്കുകയായിരുന്നു. അതിനകത്ത് വെള്ളിവീഴുന്ന പോലെ പാടാനായിരുന്നല്ലോ ഉണ്ടായിരുന്നത്. സീന്‍ ചെയ്യാനൊന്നും പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ പിന്നീട് എനിക്ക് ആ സൗണ്ട് കേട്ടപ്പോള്‍ വല്ലാത്ത ചമ്മലായിരുന്നു. കാരണം ആദ്യമായിട്ടാണല്ലോ പാടി വെറുപ്പിക്കുന്ന ഒരു പെണ്‍കുട്ടിയെ നമ്മള്‍ കാണുന്നത്. ആളുകള്‍ അത് സ്വീകരിക്കുമോ? എന്നെ കളിയാക്കുമോ? എന്നൊക്കെയുള്ള ചിന്തകള്‍ വല്ലാതെ അലട്ടിയിരുന്നു. പിന്നീട് ആ സീന്‍ എല്ലാവര്‍ക്കും ചിരിക്ക് വകയുണ്ടാക്കിയെന്നറിഞ്ഞു. യൂട്യൂബിലും ടിവിയിലുമൊക്കെയായിട്ടാണ് പിന്നീട് ഞാന്‍ ആ സിന്‍ കാണുന്നത്.

അഭിനയിക്കുമ്പോള്‍ ആ സീന്‍ ഇങ്ങനെ ക്ലിക്കാവുമെന്ന് വിചാരിച്ചിട്ട് തന്നെയില്ല. സീന്‍ ചെയ്യുന്നതിന്റെ തലേന്ന് സംവിധായകന്‍ പറഞ്ഞു ഗ്രേസിന് ഇങ്ങനെ ഒരു പാട്ട് പാടാന്‍ പറ്റുമോ എന്ന് ചോദിച്ചു. അപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ പാട്ടാണ് രാത്രി ശുഭരാത്രി. ആ സിനിമ ഇറങ്ങിയ സമയമായിരുന്നു. ലിറിക്ക്‌സ് പോലും എനിക്ക് കൃത്യമായിട്ട് അറിയില്ലായിരുന്നു. അങ്ങനെ പാടി ഒപ്പിച്ച പാട്ടാണ് അത്.

ആ സമയത്ത് എനിക്ക് സിനിമയെ കുറിച്ച് കാര്യമായിട്ടൊന്നും അറിയില്ലല്ലോ. സിനിമയിലെ ആളുകളെ ഒട്ടും നിരീക്ഷിച്ചിരുന്നില്ല. ആ സിനിമയില്‍ ഞാനൊരു പാട്ട് പാടിയിട്ടുണ്ടെന്നെയുള്ളു അല്ലാതെ ക്യാമറയുണ്ടെന്നോ ഡയക്ടര്‍ ഉണ്ടായിരുന്നെന്നോ ഞാന്‍ ചിന്തിച്ചിട്ടേയില്ല. ക്യാമറ മുന്നില്‍ വരുമ്പോള്‍ എനിക്ക് കാര്യമായി ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. അതിന് ഡ്രാമ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്.

ഹാപ്പി വെഡ്ഡിങ്ങിന് ശേഷം

ഹാപ്പി വെഡ്ഡിങ്ങ് ശേഷം കാബോജി, ജോര്‍ജേട്ടന്‍സ് പൂരം എന്നീ സിനിമകളില്‍ ചെറിയ കഥാപാത്രങ്ങള്‍ ചെയ്തിരുന്നു. പക്ഷേ അതൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആളുകള്‍ ഇപ്പോഴും എന്റെ ആദ്യത്തെ സിനിമ ഹാപ്പി വെഡ്ഡിങ്ങ് രണ്ടാമത്തെ സിനിമ കുമ്പളങ്ങി എന്നാണ് പറായാറുള്ളത്.

അഭിനയത്തോട് മാത്രം പ്രണയം

എന്റെ പ്രണയം സിനിമയോട് മാത്രമാണ്. കുട്ടിയായ കാലം തൊട്ടെ സിനിമ മാത്രമാണ് എന്റെ പ്രണയം. അമ്മയുടെ കൈയില്‍ നിന്ന് എനിക്ക് ഒത്തിരി ചീത്തയൊക്കെ കിട്ടിയിട്ടുണ്ട് അവരുടെയൊക്കെ വിചാരം പഠിക്കാതിരിക്കാനുള്ള അടവാണ് ഈ അഭിനയ മോഹമെന്നാണ്. കുട്ടികാലത്ത് ക്ലാസിലൊക്കെ ടീച്ചര്‍മാര്‍ എന്നോട് ആരാവണമെന്ന് ചോദിക്കുമ്പോള്‍ സിനിമ നടിയാവണമെന്നാണ് ഞാന്‍ പറയുക. അപ്പോള്‍ പ്രണയം സിനിമയോട് മാത്രം.

എന്റെ ഓര്‍മ വെച്ച നാള്‍ മുതല്‍ എനിക്ക് അഭിനയം മനസിലുണ്ടായിരുന്നു. അഭിനയിക്കാന്‍ വേണ്ടി ജീവിച്ചവളാണ് ഞാന്‍. അത്രയ്ക്കും പാഷനായിരുന്നു. 

എന്തങ്കിലും സ്വപ്‌നം കണ്ടിട്ടുണ്ടെങ്കില്‍ എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും അത് ഞാന്‍ നേടും ആ ആത്മവിശ്വാസം എനിക്കുണ്ട്.  സിനിമയ്ക്ക് വേണ്ടി ശ്രമിക്കുമ്പോള്‍ ആ ആത്മവിശ്വാസം മനസ്സിലുണ്ടായിരുന്നു. സിനിമയില്‍ ഒന്ന് കയറി കിട്ടാന്‍ ഒരുപാട് കഷ്ടപ്പെട്ടിടുണ്ട്.

എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം എന്റെ വീട്ടുകാരുടെ പിന്തുണയാണ്. എന്റെ കുടുംബം സാമ്പത്തികമായി സെറ്റായിരുന്നില്ല. ഡാന്‍സ് പഠിക്കാനൊക്കെ എന്നെ സപ്പോര്‍ട്ട് ചെയ്തിരുന്നു. കലാതിലകമായാല്‍ സിനിമയിലേക്കെത്താമെന്നായിരുന്നു എന്റെ വിചാരം, കാവ്യ മാധവന്‍, നവ്യ നായര്‍ എന്നിവരെ പോലെ. അത് കൊണ്ട് ഡാന്‍സൊക്കെ പഠിച്ച് എങ്ങനെയെങ്കിലും കലാതിലകമാവുകയൊയിരുന്നു എന്റെ ആദ്യ ലക്ഷ്യം. പക്ഷേ യുവജനോത്സവത്തിനൊക്കെ കൊണ്ടുപോവാനൊക്കെ എന്റെ വീട്ടുകാര്‍ക്ക് കഴിയുമായിരുന്നില്ല. ഞാന്‍ തന്നെ ഡാന്‍സൊക്കെ പഠിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ പോയിട്ടാണ് സമ്പാദിച്ചത്. 

ശ്യാമപ്രസാദ് തന്ന എനര്‍ജി

പത്ത് കഴിഞ്ഞപ്പോള്‍ ഡാന്‍സ് വിട്ട് പതുക്കെ നാടകത്തിലേക്ക് കടന്നു. പതിയെ പതിയെ അഭിനയത്തിലേക്ക് എത്തി. ഞാന്‍ ചെയ്‌തൊരു പ്രൊഫഷണല്‍ നാടകം സംവിധായകന്‍ ശ്യാമ പ്രസാദ് കാണാനിടയായി അദ്ദേഹം വളരെ നന്നായിട്ടുണ്ടെന്ന് എന്നോട് പറയുകയുണ്ടായി. അത് വല്ലാത്തൊരു കോണ്‍ഫിനഡന്‍സാണ് എനിക്ക് നല്‍കിയത്. സാര്‍ എന്നെ ഓര്‍ക്കുന്നുണ്ടോയെന്ന് എനിക്കറിയില്ല. പക്ഷേ ആ കോണ്‍ഫിഡന്‍സ് കൊണ്ടാണ് ഞാന്‍ ഓഡിഷന് പോകാന്‍ തുനിഞ്ഞ് ഇറങ്ങിയത്. ഞാന്‍ ഒന്നുമല്ലാതിരുന്ന സമയത്താണ് ആ കോപ്ലിമെന്റ് എനിക്ക് കിട്ടുന്നത് ഒരു കൊച്ചു കുട്ടിക്ക് കിട്ടിയ വലിയ സമ്മാനം പോലെയായിരുന്നു അത്.

പുതിയ നായിക സങ്കല്‍പ്പം

സിനിമയിലെ എഴുത്തുകാരും സംവിധായരും ആര്‍ട്ടിസ്റ്റുകള്‍ക്ക് നല്‍കുന്ന പ്രാധാന്യം കണ്ടിട്ട് ഒത്തിരി അഭിമാനം തോന്നുന്നുണ്ട്. നായിക സങ്കല്‍പ്പം എന്നതിന് പുതിയമാനങ്ങള്‍ കൈവന്നിരിക്കുകയാണ്. ഇത്തരത്തിലുള്ള നായിക സങ്കല്‍പ്പത്തെ പൊളിച്ചടുക്കുകയാണ് തമാശ. പണ്ടൊക്കെയാണ് മെയ്യഴുകുള്ള നായികയും മരംചുറ്റി പ്രേമവുമൊക്കെയുള്ളത്. ഇപ്പോള്‍ അത്തരം ചിന്താഗതികള്‍ ഒത്തിരി മാറി വരുന്നുണ്ട്. നമ്മള്‍ കാണുന്ന കണ്ണിലാണ് സൗന്ദര്യം. നമ്മള്‍ എല്ലാവരുടെ ജീവിതത്തിലും നമ്മള്‍ നായികമാരാണ്‌. ഇന്നത്തെ സിനിമ അത്തരം വിഷയത്തില്‍ നീതി പുലര്‍ത്തി വരുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

തടിക്കണോ മെലിയണോ? ഞാന്‍ ഓക്കെ..

ഇത്തിരി മെലിഞ്ഞിരുന്ന സമയത്താണ് എനിക്ക് കുമ്പളങ്ങിയിലേക്ക് ഓഫര്‍ വരുന്നത്. അന്ന് കഥാപാത്രത്തിന് വേണ്ടിയായിരുന്നു തടി കൂട്ടിയത്. തമാശയിലേക്ക് വിളിച്ചപ്പോള്‍ തടിയെ കുറിച്ച് ഒന്നും പറഞ്ഞില്ല. അപ്പോള്‍ എനിക്ക് തോന്നി തടി അപ്പോള്‍ ഒരു പ്രശ്‌നമല്ലാല്ലേ( ചിരിക്കുന്നു) ഇനി ഇപ്പോള്‍ കഥാപാത്രത്തിന് വേണ്ടി മെലിയണമെന്ന് പറഞ്ഞാലും ഞാന്‍ മെലിഞ്ഞിരിക്കും. അതില്‍ എനിക്ക് യാതൊരു പേടിയുമില്ല.

ഞാന്‍ പഴയ ഗ്രേസ് തന്നെ

സിനിമ കാര്യമായിട്ട് യാതൊരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. പ്രോഫഷണലി ഒത്തിരി പഠിക്കാന്‍ പറ്റി. അതല്ലാതെ പ്രത്യേകിച്ചൊന്നുമില്ല. ഇപ്പോഴും എന്റെ പഴയ സുഹൃത്തുകളായിട്ട് നല്ല ബന്ധം പുലര്‍ത്തുണ്ട്. പുറത്ത് പോവുമ്പോള്‍ നാലു പേര്‍ അറിയുന്നുവെന്നാണ് ആകെയുള്ള മാറ്റം.

കല്യാണമോ എനിക്കോ

കല്യാണത്തെ പറ്റി ഇപ്പോള്‍ ചിന്തിക്കുന്നേയില്ല. എനിക്ക് കുറേ നല്ല കഥാപാത്രങ്ങള്‍ ചെയ്ത് ഇവിടെ കുറച്ച് കാലം കൂടി നില്‍ക്കണം. അതു കൊണ്ട് കുറച്ച് കാലത്തേക്ക് കല്യാണത്തെ കുറിച്ച് ഓര്‍ക്കുന്നില്ല. കല്യാണം കഴിഞ്ഞാലും ഈ മേഖലയില്‍ തുടരണമെന്നാണ് ആഗ്രഹം. അങ്ങനെയൊരാളെ കിട്ടുമായിരിക്കും..

ഒരുപാട് സ്വപ്നങ്ങളുമായി ഗ്രേസ് സിനിമയില്‍ യാത്ര തുടരുകയാണ്. സിനിമയിലെ സൂപ്പര്‍ താരപദവിയോടൊന്നും ഗ്രേസിന് മോഹമില്ല. നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയാല്‍ മതിയെന്നാണ് ഗ്രേസിന്റെ മോഹം.

Content Highlights: Actress Grace antony interview, Thamasha malayalam movie