യ്യപ്പനും കോശിയും മത്സരിച്ചാടിയ സിനിമയിൽ കണ്ണമ്മയും കൈയടിനേടി, കാടിന്റെ മകൾ കഥയുടെ ഒഴുക്കിൽ കാട്ടരുവിയായും വെള്ളച്ചാട്ടമായും മാറിയവൾ. അയ്യപ്പനും കോശിയും കണ്ടിറങ്ങിയവരാരും കോശിയുടെ മുഖത്ത് നോക്കി ഉശിരോടെ സംസാരിക്കുന്ന അയ്യപ്പൻ നായരുടെ ഭാര്യയെ മറന്നുകാണില്ല. അട്ടപ്പാടിയുടെ അഴകും ഉശിരും സമം ചേർത്ത് സച്ചി  രൂപപ്പെടുത്തിയ കണ്ണമ്മയ്ക്ക് രൂപവും ഭാവവും നൽകിയത് ഗൗരി നന്ദ എന്ന യുവനടിയാണ്. കണ്ണമ്മയിലേക്കെത്താൻ ഭക്ഷണം ഉപേക്ഷിച്ച് വ്യയാമമുറകളിലൂടെയും ഗൗരി നന്ദ നടത്തിയ പ്രയത്‌നം ഏറെ പ്രശംസിക്കപ്പെടുകയാണ്.  ശരീരത്തിന്റെ തടിച്ച കുപ്പായം അഴിച്ചു​െവച്ച് മെലിഞ്ഞ് അട്ടപ്പാടിയുടെ കാടകത്തിൽ ഉരുക്കിയെടുത്ത കണ്ണമ്മയായ കഥ ഗൗരി നന്ദ പറയുന്നു.

അയ്യപ്പനും കോശിയും ജീവിതത്തിൽ വരുത്തിയ മാറ്റം ?

= ഞാൻ എന്താണോ ആഗ്രഹിച്ചത് ആ ജീവിതം ആണ് ഇപ്പോൾ ജീവിക്കുന്നത്. ഇതിനുമുമ്പേ സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്.  കണ്ണമ്മ എന്നാണ് ഇപ്പോൾ എല്ലാവരും എന്നെ വിളിക്കുന്നത്. നമ്മൾ ചെയ്ത കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുക എന്നതാണല്ലേ ഒരു അഭിനേതാവിന് കിട്ടുന്ന ഏറ്റവും വലിയ ആദരം. ഫെയ്‌സ്ബുക്കിൽ എന്റെ പേരിനൊപ്പം കണ്ണമ്മ എന്ന ചേർത്തതും അത്തരമൊരു ഇഷ്ടം കൊണ്ടാണ്.

കണ്ണമ്മയിലേക്കെത്താൻ ഏറെ പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അത് വെളിപ്പെടുത്തുന്ന ചിത്രം അടുത്തിടെ സോഷ്യൽ മീഡിയയിലും പങ്കു​െവച്ചിരുന്നു. എത്ര ഭാരം കുറയ്‌ക്കേണ്ടി വന്നു ?

= അങ്ങനെ ഇത്ര കിലോ കുറയ്ക്കണം എന്ന ഉദ്ദേശ്യത്തിൽ ഭാരം കുറച്ചിട്ടില്ല. ഈ സിനിമയിലേക്ക് വരുന്നതിന് മുമ്പേ നല്ല തടി ഉണ്ടായിരുന്നു എനിക്ക്. കണ്ണമ്മ എന്ന കഥാപാത്രം അട്ടപ്പാടിയിലെ ആദിവാസി ഗ്രോതത്തിൽപ്പെട്ട ഒരാളാണ്. അതുകൊണ്ട് തന്നെ മെലിഞ്ഞ അല്പം പരുക്കയായ ഒരു ശരീര പ്രകൃതമായിരിക്കും അവർക്കെന്ന് കഥ പറയുമ്പോൾ തന്നെ സംവിധായകനായ സച്ചിയേട്ടൻ പറഞ്ഞിരുന്നു. ഗൗരിയെ കൊണ്ട് ആവുന്നത്രയും ഭാരം കുറയ്ക്കണം എന്നദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ആ കഥാപാത്രത്തോടുള്ള ഇഷ്ടം കൊണ്ട് തന്നെ അതിനുശേഷം കഠിനമായ ഡയറ്റിങ് നടത്തി. മിതമായ രീതിയിൽ പച്ചക്കറികൾമാത്രമാണ് കഴിച്ചിരുന്നത്. ചില ദിവസങ്ങളിൽ പട്ടിണിപോലും കിടന്നിട്ടുണ്ട്. ഒപ്പം വ്യയാമമുറകളും ചെയ്തു. അത് ആരോഗ്യത്തെ ചെറുതായി ബാധിച്ചു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ മെഗ്രേൻ അനുഭവപ്പെട്ടു. ഡോക്ടറെ കാണിച്ചപ്പോൾ നോൺ വെജ് എന്തെങ്കിലും ഉപയോഗിക്കണം എന്നുപറഞ്ഞപ്പോൾ ഞാൻ തയ്യാറായില്ല. കുറച്ച് ഭക്ഷണം കഴിച്ചാൽ തന്നെ പെട്ടെന്ന് ശരീരത്തിൽ കാണുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെ ഡയറ്റിങ് എന്നെ സംബന്ധിച്ച് ഇത്തിരി ബുദ്ധിമുട്ടായിരുന്നു. അഞ്ചു മാസം കൊണ്ട് 65 കിലോയിൽ നിന്ന് 15 കിലോ കുറഞ്ഞു. മെലിഞ്ഞ ശേഷം ഫോട്ടോകൾ സച്ചിയേട്ടന് അയച്ചുകൊടുത്തപ്പോൾ ഇതുമതി ഡയറ്റിങ് നിർത്തിക്കോളൂ എന്ന് പറഞ്ഞു. സെറ്റിലെത്തിയപ്പോൾ രാജുവേട്ടനും ബിജുവേട്ടനുമൊക്കെ അഭിനന്ദിച്ചു. കഥാപാത്രമാകാൻ നന്നായി കഷ്ടപ്പെട്ടിട്ടുണ്ടല്ലേ, നന്നാകട്ടെ എന്ന് അവർ പറഞ്ഞു.

സിനിമയ്ക്ക് മുമ്പേ അട്ടപ്പാടിയിൽ കഥാപാത്ര പഠനത്തിനായി താമസിച്ചിരുന്നോ ?

= സിനിമ കണ്ട ശേഷം പലരും ചോദിച്ചിട്ടുണ്ട് എത്രനാൾ അട്ടപ്പാടിയിൽ പോയി താമസിച്ചു കണ്ണമ്മയിലേക്ക് എത്താനെന്ന്. സച്ചിയേട്ടൻ പറഞ്ഞ ഐഡിയ ​െവച്ചാണ് ഞാൻ കഥാപാത്രത്തിലേക്ക് എത്തിയത്. അദ്ദേഹത്തിന് കണ്ണമ്മയെ കുറിച്ച് വിശദമായൊരു രൂപം മനസ്സിലുണ്ടായിരുന്നു. ജീവിതത്തിൽ ആ സെറ്റിലെത്തുന്നത് വരെ ഇതുവരെ ആദിവാസി ഗ്രോത്രത്തിൽപ്പെട്ട ആൾക്കാരുമായി അടുത്ത് പെരുമാറിയിട്ടില്ല. ഷൂട്ടിനിടയിലാണ് അട്ടപ്പാടിയിലുള്ള ഒരുകൂട്ടം ആൾക്കാരെ പരിചയപ്പെടുന്നത്. ഒരു ആദിവാസി ഗ്രോത്രത്തിൽപ്പെട്ട ഒരാളാണ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. അത് ഞാനാണെന്ന് പറഞ്ഞപ്പോൾ പലരും വിശ്വസിച്ചില്ല.

പത്ത് വർഷം മുമ്പേ സിനിമയിലെത്തിയ ഗൗരിയെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത് ഇപ്പോഴാണ്. കണ്ണമ്മ വലിയ ഉത്തരവാദിത്വമാണോ ?

= 2010-ൽ കന്യാകുമാരി എക്സ്‌പ്രസ്‌ എന്ന സിനിമയിൽ സുരേഷ്‌ഗോപിയ്‌ക്കൊപ്പം നായികയായി അരങ്ങേറി. അതിനുശേഷം ജയംരവിയ്‌ക്കൊപ്പം നിമിർദു നിൽ എന്ന  തമിഴ് സിനിമ ചെയ്തു. സമുദ്രക്കനിയായിരുന്നു സംവിധായകൻ. പിന്നീട് സമുദ്രക്കനി സാറിന്റെ തെലുഗു പടത്തിലും അഭിനയിച്ചു. ലോഹം, കനൽ എന്നീ സിനിമകളിൽ ലാലേട്ടനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം പിന്നാലെവന്നു. റഹ്മാനൊപ്പം ചെയ്ത പഗടി ആട്ടം എന്ന സിനിമ കണ്ടാണ് സച്ചി സാർ എന്നെ അയ്യപ്പനും കോശിയിലേക്കും വിളിക്കുന്നത്. സച്ചി സാറിന്റെ സിനിമയിൽ എപ്പോഴും സ്ത്രീ കഥാപാത്രങ്ങൾക്കൊരു പ്രധാന്യമുണ്ട്. അതുകൊണ്ട് കണ്ണുംപൂട്ടി സമ്മതംമൂളി. അയ്യപ്പനും കോശിയിലെ മൂന്ന് സ്ത്രീകഥാപാത്രങ്ങൾക്കും വളരെ പ്രാധാന്യമുണ്ട്. പുതിയ സിനിമകളുടെ കഥകൾ കേൾക്കുന്നുണ്ട്. കണ്ണമ്മ തന്നിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. അതുകൊണ്ട് കൂടുതൽ നല്ല കഥാപാത്രങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കാനാണ് ശ്രമം. എറണാകുളം ജില്ലയിലെ തിരുവാംകുളം സ്വദേശിയാണ് ഞാൻ. അച്ഛൻ പട്ടാളത്തിലായിരുന്നു. 20 വർഷം മുമ്പ് മരിച്ചു. സഹോദരിയുടെ വിവാഹം കഴിഞ്ഞു. അമ്മയും ഞാനുമാണ് വീട്ടിൽ ഇപ്പോൾ.