basil

വയനാട്ടിലെ സാധാരണ കുടുംബത്തിലെ ഒരംഗം... കേരളത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒന്നില്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി.. പിന്നീട് പ്രിയംവദ കാതരയാണോ?' 'ഒരു തുണ്ട് പടം' തുടങ്ങി നിരവധി ഹൃസ്വചിത്രങ്ങള്‍ സംവിധാനം ചെയ്ത് ജനശ്രദ്ധ ആകര്‍ഷിച്ചു. ഇതില്‍ 'പ്രിയംവദ കാതരയാണോ?' എന്ന ഹ്രസ്വചിത്രം ശ്രദ്ധയില്‍പ്പെട്ട അജുവര്‍ഗീസ് ബേസിലിന്റെ ഹ്രസ്വചിത്രം വിനീത് ശ്രീനിവാസന്റെ ശ്രദ്ധയില്‍പ്പെടുത്തി. അതോടെ ബേസിലിന്റെ ജീവിതം മാറി മറിഞ്ഞു.

വിനീത് 'തിര'യില്‍ തന്റെ സംവിധാന സഹായിയാക്കി... ഹോംലി മീല്‍സ് എന്ന ചിത്രത്തിലെ 'എഡിറ്റര്‍ ബേസില്‍' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ബേസില്‍ അഭിനയരംഗത്തും കഴിവ് തെളിയിച്ചു... ശേഷം 2015ല്‍ സ്വാതന്ത്ര സംവിധായകനായി സംവിധാനം ചെയ്ത കുഞ്ഞിരാമായണം എന്ന ചിത്രം സൂപ്പര്‍ ഹിറ്റായി. അടുത്തതായി ഗുസ്തിക്കാരുടെ കഥ പറയുന്ന 'ഗോദ' എന്ന ചിത്രവുമായെത്തുകയാണ് ബേസില്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ ഹിറ്റുകള്‍ രണ്ട് ഗുസ്തി ചിത്രങ്ങളായിരുന്നു 'ദംഗലും' 'സുല്‍ത്താനും'. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് മുന്‍പു തന്നെ തിരക്കഥ പൂര്‍ത്തിയായ ചിത്രമാണ് ഗോദ എന്നതാണ് സത്യം. തന്റെ പുതിയ ചിത്രമായ ഗോദയുടെ വിശേഷങ്ങള്‍ ബേസില്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുന്നു.

വലിയ ഹിറ്റുകളായ സുല്‍ത്താനും ദംഗലിനും പിറകെ ഇപ്പോള്‍ മലയാളത്തിലും ഒരു ഗുസ്തി ചിത്രം ഇറങ്ങാന്‍ പോവുകയാണ്. ഗോദ എങ്ങനുള്ള ഒരു ചിത്രമായിരിക്കും?

ശരിക്കും ഈ സിനിമ ഞങ്ങള്‍ കുഞ്ഞിരാമായണം ഇറങ്ങിയ സമയത്ത് ഞങ്ങള്‍ എഴുതിത്തുടങ്ങിയതാണ് ഗോദയുടെ സ്‌ക്രിപ്പ്റ്റ്. അന്ന് ശരിക്കും സുല്‍ത്താനും ദംഗലുമൊന്നും അനൗണ്‍സ് ചെയ്തിട്ടു തന്നെയില്ലായിരുന്നു. ശരിക്കും പറഞ്ഞാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണം നടക്കുന്ന സമയത്ത് നായികിയ്ക്ക് അസുഖം വന്നു. അങ്ങനെ ഏകദേശം മൂന്ന് മാസത്തോളം ഷൂട്ടിങ് മുടങ്ങി. പിന്നീട് ഷൂട്ടിങ് തുടങ്ങാനിരുന്നപ്പോള്‍ ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റ് കിട്ടാന്‍ പ്രയാസമായി. ക്ലൈമാക്‌സ് സീനുകള്‍ ആയിരുന്നതിനാല്‍ എല്ലാ നടി നടന്മാരെയും ഒന്നിച്ചുകിട്ടാന്‍ പ്രയാസമായിരുന്നു.

അങ്ങനെ ഷൂട്ടിങ് പുനരാരംഭിക്കാനിരിക്കുമ്പോഴാണ് നോട്ട് നിരോധനം വന്നത്. അതു കഴിഞ്ഞ് വീണ്ടും ഷൂട്ട് തുടങ്ങാനായിട്ടുള്ള തയ്യാറെടുക്കുമ്പോഴാണ് തിയേറ്റര്‍ സമരം ഉണ്ടാകുന്നത്. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ കൊണ്ട് ചിത്രത്തിന്റെ ഷൂട്ടിങ് നീണ്ടു പോവുകയായിരുന്നു. ശരിക്കും ദംഗലോ സുല്‍ത്താനോ കണ്ട് പ്രചോദനം കൊണ്ടോ ഇതിന്റെ പശ്ചാത്തലമോ അല്ല ശരിക്കും 'ഗോദ'.

2015 സെപ്റ്റംബറിലാണ് ശരിക്കും ഇതിന്റെ സ്‌ക്രിപ്പ്റ്റ് എഴുതി തുടങ്ങുന്നത്. ഞങ്ങള്‍ പോലും അറിയാതെ വന്ന് പോയ സാദൃശ്യമാണ്. ശരിക്കും ആ ചിത്രങ്ങളുമായി ഗോദയ്ക്ക് യാതൊരു ബന്ധവുമില്ല. അതു കൊണ്ടാണ് ഞങ്ങള്‍ ഈ ചിത്രവുമായി മുന്നോട്ടുപോകാന്‍ തന്നെ കാരണം. ഗുസ്തി എന്ന് പറയുന്ന സ്‌പോര്‍ട്ട് മാത്രം ആ ചിത്രങ്ങളുമായി സാദൃശ്യമുള്ളതാണ്. അതിന്റെ ഒരു സാദൃശ്യം തീര്‍ച്ചയായും ഈ ചിത്രത്തില്‍ ഉണ്ടാകും. അല്ലാതെ കഥാപരമായിട്ട് ആ ചിത്രങ്ങളുമായി ഗോദയ്ക്ക് യാതൊരു ബന്ധവുമില്ല. ശരിക്കും ഇതൊരു സ്‌പോര്‍ട്‌സ് കോമഡി ചിത്രമാണ്. പിന്നെ കുറച്ച് ഡ്രാമയും പ്രണയവുമൊക്കെയുണ്ട്.

സിബി മലയില്‍ സംവിധാനം മുത്താരംകുന്ന് പി.ഒ. എന്ന ചിത്രത്തെ പോലെ ഒരു ഗ്രാമത്തിന്റെ നിഷ്‌കളങ്കത കലര്‍ന്ന ചിത്രമായിരിക്കുമോ ഗോദയും?

basil josephഅല്ല. മുത്താരംക്കുന്ന് പി.ഒ. മൊത്തത്തില്‍ ഒരു നാട്ടിന്‍പുറം കോമഡി ചിത്രമാണ്. എന്നാല്‍ ഗോദ അങ്ങനെയല്ല. ഈ ചിത്രത്തിന്റെ കാന്‍വാസ് കുറച്ചുകൂടി വലുതാണ്. ഈ സിനിമയില്‍ ദേശീയതലത്തിലുള്ള ഗുസ്തി മത്സരങ്ങളൊക്കെയുണ്ട്. ഇതിന്റെ ചിത്രീകരണം കേരളം പഞ്ചാബ് എന്നിവടങ്ങളില്‍ വെച്ചായിരുന്നു. അങ്ങനെ ഈ ചിത്രത്തിന് കുറച്ചുകൂടി വലിയ കാന്‍വാസുണ്ട്.

ഗോദയിലെ താരങ്ങളെ എങ്ങനെയാണ് കണ്ടെത്തിയത്? നായിക നടി പഞ്ചാബി നടിയാണ്? എങ്ങനെയായിരുന്നു ഗോദയിലെ താരങ്ങളെ നിശ്ചയിച്ചത്?

നായികയെ ശരിക്കും ഞങ്ങള്‍ ഓഡിഷന്‍ വഴിയാണ് കണ്ടെത്തിയത്. വാമിഖ ഗബ്ബി എന്നാണ് പേര്. ഗീതാഞ്ജലി ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത മാലൈ നേരത്ത് മയക്കം എന്ന തമിഴ് ചിത്രത്തില്‍ വാമിഖ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ കാണാന്‍ ഇതുപോലെയായിരുന്നില്ല. ഞങ്ങള്‍ ആ കുട്ടിയെ പറ്റി കൂടുതല്‍ ഓണ്‍ലൈനിലൊക്കെ നോക്കിയപ്പോള്‍ ഒരു കഥക് നര്‍ത്തകിയാണെന്നും പഞ്ചാബിയാണെന്നും മനസിലായി. അങ്ങനെ ഞങ്ങള്‍ നടത്തിയ വാമിഖയെ മുംബൈയില്‍ വെച്ച് ഓഡീഷനു വിളിച്ചു അങ്ങനെയാണ് വാമിഖയെ കണ്ടെത്തിയത്. വാമിഖ ചിത്രത്തിന് വേണ്ടി നാല് അഞ്ച് മാസത്തോളം പഞ്ചാബിലെ ജലന്ധറില്‍ ഗുസ്തി പരിശീലനമൊക്കെ നടത്തിയ ശേഷമാണ് ചിത്രത്തില്‍ അഭിനയിച്ചത്.

ടോവിനോ-രഞ്ജി പണിക്കര്‍ കൂട്ടുകെട്ട് എന്തുകൊണ്ട്?

'യു ടു ബ്രൂട്ടസ്' എന്ന ചിത്രത്തലെ ഒരു കോമഡി കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിച്ചത്. ആ ചിത്രം കണ്ടപ്പോള്‍ ടോവിനോയെ വച്ചൊരു ചിത്രം ചെയ്യണമെന്ന ആഗ്രഹം തോന്നിയിരുന്നു. അങ്ങനെയാണ് ടോവിനോയെ നായകനാക്കിയത്. അതിനുശേഷമാണ് ടോവിനോ ഗപ്പിയൊക്കെ ചെയ്യുന്നത്.

ടോവിനോ ഒരു മാസത്തോളം ഫോര്‍ട്ട് കൊച്ചിയിലെ മിന്നല്‍ ജോര്‍ജ് എന്നൊരു ഫയല്‍വാന്റെ കീഴില്‍ ഒരു മാസത്തോളം ഗുസ്തി പരിശീലിച്ചിരുന്നു. പിന്നെ അതേപോലെ തന്നെ ബോഡി ബില്‍ഡിങ്ങൊക്കെ അദ്ദേഹം ഷൂട്ടിന്റെ ഇടയിലാണ് ചെയ്തത്. മറ്റ് ഭാഷകളിലൊക്കെയാണെങ്കില്‍ ബോഡിബില്‍ഡിങ്ങിന് വേണ്ടി മാത്രം ആറ് മാസത്തോളം മാറ്റി വെക്കുമല്ലോ. എന്നാല്‍ അതിനു വേണ്ടിയിട്ടുള്ള ഒരു സമയം നമുക്ക് കിട്ടിയിട്ടില്ലായിരുന്നു.

ഗപ്പി ഷൂട്ടിങ്ങിന്റെ ഇടയില്‍ ഷൂട്ട് കഴിഞ്ഞിട്ടൊക്കെ രാത്രി വന്നിട്ടൊക്കെയാണ് ടോവിനോ ഒരു പരിശീലകനെയൊക്കെ വച്ച് ബോഡി ബില്‍ഡിങ് ചെയ്തിരുന്നത്. രഞ്ജി സാറും ഷൂട്ടിന് ഒരു മാസം മുമ്പ് ബോഡി ബില്‍ഡിംഗ് പരിശീലകനെ വച്ച് ചെയ്തിരുന്നു. മൂന്ന് പേരും മികച്ച തയാറെടുപ്പാണ് ചിത്രത്തിനായി സ്വീകരിച്ചത്.

പിന്നെ ടോവിനോ ആയാലും രഞ്ജി സാര്‍ ആയാലും കോമഡി ചെയ്യാന്‍ മിടുക്കന്മാരാണ്. അവര്‍ ഒത്തുചേര്‍ന്നാല്‍ പ്രേക്ഷകര്‍ക്കും അത് ഇഷ്ടമാകും എന്ന വിശ്വാസമാണ് ടോവിനോ-രഞ്ജി പണിക്കര്‍ കൂട്ടുക്കെട്ടിനു കാരണം. പിന്നെ അവരുടെ ഫിസിക്കല്‍ ഫിറ്റ്‌നസും കാസ്റ്റിങ്ങിന്റെ ഒരു ഭാഗമായിരുന്നു.

'തിര'യുടെ കഥയെഴുതിയ രാകേഷ് ആണെല്ലോ ഗോദയുടെയും കഥ. തിരയില്‍ താങ്കള്‍ സഹസംവിധായകനായിരുന്നല്ലോ? അന്നേ തിരുമാനിച്ചിരുന്നോ നിങ്ങള്‍ ഒന്നിച്ചൊരു ചിത്രം ചെയ്യണമെന്ന്?

ഇല്ല. ശരിക്കും ഞാന്‍ കുഞ്ഞിരാമായണം ചെയ്യുന്ന സമയത്താണ് രാകേഷ് ചേട്ടന്‍ ഒരു സബ്ജക്റ്റുണ്ട് എന്ന് പറഞ്ഞത്. കുഞ്ഞിരാമായണം ഇറങ്ങിയ സമയത്ത് തന്നെ ഞാന്‍ ചെന്നൈയില്‍ പോയി രാകേഷ് ചേട്ടന്‍ പറഞ്ഞ സബ്ജക്റ്റ് കേട്ടു. തിര കഴിഞ്ഞ ശേഷം രാകേഷ് ചേട്ടന്‍ വേറെ ചിത്രങ്ങളൊന്നും ചെയ്തിട്ടില്ലായിരുന്നു. അങ്ങനെ ചേട്ടന്റെ മനസിലുണ്ടായിരുന്നു ഒന്നു രണ്ട് സബ്ജക്റ്റുകളില്‍ ഒന്നായിരുന്നു ഇത്.

അജുവര്‍ഗീസുമായുള്ള ബന്ധമാണല്ലോ ശരിക്കും വിനീത് ശ്രീനിവാസനിലേക്ക് എത്താന്‍ കാരണം. ഈ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ സഹായമുണ്ടായിരുന്നോ? കഥയൊക്കെ വായിച്ച് വേണ്ട നിര്‍ദേശങ്ങള്‍ തന്നിരുന്നോ?

വിനീതേട്ടന്‍ ഗോദയുടെ ഫൈനല്‍ ഡ്രാഫ്റ്റ് ഓഫ് സ്‌ക്രിപ്റ്റ് വായിച്ചിട്ടുണ്ടായിരുന്നു. പുള്ളിക്ക് സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടു. നന്നായിട്ടുണ്ടെന്നൊക്കെ പറഞ്ഞിരുന്നു. പിന്നെ അജു വേട്ടന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പുള്ളി ഒരു ഹ്യൂമര്‍ കഥാപാത്രം ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഇവരുടെ രണ്ട് പേരുടെയും പിന്തുണ എനിക്ക് എല്ലാ കാര്യത്തിലും ഉണ്ടാവാറുണ്ട്.

ആദ്യ ചിത്രമായ കുഞ്ഞിരാമായണം ഒരു നാട്ടിന്‍പുറത്തുണ്ടാകുന്ന അന്തവിശ്വാസത്തെ പറ്റിയും. നാടിന്റെ നന്മയെ പറ്റിയുമുള്ള കഥയാണ് പറഞ്ഞത്. ഗോദയും നാട്ടിന്‍പുറത്തെ കഥ തന്നെയാണോ പറയുന്നത്?

നാട്ടിന്‍പുറം എന്റെയൊരു വീക്കനസ്സാണ്. നാട്ടിന്‍പുറം ഈ ചിത്രത്തിന്റെയും ഒരു ഭാഗം തന്നെയാണ്. നാട്ടിന്‍പുറത്തെ ഹ്യൂമര്‍ കഥാപാത്രങ്ങളൊക്കെ ചിത്രത്തിലുണ്ട്. എന്നാലും കുഞ്ഞിരാമായണത്തില്‍ നിന്നു വ്യത്യസ്തമായിരിക്കും ഗോദ. കുഞ്ഞിരാമായണത്തിലെ കഥയിലായ്മയായിരുന്നു അതിന്റെ ഒരു ശക്തി എന്നു പറയുന്നത്.

godha

വളരെ സിമ്പിളായിട്ടൊരു കഥയെ ആസ്പദമാക്കിയുള്ള ഒരു അടിച്ചുപൊളി ചിത്രമായിരുന്നു കുഞ്ഞിരാമായണം. ഒരു സാധാരണ ഒരു ചിത്രകഥ പോലുള്ള ചിത്രമായതു കൊണ്ടാവാം കുട്ടികള്‍ക്ക് കൂടുതല്‍ ഇഷ്ടമാകാന്‍ കാരണം. എന്നാല്‍ ഗോദ കുറച്ചു കൂടി സീരിയസായ ചിത്രമാണ്. എന്നാല്‍ ചിത്രത്തില്‍ നാട്ടിന്‍പുറവും ഗ്രാമവും തമാശയും എല്ലാം ഉണ്ട്. കുഞ്ഞിരാമായണം കഴിഞ്ഞ് ഒരു സിനിമ ചെയ്യുമ്പോള്‍ ജനങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുമെന്നറിയാം.

ഒരു സംവിധായകനെ സംബന്ധിച്ചടത്തോളം ജനങ്ങള്‍ വിലയിരുത്തുന്നത് അയാളുടെ രണ്ടാമത്തെ ചിത്രത്തെ വച്ചായിരിക്കും. അത് മുന്‍കൂട്ടി കണ്ട് കൊണ്ട് തന്നെയാണ് കുഞ്ഞിരാമായണം കഴിഞ്ഞ് ഒരുപാട് നല്ല രീതിയില്‍ അപ്‌ഡേഷന്‍ നടത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍. ടെക്‌നിക്കല്‍ വിഭാഗമാണെങ്കിലും ബാക്കി എല്ലാ കാര്യത്തിലും.

കുഞ്ഞിരാമായണത്തിലെ പോലെ സസ്പന്‍സോ ട്വിസ്‌റ്റോ ഉണ്ടാകുമോ ഗോദയില്‍?

ഇല്ല. അങ്ങനെ സര്‍പ്രൈസുകളും ട്വിസ്റ്റുകളും ഒന്നുമില്ലാത്തൊരു ചിത്രമാണ് ഗോദ. സാധാരണ ഒരു ചിത്രം തന്നെയാണിത്. സ്‌പോര്‍ട്‌സ് ചിത്രം എന്ന രീതിയിലുള്ള ചിത്രമായിരിക്കുമിത്.

ഗോദ എന്നാകും തിയേറ്ററുകളിലേക്ക് എത്തുന്നത്?

മെയ് മാസത്തോടു കൂടിയെ ചിത്രം തീയേറ്ററുകളിലെത്തുകയുള്ളു. ശരിക്കും ഫെബ്രുവരി 10 നായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പല കാര്യങ്ങള്‍ കൊണ്ട് ഷൂട്ടിങ് മുടങ്ങിയത് ചിത്രത്തിന്റെ റിലീസും നീട്ടി.

ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തു കൊണ്ടാണല്ലോ ചലച്ചിത്രരംഗത്തേക്ക് വന്നത്. ഇന്ന് ഹ്രസ്വചിത്രങ്ങളുടെ എണ്ണം ക്രമാതീതമായി കൂടുന്നുണ്ട്. ഇന്നത്തെ ഹ്രസ്വചിത്രങ്ങളെ പറ്റി എന്താണ് തോന്നുന്നത്?

ഇപ്പോള്‍ എല്ലാ രീതിയിലുള്ള ഹ്രസ്വചിത്രങ്ങളും ഇറങ്ങുന്നുണ്ട്. എന്നാല്‍ അതില്‍ നിന്നും നല്ലതിനെ വേര്‍ത്തിരിച്ചെടുക്കാന്‍ സാധിക്കുന്നില്ല. ശരിക്കും പറഞ്ഞാല്‍ നല്ലതിനെ തിരിച്ചറിയാന്‍ പറ്റുന്നില്ല എന്നതാണ് സത്യം. ഞാനൊക്കെ ഹ്രസ്വചിത്രങ്ങള്‍ ചെയ്യുന്ന സമയത്ത് വളരെ കുറച്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു അതു കൊണ്ട് തന്നെ പെട്ടെന്ന് ആളുകളെ ആകര്‍ഷിക്കാനും അവര്‍ക്ക് നമ്മളെ തിരിച്ചറിയാനും സാധിച്ചിരുന്നു.

അന്ന് നാല് അഞ്ച് പേരെ ഉണ്ടായിരുന്നുള്ളുവെങ്കില്‍ ഇന്നത് 500 മുതല്‍ 1000 പേര്‍ വരെയായി. അതുകൊണ്ട് തന്നെ അതില്‍ നിന്ന് നല്ലതിനെ തിരഞ്ഞെടുക്കുന്നതിന്റെയൊരു ബുദ്ധിമുട്ടുണ്ട്. എല്ലാവരുടെയും കൈയില്‍ ഡി.എസ്.എല്‍.ആര്‍ ക്യാമറയും മൊബൈലുമൊക്കെ ഉള്ളത് കൊണ്ട് എല്ലാവരുമിപ്പോള്‍ ഹ്രസ്വചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങി. അതില്‍ കഴിവുള്ളവരെയും ഇല്ലാത്തവരെയും തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നുള്ളതാണ് പ്രശ്‌നം.

ബേസില്‍ ഒരു നടന്‍ കൂടിയാണല്ലോ ഗോദയില്‍ അഭിനയിക്കുന്നുണ്ടോ?

ഇല്ല. ഇതില്‍ ചെറിയൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടു മാത്രം വന്നു പോകുന്നുണ്ട് അത്ര മാത്രമേ ഉള്ളു.

സിനിമാ സംവിധാനരംഗത്തേക്ക് വന്നപ്പോള്‍ എന്തൊക്കെ വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്?

കുഞ്ഞിരാമായണം എന്നു പറയുന്ന ചിത്രം ശരിക്കും ഹ്രസ്വ ചിത്രം ചെയ്യുന്ന ലാഘവത്തോടെ തന്നെയായിരുന്നു ഞങ്ങള്‍ ചെയ്തത്. കാരണം അതില്‍ എല്ലാവരും ഹ്രസ്വചിത്രങ്ങളില്‍ നിന്നും വന്നവരായിരുന്നു. ഞങ്ങളുടെയെല്ലാം ആദ്യ ചിത്രമായിരുന്നു അത്. ഞങ്ങളെല്ലാവരും ചേര്‍ന്ന് ഒരു ഹ്രസ്വചിത്രം ചെയ്യുന്ന മൂഡില്‍ തന്നെയാണ് ആ ചിത്രം ചിത്രീകരിച്ചത്.

വളരെ ചിരിച്ച് ആഘോഷിച്ചാണ് ഞങ്ങള്‍ ആ ചിത്രം പൂര്‍ത്തിയാക്കിയത്. അതുകൊണ്ടു തന്നെയാവാം ആ ചിത്രത്തിനും ഒരു ഹാപ്പി മൂഡ് ഉണ്ടായത്. അന്ന് കുഞ്ഞിരാമായണത്തില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. എന്നാല്‍ ഗോദയിലെത്തിയപ്പോള്‍ പല കാര്യങ്ങള്‍ കൊണ്ടും ഉത്തരവാദിത്വം കൂടി. വളരെ കഷ്ടപ്പെട്ടിട്ടുണ്ട് ഈ ചിത്രത്തിനു വേണ്ടി. പഞ്ചാബിലും കേരളത്തിലുമായി ഒരുപാട് രാത്രികാല ചിത്രീകരണങ്ങലുണ്ടായിരുന്നു. ചിലയിടങ്ങളില്‍ ചിത്രീകരണം കാണാന്‍ വന്‍ ജനക്കൂട്ടവുമുണ്ടായിരുന്നു.

ചിത്രത്തില്‍ സംഗീതത്തിന് പ്രാധാന്യം കൊടുത്തിട്ടുണ്ടോ?

തീര്‍ച്ചയായും. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന എട്ടു പാട്ടുകളാണ് ചിത്രത്തിലുള്ളത്. എന്നാല്‍ പാട്ടിനുവേണ്ടി പാട്ട് എന്ന രീതിയിലാകില്ല. സിനിമയുമായി ചേര്‍ന്നുപോകുന്ന ഒരു രീതിയില്‍ പശ്ചാത്തല സംഗീതം പോലൊക്കെയാകും ഈ പാട്ടുകള്‍.