ലകളിലെ ഏറ്റവും വലിയ പരീക്ഷണശാലയാണ് സിനിമ. എഴുത്ത് കൊണ്ടും ക്യാമറ കൊണ്ടും അഭ്രപാളിയില്‍ പരീക്ഷിക്കാത്ത വിദ്യകളില്ല. ഈ പരീക്ഷണങ്ങളാണ് സിനിമയ്ക്ക് പുതിയ ഭാവവും ഭാവുകത്വവും നല്‍കുന്നത്. സിനിമയുമായി ബന്ധപ്പെട്ട ഈ ഗവേഷണങ്ങളെല്ലാം ദൃശ്യഭാഷയുടെ ലിപി മാറ്റി എഴുതി. യൂട്യൂബ് പോലുള്ള സാമൂഹിക ഇടങ്ങള്‍ പ്രചാരത്തിലിരിക്കുന്ന ഈ കാലത്ത് നിങ്ങള്‍ക്ക് ആശയം വില്‍ക്കാനുണ്ടെങ്കില്‍ അതിന് സിനിമ പോലുള്ള ഒരു വലിയ സംവിധാനത്തിന്റെ ആവശ്യമില്ല. അതിന് വലിയ പണം മുടക്കേണ്ട. നിങ്ങളുടെ കയ്യില്‍ വേണ്ടത് ക്രിയാത്മകത മാത്രം. അത് മറ്റാര്‍ക്കും മോഷ്ടിക്കാനുമാവില്ല. അങ്ങനെയൊരു വേറിട്ട  പരീക്ഷണവുമായി വരികയാണ് അമല്‍ തമ്പിയും സുഹൃത്തുക്കളും.

 അനാറ്റമി ഓഫ് എ കാമുകന്‍ എന്ന അമലിന്റെ സംരംഭം മലയാളത്തിന് ഏറെ പരിചിതമല്ലാത്ത ഒരു വിഭാഗത്തിലാണ് ജനിക്കുന്നത്. യുവാക്കളെ ലക്ഷ്യമിട്ട് അവര്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന കണ്ടന്റ് വീഡിയോ. നമുക്ക് ചുറ്റുമുള്ള കാമുകന്മാരുടെ വിവിധ ഭാവങ്ങളെക്കുറിച്ച് ഹാസ്യാത്മകായി അവതരിപ്പിച്ച് അനാറ്റമി ഓഫ് എ കാമുകന്റെ ആദ്യ അദ്ധ്യായം നല്ല അഭിപ്രായം നേടി. ഇനി വരുന്ന എപ്പിസോഡുകള്‍ക്കും അത് സാധിക്കുമെന്ന പ്രതീക്ഷയിലാണ് അനാറ്റമി ഓഫ് കാമുകന്റെ അണിയറ പ്രവര്‍ത്തകര്‍.

കോഴിക്കോട് താമരശ്ശേരി സ്വദേശിയായ അമല്‍ തമ്പി പഠിച്ചത് ചെന്നൈ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്. ഏതാനും തമിഴ് സിനിമകളില്‍ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അമല്‍ ഒരുക്കിയ ഒരു ഹ്രസ്വചിത്രം 2014 ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അയാം 22 എന്ന ആ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ഈ മുന്‍ പരിചയമൊക്കെയാണ് അനാറ്റമി ഓഫ് എ കാമുകന്‍ തുടങ്ങാന്‍ തനിക്ക് ധൈര്യം തന്നതെന്ന് അമല്‍ പറയുന്നു. തങ്ങള്‍ ഉദ്ദേശിക്കുന്നത് വെബ് സീരീസ് അല്ലെന്നും യുവാക്കളെ ആകര്‍ഷിക്കുന്ന കണ്ടന്റ് വീഡിയോ ആണെന്നും വ്യക്തമാക്കുകയാണ് സംവിധായകന്‍. അനാറ്റമി ഓഫ് കാമുകനെക്കുറിച്ച് അമല്‍ തമ്പി സംസാരിക്കുന്നു. 

'സത്യത്തില്‍ ഇതൊരു വെബ് സീരീസല്ല. നോണ്‍ ലീനിയര്‍ പാറ്റേണിലുള്ള കണ്ടന്റ് വീഡിയോ ആണ്. അതായത് ആര്‍ക്ക് എപ്പോള്‍ എവിടെ നിന്ന് കണ്ടാലും ഇത് മനസ്സിലാകണം. ഏത് എപ്പിസോഡ് കണ്ടാലും അപരിചിതത്വം തോന്നരുത്. ഫില്‍റ്റര്‍ കോഫി എന്ന ഒരു യൂട്യൂബ് ചാനലുണ്ട്. അതൊക്കെ കണ്ടന്റ് വീഡിയോ ആണ്. എനിക്ക് തോന്നുന്നത് കേരളത്തിലുള്ളവര്‍ക്ക് അത് സുപരിചിതം അല്ല. ഇപ്പോള്‍ ചില വ്ളോഗേഴ്‌സ് ഇത് പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കണ്ട് ആസ്വദിക്കാന്‍ സാധിക്കണം അതിന് തുടക്കമോ ഒടുക്കമോ ഇല്ല. ഒരു മുന്‍ധാരണകളും ഇല്ലാതെ കാണാന്‍ സാധിക്കുന്ന ദൃശ്യങ്ങള്‍ ആയിരിക്കും. 

'കചടതപ' കണ്ടന്റ് ഹൗസിലെ ആദ്യത്തെ സംരഭമാണ് അനാറ്റമി ഓഫ് എ കാമുകന്‍ എന്നു പറയുന്നത്. ഒന്‍ട്രാഗ എന്റര്‍ടൈന്‍മെന്റുമായി സഹകരിച്ചാണ് പുറത്തിറക്കുന്നത്. ഇപ്പോള്‍ ആദ്യ എപ്പിസോഡ് യൂട്യൂബില്‍ റിലീസ് ചെയ്തു. ഇനി മറ്റു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ഇറക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. അതൊക്കെ പ്രേക്ഷകരുടെ പ്രതികരണം അറിഞ്ഞതിന് ശേഷം മാത്രം. 

ആനന്ദ് മന്‍മഥന്റെ ഒരു വീഡിയോ ആണ് ഞങ്ങള്‍ക്ക് ഇത്തരത്തിലുള്ള ഒരു വീഡിയോ ഉണ്ടാക്കാന്‍ പ്രചോദനമാകുന്നത്. ആദ്യം ഞങ്ങള്‍ സിനിമാ റിവ്യൂ ചെയ്യാമെന്ന് ആലോചിച്ചു. പിന്നീട് അത് വേണ്ടെന്ന് കരുതി. പുതുമയുള്ള എന്തെങ്കിലും കൊണ്ടുവരണം എന്ന് ഉറപ്പിച്ചിരുന്നു. അങ്ങനെയാണ് അനാറ്റമി എന്ന കാമുകന്‍ എന്ന ആശയത്തിലേക്ക് എത്തിയത്. യുവാക്കള്‍ ഇഷ്ടപ്പെടുന്ന അവരെ ആകര്‍ഷിക്കാന്‍ തക്കതായ ഒരു കണ്ടന്റായിരിക്കണം എന്നു മാത്രമാണ് ഞങ്ങള്‍ ആലോചിച്ചത്. ഞാന്‍, ശരത് മോഹന്‍, മേഘ തോമസ്, വിഷ്ണു അഗസ്ത്യ എന്നിവര്‍ ചേര്‍ന്നുണ്ടാക്കിയ ആശയമാണ്. ഞങ്ങള്‍ തന്നെയാണ് തിരക്കഥ എഴുതിയതും. വിഷ്ണു അഗസ്ത്യയാണ് അതില്‍ അഭിനയിച്ചിരിക്കുന്നത്. 

ഞങ്ങള്‍ ഉണ്ടാക്കിയ കണ്ടന്റ് വീഡിയോ ഗൗതം സാറിന്റെ ഒന്‍ട്രാഗ എന്റര്‍ടൈന്‍മെന്റിന് അയച്ചു കൊടുത്തു. ഗൗതം സാറിന് ഇഷ്ടമായി. അങ്ങനെ അവര്‍ ഞങ്ങളുമായി സഹകരിക്കാമെന്ന് സമ്മതിച്ചു. ഞങ്ങള്‍ക്ക് ഒരു നല്ല പ്ലാറ്റ്ഫോം വേണമായിരുന്നു. അത് ഗൗതം സാര്‍ തന്നു. ആദ്യ വീഡിയോ യുട്യൂബില്‍ ട്രെന്‍ഡിങ് ആണ്. 

നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. അതു തന്നെയാണ് ഇത് തുടരാനുള്ള പ്രധാന ഊര്‍ജ്ജം. വെള്ളിയാഴ്ച അടുത്ത എപ്പിസോഡ് എത്തും. അതും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുമെന്ന് കരുതുന്നു.

Content Highlights: gautham menon Anatomy of A Kaamukan amal thampy talks about web series content video