ലയാളത്തിലെ എണ്ണം പറഞ്ഞ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രങ്ങളുടെ ഗണത്തിലേക്ക് മറ്റൊരു പേര് കൂടി...ഫോറന്‍സിക്. നവാഗതരായ അനസ് ഖാനും അഖില്‍ പോളുമാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. ടൊവിനോയും മംമ്തയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഫോറന്‍സിക് തീയേറ്ററുകളിലെത്തിയ വേളയില്‍ ഇരട്ട സംവിധായകരില്‍ ഒരാളായ അനസ് ഖാന്‍ മാതൃഭൂമി ഡോട് കോമുമായി സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു, 

ഫ്രെഷ്‌നസ് എലമെന്റ്

പേര് സൂചിപ്പിക്കുന്നതുപോലെ ഫോറന്‍സിക് ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. ഇന്ന് മലയാളത്തില്‍ വളരെയധികം പോപ്പുലറായ ഒരു ജോണര്‍ ആണ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്നുള്ളത്. അതില്‍ തന്നെ പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ് ഇതുവരെ വന്നിട്ടുള്ളത്. തെളിവുകള്‍ പിന്തുടര്‍ന്ന് അന്വേഷണം നടത്തി ഉത്തരം കണ്ടെത്തുന്ന രീതി. അതില്‍ നിന്ന് വ്യത്യസ്തമായി ഇതുവരെ മലയാളത്തില്‍ വന്നിട്ടില്ലാത്ത ഒന്നാണ് ഈ ഫോറന്‍സിക് തെളിവുകള്‍ പിന്തുടര്‍ന്നുള്ള കേസന്വേഷണ രീതി. അതാണ് ഫോറന്‍സിക്കിലെ ഫ്രഷ്‌നസ് എലമെന്റും. ചിത്രത്തില്‍ കൂടുതലും ഫോറന്‍സിക് അന്വേഷണങ്ങളാണ് ഒരുപരിധിവരെ വന്നിട്ടുള്ളത്.

അഞ്ചാം പാതിര എഫക്റ്റ്

അഞ്ചാം പാതിര പോലെയുള്ള സിനിമകള്‍ ഇപ്പോള്‍ ഇറങ്ങുന്നതും അത് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും വളരെ നല്ല കാര്യമാണ്. സത്യത്തില്‍ സാധാരണ റിയലിസ്റ്റിക് കോമഡി സിനിമകള്‍ ഇറങ്ങുമ്പോള്‍ ഉണ്ടാകുന്ന ചര്‍ച്ചകളില്‍ നിന്നും മാറി അഞ്ചാം പാതിര ഇറങ്ങിയ സമയത്ത് ത്രില്ലര്‍ എന്ന പ്രമേയം ആളുകളുടെ ഇടയില്‍ ചര്‍ച്ചയായി മാറിയത് വളരെ നല്ല കാര്യമാണ്. പിന്നെ ഈ സിനിമയെ അപേക്ഷിച്ച് അതില്‍ നേരത്തെ പറഞ്ഞപോലെ ഫോറന്‍സിക് ഇന്‍വെസ്റ്റിഗേഷന്‍ ആണ് പ്രാധാന്യം എന്നുള്ള ഒരു പുതുമയുണ്ട്.  എല്ലാത്തിലുമുപരി ഇത്തരത്തിലുള്ള ജോണറുകളും ഇന്ന് കുടുംബപ്രേക്ഷകര്‍  ഇരുകൈയും നീട്ടി സ്വീകരിക്കുന്നു എന്നത് ഒരു പോസിറ്റീവ് ആയിട്ടുള്ള കാര്യം തന്നെയാണ്.

മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ നിന്ന് ഇരട്ട സംവിധായകരിലേക്ക്

ഞാനും അഖിലും തമ്മിലുള്ള സൗഹൃദം കോളേജ് കാലഘട്ടം മുതല്‍ ഉള്ളതാണ്. ഞങ്ങളൊരുമിച്ചാണ് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് പഠിച്ചത്. കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ് അഖില്‍. ഞാന്‍ പത്തനംതിട്ട അടൂര്‍ സ്വദേശിയും. കൊല്ലത്താണ് ഞങ്ങള്‍ പഠിച്ചത്. അന്നേ ഷോര്‍ട്ട് ഫിലിമുകളും മറ്റും ഷൂട്ട് ചെയ്യുന്ന പരിപാടികളൊക്കെ ഉണ്ടായിരുന്നു. ആ സമയത്താണ് അവന്‍ സെവന്‍ത് ഡേയുടെ തിരക്കഥയെഴുതിയത്. പിന്നീട് അത് സിനിമയായി മാറി. അടുത്ത സിനിമ നമ്മള്‍ ഒന്നിച്ച് ചെയ്യാമെന്ന് അന്ന് തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ഫോറന്‍സിക്കിലേക്ക് എത്തിയത്. ചിത്രത്തിന്റെ കഥയും ഞങ്ങള്‍ രണ്ടുപേരും കൂടി ചര്‍ച്ച ചെയ്ത് ഡെവലപ്പ് ചെയ്ത് എഴുതിയതാണ്.

ടൊവിനോയ്ക്ക് വേണ്ടിയുള്ള ഫോറന്‍സിക്

സത്യത്തില്‍ ടൊവിനോയെ മാത്രം മനസ്സില്‍ കണ്ട് എഴുതിയ സിനിമയാണ് ഫോറന്‍സിക്. സെവന്‍ത് ഡേ ചെയ്യുന്ന സമയത്തേ അഖിലും ടൊവിനോയുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു. ടൊവിനോയുടെ നാലാമത്തെ ചിത്രമായിരുന്നു സെവന്‍ത് ഡേ. അതിനിടയ്ക്ക് നമ്മള്‍ വേറെ പല പ്രോജക്ടുകളും നോക്കിയെങ്കിലും അത് നടന്നില്ല. അങ്ങനെ ടൊവിനോയെ വച്ച് തന്നെ സിനിമ ചെയ്യാമെന്ന് ഞങ്ങള്‍ തീരുമാനിക്കുകയും. ആ സമയത്ത് ടൊവിനോ അങ്ങനെ ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥന്റെ കഥാപാത്രങ്ങളൊന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് ആ സബ്ജക്റ്റ് എടുത്തു. അതില്‍ തന്നെ വ്യത്യസ്തമായി എന്ത് ചെയ്യാം എന്നതിന് ഉത്തരം ആയിട്ടാണ് ഫോറന്‍സിക്കിലേക്ക് എത്തിയത്.

ലൂസിഫറിലെ ലൊക്കേഷനില്‍ വച്ചാണ് ടോവിനോയോട് ചിത്രത്തിന്റെ കഥ ആദ്യം പറയുന്നത്. അവിടെ വച്ച് ടൊവി അത് കമ്മിറ്റ് ചെയ്യുകയും ചെയ്തു. പക്ഷേ അതുകഴിഞ്ഞ് ഒരു ഒന്നൊന്നര മാസം കഴിഞ്ഞപ്പോഴാണ് രാക്ഷസന്‍ എന്ന സിനിമ ഇറങ്ങുന്നത്. ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ അതിലെ ചില പശ്ചാത്തലമൊക്കെ നമ്മുടെ സിനിമയുമായും ബന്ധം ഉണ്ടല്ലോ എന്ന് തോന്നി. മാത്രമല്ല കുറേ കാലത്തിന് ശേഷം വന്ന ഒരു നല്ലൊരു ത്രില്ലറായിരുന്നു രാക്ഷസന്‍. അതിന് കേരളത്തിലും വളരെയധികം സ്വീകാര്യത ലഭിച്ചു. അതുകൊണ്ട് രണ്ടു സിനിമകളും തമ്മില്‍ ഒരു ക്ലാഷ് ആകേണ്ട എന്ന് തീരുമാനിക്കുകയും ഞങ്ങളുടെ പടം ഡിലേ ആവുകയും ചെയ്തു. അതിനുശേഷം ഞങ്ങള്‍ തിരക്കഥ ഒന്നുകൂടെ റീറൈറ്റ് ചെയ്തു. പിന്നീട് വൈറസിന്റെ സെറ്റില്‍ വച്ചിട്ടാണ് പുതിയ കോണ്‍സെപ്റ്റ് പറയുന്നതും ടൊവി അത് സ്വീകരിക്കുന്നതും. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥന്റെ വേഷമാണ് ടൊവിയ്ക്ക്.

മംമ്തയുടെ ആദ്യ പോലീസ് വേഷം

കരിയറില്‍ ഒരുപാട് വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷം മംമ്ത കൈകാര്യം ചെയ്തിട്ടുണ്ടായിരുന്നില്ല. രണ്ട് ഷെയ്ഡ് ആണ് സത്യത്തില്‍ മംമ്തയുടെ റിതിക സേവ്യര്‍ എന്ന ഐ.പി.എസ് കഥാപാത്രത്തിന്. ഒന്ന് പ്രൊഫഷണല്‍ ആണ്. അവര്‍ പോലീസ് ഉദ്യോഗസ്ഥയാണ് അല്‍പം സീരിയസാണ്. രണ്ടാമത്തേത് അവര്‍ കുടുംബിനിയുമാണ്. മാത്രമല്ല ടൊവിയുടെ കഥാപാത്രവുമായി ഒരു പ്രത്യേക രീതിയിലുള്ള ബന്ധവും ഉണ്ട്. അങ്ങനെ നോക്കിയപ്പോള്‍ ഞങ്ങള്‍ക്ക് ഏറ്റവും അനുയോജ്യയായി തോന്നിയത് മംമ്തയെ ആണ്. അവര്‍ അത് ഭംഗിയായിത്തന്നെ അവതരിപ്പിക്കുകയും ചെയ്തു

സിനിമയ്ക്ക് വേണ്ടി ഒരുപാട് കേസന്വേഷണങ്ങളെ കുറിച്ച് പഠിച്ചിട്ടുണ്ടായിരുന്നു. ഫോറന്‍സികുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്ത് നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുമുണ്ടായിരുന്നു. പ്രത്യേകിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജനായ ബാലചന്ദ്രന്‍ സാര്‍. അദ്ദേഹത്തിന്റെ അടുത്ത് നിന്നെല്ലാം നിരവധി കാര്യങ്ങള്‍ നമ്മള്‍ ശേഖരിച്ചിരുന്നു. അതുപോലെ ഈ വിഷയവുമായി ബന്ധപ്പെട്ട് ഉമാദത്തന്‍ സാറിനെ പോലുള്ളവര്‍ എഴുതിയ പുസ്തകങ്ങള്‍ വായിക്കുകയും ചെയ്തു. ഇവരെല്ലാം പറഞ്ഞു തന്നതില്‍ നിന്നുമുള്ള പല കാര്യങ്ങളും നമ്മള്‍ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. കാരണം ഇത്തരമൊരു വിഷയമാകുമ്പോള്‍ അതില്‍ ആധികാരികത വേണമല്ലോ. 

സ്‌പോയിലേഴ്‌സ്

ഒരു ഇറങ്ങിയ ഉടനെയുള്ള സ്‌പോയ്‌ലേഴ്‌സിനെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ല കാരണം ഏതു സിനിമ ആയാലും ശരി അതിലെ സസ്‌പെന്‍സ് ഒരുപാട് നാള്‍ കാത്തുസൂക്ഷിക്കുക എന്നുള്ളത് ഇന്നത്തെ കാലത്ത് നടക്കുന്ന കാര്യമല്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ കാലത്ത് പ്രത്യേകിച്ചും. ത്രില്ലര്‍ സിനിമകള്‍ക്ക് അത് ഒരു വെല്ലുവിളി തന്നെയാണ്... പക്ഷേ ഇന്നത്തെ കാലത്ത് ആള്‍ക്കാര്‍ക്ക് സിനിമയോടുള്ള സമീപനം  മാറിയിട്ടുണ്ട് എന്നു തോന്നുന്നു. മറ്റുള്ളവരും സിനിമ കാണട്ടെ എന്ന് ചിന്തിക്കുന്ന ഒരു വിഭാഗം ആള്‍ക്കാര്‍ ഉണ്ട്. അതുപോലെ എന്തായാലും സിനിമ പോയി കണ്ടുനോക്കാം എന്ന് ചിന്തിക്കുന്ന ആള്‍ക്കാരും ഉണ്ട്. അതെല്ലാം പോസറ്റീവായ കാര്യങ്ങളാണ്

Content Highlights : Forensic Movie director Anas Khan interview Tovino Thomas Mamtha Mohandas Investigation Thriller