സുരേഷ് ഗോപി എന്ന നടന്‍, ജനപ്രതിനിധി, താണ്ടിയ സിനിമാ രാഷ്ട്രീയ ദൂരം കയറ്റിറക്കങ്ങളുടേതായിരുന്നു. എന്നാല്‍ ആ കാഠിന്യം തന്റെ കുടുംബജീവിതത്തില്‍ കാണിച്ചിട്ടില്ല അദ്ദേഹം. മക്കള്‍ക്ക് വഴികാട്ടിയായി, നല്ലപാതിയ്ക്ക് മികച്ച ഭര്‍ത്താവായി കുടുംബനാഥനെന്ന റോളിലും സൂപ്പര്‍സ്റ്റാര്‍ ആണ് സുരേഷ് ഗോപിയെന്ന് സാക്ഷ്യപ്പെടുത്തുന്നു മകനും നടനുമായ ഗോകുല്‍ സുരേഷ്. വാക്കിലും നോക്കിലും അച്ഛനെ ആരാധിക്കുന്ന, ബഹുമാനിക്കുന്ന, അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകള്‍ അനുകരിക്കാന്‍ ശ്രമിക്കുന്ന മകനാണ് ഗോകുല്‍. ഈ ഫാദേഴ്സ് ഡേ ദിനത്തില്‍ ഗോകുല്‍ മാതൃഭൂമി ഡോട് കോമിനോട് അച്ഛനെന്ന തന്റെ സൂപ്പര്‍സ്റ്റാറിനെക്കുറിച്ച് മനസ് തുറക്കുന്നു 

അച്ഛന്‍ എന്ന സൂപ്പര്‍താരവും ജനപ്രതിനിധിയും

ഞങ്ങളുടെ ജീവിതത്തിലെ ഒഴിച്ചു നിര്‍ത്താനാകാത്ത ഘടകമാണ് അച്ഛന്‍. ആളുടേതായ ശരികളും തത്വങ്ങളുമായി ജീവിക്കുന്ന ഒരു മനുഷ്യന്‍. എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ ജീവിതത്തില്‍ ഏറെ പ്രചോദിപ്പിച്ച ഘടകവും അച്ഛന്‍ തന്നെയാണ്. അച്ഛനെ അച്ഛന്‍ എന്നുള്ള രീതിയില്‍ മാത്രമല്ല ഞങ്ങള്‍ കണ്ടിട്ടുള്ളത്. ഈ പറഞ്ഞതു പോലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആയും ജനപ്രതിനിധിയായുമെല്ലാം ആണ്. അച്ഛന്‍ എന്നതിലുപരി ഈ പറഞ്ഞ കാര്യങ്ങളിലൂടെയാണ് അച്ഛനെ ഞങ്ങള്‍ നോക്കികണ്ടിരുന്നത്. 

അച്ഛനില്‍ നിന്ന് ലഭിച്ച ആറ്റിറ്റിയൂഡ്

മൂത്ത മകനായതിനാല്‍ എന്റെ അടുത്ത് അച്ഛന്‍ അല്‍പം സ്ട്രിക്ട് ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.പക്ഷേ ഞങ്ങള്‍ സഹോദരങ്ങള്‍ സഹോദരബന്ധത്തേക്കാള്‍ ഉപരി കൂട്ടുകാരെ പോലെയാണ്. എന്റെ ഏറ്റവും ഇളയ അനിയനെ ആയി എനിക്ക് ഏഴ് വയസിന്റെ പ്രായ വ്യത്യാസമാണ് ഉള്ളത്. പക്ഷേ ആ വ്യത്യാസം ഞങ്ങള്‍ തമ്മില്‍ ഇടപെടുന്നതിലില്ല.  ഒരുപരിധി വരെ അച്ഛന്റെ ആറ്റിറ്റിയൂഡ് എനിക്ക് കിട്ടിയിട്ടുണ്ടെ്ന്ന് തോന്നുന്നു. ഞാന്‍ കുറച്ചുകൂടെ മൃദുവായിട്ടുള്ള ആളാണ് പക്ഷേ അങ്ങനെ നില്‍ക്കുന്നത് കൊണ്ട് ആലെങ്കിലും തലയില്‍ കയറാന്‍ വരുന്നുണ്ടെന്ന് തോന്നിയാലേ അച്ഛന്റെ ആ ക്ഷോഭവും മറ്റും എന്നിലേക്കെത്തുകയുള്ളൂ. 

വളരെ കുറച്ച് വീഡിയോ അഭിമുഖങ്ങളേ ഞാന്‍ കൊടുത്തിട്ടുള്ളൂ. പക്ഷേ അത് കണ്ട് പലരും തെറ്റിദ്ധരിച്ച ഒരു കാര്യമുണ്ട് ഞാന്‍ വളരെ ശാന്തനും എളിമയുമുള്ള ഒരു വ്യക്തിയാണെന്ന്. ഞാന്‍ പിന്തുടരുന്ന തത്വമെന്തെന്നാല്‍ നമ്മള്‍ എങ്ങനെയുള്ള മനുഷ്യനാണെങ്കിലും ഒരുപിടി ചാരമാവാനുള്ളതാണ്. അതുകൊണ്ട് ഒരുപരിധി വരെ എന്ത് അഹങ്കാരം കാണിച്ചാലും അതില്‍ പ്രയോജനമൊന്നുമില്ല. ആ ഒരു കാഴ്ച്ചപാട് എന്നിലുള്ളതിന് കാാരണം എന്റെ ജനറ്റിക്സ് ആയിരിക്കാം. അതിന് അച്ഛനോടാണ് എനിക്ക് നന്ദി  പറയാനുള്ളത്. 

അച്ഛന്‍ അണ്ടര്‍റേറ്റ് ചെയ്യപ്പെട്ട നടനും വ്യക്തിയും

ഇത്രയും വര്‍ഷമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന അച്ഛനെ വലിയ വ്യക്തതയോടെ ജനങ്ങള്‍ക്ക് അറിയുമോ എന്ന് എനിക്ക് സംശയമാണ്. അല്ലെങ്കില്‍ മനപൂര്‍വം ചിലര്‍ അറിയാത്ത മട്ട് നടിക്കുന്നുണ്ട്. മറ്റുള്ളവര്‍ അറിയാത്ത, അറിയാന്‍ ശ്രമിക്കാത്ത ഒരുപാട് വശങ്ങളുള്ള നല്ലൊരു വ്യക്തിയാണ് അച്ഛന്‍. ഒരു സൂപ്പര്‍സ്റ്റാര്‍ ആയി ആഘോഷിച്ചിരുന്നെങ്കിലും വളരെ അണ്ടര്‍റേറ്റ് ചെയ്യപ്പെട്ട നടനും വ്യക്തിയുമാണ് അച്ഛനെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. 

മുപ്പതിലധികം വര്‍ഷങ്ങളായി ജനങ്ങളെ ഒരുതവണ പോലും വഹിക്കാതെ അവര്‍ക്ക് സേവനം ചെയ്യാം എന്ന്  കരുതുന്നയാള്‍ക്ക് നേരെ ഇന്ന് മനപൂര്‍വം കണ്ണടയ്ക്കുന്നതായി തോന്നിയിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ച് അറിയാത്ത പോലെ നടിക്കുന്നുണ്ട്.

സിനിമ സ്വയം അനുഭവിച്ച് അറിയണമെന്ന് പഠിപ്പിച്ച അച്ഛന്‍

അച്ഛന്‍ സിനിമയെക്കുറിച്ചൊന്നും പറഞ്ഞു തന്നിട്ടില്ല. സിനിമ എന്നത് പറഞ്ഞ് തന്ന് ചെയ്യേണ്ട കാര്യമല്ല, അറിഞ്ഞ് തന്നെ പഠിക്കേണ്ടതാണെന്നാണ് അച്ഛന്‍ പറഞ്ഞിരുന്ന കാര്യങ്ങളില്‍ നിന്ന് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. അങ്ങനെ സ്വയം അനുഭവിച്ച് മനസിലാക്കിയതിന്റെ സന്തോഷം ഞാന്‍ അനുഭവിക്കുന്നുണ്ട്. 

അച്ഛന്റെ ആത്മവിശ്വാസം അമ്മ

ഒരു പരിധി വരെ അച്ഛനെ ഒന്നിലും നിയന്ത്രിക്കാറില്ല അമ്മ. അച്ഛന്റെ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കാറാണ് പതിവ്. അച്ഛനങ്ങനെ തെറ്റായ തീരു
മാനങ്ങള്‍ എടുക്കാറില്ല. അച്ഛന്റെ സാമ്പത്തികമായ, മാനസികമായ സ്ഥിരതയെ താളം തെറ്റിക്കുന്ന തീരുമാനങ്ങള്‍ ആയാല്‍ പോലും അത് ഒരു പരിധിയില്‍ കൂടുതല്‍ ദോഷം ചെയ്യില്ല, എന്നാല്‍ ആ തീരുമാനം ജനങ്ങള്‍ക്ക് ഗുണം ചെയ്യും എന്നുണ്ടെങ്കില്‍ 'അമ്മ  അതിനെ അനുകൂലിക്കും. അങ്ങനെ ഒരു പിന്തുണ അച്ഛന്  പലപ്പോഴും ആത്മവിശ്വാസം നല്‍കുന്നതായും തോ്നിയിട്ടുണ്ട്. അമ്മയുടെ ഉപാധികളില്ലാത്ത ഈ പിന്തുണ അച്ഛന്റെ സ്വഭാവ രൂപീകരണത്തിലും കാണാന്‍ സാധിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. 

അച്ഛനൊരു യഥാര്‍ഥ രാഷ്ട്രീയക്കാരനല്ല

അച്ഛന്‍ അഭിനേതാവായി ഇരിക്കുന്നതാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. അച്ഛന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. കാരണം അച്ഛനെന്ന രാഷ്ട്രീയക്കാരന്‍ ഒരു യഥാര്‍ഥ രാഷ്ട്രീയക്കാരന്‍ അല്ല. നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുത്താല്‍ ആയിരം രൂപ എവിടുന്ന് പിരിക്കാം എന്ന് അറിയുന്നവരാണ് യഥാര്‍ഥ രാഷ്ട്രീയക്കാരന്‍. അച്ഛന്‍ എങ്ങനെയാണെന്ന് വച്ചാല്‍ പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ചു നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണ്. എന്നിട്ടും നികുതി വെട്ടിച്ച കള്ളന്‍ എന്ന് വിളിക്കുന്ന സമൂഹത്തിലാണ് അച്ഛന്‍ ജീവിക്കുന്നത്. ആ ജനത അച്ഛനെ അര്‍ഹിക്കുന്നില്ല. തൃശ്ശൂരില്‍ അച്ഛന്‍ തോറ്റതില്‍ ഏറെ സന്തോഷിക്കുന്ന ആളാണ് ഞാന്‍,. കാരണം അച്ഛന്‍ ജയിച്ചിരുന്നുവെങ്കില്‍ അത്രയും കൂടെയുള്ള അച്ഛനെ എനിക്ക് നഷ്ടപ്പെട്ടേനേ. അച്ഛന്റെ ആരോഗ്യം നഷ്ടപ്പെട്ടേനേ, സമ്മര്‍ദ്ദം കൂടിയേനേ, അച്ഛന്റെ ആയുസ് കുറഞ്ഞേനേ. അച്ഛന്‍ സിനിമയിലേക്ക് തിരിച്ചു വന്നതില്‍ ഏറെ സന്തോഷം അനുഭവിക്കുന്നുണ്ട്. അങ്ങനെ തന്നെ തുടരട്ടെ എന്നാണ് എന്റെ ആഗ്രഹവും.

Content Highlights: Father's Day 2020 Gokul Suresh speaks about his father Actor Suresh Gopi