ഹദ് ഫാസില്‍ ആദ്യമായി തമിഴില്‍ എത്തുന്ന ചിത്രമാണ് ശിവകാര്‍ത്തികേയന്‍ നായകനാകുന്ന വേലൈക്കാരന്‍. തനി ഒരുവന് ശേഷം മോഹന്‍ രാജ സംവിധായകനാകുന്ന ചിത്രം. ഫഹദിനൊപ്പമുള്ള അഭിനയത്തെ കുറിച്ചും ചിത്രത്തെ കുറിച്ചുമെല്ലാം മലയാളി പ്രേക്ഷകരോട് സംവദിക്കുകയാണ് ശിവകാര്‍ത്തികേയന്‍..

ഫഹദ് ഇന്റര്‍നാഷണല്‍ ആക്ടര്‍

ഫഹദിനൊപ്പം ചിത്രം ചെയ്യാനായതില്‍ സന്തോഷമുണ്ട്. ഫഹദ് ഇന്റര്‍നാഷണല്‍ ആക്ടറാണ്. ഫഹദിന്റെ മലയാള ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, തമിഴിലെ ആദ്യ ചിത്രമാണ് വേലൈക്കാരന്‍. മറ്റൊരു ഭാഷയില്‍ പോയി അഭിനയിക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഫഹദിനെ സംബന്ധിച്ച് അങ്ങനെയൊരു പ്രശ്‌നമേ ഉണ്ടായിരുന്നില്ല. ചിത്രത്തില്‍ ഫഹദിന് വളരെ ദീര്‍ഘമായ ഡയലോഗുകള്‍ ഉണ്ട്. അതിനെപറ്റി അദ്ദേഹത്തിന് ആശങ്കയൊന്നും ഉണ്ടായിരുന്നതായി തോന്നിയില്ല. ഫഹദ് അത് നന്നായി അവതരിപ്പിക്കുകയും ചെയ്തു. ഫഹദിനെ ഇതുവരെ കാണാത്ത തമിഴ് പ്രേക്ഷകര്‍ക്ക് പോലും അദ്ദേഹത്തിന്റെ പ്രകടനം ഇഷ്ടപ്പെടുമെന്നാണ് എനിക്ക് തോന്നുന്നത്.

ഫഹദ് ഒരു വെല്ലുവിളി

ഈ ചിത്രത്തില്‍ ഞാന്‍ നേരിട്ട വലിയ വെല്ലുവിളി ഫഹദിനെ പോലെ പ്രതിഭാധനനായ ഒരു നടന്റെ കൂടെ അഭിനയിക്കുന്നതായിരുന്നു. ഭംഗിയായി എഴുതിയിരുന്നതിനാല്‍ ഫഹദിനൊപ്പം പിടിച്ചുനില്‍ക്കാനായിട്ടുണ്ടെന്നാണ് തോന്നുന്നത്. വേലൈക്കാരന്‍ എനിക്കൊരു ലൈഫ് ടൈം എക്‌സ്പീരിയന്‍സാണ്. ഫഹദിന്റെ ചിന്തകള്‍ തന്നെ വ്യത്യസ്തമാണ്. ഫഹദിന് ഫാന്‍സ് അസോസിയേഷനില്ല. പടം ചെയ്യുക. അതിനെ അതിന്റെ വഴിക്ക് വിടുക. ഞങ്ങള്‍ അതേപ്പറ്റിയെല്ലാം ധാരാളം സംസാരിച്ചിട്ടുണ്ട്. ഒരു സിനിമയുടെ സെറ്റില്‍ സഹനടനുമായി ഞാന്‍ ഏറ്റവുമധികം സംസാരിച്ചിട്ടുള്ളത് ഫഹദിനോടായിരിക്കും. മലയാളത്തില്‍ സിനിമ ചെയ്യുകയാണെങ്കില്‍ അത് ഫഹദിനൊപ്പമാകണമെന്നാണ് ആഗ്രഹം.

വേലൈക്കാരന്‍ എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടിയുള്ള ചിത്രമല്ല

ഞാന്‍ ഇതിനുമുമ്പ് ചെയ്ത ചിത്രങ്ങള്‍ എന്റര്‍ടെയ്ന്‍മെന്റ് ലക്ഷ്യമിട്ടുള്ളവ ആയിരുന്നു. എന്നാല്‍ വേലൈക്കാരന്‍ അത്തരത്തിലൊന്നല്ല. ഇതൊരു സീരിയസ് ഫിലിമാണ്. ഗൗരവമുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതും. എല്ലാ തരത്തിലുമുള്ള ജോലി ചെയ്യുന്നവരെ കുറിച്ചാണ് 'വേലൈക്കാരന്‍' പറയുന്നത്. നമ്മളെല്ലാവരും ഓരോ സ്ഥലത്ത് ജോലി ചെയ്യുന്നവരാണ്. അതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ വിഷയം. അറിവ് എന്ന കഥാപാത്രത്തെയാണ് ഞാനിതില്‍ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമായിരിക്കും ഇത്.

ഇത് ഞാന്‍ ചോദിച്ചുവാങ്ങിയ ചിത്രം

തനി ഒരുവന്‍ കണ്ടശേഷം മോഹന്‍ രാജ സാറിന്റെ കൂടെ സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹം തോന്നി. ഞാനദ്ദേഹത്തോട് ഇക്കാര്യം പറയുകയും ചെയ്തു. നിങ്ങള്‍ക്ക് എപ്പോള്‍ എന്നെ വെച്ചൊരു സിനിമ എടുക്കാമെന്ന് തോന്നുന്നോ അപ്പോള്‍ മതിയെന്നും പറഞ്ഞിരുന്നു. ഒരു പൊതുവായ പ്രശ്‌നം ചര്‍ച്ച ചെയ്യുന്ന നല്ല കഥാപാത്രങ്ങളുള്ള ഒരു ചിത്രമായിരുന്നു ഞാനാഗ്രഹിച്ചിരുന്നത്. അദ്ദേഹം ഉടനെ തന്നെ വേലൈക്കാരന്‍ ചെയ്യാമെന്ന് പറയുകയായിരുന്നു. കഠിനാധ്വാനിയായ സംവിധായകനാണ് മോഹന്‍ രാജ സാര്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാന്‍ കാണുന്നതാണത്. എല്ലായിടത്തും എല്ലാ കാര്യത്തിനും അദ്ദേഹമുണ്ടാകും. ഇപ്പോഴും അദ്ദേഹം ഫൈനല്‍ പ്രൊമോസിന്റെ തിരക്കിലാണ്. ഇനി ചിത്രം റിലീസായി ഡിസംബര്‍ 23നേ അദ്ദേഹം ഉറങ്ങൂ എന്നാണ് എനിക്ക് തോന്നുന്നത്.