ബാപ്പയുടെ അഭിനയത്തോടുള്ള പാഷന്‍ തന്റെ അഭിനയത്തിന് വലിയപ്രചോദനമായി മാറിയിട്ടൊന്നുമില്ലെങ്കിലും അദ്ദേഹം നല്ലൊരു അഭിനേതാവാണെന്ന് താന്‍ ചെറുപ്പത്തിലേ മനസ്സിലാക്കിയിട്ടുണ്ടെന്ന് നടന്‍ ഫഹദ് ഫാസില്‍. ഫെബ്രുവരി ലക്കം മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് അച്ഛനും സംവിധായകനുമായ ഫാസിലിന്റെ അഭിനയത്തോടുള്ള പാഷനെക്കുറിച്ച് ഫഹദ് മനസ് തുറന്നത്. 
 
ഫഹദിന്റെ വാക്കുകള്‍

ബാപ്പയുടെ അഭിനയത്തോടുള്ള പാഷന്‍ എന്റെ അഭിനയത്തിന് വലിയപ്രചോദനമായി മാറിയിട്ടൊന്നുമില്ല. എന്നാല്‍ ബാപ്പ നല്ലൊരു അഭിനേതാവാണെന്ന് ഞാന്‍ ചെറുപ്പത്തിലെ മനസ്സിലാക്കിയിട്ടുണ്ട്. കുടുംബത്തിലെ എല്ലാവരും ഒത്തുകൂടുമ്പോള്‍ ബാപ്പ പല കഥകളും പറയും. പലപ്പോഴും ആ കഥയിലെ കാര്യങ്ങള്‍ ബാപ്പ അഭിനയിച്ച് കാണിക്കും. ഞാനടക്കം എല്ലാവരും കൗതുകത്തോടെ ആ അഭിനയവും കഥയും കേട്ടിരിക്കും. അടുത്തിടെ ലൂസിഫറിന്റെ ഷൂട്ട് കഴിഞ്ഞപ്പോള്‍ പൃഥ്വി എന്നെ വിളിച്ചു. അങ്ങനെ എറണാകുളത്ത് ചെന്ന് ഞാന്‍ ബാപ്പ അഭിനയിച്ച ഭാഗം കണ്ടു. ബാപ്പ ഇപ്പോഴും വളരെ മികച്ചൊരു അഭിനേതാവാണെന്ന് അത് കണ്ടപ്പോഴും എനിക്ക് തോന്നി. റിലീസിനൊരുങ്ങുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന പ്രിയനങ്കിളിന്റെ പടത്തിലും ബാപ്പ ഒരു റോള്‍ ചെയ്തിട്ടുണ്ട്. 

Fahad
സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ വാങ്ങാം

ഇന്ത്യന്‍ പ്രണയകഥയില്‍ ഒരു പാട്ട് രംഗം ചിത്രീകരിക്കുമ്പോള്‍ ഞാനും ഇന്നസെന്റേട്ടനും സമരത്തിന്റെ മുന്‍നിരയില്‍ നടന്നുപോകുകയാണ്. പോലീസ് ലാത്തിവീശാന്‍ വരുമ്പോള്‍ ഞാന്‍ കീശ പൊത്തിപ്പിടിച്ച് ഓടുന്ന ഒരു ഓട്ടമുണ്ട്. ഏറെ അഭിനന്ദനങ്ങള്‍ കിട്ടിയ സീനാണത്. അതും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ഒന്നായിരുന്നില്ല. രാവിലെ സത്യേട്ടന്‍ (സത്യന്‍ അന്തിക്കാട്) വേണുച്ചേട്ടനോട് ഫഹദ് ഓടുന്ന സീനാണ് ചിത്രീകരിക്കേണ്ടതെന്ന് പറഞ്ഞു. അപ്പോള്‍ വേണുച്ചേട്ടന്‍ പറഞ്ഞു

''പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ ഫാസില്‍ ഓടിയ ഒരു ഓട്ടമുണ്ട്. ഞങ്ങള്‍ ഒന്നിച്ച് പഠിക്കുന്ന സമയം. അന്ന് ഫാസില്‍ ബസ് കൂലി ഇല്ലാതെ വീട്ടില്‍നിന്ന് ഇറങ്ങില്ല. ഷര്‍ട്ടിന്റെ കീശയിലാണ് ഈ കാശ് സൂക്ഷിക്കുക. ഞാനും ഫാസിലും ഇ.സി. തോമസുമെല്ലാം കൂടി ഒരു ദിവസം തിരുവനന്തപുരം കാണാന്‍ പോകാന്‍ പദ്ധതിയിട്ടു. ഫാസിലിന് ആദ്യമേ ഒരു താത്പര്യക്കുറവുണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ സമ്മതിച്ചു. അങ്ങനെ കാറില്‍ ഞങ്ങള്‍ പുറപ്പെട്ടു. കുറച്ചുദൂരം ചെന്നപ്പോള്‍ തനിക്ക് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് ഫാസില്‍ കാര്‍ നിര്‍ത്തിപ്പിച്ചു. കാറില്‍ നിന്നിറങ്ങി മൂത്രമൊഴിക്കാന്‍ പോയ ഫാസിലിനെ കാണാതെ ഇരുന്നപ്പോള്‍ ഞാന്‍ പുറത്തിറങ്ങി നോക്കി. അപ്പോള്‍ നാട്ടിലേക്കുള്ള ബസിന് പിന്നാലെ ഓടുകയാണ്. കാശ് വീഴാതിരിക്കാന്‍ കൈകൊണ്ട് കീശ പൊത്തിപ്പിടിച്ചിട്ടുണ്ട്.'' സത്യേട്ടന്‍ എന്നോട് വന്ന് ഈ സംഭവം പറഞ്ഞു. അങ്ങനെയാണ് കീശ പൊത്തിപ്പിടിച്ച് ഓടാം എന്ന തീരുമാനം വന്നത്. 

ഫഹദ്ഫാസില്‍ സിനിമാ- ജീവിതരസങ്ങള്‍ പങ്ക് വെയ്ക്കുന്ന മുഖാമുഖം വായിക്കുക ഫെബ്രുവരി ലക്കം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍

Content Highlights :