എെലൻ കുർദി ഇന്നും വറ്റാത്തൊരു കണ്ണീരാണ്. ഈ കണ്ണീരിൽ ചാലിച്ച് പുതിയ കാലത്തിന്റെ സാങ്കേതികവിദ്യ കൂടി ചാലിച്ചൊരുക്കിയ ഹ്രസ്വചിത്രമാണ് എക്സോഡസ്. തീരാത്ത പലായനങ്ങളുടെയും തീവ്രവാദത്തിന്റെയുമെല്ലാം കഥയെ വേറിട്ടൊരു കണ്ണാടിയിലൂടെ കാണുകയാണ് തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട മാധവ് വിഷ്ണു. ഇതിനോടകം 49 ഒാളം അവാർഡുകളാണ് ഈ ഹൃസ്വ ചിത്രം സ്വന്തമാക്കിയത്. തീവ്രവാദത്തിനെതിരെയുള്ള തൻ്റെ പോരാട്ടമാണ് ഈ ഹ്രസ്വചിത്രമെന്ന് മാധവ് വിഷ്ണു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ബന്ധങ്ങൾക്ക് വിലയില്ലാത്ത, കൃത്രിമത്വം നിറഞ്ഞ ലോകം

എൻ്റെ കോളേജ് പഠനത്തിൻ്റെ ഭാഗമായാണ് എക്സോഡസ് ഒരുക്കിയത്. തീവ്രവാദം ഇന്ന് ലോകത്തെ വല്ലാതെ വേട്ടയാടുന്നു. മെഡിറ്ററേനിയൻ കടലിൽ ജീവൻ പൊഴിഞ്ഞ് തുർക്കി തീരത്ത് അടിഞ്ഞ എെലാൻ കുര്‍ദി എന്ന സിറിയൻ ബാലന്റെ ശരീരം ഇന്നും എന്നെ വേട്ടയാടുന്നുണ്ട്. ജീവിക്കാൻ സാധിക്കാത്തവിധം തീവ്രവാദം ശക്തമാകുമ്പോൾ അതിനെതിരെയുള്ള എന്റെ പോരാട്ടമാണ് എക്സോഡസ്. 

ഇന്ന് യഥാര്‍ഥത്തിൽ നടക്കുന്ന മനുഷ്യൻ്റെ പ്രവര്‍ത്തനങ്ങളും ഒരുപക്ഷേ ഭാവിയിൽ സംഭവിച്ചേക്കാവുന്ന  യാത്രികവും മനുഷ്യത്വരഹിതവുമായ കാര്യങ്ങളും കൂട്ടിച്ചേര്‍ത്താണ് ഈ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്.
ബന്ധങ്ങൾക്ക് വിലയില്ലാത്ത, വളരെ കൃത്രിമത്വം നിറഞ്ഞ ലോകമാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. 

exodus

സിറിയാ വിഷയം വ്യത്യസ്തമായി അവതരിപ്പിച്ചു

സിറിയ വിഷയമാണ് വളരെ വ്യത്യസ്തമായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. സിറിയ എന്നത് എനിക്കും പ്രേക്ഷകര്‍ക്കും വാര്‍ത്തകളിലൂടെ മാത്രം പരിചയമുള്ള സ്ഥലമാണ്. അത്തരത്തിലുള്ള സിറിയയെ അവതരിപ്പിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. സിറിയയിൽ നിന്ന് ലഭ്യമായ ചില വീഡിയോകളും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. 

ഇന്ന് നാം കടന്നുപോകുന്നത് ഇലക്ട്രോണിക് യുഗത്തിലൂടെയാണ്. അതിൻ്റെ ഭാവിയാണ് എക്സോഡസിൽ ചിത്രീകരിച്ചിരിക്കുന്നത്.  

പരീക്ഷണ സിനിമ

ഇതൊരു പരീക്ഷണ ചിത്രമാണ്. ഇവിടെ നിന്നുകൊണ്ട് സിറിയയിലെ പ്രശ്നങ്ങളിലേക്ക്  നോക്കാൻ പറ്റുമോ എന്നുള്ള അന്വേഷണമാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ എഡിറ്റിങ് ടേബിളിലെ സിനിമയാണ് ഇത്. 

ഇതിലെ അഭിനേതാക്കളെല്ലാം എനിക്ക് ചുറ്റുമുള്ളവര്‍ തന്നെയായിരുന്നു. അവരുടെയൊക്കെ സ്നേഹത്തിൻ്റെയും ത്യാഗത്തിൻ്റെയും ആകെത്തുക തന്നെയാണ് എക്സോഡസ്.

സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ

exodus

ഇന്ന് ലോകത്ത് ഏറ്റവും അധികം നിയമ സംരക്ഷണം ലഭിക്കുന്നത് സ്ത്രീകൾക്കും കുട്ടികൾക്കുമാണ്. എന്നാലും ഏറ്റവും അധികം പ്രതിസന്ധി നേരിടുന്നതും അവരാണ്. ആ സിനിമയിലും സമൂഹത്തിൻ്റെ രണ്ട് തട്ടിലുള്ള സ്ത്രീകളെയാണ് ചിത്രീകരിച്ചിരിക്കുന്നത്. വളരെ മോഡേണായുള്ള ഒരു സ്ത്രീയും ഒപ്പം യഥാസ്ഥിതികയായ ഒരു സിറിയൻ സ്ത്രീയുമാണ് ഇതിലുള്ളത്. എന്നാൽ രണ്ട് പേരും അവരുടേതായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരാണ്. 

ലാൽ ജോസ് പറഞ്ഞു 'ഇവനെ സൂക്ഷിക്കണം'

ഈ സിനിമ കാണാനെത്തിയപ്പോൾ ലാൽ ജോസ് പറഞ്ഞ വാക്കുകളാണ് മുന്നോട്ടുള്ള യാത്രയിൽ എനിക്ക് പ്രചോദനം. ഇവനെ സൂക്ഷിക്കണം. നല്ലൊരു എതിരാളി പിന്നിൽ നിന്ന് വരുന്നുണ്ടെന്നറിഞ്ഞാൽ ഏതൊരു സംവിധായകനും ഒന്ന് സൂക്ഷിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്.

എക്സോഡസ് കാണാം