ലയാളികളുടെ മാത്രമായിരുന്ന ഒരു ഈണത്തെ തട്ടിയെടുത്ത് ലോകത്തിന്റെ നെറുകയില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ താരവും ജമൈക്കയുടെ ഇതിഹാസവുമായ ഉസൈന്‍ ബോള്‍ട്ട്. ഏത് പ്രതിസന്ധികളും തരണം ചെയ്യാന്‍ നമുക്ക് സാധിക്കുമെന്ന് പറഞ്ഞുകൊണ്ട് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഒരു രംഗം ബോള്‍ട്ട് നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. വീഡിയോ ഭാഷയും രാജ്യാതിര്‍ത്തികളും താണ്ടി ലോകം കീഴടക്കി. 

ലോകത്തിന്റെ ഏതൊരു കോണിലും ഒരു മലയാളിയുണ്ടെന്ന ചൊല്ല് ഇവിടെയും അന്വര്‍ഥമായി. ഉസൈന്‍ ബോള്‍ട്ട് പങ്കുവെച്ച വീഡിയയോയുടെ പശ്ചാത്തല സംഗീതമൊരുക്കിയത് മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായ ജേക്‌സ് ബിജോയ് ആണ്. കല്‍ക്കി എന്ന ചിത്രത്തിനുവേണ്ടിയാണ് ജേക്‌സ് ഈണം ചിട്ടപ്പെടുത്തിയത്. ഇത് കേട്ട് ഇഷ്ടപ്പെട്ട സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ട്, ഈണം തന്റെ വീഡിയോയുടെ പശ്ചാത്തലമാക്കി. ഇതോടെ ജേക്‌സ് ബിജോയ് എന്ന സംഗീതപ്രതിഭയെയും ലോകം തിരിച്ചറിയുകയാണ്. നിനച്ചിരാക്കാതെ വന്ന ആ ഭാഗ്യത്തെക്കുറിച്ച്, ആവേശവും അത്ഭുതവും തുടിക്കുന്ന വാക്കുകളിലൂടെ ജേക്‌സ് ബിജോയ് സംസാരിക്കുന്നു...

സ്വപ്നം പോലെ തോന്നുന്നു

ലോകത്തിലെ ഏറ്റവും വേഗതയേറിയ താരവും ഞാനേറെ ആരാധിക്കുന്ന കായികപ്രതിഭയുമായ ഉസൈന്‍ ബോള്‍ട്ട് എന്റെ സംഗീതം പങ്കുവെയ്ക്കുമ്പോള്‍ അതേക്കുറിച്ച പറയാന്‍ വാക്കുകളില്ല. അദ്ദേഹത്തിന് സ്റ്റാര്‍ വാര്‍സും ജെയിംസ് ബോണ്ടുമെല്ലാം ആ വീഡിയോയ്ക്ക് പശ്ചാത്തല സംഗീതമാക്കി വെക്കാമായിരുന്നു. എന്നിട്ടും അദ്ദേഹം നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നുള്ള സംഗീതം തിരെഞ്ഞെടുത്തു. ഇതെല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. എന്റെ സംഗീത ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണിത്. 

ബുദ്ധിമുട്ടുകളും തടസ്സങ്ങളുമുണ്ടെങ്കിലും നമുക്ക് വിജയത്തിലേക്ക് വരാം എന്ന് പ്രകടമാക്കുന്ന ഒരു സംഗീതമാണത്. അത് ഉസൈന്‍ ബോള്‍ട്ടിന് വരെ മനസ്സിലായി എന്നാലോചിക്കുമ്പോള്‍ അഭിമാനം തോന്നുന്നു. ഇത് എന്റെ വിജയമല്ല നമ്മള്‍മലയാളികളുടെ വിജയമാണ്. കേരളവും ഇന്ത്യയും കടന്ന് ലോകം മുഴുവന്‍ എന്റെ സംഗീതം സഞ്ചരിച്ചതില്‍ ഏറെ സന്തോഷവാനാണ്. ഇതിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പിറന്നാളിന് ഈ പശ്ചാത്തല സംഗീതം പങ്കുവെച്ചിരുന്നു. 

Read More: ബോള്‍ട്ട് പങ്കുവെച്ച വീഡിയോയ്ക്ക് ശക്തി പകര്‍ന്ന് കല്‍ക്കിയിലെ ബി.ജി.എം, താരമായി ജേക്‌സ് ബിജോയ്

ഈണം പിറന്നത് സെറ്റില്‍ നിന്ന്

കല്‍ക്കിയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് ഈ പശ്ചാത്തല സംഗീതം ജനിക്കുന്നത്. ടൊവിനോയുടെ ഇന്‍ട്രോയ്ക്ക് നല്ലൊരു പശ്ചാത്തല സംഗീതം വേണം. അതിനായി ഷൂട്ടുചെയ്ത രംഗം ചിത്രത്തിന്റെ സംവിധായകന്‍ പ്രവീണ്‍ പ്രഭാറാം എനിക്ക് അയച്ചുതന്നു. ഒരു തെലുഗു സ്റ്റൈലിലുള്ള മാസ്സ് ബി.ജി.എം കംപോസ് ചെയ്യാനാണ് പ്രവീണ്‍ ആവശ്യപ്പെട്ടത്. കുറച്ച് നല്ല ഈണങ്ങള്‍ ഞാനയച്ചുകൊടുത്തു. അതിലൊന്നാണിത്. ഈ സംഗീതം ചിട്ടപ്പെടുത്താന്‍ എനിക്ക് പത്തുപതിനഞ്ച് മിനിട്ടേ വേണ്ടി വന്നുള്ളൂ. അങ്ങനെ ഈ ഈണം ടൊവിനോയുടെ ഇന്‍ട്രോ തീം സോങ്ങായി മാറി. 

ടൊവിനോയ്ക്ക് ഏറെയിഷ്ടം

ടൊവിനോയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഈണമാണിത്. കല്‍ക്കിയുടെ ഷൂട്ടിങ്ങിന്റെ സമയത്ത് അദ്ദേഹത്തിന് നല്ല ടെന്‍ഷനുണ്ടായിരുന്നു. കരിയറിലാദ്യമായാണ് ടൊവിനോ ഒരു പക്കാ മാസ്സ് ആക്ഷന്‍ ചിത്രത്തില്‍ നായകനാകുന്നത്. അതുകൊണ്ടുതന്നെ മാസ്സ് പശ്ചാത്തല സംഗീതം ചിത്രത്തിന് വേണമെന്ന് അദ്ദേഹത്തിനും നിര്‍ബന്ധമുണ്ടായിരുന്നു. എന്റെ സംഗീതം അദ്ദേഹത്തിന് നന്നായി ഇഷ്ടപ്പെട്ടു. പിന്നീട് വര്‍ക്ക് ഔട്ട് ചെയ്യുമ്പോഴും മറ്റും അദ്ദേഹം ഈ പശ്ചാത്തല സംഗീതം തന്നെയാണ് അതിന് അകമ്പടിയായി ചേര്‍ക്കാറുള്ളത്. അതെനിക്ക് അയച്ചു തരാറുമുണ്ട്. അതില്‍ ചിലത് ലോക്ഡൗണ്‍ സമയത്ത് വൈറലായിരുന്നു. ടൊവിനോ മാത്രമല്ല പ്രചോദാത്മകമായ മിക്ക വീഡിയോകള്‍ക്കും എന്റെ ഈണമാണ് ഉപയോഗിക്കുന്നത്. അതെല്ലാം ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ബോള്‍ട്ട് പങ്കുവെച്ച വീഡിയോ കണ്ട് എന്നെ ആദ്യം അഭിനന്ദിച്ചതും ടൊവിനോയായിരുന്നു.

ഈണത്തിന് പിന്നിലെ കഥ

കല്‍ക്കിയിലെ നായകന്‍ പൊലീസ് ഓഫീസറാണ്. പല പ്രതിസന്ധികളും തരണം ചെയ്തിട്ടായിരിക്കണം അദ്ദേഹം ഈ സ്ഥാനത്തെത്തിയത്. അതാണ് എന്റെ മനസ്സില്‍ ആദ്യം ഉടലെടുത്ത ചിന്ത. അതിന്റെ ഭാഗമായി തുടക്കത്തില്‍ കഷ്ടതകളുണര്‍ത്തുന്ന ഒരു ട്യൂണൊരുക്കി. പിന്നാലെ അതില്‍ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന തരത്തിലുള്ള മറ്റൊരു ഈണവും കൂട്ടിച്ചേര്‍ത്തു. 

പക്ഷേ നമ്മള്‍ ഈ കേള്‍ക്കുന്ന പുതിയ ഈണത്തിന്റെ പിന്നില്‍ ഒരു കഥയുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയ ഉടന്‍തന്നെ ഈ സംഗീതത്തിന്റെ പല കവര്‍ വേര്‍ഷനുകളും പുറത്തുവന്നു. അതില്‍ ജോസ് ജോസി എന്ന ഒരു പയ്യന്‍ ചെയ്ത വേര്‍ഷനാണ് നമ്മള്‍ ഇപ്പോള്‍ കേള്‍ക്കുന്നത്. ഈ ഈണം ഹിറ്റാക്കിയതില്‍ അദ്ദേഹത്തിനും പങ്കുണ്ട്. ജോസ് ചെയ്ത ഈണം സിനിമയുടെ സൗണ്ട് ട്രാക്കില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

സിനിമയുടെ പശ്ചാത്തലമാണ് വലുത്

പശ്ചാത്തല സംഗീതമൊരുക്കുമ്പോള്‍ എന്റെ താത്പര്യങ്ങളെക്കാള്‍ സിനിമയുടെ പശ്ചാത്തലമാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം പശ്ചാത്തല സംഗീതമൊരുക്കാന്‍ എനിക്ക് താത്പര്യമില്ല. സിനിമയുടെ ഷൂട്ടിങ് സമയത്ത് ഞാനും ലൊക്കേഷനില്‍ പോകും. എന്നാല്‍ മാത്രമേ ആത്മാവുള്ള സംഗീതം സൃഷ്ടിക്കാനാകൂ. അയ്യപ്പനും കോശിയും ചെയ്യുമ്പോള്‍ അട്ടപ്പാടിയില്‍ സമയം ചെലവഴിച്ചിരുന്നു. അതിന്റെ ഭാഗമായാണ് നഞ്ചിയമ്മയെ ലഭിച്ചത്. കല്‍ക്കിയിലും അങ്ങനെതന്നെ. ഒരു നാടിനെ രക്ഷിക്കാനായി വരുന്ന പൊലീസ് ഓഫീസര്‍ അവിടുത്തെ അസുരഗണങ്ങളെ അടിച്ചിടുമ്പോള്‍ അയാളെ പുകഴ്ത്താന്‍ അസുരവാദ്യം വേണമെന്ന് എനിക്ക് തോന്നി. അതിന്റെ ഭാഗമായി മലയാളത്തില്‍ അത്ര പരിചിതമല്ലാത്ത അസുരവാദ്യമായ നാസിക് ഡോല്‍ ഞാന്‍ ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിനായി ഉപയോഗിച്ചു. അത് ഹിറ്റാവുകയും ചെയ്തു. 

പുതിയ പ്രതീക്ഷകള്‍

ഓപ്പറേഷന്‍ ജാവയാണ് റിലീസിനൊരുങ്ങുന്ന ആദ്യ ചിത്രം. കുരുതി, മമ്മൂട്ടിയുടെ പേരിടാത്ത ചിത്രം, പൃഥ്വിരാജിന്റെ ഭ്രമം, എന്നിവയാണ് മറ്റ് മലയാള ചിത്രങ്ങള്‍. ഞങ്ങള്‍ ചില ടെക്‌നിഷ്യന്‍മാര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന കുമാരി എന്ന ചിത്രത്തിനും സംഗീതം നല്‍കുന്നുണ്ട്. ഫ്രഷ് ലൈം സോഡാസ് എന്നാണ് പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. തമിഴില്‍ യമഗാതകി,  ഇറോസ് നൗ നിര്‍മിച്ച ഹിന്ദി വെബ്‌സിരീസായ മെട്രോ പാര്‍ക്ക്, ഹിന്ദിയില്‍ റാറ്റ് ഓണ്‍ ഹൈവേ, തെലുഗുവില്‍ ചാവു കബുറു ചെല്ലഗ, ഗോപിചന്ദ് നായകനാകുന്ന ചിത്രം എന്നിവയിലും പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് മൂലം ചെന്നൈയില്‍ നിന്നും ഇപ്പോള്‍ സ്റ്റുഡിയോ കൊച്ചിയിലേക്ക് മാറ്റി. അത് പുതിയ മലയാള ചിത്രങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നതില്‍ കാരണമായി. മൈന്‍ഡ് സ്‌കോര്‍ എന്നാണ് സ്റ്റുഡിയോയുടെ പേര്.

Content Highlights: Exclusive Interview with Music Director Jakes Bejoy on Ussain Bolt Video