ആറ് വർഷത്തിന് ശേഷം ജോർജുകുട്ടിയും കുടുംബവും വീണ്ടും സിനിമാപ്രേമികൾക്കിടെയിലേക്ക് വന്നെത്തുകയാണ്. ബ്ലോക്ക്ബസ്റ്ററായ ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗം ദൃശ്യം 2 റിലീസിന് തയ്യാറെടുക്കുന്ന വേളയിൽ സന്തോഷവും പേടിയും ആകാംക്ഷയും ഉത്കണ്ഠയുമെല്ലാം കലർന്ന അവസ്ഥയിലൂടെയാണ് താൻ കടന്ന് പോകുന്നതെന്ന് പറയുകയാണ് എസ്തർ അനിൽ. ‌‍ജോർജുകുട്ടിയുടെയും റാണിയുടെയും ഇളയ മകൾ അനുമോളായി വീണ്ടുമെത്തുമ്പോൾ എസ്തർ മനസ് തുറക്കുന്നു. 

പ്രതീക്ഷിക്കാതെ വന്നെത്തിയ ദൃശ്യം 2

എട്ട് വർഷത്തിന് ശേഷം ദൃശ്യം കുടുംബത്തിലേക്ക് തിരിച്ചെത്താനായതിൽ ഒരുപാട് സന്തോഷം. ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല ഇത്. പ്രതീക്ഷിക്കാതെ നല്ല കാര്യങ്ങൾ ജീവിതത്തിൽ നടക്കുമ്പോൾ ഭയങ്കര സന്തോഷമല്ലേ. സിനിമാ ചിത്രീകരണമൊക്കെ നിന്ന, ലോക്ഡൗണിൽ‌ എന്താ ചെയ്യേണ്ടതെന്നറിയാതെ ആളുകൾ വീട്ടിലിരുന്ന സമയത്താണ് ജീത്തു അങ്കിൽ പെട്ടെന്ന് വിളിച്ചിട്ട് പറയുന്നത് നമ്മൾ ദൃശ്യം 2 ചെയ്യാൻ പോവുകയാണെന്ന്. ഭയങ്കര സന്തോഷമായിരുന്നു. ഇപ്പോ സിനിമ റിലീസിന് തയ്യാറെടുക്കുകയല്ലേ,അതിന്റെ ചെറിയൊരു പേടിയുമുണ്ട്.

എസ്തർ സൈലന്റ് ആയെന്ന പരാതി

വ്യക്തിപരമായി ഓരോരുത്തർക്കും കുറേ മാറ്റങ്ങൾ വന്നിട്ടുണ്ട്. ദൃശ്യം 2-ന്റെ സെറ്റിൽ വന്നപ്പോൾ ഞാൻ ഏറ്റവുമധികം കേട്ട പരാതിയാണ് എസ്തർ ഭയങ്കര സൈലന്റായി എന്ന്. പണ്ട് എല്ലാവരോടും കലപില പറഞ്ഞ് നടന്ന കുട്ടിയാണ് ആ എസ്തറിന് എന്തോ പറ്റി, ഭയങ്കര റിസർവ്ഡ് ആയി എന്നൊക്കെ എല്ലാവരും പറ‍ഞ്ഞിരുന്നു. ആ വ്യത്യാസം ഉണ്ട്. പിന്നെ സിനിമയെ കുറച്ച് കൂടി ​ഗൗരവമായി കാണാൻ തുടങ്ങി. അതുപോലെ അനുമോൾ എന്ന കഥാപാത്രത്തിനും മാറ്റമുണ്ട്. ദൃശ്യം ഒന്നിലെ കഥാപാത്രമല്ല രണ്ടാം ഭാ​ഗത്തിലെത്തുമ്പോൾ. ദൃശ്യം രണ്ടിലെ മൂന്ന് സ്ത്രീകൾ എന്നാണ് എന്നെയും മീന ആന്റിയെയും ഹൻസിബ ചേച്ചിയെയും പ്രമോഷനും മറ്റുമായി എവിടെ പോയാലും അഭിസംബോധന ചെയ്യുന്നത്. ആദ്യത്തേതിലെ പോലെ ഭയങ്കര ട്വിസ്റ്റ് സംഭവിക്കുന്ന ഒരു അവസരമൊന്നും എനിക്ക് രണ്ടാം ഭാ​ഗത്തിൽ ഇല്ല. 

സെറ്റിൽ കിട്ടിയ സ്വാ​ഗതം

ഒരുപാട് നാള് വീട്ടിലിരുന്നതിന് ശേഷമാണ് ഞങ്ങൾ പുറത്തിറങ്ങുന്നത്. കുറേ നാളുകൾക്ക് ശേഷമാണ് ജോലി ചെയ്യുന്നത്. സിനിമയുടെ സെറ്റിൽ നിൽക്കുന്നത് തന്നെ കുറേ നാളുകൾക്ക് ശേഷമാണ്. ഡബ്ബിങ്ങിന്റെ സമയത്ത് ഞാൻ ജീത്തു അങ്കിളിനോട് പറഞ്ഞിരുന്നു മൈക്കിന്റെ മുന്നിൽ സംസാരിക്കുമ്പോൾ എനിക്ക് നല്ല ഉത്കണ്ഠയുണ്ടെന്ന്. രണ്ട് മൂന്ന് ടേക്ക് എടുക്കേണ്ടി വന്നു. അഭിനയിക്കാൻ നിന്നപ്പോഴും ഇതേ ആകുലത ഉണ്ടായിരുന്നുവെങ്കിലും കൊറോണ വന്നതോ, ഇത്രയും നാളത്തെ ​ഗ്യാപ് വന്നതോ ഒന്നും ബാധിച്ചിട്ടേ ഇല്ലായിരുന്നു എല്ലാവരുടെയും പെരുമാറ്റത്തിൽ. അത് ലാലങ്കിൾ ആകട്ടെ, മീന ആന്റി ആകട്ടെ, ജീത്തു അങ്കിൾ ആവട്ടെ... അത്രയ്ക്ക് നല്ല വരവേല്‍പായിരുന്നു സെറ്റിൽ ലഭിച്ചത്. 

അനുമോൾക്ക് പേടി ജീത്തു അങ്കിളിനെ, ട്വിസ്റ്റ് പറയില്ല

അനുമോൾ ഒന്നും പറയില്ല, അനുമോൾക്ക് ഏറ്റവും പേടി ജീത്തു അങ്കിളിനെയാണ്. അതുകൊണ്ട് ഞാൻ ഒരു ട്വിസ്റ്റും തുറന്ന് പറയില്ല. അറിയാതെ എന്തെങ്കിലും പുറത്ത് വന്നാലോ എന്ന് കരുതി ഞാൻ വളരെ കുറച്ചേ സംസാരിക്കാറുള്ളൂ. എങ്കിലും ഒന്ന് പറയാം കുടുംബ ബന്ധങ്ങളെ കുറിച്ച് സംസാരിക്കുന്ന സിനിമയാകും ദൃശ്യം 2. ഫെബ്രുവരി 19 ന് ചിത്രം കണ്ട് തന്നെ നിങ്ങൾ അത് മനസിലാക്കൂ..

Content Highlights : Esther Anil Interview Drishyam 2 Mohanlal Meena Jeethu joseph Ansiba