തൃശൂർ ഇക്കണ്ടവാര്യർ റോഡിലൂടെ പായുന്ന ബസ്. ഡ്രൈവർ സീറ്റിലെ ആളെ കണ്ടപ്പോൾ പലരും ഞെട്ടി. ദുൽഖർ സാൽമാൻ. സിനിമ  ഇറങ്ങിയപ്പോൾ വലിയ കൈയടിയായിരുന്നു ഈ രംഗത്തിന്. ഈ രംഗം ചിത്രീകരിക്കുമ്പോൾ ഉള്ളിലൊരു പേടിയുണ്ടായിന്നെന്ന് സംവിധായകൻ സത്യൻ അന്തിക്കാടും പറഞ്ഞിരുന്നു. പക്ഷേ, ദുൽഖറിന് മാത്രം പേടിയോ ആശങ്കയോ ഉണ്ടായിരുന്നില്ല. ബ്രേക്ക് ഉണ്ടാേ എന്നു മാത്രം നോക്കി ഒരൊറ്റ ഓടിക്കൽ. അതേ അനായാസതയോടൊണ് കളിയും കാര്യവും നിറഞ്ഞ ജോമോനായും ദുൽഖർ പകർന്നാടിയത്. ഇതുവരെ കാണാത്തൊരു ദുൽഖറിനെയാണ് സത്യൻ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങളിൽ കണ്ടത്. കളിക്കുട്ടിയായി നടന്നിരുന്ന ദുൽഖർ അഭിനയത്തിന്റെ ഒരു പുതിയ മാനം കൂടിയാണ് ജോമോനിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഇതുമാത്രമല്ല, ജോമോനെന്ന കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ഇനിയും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് ദുൽഖറിന്.

ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് എത്ര വ്യത്യസ്തനാണ് ജോമോന്‍?

എന്റെ സിനിമാ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്തൊരു കഥാപാത്രമാണ് ജോമോന്റെ സുവിശേഷങ്ങളിലേത്. പരിചയസമ്പന്നനായ സംവിധായകനോടൊപ്പം ഒരു മികച്ച ചിത്രം. മുകേഷ് ഏട്ടനെപ്പോലുള്ള മുതിര്‍ന്ന താരങ്ങളോടൊപ്പമുള്ള അനുഭവം. കുരുത്തക്കേട് കാണിച്ച് നടക്കുന്ന ഒരു ഉഴപ്പനാണ് ജോമോന്‍. ഏറെ കുസൃതികള്‍ കൈയിലുള്ള കഥാപാത്രം.

സത്യന്‍ അന്തിക്കാടിക്കാടിനൊപ്പമുളള അനുഭവം?

Dulquer Salmaan

ചെറുപ്പം മുതലേ സത്യന്‍ അങ്കിളിന്റെ സിനിമകള്‍ കാണാറുണ്ട്. പല സിനിമകളിലെയും രംഗങ്ങളും സംഭാഷണങ്ങളും എനിക്ക് കാണാപ്പാഠമാണ്. സത്യന്‍ അങ്കിളുമായി വാപ്പച്ചി സിനിമകള്‍ ചെയ്തിട്ടുണ്ട്. ആ സൗഹൃദം എന്നിലൂടെയും തുടരുന്നു. ജോമോന്റെ സുവിശേഷങ്ങളില്‍ സത്യന്‍ അങ്കിള്‍ എന്നെ നായകനായി തിരഞ്ഞെടുത്തപ്പോള്‍ വളരെ സന്തോഷം തോന്നി. എന്റെ കരിയറില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ചിത്രമായിരിക്കും ഇത്. 

മുകേഷ്-ദുല്‍ഖര്‍ കൂട്ടുക്കെട്ട്?

Dulquer Salmaan

മുകേഷ് ഏട്ടനെ ഏറെ ആരാധിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. സത്യന്‍ അങ്കിളിനെപ്പോലെ തന്നെ ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ മുതല്‍ തന്നെ എനിക്ക് അദ്ദേഹവുമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹത്തിന്റെ ടൈമിങ്ങും  ശബ്ദനിയന്ത്രണവും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മുകേഷേട്ടനുമായുള്ള ആദ്യ സീന്‍ ഞാന്‍ ചെറിയ നെഞ്ചിടിപ്പോടെയാണ് ചെയ്തത്. അതേ അനുഭവമായിരുന്നു ഉസ്താദ് ഹോട്ടലില്‍ തിലകന്‍ അങ്കിളിനൊപ്പവും. അവരില്‍ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട്.

വിന്‍സന്റ് -ജോമോന്‍ ബന്ധം പോലെയാണോ മമ്മൂട്ടി- ദുല്‍ഖര്‍ ബന്ധവും?

Dulquer and Mammootty

വിന്‍സന്റ്-ജോമോനില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് മമ്മൂട്ടി- ദുല്‍ഖര്‍. എന്നാല്‍ സ്‌നേഹം എന്ന എലിമെന്റ് എല്ലാ അച്ഛന്‍-മകന്‍ ബന്ധത്തിലും ഒരുപോലെയല്ലേ?. 

ബസ് ഓടിക്കുന്ന രംഗത്തിന് തിയേറ്ററില്‍ വൻ കയ്യടിയായിരുന്നു. ദുല്‍ഖറിന്റെ ഡ്രൈവിങ് അത്ഭുതപ്പെടുത്തിയെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു.

ഡ്രൈവിങ് എനിക്ക് ഹരമാണ്. വാപ്പച്ചിക്കും അതെ. ജോമോന്റെ സുവിശേഷത്തില്‍ ബസ് ഓടിക്കുന്ന രംഗം ചെയ്യാന്‍ അതുകൊണ്ട് യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല. വലിയ വണ്ടികള്‍ ഞാന്‍ ഓടിക്കാറുണ്ട്. കുടുംബത്തോടൊപ്പം ടൂർ  പോകുന്ന അവസരങ്ങളില്‍ ലോങ് ഡ്രൈവ് ചെയ്യാന്‍ മടിയില്ല.  

എറണാകുളം മുതല്‍ ചെന്നൈ വരെ തുടര്‍ച്ചയായി വലിയ വണ്ടികള്‍ ഓടിച്ചിട്ടുണ്ട്. സിനിമയില്‍ ഓടിക്കാന്‍ ബസ് തന്നപ്പോള്‍ ബ്രേക്ക് ഉണ്ടോ എന്ന് മാത്രമാണ് പരിശോധിച്ചു നോക്കിയത്.

ഒരുപാട് യുവ സംവിധായകരോടൊപ്പം ജോലി ചെയ്തു. ഇപ്പോള്‍ മുതിര്‍ന്ന സംവിധായകനോടൊപ്പം ഒരോ സിനിമയും ഓരോ പാഠ പുസ്തകമല്ലേ?

തീര്‍ച്ചയായും, ഓരോ സിനിമയും പാഠമാണ്. നിരവധി യുവാക്കള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു തമിഴില്‍ മണിരത്‌നത്തോടൊപ്പവും. ഓകെ കണ്‍മണി നല്‍കിയ അനുഭവങ്ങള്‍ക്ക് സമാനമായിരുന്നു ജോമോന്റെ സുവിശേഷവും നല്‍കിയത്. നേരത്തേ പറഞ്ഞതു പോലെ സീനിയര്‍ സംവിധായകരില്‍ നിന്ന് നമ്മള്‍ പഠിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. സിനിമയുടെ ടോട്ടാലിറ്റിയെ പറ്റി പൂര്‍ണ ബോധ്യമുള്ള സംവിധായകനാണ് സത്യന്‍ അങ്കിള്‍. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. 

സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം?

എല്ലാ സിനിമകളും ഇഷ്ടമാണെങ്കിലും പൊന്മുട്ടയിടുന്ന താറാവ് ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്നു. വാപ്പച്ചി ചെയ്ത സത്യന്‍ അങ്കിള്‍ ചിത്രങ്ങളില്‍ ഏറെ ഇഷ്ടം കളിക്കളമാണ്. 

ജോമോന്റെ സുവിശേഷങ്ങള്‍ വാപ്പച്ചി കണ്ടിരുന്നോ?

ഇല്ല, വാപ്പച്ചി ഷൂട്ടിങ്ങിന്റെ തിരക്കിലാണ്. രഞ്ജിത്ത് ചിത്രം പുത്തന്‍പണത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലാണ്. തിരക്ക് കഴിഞ്ഞാൽ ഒരുമിച്ചു കാണണം. വാപ്പച്ചി ഒരുപാട് വിമര്‍ശിക്കാനും പുകഴ്ത്താനുമൊന്നും നില്‍ക്കാറില്ല. സത്യസന്ധമായി അഭിപ്രായം പറയും. എന്റെ പ്രൊഫഷണല്‍ കാര്യങ്ങളില്‍ ഒരു പരിധിയില്‍ കൂടുതല്‍ അദ്ദേഹം ഇടപെടാറില്ല.

നേട്ടങ്ങള്‍ സംസ്ഥാന ചലചിത്ര പുരസ്‌കാരം വരെ എത്തിനില്‍ക്കുന്നു. ഇതുവരെയുള്ള സിനിമകളില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം ഏതായിരുന്നു?

Dulquer Salmaan

എല്ലാ വേഷങ്ങള്‍ക്കും അതിന്റേതായ വെല്ലുവിളികളുണ്ട്. നമ്മള്‍ അഭിനയിക്കുമ്പോള്‍ ആ സമയത്തെ ചുറ്റുപാടും മാനസികാവസ്ഥയും നമ്മളെ സ്വാധീനിക്കുമെന്ന് തോന്നുന്നു. എന്നെ സംബന്ധിച്ച് സിനിമയില്‍ അഭിനയിക്കുന്നതിന്റെ കൗതുകം ഇതുവരെ വിട്ടുപോയിട്ടില്ല. വളര്‍ച്ചയുടെ ഏറ്റവും താഴേത്തട്ടില്‍ തന്നെയാണ് ഞാനിപ്പോഴും നില്‍ക്കുന്നതെന്ന് വിശ്വസിക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം എന്നെപ്പോലെ വളര്‍ന്നുവരുന്ന നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ബഹുമതിയാണ്, പ്രചോദനമാണ്.