പ്രതീക്ഷകളുടെ ഭാരമില്ലാതെ റിലീസ് ചെയ്ത ദൃശ്യം 2 കാഴ്ചക്കാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് മുന്നേറുകയാണ്. സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ഞെട്ടിയത് പ്രേക്ഷകരാണെങ്കിൽ സോനോബിയ സഫർ എന്ന യുവഗായിക ഞെട്ടലോടെയാണ് സിനിമയിലേക്കെത്തുന്നത്. ക്വീൻ എന്ന സിനിമയിലെ ഗ്രൂപ്പ് സോങ്ങിൽ തുടങ്ങി ഇപ്പോൾ ദൃശ്യം രണ്ടാം ഭാഗത്തിലെ 'ഒരേ പകൽ' എന്ന ഗാനം ആലപിച്ച് ആസ്വാദകരുടെ ശ്രദ്ധ നേടുകയാണ് സോനോബിയ സഫർ. സംഗീതത്തെ ഗൗരവമായി സമീപിക്കുന്നതിന്റെ ഭാഗമായി ജോലി രാജിവെക്കുകയും ചെയ്തു അവർ. ദൃശ്യത്തിലെ ഗാനം പാടുന്ന സമയത്തെ അനുഭവങ്ങളും സംഗീതജീവിതത്തിലെ പുതിയ തീരുമാനങ്ങളുമൊക്കെ അവർ പങ്കുവെക്കുന്നു...

പാടാൻ പോകും മുമ്പേ ഒരു ട്വിസ്റ്റ്

തിരുവനന്തപുരം ഐ.ബി.എസ്. ടെക്നോപാർക്കിൽ ആയിരുന്നു ഞാൻ ജോലി ചെയ്തിരുന്നത്. ആ സമയത്ത് പാർട് ടൈമായി വോയ്സ് ഓവറും ചെയ്യാൻ തുടങ്ങിയിരുന്നു. സംഗീതത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ആലോചിക്കുന്നത് അപ്പോഴാണ്. അങ്ങനെ ടെക്നോപാർക്കിലെ ജോലി രാജിവെക്കുകയും മുഴുവൻ സമയവും വോയ്സ് ഓവറിൽ ശ്രദ്ധ കൊടുത്ത് കുറേ പരസ്യങ്ങളും ജിംഗിളുകളും ചെയ്തു. തുടർന്ന് ചില ആർട് ഡയറക്ടേഴ്സ് വഴി ചില സംഗീത സംവിധായകരുടെ ഫോൺ നമ്പർ ലഭിച്ചു. അങ്ങനെയാണ് അനിൽ ജോൺസന്റെയും നമ്പർ കിട്ടുന്നത്. വെറുതേ വിളിച്ചുനോക്കി. എന്റെ ചില വർക്കുകൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരുന്നു.

പിന്നീട് രണ്ടാഴ്ച കഴിഞ്ഞ് അദ്ദേഹം തിരിച്ചുവിളിച്ചു. ഒരു ബിഗ് ബജറ്റ് സിനിമ വന്നിട്ടുണ്ടെന്നും ഒരു പാട്ടുണ്ട് ചെയ്യുന്നോ എന്നുമാണ് അദ്ദേഹം ചോദിച്ചത്. ഞാൻ ഓക്കെ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞാണ് പറയുന്നത് സിനിമ ദൃശ്യം 2-ലെ പാട്ടാണെന്ന്. ആദ്യം വല്ലാത്ത ഒരു ഞെട്ടലായിപ്പോയി. അതോടെ ടെൻഷൻ ആരംഭിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയിലേക്കാണ് പാടാൻ വിളിച്ചിരിക്കുന്നത്. വീട്ടിൽ സ്റ്റുഡിയോ ഉണ്ടായിരുന്നു. അനിൽ സർ ട്രാക്ക് അയച്ചുതന്നു. ട്രയൽ ചെയ്തുനോക്കിയപ്പോൾ ഏറെക്കുറെ ശരിയായി. ജീത്തു ജോസഫിനേയും ലാലേട്ടനെയും കേൾപ്പിച്ചു. സെലക്ടഡ് ആയി. റെക്കോർഡ് ചെയ്യാൻ കൊച്ചിയിൽ എത്തി. ഒരുദിവസം മുഴുവൻ എടുത്തു റെക്കോർഡ് ചെയ്യാൻ. വിചാരിച്ചപോലെ അത്ര എളുപ്പമായിരുന്നില്ല. എന്റെ ആദ്യത്തെ സോളോ ഗാനം കൂടിയായിരുന്നു.

ജീത്തുസാറിന്റെ കട്ട സപ്പോർട്ട്

റെക്കോർഡ് ചെയ്യുന്ന സമയത്ത് എല്ലാവരും നല്ല ഫ്രണ്ട്ലി ആയിരുന്നു. സംഗീതസംവിധായകൻ, വരികൾ എഴുതിയ വിനായക് ശശികുമാർ മറ്റു ടീമംഗങ്ങളെല്ലാം ധൈര്യം തന്നു. അപ്പോഴും ടെൻഷൻ മാറിയിരുന്നില്ല. വലിയ ഒരു പടം, ഒറ്റ പാട്ട് ഇതെല്ലാം ഏറെ സമ്മർദമുണ്ടാക്കി. പലതവണ പാടിയിട്ടും അങ്ങോട്ട് ശരിയായി വന്നില്ല. എന്നെ മാറ്റി മറ്റാരെക്കൊണ്ടെങ്കിലും പാടിക്കുമോ എന്ന ചിന്തയൊക്കെ വരാൻ തുടങ്ങി. ആ സമയത്താണ് ജീത്തുസാർ വരുന്നത്. സേനോബിയയുടെ ശബ്ദം ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടമായെന്നും എത്ര ദിവസം എടുത്തിട്ടായാലും ഈ പാട്ട് പാടിയിട്ട് പോയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ടെൻഷൻ ആകേണ്ട യാതൊരു ആവശ്യമില്ലെന്നും അദ്ദേഹം ധൈര്യം തന്നു. അതുകേട്ടപ്പോൾ ഞാൻ ഓക്കെയായി. നന്നായി ശ്രമിക്കാൻ തന്നെ തീരുമാനിച്ചു. പാട്ട് പുറത്തിറങ്ങിയപ്പോൾ മികച്ച പ്രതികരണങ്ങൾ തന്നെയായിരുന്നു ലഭിച്ചത്. ഒട്ടേറെ പേർ പാട്ട് നന്നായിരുന്നുവെന്ന് പറഞ്ഞ് മെസേജുകൾ അയച്ചു. എന്നെ ആദ്യമായി സിനിമയിൽ പാടിച്ച ജെയ്ക്സ് ബിജോയ് വിളിച്ച് അഭിനന്ദിച്ചതും ഏറെ സന്തോഷം തന്നു.

തുടക്കം ക്വീനിൽ

ക്വീൻ സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആന്റണി മുമ്പ് ഞാൻ വർക്ക് ചെയ്തിരുന്ന ഐ.ടി. കമ്പനിയിൽ ഉണ്ടായിരുന്നു. ഒരിക്കൽ ഫേസ്ബുക്കിൽ പുതിയ ഗായകരെ ക്ഷണിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് ശ്രദ്ധയിൽപെട്ടു. അതിലേക്ക് പ്രൊഫൈലും മറ്റു വിവരങ്ങളും അയച്ചുകൊടുത്തു. ഡിജോയെ വിളിക്കുകയും ചെയ്തിരുന്നു. അഞ്ഞൂറിലധികം എൻട്രികൾ ഉണ്ടായിരുന്നു. പിന്നീട് പാടാനുള്ള ക്ഷണം ലഭിച്ചു. അങ്ങനെയാണ് 'സാറേ ഞങ്ങൾ' എന്ന ഗാനത്തിലെത്തുന്നത്. അതൊരു ഗ്രൂപ്പ് സോങ് ആയിരുന്നു. പാട്ടിൽ കുറച്ചുഭാഗം ഫീമെയിൽ വോയ്സ് ആയിരുന്നു. ജെയ്ക്സ് ബിജോയ്, ബെന്നി ദയാൽ, കവിതാ ഗോപി, സിയ ഉൾ ഹഖ് എന്നിവരായിരുന്നു മറ്റു ഗായകർ.

zonobia safar

ഹോബി സീരിയസ് ആയപ്പോൾ

ചെറുപ്പം മുതലേ സംഗീതം കൂടെയുണ്ടായിരുന്നു. തുടക്കത്തിൽ സംഗീതത്തെ ഒരു ഹോബിയായിട്ടാണ് കണ്ടുതുടങ്ങിയത്. അമ്മയ്ക്ക് പാടാൻ ഇഷ്ടമായിരുന്നു. എന്നെ പാട്ടു പഠിപ്പിക്കുക എന്നത് അമ്മയുടെ ആഗ്രഹമായിരുന്നു. അങ്ങനെ സ്കൂൾ, കോളേജ് കാലഘട്ടത്തിലെല്ലാം പാട്ട് പാടാനുള്ള താല്പര്യം കൂടിവന്നു. വർക്ക് ചെയ്യാൻ തുടങ്ങിയപ്പോഴും സംഗീതത്തെ കൂടെക്കൂട്ടി. സ്കൂൾ കാലഘട്ടത്തിലേ സംഗീതം പഠിക്കാൻ തുടങ്ങിയെങ്കിലും അത് കംപ്ലീറ്റ് ആക്കാൻ കഴിഞ്ഞില്ല. സംഗീതത്തെ ഗൗരവമായി കാണാൻ തുടങ്ങിയത് വിവാഹം കഴിഞ്ഞ് ആദ്യത്തെ കുഞ്ഞ് ജനിക്കുന്ന സമയത്താണ്. മക്കൾ വലുതായി വരുന്ന സമയത്ത് അവർക്ക് ഇഷ്ടമുള്ള തൊഴിൽമേഖല തിരഞ്ഞെടുക്കുന്നതിൽ മാതാപിതാക്കളുടെ പങ്കു കൂടി വളരെ പ്രധാനപ്പെട്ടതാണ്. അങ്ങനെയാണ് മുഴുവൻ സമയവും സംഗീതത്തിനുവേണ്ടി മാറ്റിവെക്കാൻ തീരുമാനിച്ചത്. വോയ്സ് ഓവറുകൾ ചെയ്യുന്നതിനൊപ്പം സിനിമയ്ക്കായി കൂടുതൽ ശ്രദ്ധകൊടുക്കാനാണ് ഇനി ശ്രമം.

zonobia safar

ഡോക്ടർ കുടുംബത്തിലെ ഗായിക

തിരുവനന്തപുരം മതിരുംകുഴിയിലാണ് ജനനം. ഡോക്ടർ കുടുംബമാണ് എന്റേതെന്ന്‌ പറയാം. അച്ഛൻ യു.എ.ഇയിൽ ഡോക്ടർ ആണ്. സഹോദരൻ യു.എസിൽ ഡോക്ടറായി വർക്ക് ചെയ്യുന്നു. ഭർത്താവും ഡോക്ടറാണ്. ഞാനും ഒരു ഡോക്ടറായി കാണണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. അല്പം വ്യത്യസ്തയാകാം എന്നു വിചാരിച്ചാണ് എഞ്ചിനീയറിംഗ് തിരഞ്ഞെടുക്കുന്നത്. പഠനം കഴിഞ്ഞ് ഐ.ബി.എസിൽ കേറി. ആറു വർഷത്തോളം അവിടെ വർക്ക് ചെയ്തു. ഇപ്പോഴും വീട്ടുകാർക്ക് ഉൾക്കൊള്ളാൻ പ്രയാസമാണ്. ഇത്രയും പഠിച്ചിട്ടും അതെല്ലാം വിട്ട് സംഗീതത്തിലേക്ക് മാറിയത് അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിൽപോലും സിനിമയിലൊക്കെ അവസരം കിട്ടിത്തുടങ്ങിയതോടെ അവർക്ക് ചെറിയ രീതിയിൽ സന്തോഷമൊക്കെ ഉണ്ടായി. ഇഷ്ടമേഖലയായ സംഗീതത്തിന്റെ വഴിയേ സഞ്ചരിക്കാൻ തന്നെയാണ് എന്റെ തീരുമാനം.

Content highlights : malayalam playback singer zonobia safar interview