കൊച്ചി: പ്രതിക്കൂട്ടിൽ നിൽക്കുന്ന ജോർജുകുട്ടിയെ അവിശ്വസനീയതയോടെ തിരിഞ്ഞുനോക്കുന്ന അഡ്വ. രേണുക. ജീത്തു ജോസഫിന്റെ മോഹൻലാൽ സിനിമ ദൃശ്യം രണ്ടിലെ സൂപ്പർ ട്വിസ്റ്റുകളിലൊന്നാണ്. ആ ഷോട്ടിനെ ഒറ്റ ടേക്കിൽ മനോഹരമാക്കിയത് അഡ്വ. ശാന്തി മായാദേവിയാണ്. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും തിരക്കേറിയ അഭിഭാഷകയാണവർ.

ഹൈക്കോടതിയിലെ അഭിഭാഷകയാണ് ഈ തിരുവനന്തപുരം സ്വദേശി. ക്ലൈമാക്സിലെ ആ സീൻ അഭിനയിച്ചു കഴിഞ്ഞപ്പോൾ ലാലേട്ടന്റെ പ്രതികരണം ഒറ്റ വാക്കിലായിരുന്നു, ‘നന്നായി’. അത് വലിയ അംഗീകാരമായിരുന്നുവെന്ന്‌ ശാന്തി പറഞ്ഞു.

ജോർജുകുട്ടിയുടെ വക്കാലത്തുമായി അഭിനയിക്കാൻ പോയപ്പോഴും ഹൈക്കോടതിയിലെ തന്റെ കക്ഷികളുടെ ഫയലുകളും അവർ കൈയിൽ കരുതിയിരുന്നു. ഒരു ദിവസം സെറ്റിൽനിന്ന്‌ ഹൈക്കോടതിയിൽ വാദം പറയാനായി ഓൺലൈനിൽ ഹാജരായെന്ന രഹസ്യവും അവർ പങ്കുവെച്ചു.

തിരുവനന്തപുരം നെടുമങ്ങാട്ടെ അഭിഭാഷക കുടുംബത്തിൽനിന്നുള്ള ശാന്തി പഠനകാലത്ത്‌ സ്വകാര്യ ചാനലിൽ ഒട്ടേറെ പരിപാടികളുടെ അവതാരകയായിരുന്നു. അച്ഛന്റെ മൂത്ത സഹോദരൻ നെടുമങ്ങാട് കെ. സതീശ് കുമാറിന്റെ പാത പിൻതുടർന്ന് അഭിഭാഷക കുപ്പായം അണിഞ്ഞതോടെ ചാനൽ അവതാരക വേഷം അഴിച്ചുവെച്ചു.

വഞ്ചിയൂർ കോടതിയിലാണ് പ്രാക്ടീസ് തുടങ്ങിയത്. ബാങ്ക് ഉദ്യോഗസ്ഥനായ ഷിജു രാജശേഖറിനെ 2014-ൽ വിവാഹം കഴിച്ച് എറണാകുളത്തേക്കെത്തിയതോടെ പ്രാക്ടീസ് ഹൈക്കോടതിയിലായി. സ്വന്തമായി ഇവിടെ പ്രാക്ടീസ് തുടങ്ങുകയായിരുന്നു.

ചാനൽ അവതാരകയായിരുന്ന കാലത്ത്‌ രമേഷ് പിഷാരടിയുമായും ഹരി പി. നായരുമായി ഉണ്ടായ പരിചയമാണ്‌ ഗാനഗന്ധർവനിൽ വേഷം നേടിക്കൊടുത്തത്. മമ്മൂട്ടി കഥാപാത്രം ഉല്ലാസിന്റെ അഭിഭാഷകയായാണു സിനിമയിലെ അരങ്ങേറ്റം. തുടർന്ന് ജീത്തു ജോസഫിന്റെ റാം എന്ന സിനിമയിൽ ചെറിയ വേഷം ലഭിച്ചു. വക്കീലാണു ശാന്തിയെന്നു മനസ്സിലാക്കിയ ജീത്തു ജോസഫ് ജോർജുകുട്ടിയുടെ വക്കാലത്തും വിശ്വസിച്ച് ഏൽപ്പിക്കുകയായിരുന്നു.

ജോർജുകുട്ടിയുടെ വക്കീലിനെത്തേടി അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണിപ്പോൾ. ഹൈക്കോടതിയിൽ ഹാജരാകുന്നതിനെക്കാൾ ടെൻഷനായിരുന്നു സിനിമയിൽ വാദിച്ചപ്പോഴെന്ന് അവർ പറയുന്നു. അഭിഭാഷക എന്ന പ്രൊഫഷനൊപ്പം ഇഷ്ട കഥാപാത്രങ്ങൾ ലഭിച്ചാൽ അഭിനയവും തുടരുമെന്നു ശാന്തി പറഞ്ഞു.

എളമക്കര മേഴ്‌സി ഗാർഡനിലാണ് താമസം. നാലര വയസ്സുകാരി ആരാധ്യ റെഷിക പൗർണമിയാണ് മകൾ.

Content highlights: Drishyam 2 Movie, advocate character santhi mayadevi, Jeethu Joseph, Mohanlal, Movie