ഡോക്ടറാണ് റോണി ഡേവിഡ്.  എന്നിട്ടും സർ എന്നാണ് പലരും വിളിക്കുന്നത്. വെള്ളിത്തിരയിൽ കണ്ടുപരിചയിച്ചവർക്ക് ചാക്കോ സാറാണ് ഡോ. റോണി. ക്ലിനിക്കിനേക്കാൾ പലപ്പോഴും സജീവമാവുന്നതും സെറ്റുകളിലാണുതാനും. യുവാക്കൾക്കിടയിൽ വൻ ഹിറ്റായ ആനന്ദത്തിലെ ചാക്കോ സാറാണ് ഡോ. റോണിയുടെ കരിയറിലെ ഹൈലൈറ്റ് കഥാപാത്രം. ഇതുപോലെ മലയാളത്തിൽ ഇതുവരെ വിരലിലെണ്ണാവുന്ന വേഷങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും വ്യത്യസ്തയാർന്ന ഈ വേഷങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ  ഡോ. റാേണിക്ക് കഴിഞ്ഞു. തന്റെ സിനിമാ, ഡോക്ടർ ജീവിതങ്ങളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ഡോ. റോണി മാതൃഭൂമി ഡോട്ട് കോമിനോട്.

ഡോക്ടറായതിങ്ങനെ

കുട്ടിക്കാലം മുതല്‍ കലാ പരിപാടികളില്‍ ഞാന്‍ സജീവമായിരുന്നു. സ്‌കൂളിലും കോളേജിലും മോണോആക്ട്, നാടകം എല്ലാത്തിലും പങ്കെടുക്കും. പ്രീഡിഗ്രിക്ക് നല്ല മാര്‍ക്കുണ്ടായിരുന്നു. അപ്പന്‍ ഒരു സിനിമ നിര്‍മിച്ചിട്ടുണ്ട്. അത് വലിയ പരാജയമായി. സാമ്പത്തികമായി ഒരുപാട് നഷ്ടം വന്നു. അമ്മയുടെ ജോലി കൊണ്ടാണ് കുടുംബം നടന്നത്. അതുകൊണ്ട് തന്നെ അപ്പന് സിനിമയോട് ഒരു അകല്‍ച്ചയുണ്ടായിരുന്നു. അതുകൊണ്ടാണ് പ്രീഡിഗ്രി നല്ല മാര്‍ക്കോടു കൂടി പാസായപ്പോള്‍ എന്നെ മെഡിസിന് ചേര്‍ത്തുന്നത്. സേലം വിനായകാ മിഷന്‍ മെഡിക്കല്‍ കോളേജിലായിരുന്നു പഠിച്ചത്. കോളേജിലും എല്ലാ പരിപാടികളും ഉണ്ടായിരുന്നു. മെഡിസിന്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കുടുംബത്തിന്റെ അവസ്ഥ അത്ര തൃപ്തികരമായിരുന്നില്ല. മൂത്തമകന്‍ എന്ന നിലയില്‍ എനിക്ക് ഉത്തരവാദിത്തങ്ങളുണ്ടായിരുന്നു. പിന്നീട് ഗള്‍ഫില്‍ കിംസില്‍ ജോലിക്ക് കയറി. സൗദി അറേബ്യയുടെ മിനിസ്ട്രി ഓഫ് ഹെല്‍ത്തിന്റെ ഇന്റര്‍വ്യൂ പാസായി. ഭാര്യ അഞ്ജുവിനൊപ്പം കൂട്ട് പോയതാണ് ആ പരീക്ഷയ്ക്ക് പക്ഷെ ഞാന്‍ പാസായി. അവള്‍ക്ക് കിട്ടിയില്ല. 

നല്ല അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയില്ല

ആദ്യം അഭിനയിക്കുന്നത് കമല്‍ സാറിന്റെ പച്ചക്കുതിര എന്ന സിനിമയിലാണ്. എന്റെ പൊട്ടന്‍ഷ്യല്‍ ആദ്യം തിരിച്ചറിഞ്ഞ സംവിധായകന്‍ ഷാഫി ഇക്കയാണ്. പക്ഷെ ആ അവസരം എനിക്ക് കൃത്യമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. കാരണം സ്‌കൂളിലെയും കോളേജിലെയും സ്റ്റേജുകള്‍ പോലെ അല്ല സിനിമ. അതുകൊണ്ട് തുടക്കത്തില്‍ ബുദ്ധിമുട്ടി. ഇപ്പോള്‍ എല്ലാം പഠിച്ചു വരുന്നു. ചെന്നൈയില്‍ വച്ചാണ് ഷാഫിക്കയെ പരിചയപ്പെട്ടത്. മെഡിസിന്‍ കഴിഞ്ഞ് സിനിമയിലേക്ക് വരുന്നവര്‍ കുറവല്ലേ. എനിക്ക് നല്ല ആഗ്രഹുണ്ടെന്ന് അദ്ദേഹത്തിന് തോന്നി കാണും. ഒരു ഓഡീഷനില്‍ തിരഞ്ഞെടുക്കപ്പെട്ട് അഭിനയിക്കുന്നത് മേജര്‍ രവി സാറിന്റെ കുരുക്ഷേത്രയിലാണ്. നല്ല കഥാപാത്രമായിരുന്നു അത്. ഡാഡി കൂളിലേക്ക് എന്നെ അവസരം തേടിയെത്തിയതാണ്. അതിനുശേഷം ആഗതന്‍, ട്രാഫിക്, ചട്ടമ്പിനാട്, ഡൂപ്ലിക്കേറ്റ് എന്നീ സിനിമകളില്‍ വേഷമിട്ടു. 

ആനന്ദമാണെല്ലാം

ആനന്ദമാണ് ജീവിതത്തില്‍ വലിയൊരു ബ്രേക്ക് തന്നത്. ചാക്കോ സാറിന്റെ കഥാപാത്രം എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഗണേഷ് രാജാണ് അതിന് കാരണക്കാരന്‍. ആനന്ദം കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഒരുപാട് കോളുകളും മെസേജുകളും ലഭിച്ചു.  ഗണേഷ് ഷോര്‍ട്ട് ഫിലിം എടുക്കുന്ന കാലത്ത് തന്നെ എനിക്ക് വാക്കു തന്നിരുന്നു. ചേട്ടാ ഞാന്‍ സിനിമ എടുക്കുമ്പോള്‍ ഒരു വേഷം തരും. ഗണേഷ് വാക്ക് പാലിച്ചു. കുറെ യുവതാരങ്ങള്‍ക്ക് ഗണേഷ് ആനന്ദത്തിലൂടെ ബ്രേക്ക് കൊടുത്തു. വളരെ നന്‍മയുള്ള വ്യക്തിയാണ് ഗണേഷ്. സ്റ്റൈലില്‍ എനിക്ക് നല്ല വേഷമാണ് കിട്ടിയത്. റോണി എന്ന നടനെ മലയാളികള്‍ തിരിച്ചറിയറിഞ്ഞത് ആനന്ദത്തിലൂടെയാണ്. സ്‌റ്റൈലില്‍ എനിക്ക് നല്ല കഥാപാത്രമാണ് കിട്ടിയത്. പക്ഷെ സിനിമ അധികം ഓടിയില്ല.

ഡോക്ടര്‍+ നടന്‍= എളുപ്പമല്ല

ഡോക്ടര്‍ പണിയും അഭിനയവും കൂടി ഒരുമിച്ച് കൊണ്ടുപോകുന്നത് ഒട്ടം എളുപ്പമല്ല. ഒരു പരിധിയില്‍ കൂടുതല്‍ ലീവെടുത്താല്‍ ശരിയാവില്ലല്ലോ. സിനിമയൊക്കെ എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും അതിന്റെ പേരില്‍ ലീവ് എടുക്കേണ്ടി വരുമ്പോള്‍ പ്രശ്നമാണ്. 

ഡോക്ടറോട് സെല്‍ഫി ചോദിക്കുമ്പോള്‍

ഡോക്ടര്‍ സിനിമാ നടനാകുമ്പോള്‍ പലരും ഒപ്പം സെല്‍ഫിയെടുക്കാനൊക്കെ ചോദിക്കാറുണ്ട്. പക്ഷെ ഞാന്‍ അതൊന്നും അത്ര പ്രോത്സാഹിപ്പിക്കാറില്ല. കാരണം പേഷ്യന്റ്സിന്റെ അടുത്ത് ഞാന്‍ ഡോക്ടറല്ലേ. പുറത്ത് വച്ച് ഞാന്‍ എല്ലാവരെയും കാണുമ്പോള്‍ ചിരിക്കാറുണ്ട്. ചിലര്‍ തിരിച്ചു ചിരിക്കില്ല. എന്നാലും ഞാന്‍ ചിരിക്കും. എനിക്ക് വട്ടാണെന്ന് മറ്റുള്ളവര്‍ കരുതിയാലും വിഷമമില്ല. 

ഹ്യൂമര്‍ ഏറെ ഇഷ്ടപ്പെടുന്നു

തൃശ്ശിവപേരൂര്‍ ക്ലിപ്തത്തില്‍ നല്ല ഒരു കഥാപാത്രമാണ് കിട്ടിയത്. കോമഡിയായിരുന്നു. കോമഡിക്ക് ഒരു ശക്തിയുണ്ട്. പ്രേക്ഷകരുടെ മനസ്സില്‍ പെട്ടന്ന് ഇടം പിടിക്കും. ലാലേട്ടനെ പ്രേക്ഷകര്‍ക്ക് ഇത്രത്തോളം ഇഷ്ടമാകുന്നതിൽ അദ്ദേഹം പണ്ടു കാലത്ത് ചെയ്ത ഹ്യൂമറുള്ള കഥാപാത്രങ്ങള്‍ ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഹ്യൂമര്‍ ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു കുട്ടിത്തം തോന്നും. ലാലേട്ടനുമായി താരതമ്യം ചെയ്തതതല്ല കേട്ടോ. ഞാന്‍ ഹ്യൂമര്‍ ചെയ്യുന്നതു കൊണ്ടാകണം കുറച്ചു പേരെങ്കിലും എന്നെ ഇഷ്ടപ്പെടുന്നത്. 

ഡോക്ടര്‍ തിരക്കിലാണ്

ശിവറാം മണി സംവിധാനം ചെയ്യുന്ന മാച്ച് ബോക്‌സ്, പ്രവീണ്‍ നാരായണന്‍ ഒരുക്കുന്ന അംഗരാജ്യത്തെ ജിന്നന്‍മാര്‍ എന്നിവരാണ് വരാനിരിക്കുന്ന ചിത്രങ്ങള്‍. എനിക്ക് ലഭിക്കുന്നതെല്ലാം പുതുമുഖ സംവിധായകരുടെ ചിത്രങ്ങളാണ്. തൃശ്ശിവപേരൂര്‍ ക്ലിപ്തം, ആനന്ദം, ഗ്രേറ്റ്ഫാദര്‍ എല്ലാം പുതിയ സംവിധായകരുടെയായിരുന്നു. എല്ലാം ഭാഗ്യമായി കരുതുന്നു.