ഹിറ്റുകളുടെ സഹയാത്രികനാണ് ഷാഫി എന്ന സംവിധായകന്‍. 2000-2010 കാലഘട്ടത്തില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സൂപ്പര്‍ ഹിറ്റ് കോമഡി ചിത്രങ്ങള്‍ സൃഷ്ടിച്ചത് ഷാഫിയായിരിക്കും. വണ്‍മാന്‍ഷോ, കല്ല്യാണരാമന്‍, പുലിവാല്‍ കല്ല്യാണം, തൊമ്മനും മക്കളും -നാലു വര്‍ഷത്തിനിടെ ഷാഫി തുടര്‍ച്ചയായി സൃഷ്ടിച്ച ഹിറ്റുകളാണിവ. പിന്നാലെ മായാവിയും ചോക്ലേറ്റും ചട്ടമ്പിനാടും മേരിക്കുണ്ടൊരു കുഞ്ഞാടുമൊക്കെ എത്തി. എന്നാല്‍, 2010ന് ശേഷം മലയാള സിനിമയില്‍ വന്ന മാറ്റങ്ങള്‍ ഇനിയെന്ത് ചെയ്യണമെന്ന ആശയക്കുഴപ്പം തനിയ്ക്കുണ്ടാക്കിയെന്ന് ഈ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ പറയുന്നു. താന്‍ രണ്ടു വര്‍ഷം സിനിമയില്‍ നിന്ന് മാറിനില്‍ക്കാന്‍ കാരണം അതാണെന്നും വെളിപ്പെടുത്തുന്നു ഷാഫി.

''ഓരോ കാലഘട്ടത്തിനും അനുസൃതമായിട്ടുള്ള സിനിമകള്‍ നിര്‍മിക്കാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഒരു കാലത്ത് തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്ടിക്കാനായത് അവ ആ കാലഘട്ടത്തിനു പറ്റിയ സിനിമകളായതുകൊണ്ടാണ്. ഇപ്പോള്‍ സിനിമ കുറച്ച് മാറി. വ്യത്യാസങ്ങള്‍ വന്നു. അടുത്തത് എന്തു ചെയ്യണമെന്ന് കണ്‍ഫ്യൂഷന്‍ ഉള്ളതിനാല്‍ ഞാന്‍ രണ്ടു വര്‍ഷം ഗ്യാപ്പ് വരെ എടുത്തു,'' മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തില്‍ ഷാഫി പറഞ്ഞു. 

ഇടവേളയ്ക്കുശേഷം 2015ല്‍ റിലീസ് ചെയ്ത 'ടു കണ്‍ട്രീസ്' എന്ന ചിത്രത്തിന്റെ വിജയമാണ് തനിയ്ക്ക് വീണ്ടും കോമഡി ചിത്രങ്ങള്‍ ചെയ്യാനുള്ള ആത്മവിശ്വാസം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ടു കണ്‍ട്രീസ് വന്‍വിജയമായതോടെ കോമഡി ഇനിയും കൊണ്ടുപോകാന്‍ പറ്റുമെന്ന് എനിക്ക് വിശ്വാസമായി. കോമഡിയ്ക്ക് എന്നും സ്‌കോപ്പുണ്ട്. പക്ഷേ പഴയ രീതിയിലുള്ള സിനിമകള്‍ ആകരുതെന്ന് മാത്രം. തമാശ പ്രേക്ഷകന് ഇഷ്ടമാണെങ്കിലും വെറുതേ ഒരു കഥയില്‍ തമാശ പറഞ്ഞിട്ട് കാര്യമില്ല. കുറച്ചുകൂടി കാമ്പുള്ള, റിയലിസ്റ്റിക് ആയിട്ടുള്ള സിനിമകളുടെ കാലമായി.''

''അതിനിടയില്‍ സാധാരണ പ്രേഷകര്‍ ആഗ്രഹിക്കുന്ന സിനിമകള്‍ ചെയ്യാനാണ് ശ്രമം. പ്രേക്ഷകരെ രസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതുവരെ സിനിമ എടുത്തിട്ടുള്ളത്. അതേ ലക്ഷ്യം തന്നെയാണ് 'ചില്‍ഡ്രന്‍സ് പാര്‍ക്ക്' എന്ന പുതിയ ചിത്രത്തിനുമുള്ളത്. എന്നാല്‍, അതില്‍ എന്തെങ്കിലും വ്യത്യാസം വേണമെന്നുള്ളതിനാലാണ് 75ഓളം കുട്ടികളെ ഉള്‍പ്പെടുത്തി ഈ ചിത്രമെടുത്തത്. ഇത് കോമഡി ചിത്രമാണെങ്കില്‍ പോലും കുട്ടികളും അവരുടെ നൊമ്പരങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇനി വ്യത്യസ്തമായ കഥകള്‍ വന്നാല്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്'' -ഷാഫി വ്യക്തമാക്കി.

താന്‍ കോമഡി ചിത്രങ്ങള്‍ ചെയ്യണമെന്നാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ മാറ്റങ്ങള്‍ അനിവാര്യമാണെങ്കില്‍ അതിന് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''എന്നെ നേരിട്ടുകാണുന്ന പ്രേക്ഷകരില്‍ ഒത്തിരി പേര്‍ പറയുന്നത് നിങ്ങള്‍ മാറരുത്, ഇത്തരം സിനിമകളാണ് ഞങ്ങള്‍ക്ക് വേണ്ടതെന്നാണ്. സിനിമയുടെ ചര്‍ച്ചയില്‍ നിര്‍മാതാവിനോട് മൂന്നോ നാലോ കഥകള്‍ പറഞ്ഞാല്‍ അതില്‍ ഹ്യൂമറിന് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സബ്ജക്ടാകും അവര്‍ തിരഞ്ഞെടുക്കുക. സിനിമകള്‍ ഒരേ ഗണത്തിലാകാന്‍ കാരണം ഇതുകൂടിയാണ്. എങ്കിലും ചെയ്യുന്ന ചിത്രങ്ങളില്‍ പരമാവധി വ്യത്യസ്തത കൊണ്ടുവരാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ട്. ഇനിയും ആ ശ്രമമുണ്ടാകും. പ്രേക്ഷകര്‍ക്ക് എന്താണ് വേണ്ടതെന്ന് ചെയ്യുന്ന സിനിമകളുടെ റിസല്‍റ്റില്‍ നിന്നാണ് നമുക്ക് മനസ്സിലാകുന്നത്. അതനുസരിച്ച് മാറേണ്ട സമയമായെന്ന് ബോധ്യപ്പെട്ടാല്‍ അത്തരം സിനിമകളിലേക്ക് മാറും.''

Content Highlights : Director Shafi Interview