'കാണെ കാണെ' പേരില്‍ തന്നെ കൗതുകമുണര്‍ത്തിക്കൊണ്ടാണ് രണ്ടാമത്തെ ചിത്രവുമായി സംവിധായകന്‍ മനു അശോകന്‍ പ്രേക്ഷകരിലേക്ക് വീണ്ടുമെത്തുന്നത്. തീയേറ്ററിലും ചലച്ചിത്രമേളകളിലും ഒരുപോലെ നിരൂപക പ്രശംസ നേടിയ ഉയരെയുടെ സംവിധായകനൊരുക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കുന്ന പ്രതീക്ഷയും വലുതാണ്. ആ പ്രതീക്ഷയെ ഒന്നുകൂടി ഉറപ്പിക്കുന്നതാണ് ചിത്രത്തിന്റെ പുറത്തിറങ്ങിയ ടീസറും ഗാനവും. സെപ്തംബര്‍ 17ന് ഓടിടി റിലീസായി കാണെ കാണെ റിലീസിനെത്തുന്ന വേളയില്‍ സിനിമാ വിശേഷങ്ങളുമായി മനു അശോകന്‍ മാതൃഭൂമി ഡോട് കോമിനൊപ്പം ചേരുന്നു. 

എന്താണ് കാണെ കാണെ ?

ചിത്രത്തിന്റെ ടാഗ്ലൈന്‍ തന്നെയാണ് എന്താണ് കാണെ കാണെ എന്ന ചോദ്യത്തിനുള്ള മറുപടി. As you watch. കണ്ട് കഴിയുമ്പോള്‍ എവിടെയെങ്കിലും പ്രേക്ഷകനെ തൊടാന്‍ സാധ്യതയുള്ള ചിത്രമായിരിക്കും കാണെക്കാണെ. ഉയരെ നല്‍കിയ ഹാങ്ങോവര്‍ പോലെ ഈ ചിത്രത്തിനും ഒരു ഹാങ്ങോവര്‍ നല്‍കാനാവുമെന്നും പ്രേക്ഷകരെ ഒന്ന് ചിന്തിപ്പിക്കുമെന്നുമാണ് വിശ്വാസം. നല്ലൊരു ചിത്രമാകും എന്ന പ്രതീക്ഷ തന്നെയാണുള്ളത്. ബാക്കി നിങ്ങള്‍ പ്രേക്ഷകരുടെ കയ്യിലാണുള്ളത്.

ഉയരെ ടീം വീണ്ടും

ഉയരെയ്ക്ക് ശേഷം ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്ക്കും ടൊവിനോയ്ക്കും ഒപ്പം ഒന്നിക്കുന്ന ചിത്രമാണിത്. സിനിമയ്ക്കപ്പുറത്തുള്ള ദൃഢമായ സൗഹൃദമാണ് ബോബി സഞ്ജയുമായുള്ളത്. അത്തരത്തിലുള്ള സൗഹൃദസംഭാഷണങ്ങളില്‍ നിന്നാണ് പുതിയ ചിത്രങ്ങളിലേക്കും പ്രോജക്ടുകളിലേക്കും എത്തുന്നത്. പരസ്പരം കഥ പറയും. അതില്‍ ചെയ്യാന്‍ താത്പര്യപെടുന്നതുമായി മുന്നോട്ട് പോവുകയുമാണ് ചെയ്യാറുള്ളത്.

കാണെ കാണെയ്ക്ക് മുമ്പ് മറ്റൊരു ചിത്രമാണ് ഞങ്ങള്‍ ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നത്. അതല്‍പം വലിയ പ്രോജക്ട് ആയതുകൊണ്ട് കോവിഡ് പ്രതിസന്ധി വന്നതോടെ മാറ്റിവയ്‌ക്കേണ്ടി വന്നു. അതിജീവിക്കുന്നത് എങ്ങനെ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് മുമ്പ് ഞങ്ങള്‍ സംസാരിച്ചിരുന്ന ഒരു വണ്‍ലൈന്‍ മനസില്‍ വരുന്നത്. അതാണ് കാണെക്കാണെയായി ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. ഒന്നൊന്നര വര്‍ഷത്തെ യാത്രയുടെ ഫലമാണിത്.

സീരിയസ് സബ്ജക്ടുകളോടുള്ള ഇഷ്ടം

എനിക്ക് കാണാനും ചെയ്യാനും താത്പര്യം കൂടുതല്‍ ത്രില്ലറുകളാണ്. പക്ഷേ കാണെക്കാണെ മുഴുവനായും ഒരു ത്രില്ലര്‍ മാത്രമല്ല, അതില്‍ കുടുംബ ബന്ധങ്ങളുടെ കഥയുമുണ്ട്. മനുഷ്യന്മാരുടെ കഥ പറയണം എന്നതാണ് ഉദ്ദേശം. ഒരു ഡാര്‍ക്ക് മൂവി ചെയ്യാന്‍ എന്ന് താത്പര്യപെടുന്ന ആളല്ല ഞാന്‍.. ഒരു നല്ല വിഷയവും സിനിമ കഴിഞ്ഞും പ്രേക്ഷകരുടെ ഉള്ളില്‍ നില്‍ക്കുന്ന കഥാസന്ദര്‍ഭങ്ങളും ഉണ്ടാവണമെന്നാണ് ആഗ്രഹം. 

ഉയരെയ്ക്കും ഉയരെ

ഉയരെ ഹാങ്ങോവര്‍ എന്നെ ബാധിച്ചിരുന്നില്ല എന്നതാണ് സത്യം. അങ്ങനെയുണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഉയരെ അത് കഴിഞ്ഞതാണ്. അതവിടെ വിട്ട് മുന്നോട്ട് പോവുക എന്നേയുള്ളൂ. ഏത് മേഖലയിലാണെങ്കിലും വളരണം മുന്നോട്ട് പോവണം എന്ന ആഗ്രഹത്തോടെയാണല്ലോ നമ്മള്‍ പ്രവര്‍ത്തിക്കുക. രണ്ടാമത്തെ ചിത്രം ആദ്യ ചിത്രത്തിനും മുകളിലായിരിക്കണം എന്ന ആഗ്രഹം തീര്‍ച്ചയായും ഉണ്ട്. ആദ്യ സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയെയാണ് നമ്മള്‍ ചലഞ്ച് ചെയ്യുന്നത്, അതിനോടാണ് വീണ്ടും മികച്ചത് നല്‍കാന്‍ പോരാടുന്നത്. 

ഓടിടി എന്നത് സര്‍വൈവല്‍ പ്ലാറ്റ്‌ഫോം

കാണെക്കാണെ ഓടിടിയ്ക്ക് വേണ്ടി തയ്യാറാക്കിയ ചിത്രം തന്നെയാണ്. സിനിമ ഇനി എങ്ങനെ എന്ന വല്ലാത്ത പ്രതിസന്ധി ഘട്ടത്തിലാണ് ഓടിടി എന്ന വലിയ അവസരം നമുക്ക് മുന്നിലേക്ക് വരുന്നത്. അങ്ങനെയാണ് കാണെക്കാണെ ഒരുങ്ങുന്നത്. എന്നാല്‍ അതൊരു കോവിഡ് ചിത്രമാകരുത് എന്നുമുണ്ടായിരുന്നു. അതുകൊണ്ട് കോവിഡിന്റേതായ സാമൂഹിക ചുറ്റുപാടുകള്‍ ഒന്നും ചിത്രത്തില്‍ കാണിക്കുന്നില്ല.

തീയേറ്റര്‍ എക്‌സ്പീരിയന്‍സ് എന്നത് വേറൊരു അനുഭവം തന്നെയാണ്. ചില ചിത്രങ്ങള്‍ അത് തീയേറ്റര്‍ എക്‌സ്പീരിയന്‍സ് ആവശ്യപ്പെടുന്ന ചിത്രങ്ങള്‍ തന്നെയാണ്. പക്ഷേ കാണെക്കാണെ ഓടിടിയ്ക്ക് വേണ്ടി തയ്യാറാക്കിയ ചിത്രമായത് കൊണ്ട് തന്നെ അതിന് അനുയോജ്യമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. തീയേറ്റര്‍ എക്‌സ്പീരിയന്‍സ് മിസ് ചെയ്യുന്നുണ്ട്. എന്നാല്‍ ഓടിടി പ്ലാറ്റ്‌ഫോമുകള്‍ നല്‍കുന്ന സ്വാതന്ത്രൃം അത് വേറെ തന്നെയാണ്.അത് ഒരു സര്‍വൈവല്‍ പ്ലാറ്റ്‌ഫോം ആണ്. സിനിമയ്ക്ക് അതിജീവനമൊരുക്കിയ പ്ലാറ്റ്‌ഫോം.  രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. 

Content Highlights : Director Manu Ashokan interview KaaneKaane Movie Tovino Thomas Suraj Venjaramoodu