ജൂൺ എന്ന സിനിമയുടെ തിരക്കഥയുമായി ഒരുപാട് അലഞ്ഞിട്ടുണ്ട് സംവിധായകൻ അഹമ്മദ് കബീർ. നായിക കേന്ദ്രീകൃതമായ സിനിമയായതിനാൽ നോ പറഞ്ഞത് 16 നിർമാതാക്കളാണ്. എന്നാൽ പതിനേഴാമനായ വിജയ് ബാബു പറഞ്ഞ യെസ് ഒരു ചരിത്രമായി. ജൂൺ സാറാ ജോയ് എന്ന പെൺകുട്ടിയുടെ ജീവിതം തിയേറ്ററിൽ ഫീൽഗുഡ് തരംഗം തീർത്ത് സെഞ്ച്വറിയടിച്ച് ഹിറ്റായി. മലയാള സിനിമയിലേക്ക് അങ്ങനെയാണ് അഹമ്മദ് കബീർ എന്ന യുവസംവിധായകൻ വിജയകരമായി കാലെടുത്ത് വച്ചത്.

ആദ്യ സിനിമയെ കൈനീട്ടി സ്വീകരിച്ച മലയാളി പ്രേക്ഷകർക്കുള്ള അഹമ്മദിന്റെ സന്തോഷ മധുരമാണ് രണ്ടാം ചിത്രമായ ' മധുരം'. ജോജു ജോർജ്, അർജുൻ അശോകൻ, ശ്രുതി രാമചന്ദ്രൻ, നിഖില വിമൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന മധുരം നിർമിക്കുന്നത് ജോജു ജോർജും സിജോ വടക്കനും ചേർന്നാണ്. റിലീസിനൊരുങ്ങുന്ന മധുരത്തിന്റെ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട്‌കോമുമായി പങ്കുവയ്ക്കുകയാണ് സംവിധായകൻ.

കേൾക്കുമ്പോൾ ' മധുര' മുള്ള പേരിന് പിന്നിൽ എന്താണ്..?

പേരുപോലെ തന്നെ വളരെ ലളിതമായൊരു കഥയാണ് 'മധുര'ത്തിന്റേത്. സർക്കാർ ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥപറയുന്നത്. ആശുപത്രിയിൽ കൂട്ടിരിക്കാനെത്തുന്ന മനുഷ്യരുടെ ജീവിതത്തിലൂടെയാണ് മധുരം മുന്നോട്ട് പോകുന്നത്. ആശുപത്രി കഥ എന്ന് പറയുമ്പോൾ സ്ഥിരമായി ശോകം നിറയുന്ന കഥകളാണ് നമ്മൾ കാണാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം മാറി അവിടത്തെ സന്തോഷങ്ങളും അവരുടെ കൊച്ചു ജീവിതങ്ങളുമെല്ലാമാണ് മധുരത്തിൽ നിറച്ചിരിക്കുന്നത്. ഒപ്പം നാലു തലമുറയുടെ പ്രണയകഥയും പറയുന്നു.

ആശുപത്രിയിൽ എന്ത് നല്ല കാര്യം നടന്നാലും ആദ്യം ചോദിക്കുക ' ഒരു മധുരമായല്ലോ' എന്നാണ്. ആശുപത്രിയിൽ നടക്കുന്ന അത്തരം സന്തോഷങ്ങളുടെ കഥയായതിനാലാണ് സിനിമയ്ക്ക് 'മധുരം' എന്ന പേരിട്ടത്.  ഒപ്പം ഭക്ഷണവുമായി ബന്ധപ്പെടുത്തികൊണ്ടുള്ള ഒരുഭാഗവും മധുരത്തിലുണ്ട്. ജോജു ചേട്ടൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫ്‌ളാഷ്ബാക്ക് കഥയിലാണത്. ഇന്ദ്രൻസ്, ജോജു ജോർജ്, അർജുൻ അശോകൻ, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ, ലാൽ, ജാഫർ ഇടുക്കി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Ahammed Khabeer
നിഖില വിമൽ, അർജുൻ അശോകൻ എന്നിവർക്കൊപ്പം അഹമ്മദ് കബീർ

ജൂൺ എന്ന സിനിമ സാക്ഷാത്കരിക്കാൻ ഒരുപാട് അലഞ്ഞിട്ടുണ്ട്, മധുരത്തിനും പ്രതിസന്ധികളുണ്ടായിരുന്നോ....?

ജൂൺ എന്ന സിനിമയുടെ കഥ പതിനേഴ് നിർമാതാക്കളുടെ അടുത്ത് പറഞ്ഞിട്ടുണ്ട്. പതിനേഴാമത്തെയാളായിരുന്നു വിജയ് ബാബു ചേട്ടൻ. അദ്ദേഹം ഓക്കെ പറഞ്ഞതോടെയാണ് ആ സിനിമ സാക്ഷാത്കരിക്കാനായത്. 'ജൂൺ' ഹിറ്റായതോടെ എന്നോട് നോ പറഞ്ഞ 15 നിർമാതാക്കളും തിരിച്ചുവിളിച്ചിട്ട് അടുത്ത പടം ഞങ്ങൾക്ക് വേണ്ടി ചെയ്യണമെന്ന് പറഞ്ഞു. അതുകൊണ്ട് മധുരത്തിനൊരു നിർമാതാവിനെ കിട്ടുക എന്നത് ഒരു പ്രശ്‌നമേ അല്ലായിരുന്നു. ജൂൺ കഴിഞ്ഞപ്പോൾ ഉണ്ടായിരുന്ന വെല്ലുവിളി രണ്ടാമത്തെ സിനിമയ്ക്കുള്ള കഥയുടെ തെരഞ്ഞെടുപ്പായിരുന്നു. ആദ്യം പടം വിജയിച്ച ഉടൻ ചാടിക്കയറി ഒരുസിനിമ ചെയ്യാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അതിനേക്കാൾ കുറച്ചുകൂടി നല്ലതാകണം അടുത്ത സിനിമ എന്നൊരു തീരുമാനം മനസ്സിലെടുത്തിരുന്നു. അങ്ങനെ കുറച്ച് കാത്തിരുന്നാണ് ' ഇൻഷാ അള്ളാ' എന്ന സിനിമ രണ്ടാമതായി ചെയ്യാം എന്ന് തീരുമാനിക്കുന്നത്.

വളാഞ്ചേരിക്കാനായ ആഷിഖായിരുന്നു അതിന്റെ കഥ. കൊച്ചുകുട്ടികൾ പ്രധാനകഥാപാത്രമായി വരുന്ന സിനിമയാണത്. സിനിമ ടൈറ്റിൽ അനൗൺസ് ചെയ്‌തെങ്കിലും ഷൂട്ടിങ് തുടങ്ങുന്നതിന് ആഴ്ചകൾ ശേഷിക്കെ കോവിഡ് ലോക്ക്ഡൗൺ വന്നു. അതോടെ സിനിമ നീട്ടിവെക്കേണ്ടി വന്നു. ജോജു ചേട്ടനായിരുന്നു ഇൻഷാ അള്ളയുടെയും നിർമാതാവ്. സിനിമ ഷൂട്ടിങ് നടക്കാതെ വന്നതോടെ ചെറിയൊരു ഡിപ്രഷനൊക്കെ അടിച്ച് ഇരിക്കുന്ന സമയത്താണ് മധുരത്തിന്റെ കഥ ആഷിഖ് പറയുന്നത്. അങ്ങനെയാണ് മധുരം പിറന്നത്.  

ജോജു ജോർജ് അഭിനയിക്കുന്നതിനൊപ്പം നിർമാതാവിന്റെ റോളിലും കൂടി മധുരത്തിലുണ്ട്..?

ജൂണിന് കിട്ടിയ നല്ല പ്രതികരണത്തിൽ ജോജു ചേട്ടൻ ഏറെ സന്തോഷവാനായിരുന്നു. ജൂൺ കഴിഞ്ഞപ്പോൾ നല്ല കഥകളുണ്ടെങ്കിൽ പറയണം ഞാനും പ്രൊഡക്ഷനൊക്കെ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇൻഷാ അള്ളയുടെ കഥ വന്നപ്പോൾ അതിൽ നല്ലൊരു കഥാപാത്രം ചെയ്യാനാണ് ജോജു ചേട്ടനെ വിളിച്ചത്. കഥ കേട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം ആദ്യം ചോദിച്ചത് ' ഇതിന് നിർമാതാവായോ..?' എന്നാണ്. ആരോടും കമ്മിറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞപ്പോൾ ' എന്നാൽ ഞാനിത് നിർമിച്ചോളാം' എന്ന് പറഞ്ഞു. അങ്ങനെയാണ് ഇൻഷാ അള്ളാ തുടങ്ങുന്നത്. ലോക്ക് ഡൗൺ വന്ന് ഇൻഷാ അള്ളാ മുടങ്ങിപ്പോയപ്പോൾ ജോജു ചേട്ടൻ വീണ്ടും വിളിച്ചു. ' എടാ, ഇൻഷാ അള്ളാ ഇപ്പോൾ ചെയ്യാൻ പറ്റിലല്ലോ. അതുകൊണ്ട് വേറെ ഈ സാഹചര്യത്തിൽ ചെയ്യാൻ പറ്റുന്ന കഥ ഉണ്ടെങ്കിൽ പറ. ഞാനിവിടെ തന്നെയുണ്ട്, നമുക്ക് ചെയ്യാം '.

Ah
'മധുരം' സിനിമയുടെ അണിയറപ്രവർത്തകർ

മധുരത്തിന്റ കഥ വന്നപ്പോൾ അദ്ദേഹത്തോട് തന്നെയാണ് ആദ്യം പറഞ്ഞത്. അങ്ങനെ ജോജു ചേട്ടൻ മധുരത്തിന്റെ നിർമാണം ഏറ്റെടുത്തു. പൊറിഞ്ചുമറിയം ജോസിലെ മുണ്ടുടുത്ത് സിഗരറ്റ് വലിക്കുന്ന മാസ് ഹീറോയായ ജോജു ചേട്ടനാണ് ഇപ്പോൾ നമ്മുടെയൊക്കെ മനസ്സിലുള്ളത്. തമിഴിൽ ജഗമേ തന്തിരത്തിലും മാസ് വേഷമായിരുന്നു അദ്ദേഹത്തിന്. എന്നാൽ മധുരത്തിൽ അതിൽ നിന്നും തീർത്തും വ്യത്യസ്തനായി പ്രണയിക്കുന്ന, കോമഡി പറയുന്ന, ചിരിക്കുന്ന ഒരു സാധാരണക്കാരനായ ജോജു ജോർജിനെ എല്ലാവർക്കും കാണാം.  

കോവിഡ് പ്രതിസന്ധിക്കിടയിൽ ആശുപത്രിയിലായിരന്നു ഷൂട്ടിങ്, അതൊരു വെല്ലുവിളിയായിരുന്നില്ലേ..?

കോവിഡ് സമയത്ത് അതൊന്നും ബാധിക്കാത്ത ചെറിയൊരു സിനിമ ചെയ്യാൻ പറഞ്ഞപ്പോൾ ഞാൻ ആശുപത്രി പശ്ചാത്തലമുള്ള സിനിമയാണ് ചെയ്തത് ( ചിരിക്കുന്നു). കോവിഡ് ഏറ്റവും കൂടുതൽ ബാധിക്കുന്ന കോവിഡ് വാർഡുള്ള കോട്ടയത്തെ ആശുപത്രിയിലായിരുന്നു 17 ദിവസത്തെ ഷൂട്ടിങ്. പക്ഷേ വലിയ പ്രതിസന്ധിയൊന്നുമുണ്ടായില്ല. ആർക്കും കോവിഡ് ബാധിക്കുകയോ മറ്റ് തടസ്സങ്ങളൊന്നും ഉണ്ടാകുകയോ ചെയ്തില്ല. മിനിമം ആൾക്കാരെ വച്ചാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. ക്രൂ മെമ്പേഴ്‌സ് കുറയുന്നത് തന്നെയാണ് എപ്പോഴും സിനിമയ്ക്ക് നല്ലത് എന്നാണ് ഞാൻ കരുതുന്നത്.

എന്റെ വീട് കോട്ടയത്താണ്. ജൂൺ ചെയ്യുന്നതിന് മുമ്പേ ഞാൻ ആരുടെയും അസിസ്റ്റന്റായൊന്നും പ്രവർത്തിച്ചിരുന്നില്ല. സിനിമ ചെയ്യാൻ വേണ്ടി മാത്രം കൊച്ചിയിൽ വന്നുപോകുന്നൊരാളാണ് ഞാൻ. സിനിമയ്ക്കുള്ളിൽ അത്രമാത്രം വലിയ പരിചയങ്ങൾ ഒന്നും തന്നെയില്ല.  അതുകൊണ്ട് വലിയ താരങ്ങളുടെ ഡേറ്റിന് വേണ്ടി കാത്തിരിക്കുക എന്നൊരു രീതിയും ഇല്ല. ആദ്യം നല്ലൊരു കഥ ആലോചിക്കും. അതിൽ അനുയോജ്യരാണെന്ന് തോന്നുന്ന അഭിനേതാക്കളോട് സംസാരിക്കും. ജോജു ചേട്ടനും അർജുനുമൊക്കെ ജൂൺ തൊട്ടുള്ള പരിചയമുള്ളതിനാൽ കാര്യങ്ങൾ എളുപ്പമായിരുന്നു. കോട്ടയം, മട്ടാഞ്ചേരി, കോലഞ്ചേരി എന്നിവിടങ്ങളിലായി 30 ദിവസം ഷൂട്ട് ചെയ്താണ് മധുരം പൂർത്തിയാക്കിയത്.

ജൂണിലെ പാട്ടുകൾ ഏറെ ശ്രദ്ധേയമായിരുന്നു, മധുരത്തിലും സംഗീതത്തിന് പ്രാധാന്യമുണ്ടോ..?

തീർച്ചയായും. അഞ്ച് പാട്ടുകളാണ് മധുരത്തിലുള്ളത്. ഹിഷാം അബ്ദുൾ വഹാബും ഗോവിന്ദ് വസന്തയും ചേർന്നാണ് മധുരത്തിന് സംഗീതം നൽകിയിരിക്കുന്നത്. ആർജെ മാത്തുക്കുട്ടി സംവിധാനം ചെയ്ത് ആസിഫ് അലി നായകനായ കുഞ്ഞെൽദോ എന്ന സിനിമയിൽ ജൂൺ കഴിഞ്ഞപ്പോൾ ഞാൻ  കോ ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. വിനീത് ശ്രീനിവാസനായിരുന്നു ആ സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടർ. വലിയൊരു വിനീത് ശ്രീനിവാസൻ ആരാധകനായതിനാൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ ഒരവസരം കിട്ടിയപ്പോൾ ഓടിക്കയറി ചെല്ലുകയായിരുന്നു.

കുഞ്ഞെൽദോയുടെ സെറ്റിൽ വച്ച് വിനീതേട്ടന്റെ പുതിയ ചിത്രമായ ഹൃദയത്തിലെ പാട്ടുകൾ എന്നെ കേൾപ്പിച്ചു. 15 പാട്ടുകളാണ് ഹൃദയത്തിലുള്ളത്. എല്ലാം അടിപൊളി പാട്ടുകളായിരുന്നു. ഹിഷാം അബ്ദുൾ വഹാബാണ് ഹൃദയത്തിന്റെ സംഗീതസംവിധാനം.  അതുകേട്ടപ്പോൾ ഹിഷാമുമൊത്ത് പ്രവർത്തിക്കണമെന്ന് ആഗ്രഹം തോന്നി. അങ്ങനെയാണ് മധുരത്തിലെ പാട്ടുകൾ ചെയ്യാൻ ഹിഷാം എത്തുന്നത്. മൊത്തത്തിൽ മധുരത്തിലുള്ള അഞ്ചുപാട്ടുകളിൽ നാലു പാട്ടുകൾക്ക് ഹിഷാം സംഗീതം നൽകി. മറ്റൊരു പാട്ടും പശ്ചാത്തലസംഗീതവും ചെയ്തിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ജൂണിന്റെ ക്യാമറ കൈകാര്യം ചെയ്ത ജിതിൻ തന്നെയാണ് മധുരത്തിലും ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. എഡിറ്റിങ് മഹേഷ് ഭുവനേന്ദാണ്.

എന്തുകൊണ്ട് പ്രേക്ഷകർ 'മധുരം' കാണണം...?

എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ എന്റെ സിനിമ ആസ്വദിക്കണമെന്ന ലക്ഷ്യത്തിലാണ് ഓരോ സിനിമയും ചെയ്യുന്നത്. അതുകൊണ്ട് ദ്വയാർഥ പ്രയോഗങ്ങളൊന്നും സിനിമയിൽ ഉൾപ്പെടുത്താറില്ല. ഇപ്പോൾ ഒ.ടി.ടിയിൽ വരുന്ന ഭൂരിഭാഗം പടങ്ങളും ഡാർക്ക് ജോണറുകളിലുള്ള ത്രില്ലറുകളും ആക്ഷൻ ചിത്രങ്ങളുമൊക്കെയാണ്. വയലൻസാണ് അത്തരം സിനിമകളിൽ നിറഞ്ഞുനിൽക്കുന്നത്. അത്തരം സിനിമകൾ തുടർച്ചയായി കണ്ടിരിക്കുന്ന പ്രേക്ഷകർക്ക് ഒരു ആശ്വാസമായിരിക്കും മധുരം. വീട്ടിൽ എല്ലാവർക്കും ഒരുമിച്ചിരുന്ന് കാണാൻ പറ്റുന്ന സിനിമയാണിത്. കുടുംബബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയുമൊക്കെ കഥയാണ് മധുരം പറയുന്നത്. അതുകൊണ്ട് സ്ത്രീകൾക്ക് കുറേക്കൂടി ഇഷ്ടപ്പെടുമെന്ന് തോന്നുന്നു. ജൂൺ പോലെയല്ല, വേറൊരു രീതിയിൽ എല്ലാവർക്കും ഹാപ്പിയായി കണ്ട് അവസാനിപ്പിക്കാൻ പറ്റുന്ന സിനിമയാണ്, ഒരു ഫീൽഗുഡ് അനുഭവം. ഇടവേളയില്ലാതെ രണ്ടുമണിക്കൂർ കൊണ്ടാണ് ചിത്രം പൂർത്തിയാകുന്നത്.

Ahammed Khabeer
മധുരം സിനിമയുടെ അണിയറപ്രവർത്തകർ
 

അടുത്ത പ്രോജക്ട്...?

ഇൻഷാ അള്ള തന്നെയാണ് അടുത്ത പ്ലാൻ. അത് ഞങ്ങളുടെയെല്ലാം ഒരുസ്വപ്‌ന സിനിമയാണ്. മധുരത്തിന്റെ റിലീസ് കഴിഞ്ഞ് മാത്രമേ അതിന്റെ വർക്കുകൾ തുടങ്ങുകയുള്ളൂ. അടുത്ത വർഷമായിരിക്കും ഷൂട്ടിങ്. അതൊരു വലിയ സിനിമയാണ് അതുകൊണ്ട് തന്നെ തിയേറ്റർ റിലീസായിരിക്കും.

Content Highlights : Director Ahammed Khabeer, Interview, June Movie, Madhuram, Joju George