dileesh pothan
ഫോട്ടോ: ശ്രീജിത്ത് പി. രാജ്

ലാമൂല്യവും ജനപ്രീതിയും നേടിയ മഹേഷിന്റെ പ്രതികാരത്തിനുശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ സമ്മാനിക്കുന്നു. ഏറെ കാലികപ്രസക്തിയുള്ള നിരവധിവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് സംവിധായകന്‍ സംസാരിക്കുന്നു.
''പ്രേക്ഷക പ്രതീക്ഷയില്‍ എനിക്ക് ആശങ്കയോ ടെന്‍ഷനോ ഇല്ല. അതൊരു ബാധ്യതയായി എനിക്ക് തോന്നിയിട്ടില്ല. ആ പ്രതീക്ഷ വലിയ ഊര്‍ജമാണ് അതൊരു ധൈര്യം പോലെയാണ് എനിക്ക് തോന്നുന്നത്''.

ദേശീയ അവാര്‍ഡടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ മഹേഷിന്റെ പ്രതികാരത്തിനുശേഷം ഒരുക്കുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. എന്തൊക്കെയാണ് ഈ ചിത്രത്തിന്റെ പുതുമകള്‍?

ലളിതമായ കഥയാണ് ഈ ചിത്രത്തിലേക്ക് എന്നെ ആകര്‍ഷിച്ചത്. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. രസകരമായ ചെറിയൊരു ചിത്രം. അത്രമാത്രം പ്രതീക്ഷിക്കുക. മഹേഷിന്റെ പ്രതികാരവുമായി ഇതിനെ താരതമ്യം ചെയ്യരുത്. ഇതിനെ മറ്റൊരു ചിത്രമായി കാണുക, അത് ആസ്വാദനത്തിന് ഏറെ ഗുണം ചെയ്യും.

പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ കേള്‍ക്കുമ്പോള്‍ ഒരു കുറ്റാന്വേഷണ കഥയാണെന്ന് തോന്നുന്നുണ്ട്?

ഒരു പോലീസ് സ്‌റ്റേഷനില്‍ നടക്കുന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് കഥ പോകുന്നത്. സ്റ്റേഷനില്‍ എത്തുന്ന പ്രതിയെയും പരാതിക്കാരനെയും സിസ്റ്റം എങ്ങനെ കാണുന്നു എന്നതാണ് വിഷയം. മൂന്നുദിവസംകൊണ്ട് നടക്കുന്ന കഥ. ഒരോ കഥാപാത്രങ്ങള്‍ക്കും ഓരോ കഥപറയാനുണ്ട്. മികച്ച പ്രതിഭകളുടെ മത്സരിച്ചുള്ള അഭിനയം ചിത്രത്തിന് മാറ്റ് കൂട്ടിയിട്ടുണ്ട്.

ഇതൊരു ആക്ഷേപഹാസ്യ ചിത്രമാണോ?

ഈ ചിത്രം ഏത് ഗണത്തില്‍ പെടുമെന്ന് എനിക്ക് പറയാന്‍ കഴിയില്ല. ചിത്രം കാണുന്ന പ്രേക്ഷകരാണ് അത് വിലയിരുത്തേണ്ടത്. ഫണ്‍, ത്രില്ലര്‍ എന്നിവ ചേര്‍ന്ന സോഷ്യോഡ്രാമയായിട്ടാണ് ഞങ്ങളിതൊരുക്കിയത്.

വീണ്ടും ഫഹദ് ഫാസിലുമായി ഒന്നിക്കുമ്പോള്‍?

THONDI MUTHALUM

പറയുന്ന കാര്യങ്ങള്‍ കൃത്യമായി തിരിച്ചറിയുന്ന നടനെ കിട്ടുക എന്നത് സംവിധായകന്റെ ഭാഗ്യമാണ്. അത്തരമൊരു പരസ്പര ബന്ധം ചിത്രത്തിന് ഗുണകരമായിട്ടുണ്ട്. അതിലുപരി നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ഏതറ്റം വരെയും വളയ്ക്കാന്‍ പറ്റിയ നടനാണ് ഫഹദ്. ഈ ചിത്രത്തിലും ഫഹദ് പ്രേക്ഷകരെ വിസ്മയിപ്പിക്കും.

നായികയടക്കം ഈ ചിത്രത്തിലും പുതുമുഖങ്ങള്‍ ഏറെയുണ്ടല്ലോ?

ചിത്രത്തിലെ നായിക നിമിഷ എന്ന പുതുമുഖമാണ്. പുതുമുഖത്തിന്റെ സങ്കോചമില്ലാതെ ഏറെ ആത്മവിശ്വാസത്തോടെയാണ് അവള്‍ അഭിനയിച്ചത്. കൂടാതെ 25 പുതുമുഖ നടന്മാരും ചിത്രത്തിലുണ്ട്. കഥയ്ക്ക് അനുസരിച്ച റിയലിസ്റ്റിക്കായ അന്തരീക്ഷ സൃഷ്ടിയ്ക്ക് ആ കാസ്റ്റിങ്ങ് ഏറെ ഗുണം ചെയ്തിട്ടുണ്ട്.

ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടറായി തിരക്കഥാകൃത്ത് ശ്യാം പുഷ്‌കര്‍ ഒപ്പമുണ്ടല്ലോ?

ഒരു നല്ല സിനിമ ഒരാള്‍ മാത്രം വിചാരിച്ചാല്‍ സൃഷ്ടിക്കാന്‍ കഴിയില്ല. ഒരു കൂട്ടായ്മയുടെ ചര്‍ച്ചാഫലമാണ് ഞങ്ങളുടെ സിനിമ. ഈ സിനിമ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിക്കാന്‍ ശ്യാമിന്റെ വലിയ സഹായം കിട്ടിയിട്ടുണ്ട്.