'ഞങ്ങള്‍ക്ക് ലഭിക്കുന്ന പരാതികള്‍ അവിശ്വസനീയമാണ്. മലയാള സിനിമയിലെ പല പ്രമുഖരുടെയും മുഖംമൂടി പിച്ചിച്ചീന്തുന്നവയാണ് അവയില്‍ പലതും' ഇതു പറയുമ്പോള്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന മലയാള സിനിമയിലെ വനിതാ കൂട്ടായ്മയിലെ സജീവ പ്രവര്‍ത്തകയും സംവിധായകയുമായ വിധു വിന്‍സെന്റിന്റെ ശബ്ദത്തില്‍ ദേഷ്യവും സങ്കടവുമെല്ലാം നിഴലിച്ചിരുന്നു. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ രൂപപ്പെട്ട സംഘടന മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളെ ചെറുക്കുന്ന ശബ്ദമാവുകയാണ്. മുമ്പ് സംഭവിച്ചവ ഉള്‍പ്പെടെ നിരവധി പരാതികള്‍ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും അവയ്ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുന്നുണ്ടെന്നും ഡബ്ല്യുസിസി വ്യക്തമാക്കുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുടെ പേരില്‍ പിടിയിലായ നടന് ദിലീപിനെ അനുകൂലിച്ച് പ്രമുഖര്‍ രംഗത്തെത്തുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ ഡബ്ല്യുസിസി ശക്തമായ പ്രതിഷേധ പരിപാടികളുമായി വീണ്ടും സജീവമായിരുന്നു. ഈ പശ്ചാത്തലത്തില്‍ കേസില്‍ സിനിമാ മേഖലയിലുള്ളവര്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാടുകളെ കുറിച്ചും സിനിമയില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന അതിക്രമങ്ങളെ കുറിച്ചും സംഘടനയുടെ ലക്ഷ്യങ്ങളെ കുറിച്ചുമെല്ലാം വിശദമാക്കുകയാണ് വിധു വിന്‍സെന്റ്.
'അവള്‍ക്കൊപ്പം', ഗണേശിനുള്ള മറുപടി
കെ.ബി.ഗണേശ് കുമാറിന്റേത് ഉള്‍പ്പെടെയുള്ള പ്രസ്താവനകളാണ് 'അവള്‍ക്കൊപ്പം' എന്ന ഹാഷ്ടാഗുമായി സജീവമായി രംഗത്തുവരാന്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ (ഡബ്ല്യുസിസി) പ്രേരിപ്പിച്ചത്. ഭരണ മുന്നണിയിലെ ഒരു എംഎല്‍എ ഇങ്ങനെ സംസാരിക്കുമ്പോള്‍ അത് ഉണ്ടാക്കാനിടയുള്ള ഒരു സമ്മതിയുണ്ട്. ഭരണഘടനയെയും നിയമസംവിധാനത്തെയും എല്ലാ രീതിയിലും വെല്ലുവിളിച്ചുകൊണ്ടുള്ള പ്രസ്താവനയായിരുന്നു അത്. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയ്ക്കായി കോടതിയും നിയമസംവിധാനങ്ങളുമൊക്കെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു എംഎല്‍എ കുറ്റാരോപിതനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്.
ഔദാര്യം പറ്റിയവര്‍ ദിലീപിനെ പിന്തുണയ്ക്കണമെന്ന ആഹ്വാനം ഉത്തരേന്ത്യയില്‍ ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീതിന് വേണ്ടി നടന്ന കലാപാഹ്വാനത്തിന് തുല്യമാണ്. ഒരു മാടമ്പി നടത്തുന്ന ഉത്തരവ് പോലെയായിരുന്നു അത്. ഇത് ഒരു ജനാധിപത്യ രാജ്യമാണ്. ജനാധിപത്യ സര്‍ക്കാരിനെയും അവരെ തിരഞ്ഞെടുത്ത ജനങ്ങളെയും കൊഞ്ഞനം കുത്തുകയാണ് ഗണേശ് ചെയ്തത്. അതിനെതിരെ ജനാധിപത്യ രീതിയില്‍ രംഗത്തെത്തേണ്ടതുണ്ടെന്ന ബോധ്യത്തില്‍ നിന്നാണ് ഡബ്ല്യുസിസി 'അവള്‍ക്കൊപ്പം' എന്ന കാമ്പയിന് ശക്തമാക്കുന്നതും തലശ്ശേരിയിലെ ചലച്ചിത്ര പുരസ്കാര വേദിയില്‍ അതിന് തുടക്കം കുറിച്ചതും.
തലശ്ശേരിയിലെ കാമ്പയിനിന് മികച്ച ജനപിന്തുണയാണ് ലഭിച്ചത്. ഭരണകക്ഷിയുടെ എംഎല്‍എയും എംപിയുമായ ഗണേശ്കുമാറും ഇന്നസെന്റും നടന്മാരായിട്ടും ചലച്ചിത്ര പുരസ്കാര വേദിയില്‍ എത്താതിരുന്നത് ജനരോഷം ഭയന്നാണ്.
സെബാസ്റ്റ്യന്‍ പോള്‍ എന്റെ അധ്യാപകനാണെന്ന് പറയാന്‍ ലജ്ജ തോന്നുന്നു
സവിശേഷബുദ്ധിയുള്ള ആരും കുറ്റാരോപിതന് അനുകൂലമായി പ്രസ്താവന ഇറക്കിയിട്ടുണ്ടെന്ന് തോന്നുന്നില്ല. കുറ്റാരോപിതനെ അനുകൂലിച്ച് ചര്‍ച്ചകളിലും മറ്റും പങ്കെടുത്ത് സംസാരിക്കുന്നതിനെ അല്പബുദ്ധികളുടെ അലറിവിളികള്‍ എന്നേ പറയാനാകൂ. എന്നാല്‍, സെബാസ്റ്റ്യന്‍ പോളിനെ പോലൊരാള്‍ പ്രതിയെ അനുകൂലിച്ച് രംഗത്തു വരുമ്പോള്‍ അതിനു പിന്നില്‍ എന്താണെന്ന് സംശയം തോന്നുന്നുണ്ട്. ബലാത്സംഗം എന്ത് സുഖം നല്കുന്ന ഏര്‍പ്പാടാണെന്നാണ് അദ്ദേഹത്തിന്റെ ധാരണ.
അദ്ദേഹത്തിന്റെ കുറിപ്പില്‍ ദീദി ദാമോദരന്‍ ഉള്‍പ്പെടെയുള്ളവരെ വ്യക്തിപരമായി ആക്രമിച്ചിട്ടുണ്ട്. ഇത്തരത്തില്‍ തന്റെ വാദം ഉറപ്പിക്കാനായി ഇരയ്ക്കൊപ്പം നില്‍ക്കുന്നവരെ വ്യക്തിഹത്യ ചെയ്യുന്ന അദ്ദേഹത്തിന്റെ രീതി അങ്ങേയറ്റം അപലപനീയമാണ്. സാമാന്യബോധമുള്ള കേരളീയര്‍ അംഗീകരിക്കുന്ന കാര്യമല്ല ഇത്. എന്നെ പഠിപ്പിച്ചിട്ടുള്ളയാളാണ് സെബാസ്റ്റ്യന്‍ പോള്‍. ഇപ്പോള്‍ അദ്ദേഹം എന്റെ അധ്യാപകനാണെന്ന് പറയാന്‍ ലജ്ജ തോന്നുന്നു.
ഗണേശിന് ദിലീപിനോട് പകയുണ്ടോ എന്ന് സംശയം
ദിലീപിനെ ജയിലില്‍ പോയി കാണുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത ഗണേശ് കുമാറിനെ പോലുള്ളവര്‍ക്ക് അയാളോട് പകയുണ്ടോ എന്നും സംശയിക്കേണ്ടതുണ്ട്. ജാമ്യത്തിന് ബുദ്ധിമുട്ടുന്ന ഒരു പ്രതിയെ ഇത്തരത്തില്‍ സന്ദര്‍ശിക്കുന്നത് പ്രോസിക്യൂഷന് നാളെ അയാള്‍ക്ക് എതിരെ ഉപയോഗപ്പെടുത്തുമെന്ന് അറിയാത്ത ആളല്ല ഗണേശ്. ദിലീപ് അവിടെ കിടക്കട്ടെ എന്നൊരു ലക്ഷ്യം ഇതിനു പിന്നിലില്ലേ എന്ന് അത്യാവശ്യം ബുദ്ധിയുള്ളവരൊക്കെ സംശയിക്കും.
ജയിലില്‍ കിടക്കുമ്പോള്‍ ഇയാള്‍ക്ക് ഇത്ര സ്വാധീനമാണെങ്കില്‍ പുറത്തിറങ്ങിയാല്‍ എന്താകുമെന്ന വാദമല്ലേ കോടതിയില്‍ ഉയര്‍ത്തപ്പെടുക. ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തിയവരെല്ലാം പ്രമുഖരായ ആളുകളാണ്. ദിലീപിനോട് അല്പമെങ്കിലും സ്നേഹമുള്ളവര് അയാള്‍ക്ക് ജാമ്യം കിട്ടാനുള്ള സാഹചര്യം ഒരുക്കുകയല്ലേ ചെയ്യുക. ഇത്രയും പേര്‍ക്ക് അയാളോട് വിരോധമെന്താണെന്നാണ് മനസിലാകാത്തത്.
ദിലീപ് തന്നെ പ്രതിയാകണമെന്ന നിര്‍ബന്ധമില്ല
ദിലീപ് തന്നെ പ്രതിയോ കുറ്റവാളിയോ ആകണമെന്ന് ഒരു നിര്‍ബന്ധവും ഡബ്ല്യുസിസിയ്ക്കില്ല. ദിലീപിന്റെ സിനിമകള്‍ കാണുകയും ചിരിക്കുകയും ചെയ്യുന്ന ആളുകള്‍ തന്നെയാണ് നമ്മളും. ദിലീപിനോട് നമുക്കാര്‍ക്കും പ്രത്യേകിച്ച് വിരോധം തോന്നേണ്ട ഒരു കാര്യവുമില്ല. ഈ മനുഷ്യനാണ് ഇതിനു പിന്നിലെങ്കില്‍ എന്തിനത് ചെയ്തു എന്ന അമ്പരപ്പ് ഇപ്പോഴുമുണ്ട്. നമ്മള് പുറത്തുനില്‍ക്കുന്ന ആളുകളാണ്. എന്നാല്‍, അയാള്‍ ചെയ്ത നല്ല കാര്യങ്ങള്‍ക്കപ്പുറം പലരെയും സിനിമാരംഗത്തു നിന്ന് ഇല്ലാതാക്കാനും തന്റെ സാമ്രാജ്യം വളര്‍ത്താനും ചെയ്തിരുന്ന ഗെയിമുകളെ പറ്റിയും കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുമുണ്ട്.
കേരളം പോലെ ഇത്ര ജനാധിപത്യബോധ്യമുള്ള, സാക്ഷരരായ ജനങ്ങളുള്ള, സുതാര്യമായി കാര്യങ്ങള്‍ നടക്കുന്ന ഒരു സ്ഥലത്ത് സാംസ്കാരിക മേഖലയുടെ അകത്തു നില്ക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതെന്ന് മനസിലാകുന്നില്ല. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ ശിക്ഷ അനുഭവിക്കണം. ചെയ്തിട്ടില്ലെങ്കില്‍ അയാള്‍ പുറത്തുവരികയും വേണം. അതില്‍ യാതൊരു സംശയവുമില്ല.
'അമ്മ'യില്‍ ഉള്ളത് ശരാശരിയില്‍ താഴെ സാമൂഹ്യബോധമുള്ളവര്‍
അമ്മ സംഘടന എന്താണെന്ന് ഇപ്പോള്‍ തന്നെ എല്ലാവര്ക്കും മനസിലായിട്ടുണ്ട്. ശരാശരിയില്‍ താഴെ സാമൂഹ്യബോധവും രാഷ്ട്രീയബോധവും ഉള്ളവരാണ്. അതുകൊണ്ടുതന്നെയാണ് ഇത്തരമൊരു വിഷയത്തില്‍ സന്തുലിതമായ ഇടപെടല്‍ നടത്താനോ ആര്‍ജവമുള്ള ഒരു അഭിപ്രായം പറയാനോ അവര്‍ക്ക് ഇതുവരെ സാധിക്കാത്തത്. അവരെ കുറിച്ച് സംസാരിക്കേണ്ട ആവശ്യം പോലുമില്ല.
നമ്മള് നായകസ്ഥാനവും താരപദവിയും കല്പിച്ചു നല്കിയിരുന്നവര് ശരിക്കും എന്താണെന്ന് ഇപ്പോള്‍ കാണുന്നുണ്ടല്ലോ. അതുകൊണ്ടുതന്നെ ഈ താരപരിവേഷമൊന്നും അധികനാള്‍ നിലനില്‍ക്കില്ല. താരങ്ങള്‍ ഉണ്ടാകുന്നത് ജനമനസിലാണ്. ജനങ്ങളുടെ മനസില്‍ ഇടം പോയിക്കഴിഞ്ഞാല്‍ അവര്‍ തറയായിമാറും. അതിനിനി അധികനാള്‍ വേണ്ടിവരില്ല.
പരാതികള്‍ പല പ്രമുഖരുടെയും മുഖംമൂടികള്‍ പിച്ചിച്ചീന്തുന്നത്
ഡബ്ല്യുസിസിയില്‍ വരുന്ന പരാതികള്‍ ഞെട്ടിക്കുന്നതാണ്. പ്രതിഫലം നല്‍കാത്തതു മുതല്‍ രാത്രിയില്‍ റൂമിലേക്ക് വിളിക്കുന്ന സംഭവങ്ങള്‍ വരെ. മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ കൂടിയെന്നോ കുറഞ്ഞെന്നോ ഞാന്‍ കരുതുന്നില്ല. മുമ്പുണ്ടായിരുന്നതു പോലെ തന്നെ വ്യാപകമായി അവ നടക്കുന്നുണ്ട് എന്നേ പറയാനാവൂ.
ഇപ്പോള്‍ കൂടുതലായി സ്ത്രീകള്‍ അതേക്കുറിച്ച് പരാതിപ്പെടാന്‍ തയ്യാറാകുന്നുണ്ട് എന്നതാണ് വാസ്തവം. അത് സിനിമാ രംഗത്ത് നിലവില്‍ ഉള്ള സംഘടനകള്‍ ഓര്‍ക്കുന്നത് നല്ലതാണ്. ഞങ്ങള്‍ക്ക് ലഭിക്കുന്ന പരാതികള്‍ പലതും അവിശ്വസനീയമാണ്. മലയാള സിനിമയിലെ പല പ്രമുഖരുടെയും മുഖംമൂടി പിച്ചിച്ചീന്തുന്നവയാണ് അവയില്‍ പലതും.
ഇതൊക്കെ ചെയ്തിട്ടും ഇവര്‍ക്കെങ്ങനെ പൊതുസമൂഹത്തെ അഭിമുഖീകരിക്കാനാകുന്നു എന്നതാണ് അത്ഭുതം. ഇന്നസെന്റിനെ പോലുള്ളവര്‍ 'അതൊക്കെ പണ്ടായിരുന്നു' എന്നു പറയുന്നത് കേള്‍ക്കുമ്പോള്‍ ഇവരൊന്നും ഇവിടെയല്ലേ ജീവിക്കുന്നത് എന്നാണ് തോന്നുന്നത്. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കാണാനുള്ള വിവേകമില്ലേ ഇവര്‍ക്ക്.
ഇത് പുതിയൊരു കാര്യമല്ല. ദീര്‍ഘകാലമായി തുടരുന്നതാണ്. എന്നാല്‍, ഇനിയത് സാധ്യമല്ല. തോറ്റുമടങ്ങാന്‍ ഞങ്ങള്‍ തയ്യാറല്ല. ആത്മാഭിമാനമുള്ള, വര്‍ഗബോധമുള്ള സ്ത്രീയുടെ ശബ്ദമാണിത്. പലരും ശക്തമായ പരാതികളുമായി രംഗത്തെത്തുന്നുണ്ട്. പ്രത്യേകിച്ചും പുതിയ തലമുറയില്‍ പെട്ടവര്‍. അതുകൊണ്ടുതന്നെ ഇതുവരെ നടന്നിരുന്നത് ഇനിയും തുടരാന്‍ അനുവദിക്കുന്ന പ്രശ്നമില്ല.
ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് സിനിമയില്‍ അപ്രഖ്യാപിത വിലക്ക്
ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് സിനിമയില്‍ നിന്ന് പല രീതയില്‍ നിന്നുള്ള തിക്താനുഭവങ്ങളും നേരിടേണ്ടി വരുന്നുണ്ട്. പലരും സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു. ചില സംഘടനകളുടെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും പല ഭീഷണികളും ഞങ്ങള്‍ക്കെതിരെ മുഴക്കുന്നുണ്ട്.
ജീര്ണതകളേറിയ സിനിമാ മേഖലയിലേക്ക് കാറ്റും വെളിച്ചവും കടത്തിവിടുക എന്ന ഉത്തരവാദിത്തമാണ് ഞങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. കൃത്യമായ ദിശാബോധത്തോടെയാണ് ഞങ്ങളുടെ സംഘടന മുന്നോട്ടുപോകുന്നത്. അതിന് എന്ത് പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വന്നാലും ഞങ്ങള്‍ പിന്മാറാന് തയ്യാറല്ല. ഞങ്ങള്‍ ചെറിയ ആളുകളാണെങ്കിലും ഈ നില്പ് ഇപ്പോള്‍ കേരളത്തിന് അത്യാവശ്യമാണ്.