സിനിമ നടനാകാന്‍ മോഹിച്ച് ചെന്നെയിലെ പൈപ്പ് വെള്ളം കുടിച്ച കഥകള്‍ നമ്മള്‍ ഒരുപാട് കേട്ടതാണ്. എന്നാല്‍ കൊച്ചി നഗരത്തിലൂടെ പത്തു വര്‍ഷങ്ങള്‍ സിനിമക്ക് പിന്നാലെ അലഞ്ഞു നടന്ന കഥയാണ് ക്യൂന്‍ എന്ന ചിത്രത്തിലെ ബാലുവായി വേഷമിട്ട നടന്‍ ധ്രുവന് പറയാനുള്ളത്. 

സിനിമക്ക് പിന്നാലെയുള്ള നീണ്ടകാലത്തെ അലച്ചിലിനൊടുവില്‍ താന്‍  പ്രധാന വേഷത്തിലെത്തിയ ക്യൂന്‍ എന്ന സിനിമ തന്നേ പോലുള്ള ഒട്ടേറെ പുതുമുഖങ്ങളുടെയും ആദ്യ സിനിമയായതിന്റെ സന്തോഷവും അഭിമാനവും ധ്രുവന്റെ വാക്കുകളിലുണ്ട്. പുതുമുഖ സംവിധായകനായ ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് മുമ്പും പിമ്പുമുള്ള തന്റെ ജീവിതം മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെക്കുകയാണ് ധ്രുവന്‍.

സിനിമ വെറും സ്വപ്നമല്ല ജീവനാണ്

സിനിമ എന്നത് എക്കാലത്തെയും എന്റെ ഏറ്റവും വലിയ സ്വപ്നമാണ്.  സ്വപ്നമെന്നല്ല ജീവനെന്നു പറയാം. സിനിമയില്ലെങ്കില്‍ ഞാനില്ല എന്ന അവസ്ഥ.  സിനിമക്ക് പിന്നാലെ പോകാനായി നെടുമ്പാശേരി വിമാനത്താവളത്തിലുണ്ടായിരുന്ന ജോലി രാജിവെച്ചു. പിന്നെ സിനിമ സ്വപ്നം  കണ്ടുള്ള യാത്രയായിരുന്നു. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാത്തതിനാല്‍ പലപ്പോഴും കൂട്ടുകാരായിരുന്നു ആശ്രയം. ഷമീര്‍, കുട്ടന്‍, സിജോ, അഖില്‍, സുമിത്ത,് ഫെബിന്‍ , സ്റ്റെഫി, സുരജേട്ടന്‍, നിഖില്‍ പ്രേംരാജ്, സ്മിത മാം എന്നിങ്ങനെ സുഹൃത്തുക്കളുടെ വലിയൊരു നിര തന്നെയുണ്ട് എന്റെയൊപ്പം. ഇവരുടെ പേരുകള്‍ പറയാതിരിക്കാന്‍ സാധിക്കുന്നില്ല, കാരണം അവരാണ് എന്നെ ഞാനാക്കിയത്. ഫെബിനെന്ന സുഹൃത്തിനൊപ്പം അവന്റെ കല്യാണം കഴിയുന്നത് വരെ 'കുമ്മനടി'ച്ചാണ് കഴിഞ്ഞിരുന്നത്.

ന്യൂഡില്‍സ് മാത്രം കഴിച്ച് ജീവിച്ച കാലം

ഒരാളുടെ കയ്യില്‍ നൂറു രൂപയുണ്ടെങ്കില്‍ അത് അഞ്ചാറു പേര്‍ക്ക് ഭക്ഷണത്തിനുള്ള വകയായിരുന്നു. മാസാവസാനം ആകുമ്പോള്‍ എല്ലാവരുടേയും പേഴ്‌സ് കാലിയാവും. അപ്പോള്‍ പോക്കറ്റുകളില്‍ തപ്പിപ്പെറുക്കി ഒരു രൂപയും രണ്ട് രൂപയുമൊക്കെ എടുക്കും. പിന്നെ വീടു വൃത്തിയാക്കുമ്പോള്‍ ആരുടെയെങ്കിലും കയ്യില്‍ നിന്ന് വീണു പോയ ചില്ലറകള്‍ ലഭിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന പണം സ്വരുക്കൂട്ടി ന്യൂഡില്‍സ് വാങ്ങിക്കഴിക്കും. ഇങ്ങനെ കഴിക്കുന്ന ന്യൂഡില്‍സായിരുന്ന ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ചത്. പക്ഷേ ന്യൂഡില്‍സ് മാത്രം കഴിച്ചതിനാല്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായി. 

രോഗപ്രതിരോധശേഷി നഷ്ടപ്പെട്ടു. അതിനെ തുടര്‍ന്ന് നിരന്തരമായി അസുഖങ്ങള്‍ വന്നു ഒപ്പം ക്ഷീണവും മുടികൊഴിച്ചിലും എല്ലാമുണ്ടായി. എന്നാലും സിനിമ എനിക്ക് ജീവനായിരുന്നു അതിനായി ജീവന്‍ നിലനിര്‍ത്താന്‍ മാത്രമാണ് ഞാന്‍ പരിശ്രമിച്ചത്. സിനിമയില്ലാതെ ജീവിക്കാന്‍ സാധിക്കില്ല എന്നൊരു അവസ്ഥയിലൂടെയാണ് കടന്നുപോയത്. സിനിമക്ക് വേണ്ടി മരിക്കാനും തയ്യാറായിരുന്ന ഒരു മാനസിക അവസ്ഥ.

അതിനിടയില്‍  ലിസമ്മയുടെ വീട്, പട്ടം പോലെ, ലോഡ് ലിവിംഗ്സ്റ്റണ്‍ ഏഴായിരം കണ്ടി, 1971 എന്നീ സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചു. ഗ്യാങ്‌സ്‌ററര്‍ എന്ന സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യാനും സാധിച്ചു. ഒപ്പം എന്റെ കൂട്ടുകാരായ സനൂപ്, ദീപ്തി ഷൈലജ എന്നിവര്‍ ഒരുക്കിയ സെക്കന്റ് ഇന്നിംഗ്‌സ് എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായും അഭിനേതാവായും പ്രവര്‍ത്തിച്ചു. എന്നാല്‍ ആ സിനിമ പുറത്തിറങ്ങിയില്ല.

അതിനിടയില്‍ നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചു. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിട്ടാണെങ്കില്‍ പോലും ഒരു സിനിമ കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ ചെറിയൊരു വേഷമെങ്കിലും ലഭിച്ചില്ലെങ്കില്‍ മൈഗ്രേനും ഉറക്കമില്ലായ്മയും എല്ലാം വന്ന് മാനസികമായും ശാരീരികമായും ഏറെ തളര്‍ന്ന അവസ്ഥയില്‍ എത്തും. ഈ സമയങ്ങളില്‍ സ്റ്റെഫി എന്നൊരു സുഹ്യത്താണ് മാനസിക പിന്തുണ നല്‍കി ഒപ്പം നിന്നത്. 

queen movie

ആയിരത്തിലേറെ ഒഡീഷനുകള്‍

പരമ്പരാഗതമായി ചെണ്ടകൊട്ടുകാരാണ് എന്റെ കുടുംബം. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ എന്റെ കുടുംബാംഗമാണ്. പിന്നെ ഞാന്‍ അമ്മാവന്‍മാര്‍ക്കൊപ്പം ചെണ്ടകൊട്ടാന്‍ പോകാന്‍ തുടങ്ങി. വര്‍ഷത്തില്‍ ആറുമാസം മാത്രമേ ഉത്സവങ്ങള്‍ ഉണ്ടാകാറുള്ളു. ആ സമയത്ത് ചെണ്ടകൊട്ടി ലഭിക്കുന്ന പണം സൂക്ഷിച്ച് വെച്ച് ബാക്കിയുള്ള കാലം ജീവിക്കാന്‍ തുടങ്ങി. എന്നാലും ഏറെ ഞെരുക്കങ്ങള്‍ക്കിടയിലൂടെയാണ് കടന്ന് പോയത്. പക്ഷേ ഒരു ഓഡീഷന്‍ പോലും മുടക്കിയിട്ടില്ല. അക്കാലയളവിനുള്ളില്‍ ആയിരത്തിലേറെ ഒഡീഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്.

വേദനകള്‍ നല്‍കിയ കാലം 

അക്കാലത്ത്  സങ്കടപ്പെടുത്തിയ അനുഭവങ്ങള്‍ ഒരുപാടുണ്ട്. ഫെയ്ക്ക് ഓഡീഷനുകള്‍, നല്ല റോള്‍ തരാമെന്ന് പറഞ്ഞ് ജൂനിയര്‍ ആര്‍ട്ടിസ്റ്റാക്കിയവര്‍, സിനിമയില്‍ അഭിനയിപ്പിക്കാന്‍ പണം ചോദിച്ചവര്‍ ഇങ്ങനെ അനുഭവങ്ങള്‍ ഒരുപാടുണ്ട്. അതിനിടയില്‍ ജീവിക്കാനായി പല പല ജോലികളും ചെയ്തു. ഹോട്ടലുകളില്‍ എല്ലാതരത്തിലുമുള്ള ജോലികള്‍ ചെയ്തു. അങ്ങനെ എല്‍ദോ പച്ചിലക്കാടന്‍ എന്ന സുഹൃത്ത്  വഴി എറണാകുളത്ത് നവ്‌രസ് ഹോട്ടലില്‍ എനിക്ക് ജോലി ലഭിച്ചു. എന്താണ് ജോലിയെന്നുള്ള ആശങ്കയില്‍ നിന്ന എന്നോട് എല്‍ദോ പറഞ്ഞത് നീ എപ്പോഴും നില്‍ക്കുന്നതുപോലെ ചിരിച്ചു കൊണ്ട് നിന്നാല്‍ മതി എന്നാണ്. ആ ജോലി പക്ഷേ എനിക്കൊരു ഭാഗ്യമായിരുന്നു. 

ഒരുപാട് സിനിമ പ്രവര്‍ത്തകരെ പരിചയപ്പെടാനുള്ള അവസരമാണ് അതിലൂടെ ലഭിച്ചത്. മമ്മൂക്ക, അന്‍വര്‍ റഷീദ്, അപര്‍ണാ ബാലമുരളി, ആസിഫ് അലി, ഉണ്ണി.ആര്‍, ഗ്രിഗറി എന്നിങ്ങനെ നിരവധി ആളുകളെ പരിചയപ്പെടാന്‍ സാധിച്ചു. ആ ഹോട്ടലിന്റെ നടത്തിപ്പുകാരായ വൗ മേക്കേഴ്‌സ് എന്ന ആനിമേഷന്‍ ഗ്രൂപ്പിലെ വിവേക്, ചിക്കു എന്നിവര്‍ എന്റെ സിനിമക്ക് പിന്നാലെയുള്ള ഓട്ടത്തില്‍ ഒരുപാട് സഹായിച്ചവരാണ്. 

മായാനദി എന്ന സിനിമയുടെ നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിള പനമ്പള്ളി നഗറിലെ ഡോണട്ട് ഫാക്ടറിയിലേക്ക് എന്നെ ജോലിക്ക് വിളിച്ചു. എന്റെ താടിയും മുടിയും വെട്ടണമെന്ന് പറയരുത്, സിനിമകള്‍ വന്നാല്‍ എന്നെ വിടണം എന്നീരണ്ടു കണ്ടീഷനുകളോടെയാണ് ഞാന്‍ ജോലിക്ക് പോയത്. അതിനിടയില്‍ നേവല്‍ ബേസില്‍ കുട്ടികളെ അഭിനയം പഠിപ്പിക്കുന്ന അധ്യാപകനായും ജോലി ചെയ്തു. 

മരണത്തെ മുഖാമുഖം കണ്ട ചിത്രീകരണം

ക്യൂന്‍  സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. മഴയത്ത് മന്ത്രിയുടെ വാഹനം തടയുന്ന രംഗമുണ്ട് സിനിമയില്‍. പക്ഷേ ചിത്രീകരണ സമയത്ത് എനിക്ക് കടുത്ത പനി ഒപ്പം രക്തത്തിലെ കൗണ്ടും കുറഞ്ഞു പോയി. മന്ത്രിയായി അഭിനയിച്ച ശ്രീജിത്ത് രവി ചേട്ടന് തിരക്കുണ്ടായിരുന്നു. തുടര്‍ന്ന് പനി അവഗണിച്ച് ഷൂട്ടിങ് തുടരാന്‍ തീരുമാനിച്ചു. ആശുപത്രിയില്‍ പോയി കുത്തിവെപ്പൊക്കെ എടുത്ത് ചിത്രീകരണം തുടങ്ങി. പക്ഷേ കുറച്ച് കഴിഞ്ഞപ്പോഴേക്കും ഞാന്‍ തളര്‍ന്നു വീണു. വീണ്ടും ആശുപത്രിയില്‍ പോയി മരുന്നൊക്കെ എടുത്തു. വീണ്ടും ഷൂട്ടിങിന് പോകാനൊരുങ്ങിയപ്പോള്‍, അയാള്‍ക്ക് എന്തു സംഭവിച്ചാലും ഞങ്ങള്‍ക്ക് ഉത്തരവാദിത്തം ഇല്ല എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അങ്ങനെ ഒരുപാട് കഷ്ടപ്പെട്ടാണ് ആ രംഗം ചിത്രീകരിച്ചത്.

അതുപോലെ സിനിമയിലെ ഉണ്ണി എന്ന കഥാപാത്രത്തെ ഓടിച്ചിട്ട് പിടിക്കുന്ന രംഗമുണ്ട്. അതില്‍ മതില്‍ ചാടിയപ്പോള്‍ താഴെവീണ് ബോധം മറഞ്ഞു. സ്റ്റണ്ട് രംഗങ്ങള്‍ ചെയ്യുമ്പോള്‍ സുരക്ഷാ ഉപകരണങ്ങളൊന്നും ഉപയോഗിക്കാത്തതിനാല്‍ പല തരത്തിലുമുള്ള മുറിവുകള്‍ പറ്റി. പക്ഷേ സിനിമ എന്ന ഹരത്തിനു മുമ്പില്‍ അവയൊക്കെ അവഗണിക്കുകയാണുണ്ടായത്. 

ഒരു അമ്മ  കെട്ടിപ്പിടിച്ച് പറഞ്ഞത്

ക്യൂന്‍ റിലീസ് ചെയ്തതോടെ ഒരുപാട് പേര്‍ തിരിച്ചറിയുന്നുണ്ട്. എറണാകുളത്ത് വെച്ച് ഒരു അമ്മ തന്നെ കെട്ടിപിടിച്ച് പറഞ്ഞത് ഇപ്പോഴും എന്റെ മനസിലുണ്ട്. അവര്‍ക്ക് രണ്ട് പെണ്‍മക്കളാണ്.  ക്യൂന്‍ കണ്ടതോടെ അവരെ ഒറ്റക്ക് പുറത്തു വിടാന്‍ തനിക്ക് കൂടുതല്‍ ധൈര്യമായെന്നും ഇപ്പോള്‍ അവര്‍ ലിഫ്റ്റ് ചോദിച്ചൊക്കെ പുറത്ത് പോകാറുണ്ടെന്നും ആ അമ്മ പറഞ്ഞു. 

queen movie

ഷര്‍ട്ട് വാങ്ങാന്‍ പോലും പണമില്ല

അഞ്ചാറു മാസം സിനിമക്ക് പിന്നാലെ നടന്നതിനാല്‍ ജോലിയൊക്കെ നഷ്ടപ്പെട്ടു. മറ്റ് വരുമാനം ഒന്നും ഇല്ലാത്തതിനാല്‍ സിനിമയില്‍ ഉപയോഗിച്ച വസ്ത്രങ്ങളാണ് കോളേജുകളില്‍ ഗസ്റ്റ് ആയി പോകുമ്പോഴും പ്രമോഷന്‍ പരിപാടികള്‍ക്ക് പോകുമ്പോഴും ഇട്ടിരുന്നത്. പുതിയ  ഷര്‍ട്ട് വാങ്ങാന്‍ പണമില്ലായിരുന്നു എന്നതാണ് സത്യം. പക്ഷേ പല പരിപാടികള്‍ക്കും ഒരേ ഷര്‍ട്ട് തന്നെ ഇട്ടോണ്ട് പോയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ കിട്ടിത്തുടങ്ങി. ഇതേ തുടര്‍ന്ന് ചെറിയ സീനുകളില്‍ ധരിച്ച ഷര്‍ട്ടുകള്‍ മാത്രം പുറത്ത് ഉപയോഗിക്കാന്‍ തുടങ്ങിയത്.

സിനിമ നടനായതിന്റെ ഓരോരോ ഗുണങ്ങള്‍   അതുപോലെ ഷൂ വാങ്ങിക്കാന്‍ പോയപ്പോള്‍ ഉണ്ടായ മറ്റൊരനുഭവം ഒരിക്കലും മറക്കാനാവാത്തതാണ്. പലയിടങ്ങളിലും ഷൂ തേടി അലഞ്ഞു നടന്നു.  കണ്ടതില്‍ പലതും ഇഷ്ടപ്പെട്ടില്ല. ഒടുവില്‍ ഇഷ്ടമുള്ള ഒരെണ്ണം കണ്ടെത്തിയപ്പോഴാകട്ടെ അതിന്റെ വില ബജറ്റില്‍ ഒതുങ്ങുന്നതുമായിരുന്നില്ല.  ഒടുവില്‍ സെയില്‍മാനോട്  ഡിസ്‌കൗണ്ട് തരുമോയെന്ന് ചോദിച്ചു. എന്നാല്‍ ഒരുതരത്തിലുള്ള വിലക്കിഴിവും നല്‍കാന്‍ നിവൃത്തിയില്ലെന്ന് അയാള്‍ തീര്‍ത്തു പറഞ്ഞു. ഇതിനിടെ ഞാന്‍ തലയില്‍ വെച്ചിരുന്ന തൊപ്പിയൂരി മുഖമൊക്കെ തുടച്ചു. അപ്പോഴാണ് സെല്‍യില്‍സ്മാന് ഞാനൊരു നടനാണെന്ന് മനസ്സിലായതെന്ന് തോന്നുന്നു.

അയാള്‍ പോയി കടയുടെ മാനേജരെ വിളിച്ചുകൊണ്ട് വന്നു. മാനേജരോടും ഞാന്‍ ഡിസ്‌കൗണ്ട് ലഭിക്കുമോ എന്ന് ചോദിച്ചു. ഉടന്‍ അദ്ദേഹം ഡിസ്‌കൗണ്ട് നല്‍കുന്ന ഷൂവിന്റെ ബോക്‌സ് എടുത്തുകൊണ്ട് വന്നു. ഞാന്‍ ആഗ്രഹിച്ച ആ ഷൂസ് ആ ബോക്‌സിലിട്ടു നല്‍കിയിട്ട് പറഞ്ഞു നാല്‍പത് ശതമാനം ഡിസ്‌കൗണ്ട് ഉണ്ടെന്ന്. ഇത് കേട്ട് ഞാന്‍ പോലും ഞെട്ടിപ്പോയി. ഒരു പക്ഷേ ഒരു സിനിമ നടനായതില്‍ മാത്രമായിരിക്കും എനിക്ക് ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടായത്. ആരാധകര്‍ ക്വീന്‍ എന്ന സിനിമയേയും അതിലെ കഥാപാത്രങ്ങളേയും എത്രത്തോളം സ്‌നേഹത്തോടെയാണ് കാണുന്നതെന്ന് ആ അനുഭവങ്ങളിലൂടെ ഞാന്‍ തിരിച്ചറിയുകയായിരുന്നു. 

കുടുംബം

പാലക്കാട് ഒറ്റപ്പാലമാണ് സ്വദേശം. അച്ഛനും അമ്മയും പ്രായമായവരാണ്. അതിനാല്‍  അവരെ മാനസികമായി വിഷമിപ്പിക്കേണ്ട എന്ന് കരുതി സിനിമക്ക് പിന്നാലെയുള്ള അലച്ചിലുകളെ കുറിച്ച് വീട്ടില്‍ പറയാറില്ല. പക്ഷേ ആദ്യം മുതല്‍ കട്ടക്ക് കൂടെ നില്‍ക്കുന്നത് എന്റെ ഏട്ടനാണ്, നന്ദന്‍ വാര്യര്‍. ആദ്യമായി ഒരു പരസ്യത്തിന്റെ ഷൂട്ടിങ് വന്നപ്പോള്‍ ജോലിക്ക് പോകണോ അതോ ഷൂട്ടിന് പോകണോ എന്ന ആശങ്കയില്‍ നിന്ന എന്നോട്  'നീ പൊക്കോടാ, ബാക്കി ഞാന്‍ നോക്കിക്കോളാം..' എന്ന് പറഞ്ഞ എട്ടന്റെ പിന്തുണ ഇപ്പോഴുമുണ്ട്. 

ഒരുപാട് സൗഹൃദങ്ങളുടെ ആകെത്തുകയാണ് ഞാന്‍. ആദ്യമായി മികച്ച ഒരു വേഷം ലഭിച്ച ക്യൂന്‍ എന്ന സിനിമയും സൗഹൃദങ്ങളുടെ കഥപറയുന്ന സിനിമയായതും യാദൃച്ഛികം!