സിനിമതാരങ്ങളടക്കമുള്ള സെലിബ്രിറ്റികളെ ഒരു സ്വീകരണമുറിയിലിരുത്തി അവര്‍ക്കൊപ്പം വിശേഷങ്ങള്‍ പങ്കുവെച്ച് തമാശ പറഞ്ഞ് ചിരിക്കുന്ന ധന്യാ വര്‍മയെ മലയാളികള്‍ക്ക് പരിചയമുണ്ട്. ചോദ്യോത്തരപംക്തി പോലെയുള്ള ഔപചാരിക അഭിമുഖരീതികളില്‍ നിന്നും വ്യത്യസ്തയായി അതിഥികളെ പുഞ്ചിരിയോടെ വരവേറ്റ് അവര്‍ക്ക് പറയാനുള്ളതെല്ലാം ക്ഷമയോടെ കേട്ട് മറുപടി നൽകി വീണ്ടും വരണമെന്നു പറഞ്ഞ് ക്ഷേമാശംസകളോടെ പറഞ്ഞയയ്ക്കുന്ന ധന്യയുടെ പുഞ്ചിരിക്ക് വരെ ആരാധകരേറെയാണ്. ഇപ്പോഴിതാ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാംപടി എന്ന ഏറ്റവും പുതിയ ചിത്രത്തില്‍ അഭിനയിക്കുക കൂടി ചെയ്തിരിക്കുകയാണിവര്‍. മാധ്യമപ്രവര്‍ത്തകയായി ഏകദേശം പതിനഞ്ചു വര്‍ഷത്തോളം പ്രവൃത്തിപരിചയമുള്ള ധന്യ സ്‌ക്രീനിലെത്തിയതും അതേ റോളില്‍ തന്നെ. 

'മാധ്യമപ്രവര്‍ത്തകയുടെ റോളിലേക്ക് എന്നെ തേടി നാല് ഓഫറുകള്‍ വന്നു. അതില്‍ മൂന്നാമത്തേതാണ് പതിനെട്ടാംപടി. ഇതുവരെ ചെയ്ത ഷോകളിലെല്ലാം സ്‌ക്രിപ്റ്റ് ചെയ്തിരുന്നത് ഞാന്‍ തന്നെയായിരുന്നു. ഇംഗ്ലീഷും മലയാളവും കലര്‍ത്തി സംസാരിക്കുന്നതാണ് എന്റെ രീതി. സംവിധായകന്‍ ശങ്കര്‍ എനിക്ക് കംഫര്‍ട്ടബിള്‍ ആകുന്ന വിധത്തില്‍ രണ്ടു ഭാഷകളും ഉള്‍പ്പെടുത്തി തന്നെയാണ് സ്‌ക്രിപ്റ്റ് ഒരുക്കിയത്. പിന്നെ പൃഥ്വിയ്ക്കൊപ്പം അഭിനയിക്കുന്നതിന്റെ ഒരു ആകാംക്ഷ ഉണ്ടായിരുന്നു. നീളന്‍ ഡയലോഗുകള്‍ വെള്ളം പോലെ പറയുന്ന പൃഥ്വിയുടെ മുന്നിലിരുന്നാണ് ഞാന്‍ പറയേണ്ടത് എന്നോര്‍ത്തപ്പോള്‍ ഇത്തിരി പേടിയൊക്കെ തോന്നി. പിന്നെ ഒരു റഫറന്‍സ് ഒന്നുമില്ലല്ലോ. മമ്മൂട്ടിയൊക്കെ അഭിനയിക്കുന്ന സിനിമയില്‍ ചെറിയൊരു റോളാണ് എന്റേത്. തെറ്റുകളില്ല, പറയുന്നതൊക്കെ ഓക്കെയായിരിക്കും എന്നാശ്വസിച്ച് ഡയലോഗുകള്‍ പറഞ്ഞു.'

dhanya varma
ധന്യ വര്‍മ്മ സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനൊപ്പം

'കപ്പ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഹാപ്പിനെസ് പ്രൊജക്ടിന്റെ പ്രൊഡ്യൂസര്‍ വിനു ജനാര്‍ദനന്‍ പതിനെട്ടാംപടിയില്‍ സംവിധാന സഹായിയാണ്. അദ്ദേഹം വഴിയാണ് എനിക്കീ റോളിലേക്കുള്ള ക്ഷണം ലഭിക്കുന്നത്. വലിയ ഛായാഗ്രഹകന്‍മാരും സാങ്കേതിക വിദഗ്ധരുമുള്ള ഒരു വലിയ ക്രൂവിന്റെ ഭാഗമാകുന്നതില്‍ ഇത്തിരി പരിഭ്രമം തോന്നി. അഭിമുഖങ്ങളും ഷോകളും പോലെയല്ല. സിനിമയെക്കുറിച്ച് എബിസിഡി അറിയാത്ത ആളെന്ന നിലയില്‍ ടെന്‍ഷനുണ്ടായിരുന്നു. പിന്നെ പൂര്‍ണ പിന്തുണയോടെ സംവിധായകനും നിര്‍മാതാവ് ഷാജി നടേശനുമുണ്ടായിരുന്നതിനാല്‍ ബുദ്ധിമുട്ടുകള്‍ വഴിമാറി. കുറെ പഠിക്കാന്‍ പറ്റി. ഒരു സിനിമയെങ്ങനെ ഉണ്ടാകുന്നെന്ന്. അഭിനയം എളുപ്പമല്ലെന്നും മനസ്സിലായി.

dhanya varma
പൃഥ്വിരാജിനൊപ്പം

പതിനെട്ടാം പടി ധന്യ വർമയുടെ രണ്ടാമത്തെ ചിത്രമാണ്. ഐ എഫ് എഫ് കെയുള്‍പ്പെടെ നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ ഖ്യാതി നേടിയ ഹ്യൂമണ്‍സ് ഓഫ് സംവണ്‍ എന്ന ചിത്രമാണ് ധന്യ അഭിനയിച്ച ആദ്യ ചിത്രം. 2018-ലാണ് ആ ചിത്രം ഇറങ്ങുന്നത്. മഡോണ സെബാസ്റ്റിയന്‍, നിതിന്‍ നാഥ്, മേഘ്ന നായര്‍ തുടങ്ങിയവരായിരുന്നു അതിലെ അഭിനേതാക്കൾ.  ഹ്യൂമണ്‍സ് ഓഫ് സംവണിനെ കുറിച്ച് ധന്യ പറയുന്നു. 

'മുമ്പ് ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സുമേഷ് ലാല്‍ സംവിധാനം ചെയ്ത ഹ്യൂമണ്‍സ് ഓഫ് സംവണ്‍. ഒരു ഓഫ് ബീറ്റ് ചിത്രമായിരുന്നു. സംവിധായകന്‍ പദ്മരാജന്റെ സിനിമകളില്‍ അനുരക്തനായ ഒരാളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. അയാളുടെ ഭാവനകളില്‍ വന്നു പോകുന്ന ഒരു കഥാപാത്രമായാണ് അഭിനയിച്ചത്. 'കൂടെവിടെ'യിലെ സുഹാസിനി ചെയ്ത ആലീസ് ആയി.

ആ കഥാപാത്രം പുതിയരീതിയില്‍ അവതരിപ്പിക്കലൊന്നുമല്ല, മറിച്ച് നമ്മുടെ തന്നെ മൈൻഡ് സ്പേസില്‍ നിന്നുകൊണ്ട് ചെയ്ത കഥാപാത്രമായിരുന്നു അത്. മാധ്യമപ്രവര്‍ത്തക ആകുന്നതില്‍ നിന്നും വ്യത്യസ്തമായി ചെയ്ത ഒരു കഥാപാത്രമായിരുന്നു അത്. എത്രയോ ഇഷ്ടപ്പെടുന്ന നടിയാണ് അവര്‍. അവരുടെ കഥാപാത്രങ്ങളില്‍ മനസില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ് ആലീസ് ടീച്ചര്‍. ഒരിക്കലും അവരെപ്പോലെയൊന്നും അഭിനയിക്കാനാവുമെന്ന് കരുതുന്നില്ല. എങ്കിലും അവര്‍ ചെയ്ത ഒരു കഥാപാത്രത്തിന്റെ പേരില്‍ സ്‌ക്രീനിലെത്താന്‍ കഴിഞ്ഞല്ലോ എന്ന ചാരിതാര്‍ഥ്യമുണ്ട്.' 

കഴിഞ്ഞ പ്രളയകാലത്ത് കൊച്ചി എയര്‍പോര്‍ട്ടിനടുത്തുള്ള ഒരു മുസ്ലീംപള്ളിയില്‍ കുടുങ്ങിയ ഗര്‍ഭിണിയായ യുവതിയെ നാവികസേന രക്ഷിച്ച വാർത്ത വളരെയധികം മാധ്യമശ്രദ്ധ നേടിയിരുന്നതാണ്. അന്ന് യുവതിയെ രക്ഷിച്ച ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്ന വിജയ്  വര്‍മയാണ് ധന്യയുടെ ഭര്‍ത്താ‌വ്. ഇന്ത്യന്‍ നേവിയുടെ ക്രൂ ആ യുവതിയെ ഹെലികോപ്റ്ററില്‍ കയറ്റിക്കൊണ്ടു പോകുന്ന വീഡിയോ സോഷ്യല്‍മീഡിയയിലടക്കം വൈറലായിരുന്നു. അന്ന് കാണിച്ച ധീരതയ്ക്ക് ഏഷ്യന്‍ ഓഫ് ദ ഇയര്‍ എന്ന രാജ്യാന്തര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

dhanya varma
ഭര്‍ത്താവ് വിജയ് വര്‍മ്മയ്ക്കും കുട്ടികള്‍ക്കുമൊപ്പം

Content Highlights : dhanya varma in pathinettam padi malayalam movie shankar ramakrishnan interview